ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. നിലവില്‍ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കില്‍ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസ്സവുമുണ്ടായി. നടി സുദീപാ ചാറ്റര്‍ജിയാണ് രാജേഷ് ശര്‍മയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.
ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്‌നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പിന്നീട് കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ അണുബാധ മുട്ട് വരെ വ്യാപിച്ചുവെന്നും സുദീപ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അടുത്ത അപ്‌ഡേറ്റ് വ്യാഴാഴ്ച പ്രതീക്ഷിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂത് ബംഗ്ലാ, കൃഷ്ണാവതാരം എന്നീ ചിത്രങ്ങളാണ് രാജേഷ് ശര്‍മയുടേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.