സ്ത്രീധനം സീരിയലിലെ പ്രശാന്തന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസില്‍ എക്കാലവും തങ്ങി നില്‍ക്കുന്ന വേഷം ചെയ്ത നടനാണ് രാജീവ് റോഷന്‍. നിരവധി സീരിയലുകള്‍ക്ക് പുറമേ സിനിമയിലും വേഷമിട്ടിട്ടുള്ള നടന്‍ തന്റെ കാന്‍സര്‍ രോഗവിവരം വെളിപ്പെടുത്തിയത് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്.
ഇരുപത്തിനാലു വര്‍ഷമായി മലയാളി കുടുംബപ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് രാജീഷ്. ബിസിനസ്സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ബിസിനസ്സ് മേഖലയില്‍ തന്നെ തുടരാന്‍ കൊതിച്ച രാജീവ് അഭിനയ രംഗത്തേക്കെത്തിയത് തികച്ചും യാദൃശ്ഛികമായിട്ടാണ്. അഭിനയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് രാജീവിന് കാന്‍സര്‍ പിടിപ്പെട്ടത്. എന്നാല്‍ കാന്‍സറില്‍ നിന്നും രക്ഷപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തന്റെ രോഗവിവരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജീവിന് കാന്‍സര്‍ പിടിപ്പെട്ടത്. ശരീരത്തിന് ചെറിയ ചില അവശതകള്‍ തോന്നി ഒരു ഡീറ്റെയില്‍ഡ് ചെക്കപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് താരം അഭിനയിക്കാനായി സെറ്റിലേക്ക് പോയി. റിസള്‍ട്ട് വന്നത് ഒരാഴ്ച കഴിഞ്ഞാണ്. താരം ഷൂട്ടിലായതിനാല്‍ ഭാര്യയാണ് ഡോക്ടറെ കണ്ട് റിസള്‍ട്ട് വാങ്ങാന്‍ പോയത്. റിസള്‍ട്ടില്‍ തൈറോയ്ഡ് കാന്‍സര്‍ ആയിരുന്നു. സീരിയസായതിനാല്‍ തന്നെ ഉടന്‍ സര്‍ജറി വേണം. ഭാര്യ ഇത് കരഞ്ഞുകൊണ്ടാണ് രാജീവിനെ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് താന്‍ തകര്‍ന്നുപോയെന്ന് രാജീവ് പറയുന്നു. ആരോടും ഒന്നും പറയാന്‍ കഴിഞ്ഞില്ല. അടുത്ത ഷോട്ടാകട്ടെ ഒരു പ്രണയ രംഗമായിരുന്നു. അത്തരം മാനസികാവസ്ഥയില്ലാത്തതിനാല്‍ സംവിധായകനോട് പറഞ്ഞു. എന്നാല്‍ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംവിധായകന്‍ നിസ്സഹായനായിരുന്നു. ഒടുവില്‍ ഉള്ളില്‍ കരഞ്ഞു കൊണ്ട് പുറമേ ചിരിച്ച് താനാ സീന്‍ അഭിനയിച്ചു തീര്‍ത്തെന്ന് രാജീവ് പറയുന്നു. പിന്നീടങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു.
ശസ്ത്രക്രിയ വിജയമായി. പിന്നീട് തുടര്‍ചികിത്സകളും നടത്തി. സര്‍ജറി കഴിഞ്ഞ് മൂന്നു വര്‍ഷം കടന്നാല്‍ പിന്നീട് ഭയക്കാനില്ല. ആ മൂന്നു വര്‍ഷങ്ങള്‍ ആശങ്കയുടെതായിരുന്നു. അപ്പോഴേക്കും താന്‍ മാനസികമായി കരുത്തു നേടുകയും അഭിനയത്തില്‍ സജീവമാകുകയും ചെയ്തു. കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടു. ഇപ്പോള്‍ പത്തു വര്‍ഷം കഴിഞ്ഞു. പിന്നീടൊരിക്കലും ആ രോഗമോ അതിന്റെ ബുദ്ധിമുട്ടുകളോ തന്നെ തേടിയെത്തിയിട്ടില്ലെന്നും രാജീവ് പറയുന്നു.
അച്ഛന്‍ ബിസിനസുകാരായിരുന്നതിനാല്‍ തന്നെ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച താന്‍ ഒട്ടും അറിയാത്ത അഭിനയ മേഖലയില്‍ എത്തിപ്പെട്ടതാണെന്നാണ് രാജീവ് പറയുന്നത്. എന്നാല്‍ കഥ പറയുന്ന കണ്ണുകള്‍' എന്ന സീരിയലില്‍ ക്യാംപ് നടക്കുന്ന ഹോട്ടലില്‍ എത്തിയ താരത്തിന് അപ്രതീക്ഷിതമായി അഭിനയിക്കാനുള്ള അവസരം ലഭിക്കുകയുമായിരുന്നു. പിന്നീട് ആ സീരിയലിലെ ബന്ധങ്ങള്‍ വഴി വീണ്ടും അവസരങ്ങള്‍ വന്നു. അങ്ങനെ ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലുമൊക്കെ അഭിനയിച്ചു. പക്ഷേ കരിയര്‍ ബ്രേക്കായത് 'വാത്സല്യ'മാണ്. പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത് സെവന്‍ ആര്‍ട്‌സ് നിര്‍മ്മിച്ച സീരിയലാണത്. നെഗറ്റീവാണെങ്കിലും ത്രൂ ഔട്ട് വേഷമായിരുന്നു. അത് 1999 ല്‍ ആയിരുന്നു. പിന്നീട് നായകനായി മാത്രമാണ് അഭിനയിച്ചത്. ഇതുവരെ എത്ര സീരിയല്‍ ചെയ്തുവെന്ന് കൃത്യമായി ഓര്‍മ്മയില്ല. ഫീല്‍ഡില്‍ 24 വര്‍ഷം തികയുന്നു. 'സ്ത്രീധന'മൊക്കെ 4 വര്‍ഷം കൊണ്ട് 1200 എപ്പിസോഡ് പോയി. ഇപ്പോള്‍ 'അരയന്നങ്ങളുടെ വീട്', 'പരിശുദ്ധന്‍' എന്നിവയിലാണ് അഭിനയിക്കുന്നത്. 'അരയന്നങ്ങളുടെ വീടി'ല്‍ രാഹുല്‍ എന്ന കഥാപാത്രം രണ്ടു നായകന്‍മാരിലൊരാളാണ്.
ഇപ്പോള്‍ അഭിനയവും ബിസിനസ്സും ഒന്നിച്ചു കൊണ്ടു പോകുകയാണ് രാജീവ്. രോഗം ബുദ്ധിമുട്ടിച്ച സമയത്ത് 2008 മുതല്‍ 2012 വരെ 4 വര്‍ഷം അഭിനയ രംഗത്തു നിന്നു മാറി, ചെറിയ ഇടവേളയെടുത്തിരുന്നു. ആ സമയം ദുബായില്‍ സെറ്റിലായി റസ്റ്ററന്റ് ബിസിനസ് തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോള്‍ അഭിനയത്തിനൊപ്പം വണ്ടികളുടെ സര്‍വീസ് സെന്ററും ഷെയര്‍ ട്രേഡിങ്ങും കണ്‍സ്ട്രക്ഷന്‍ കമ്പനിയും രാജീവിന് ഉണ്ട്.