15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ബഡായി ബംഗ്ലാവിലേക്ക് എത്തുന്നു എന്നാണ് സൂചന. ബഡായി ബംഗ്ലാവിലെ രണ്ടാം സീസണില്‍ നടി എത്തുന്നതോടെ കൂടുതല്‍ ആവേശഭരിതമാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ബഡായി ബംഗ്ലാവ് രണ്ടാം ഭാഗം എത്തിയതില്‍ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരുന്നെങ്കിലും ആര്യയുടെയും പിഷാരടിയുടെയും അഭാവം പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ മിഥുന്‍ രമേശിന്റെ അവതരണശൈലിയും കൗണ്ടറുകളും പിഷാരടിക്കൊപ്പം എത്തിയതോടെ ആരാധകര്‍ ഷോയെ ഏറ്റെടുത്തു. അമ്മായിയായ പ്രസീതയ്ക്ക് പുറമേ, അഞ്ജു അരവിന്ദ്, മിഥുന്റെ ഭാര്യ ലക്ഷ്മി എന്നിവരും ബഡായി ബംഗ്ലാവിലുണ്ട്. പുതിയ അതിഥികളുമായി ഷോ മുന്നേറുമ്പോഴാണ് നടി അനു ജോസഫ് ബഡായി ബംഗ്ലാവിലേക്ക് എത്തുന്നുവെന്ന പ്രമോ വന്നത്. കാര്യം നിസാരം എന്ന സീരിയലിലുടെ നര്‍മ്മത്തില്‍ ചാലിച്ച അഭിനയം കാഴ്ചവച്ചതാണ് അനുവിനെ ബഡായി ബംഗ്ലാവിലേക്ക് എത്തിച്ചതെന്നാണ് സൂചന. ബഡായി ബംഗ്ലാവില്‍ വേക്കന്‍സി ഉണ്ടോയെന്ന് ചോദിച്ച് എത്തുന്ന അനു തന്റെ പേര് ക്ലാര എന്നു പറയുന്നതാണ് പ്രമോയില്‍ കാണിച്ചത്. അനു കൂടി എത്തുന്നതോടെ പരിപാടി കൂടുതല്‍ ആകര്‍ഷണീയമാകുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍.
അതേസമയം പ്രമോ പുറത്തുവന്നതോടെ അനുവിന്റെ പ്രായത്തെചൊല്ലി ആരാധകര്‍ക്കിടയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. അനുവിന് 40 വയസായിട്ടും ചെറുപ്പക്കാരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ പലര്‍ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. എന്നാല്‍ വിക്കിപീഡിയയില്‍ നടിക്ക് 40 വയസായെന്നാണ് ആരാധകര്‍ പറയുന്നത്. 1978ല്‍ മേയ് 23നാണ് ജനനം എന്നാണ് വിക്കിയിലുള്ളത്. പ്രായമേറെയായിട്ടും എന്തുകൊണ്ട് താരം വിവാഹം കഴിക്കാത്തത് എന്നും ആരാധകര്‍ തിരക്കുന്നുണ്ട്. കാസര്‍കോഡ് ചിറ്റാരിക്കല്‍ സ്വദേശിനിയാണ് അനു ജോസഫ്. 30ല്‍ അധികം സീരിയലുകളിലും 14ല്‍ അധികം സീരിയലുകളിലും നടി അഭിനയിച്ചുകഴിഞ്ഞു. ശാലീന സൗന്ദര്യവും ഇടതൂര്‍ന്ന മുടിയുമാണ് അനുജോസഫിന്. ഈ ഒറ്റ കാരണത്താല്‍ നടിയെ ആരാധിക്കുന്നവരും കുറവല്ല. ഏഴാം ക്ലാസില്‍ ഒരു ആല്‍ബത്തിലൂടെയാണ് അഭിനയരംഗത്ത് അനു എത്തുന്നത്. ആദ്യ സീരിയല്‍ 'സ്നേഹചന്ദ്രിക'യാണെങ്കിലും ആദ്യം പുറത്തുവന്നത് 'ചിത്രലേഖ'യാണ്. 2000 മുതല്‍ അഭിനയരംഗത്ത് താരം സജീവയാണ്. ബഡായി ബംഗ്ലാവില്‍ അനുവിന്റെ പുതിയ മുഖം കാണാനുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ ആരാധകര്‍.