കസ്തൂരിമാന്‍ സീരിയലിലെ നായിക കാവ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നടി റബേക്ക സന്തോഷ് ആണ് കാവ്യയ്ക്ക് ജീവന്‍ നല്‍കുന്നത്. സ്ഥിരം കണ്ണീര്‍പരമ്പരകളില്‍ നിന്നു വ്യത്യസ്തമായ കസ്തൂരിമാനില്‍ ശക്തമായ നിലപാടുകളുമായി ശത്രുക്കളോട് പട വെട്ടുന്ന കഥാപാത്രമാണ് കാവ്യ. ഇപ്പോഴിതാ കസ്തൂരിമാന്‍ സീരിയയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ സീ കേരളം ചാനലിലേക്ക് റബേക്ക പോകുന്ന എന്ന വാര്‍ത്ത എത്തിയതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
തൃശൂര്‍ നല്ലങ്കരക്കാരിയാണ് റബേക്ക സന്തോഷ്. നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമകളിലും സീരിയലുകളിലും വേഷമിട്ടാണ് റബേക്ക കസ്തൂരിമാനില്‍ എത്തിയത്. ഈ സീരിയലിലേക്ക് എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. കാവ്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് സീരിയലില്‍ റബേക്ക അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കസ്തൂരിമാനില്‍ നായികയായി തിളങ്ങുമ്പോള്‍ പുതുതായി ആരംഭിച്ച സീ കേരളം ചാനലിലേക്ക് താരം അവതാരകയായി എത്തുകയാണ്. സീ കേരളത്തില്‍ പുതുതായി ആരംഭിക്കുന്ന സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ എന്ന പരിപാടിയില്‍ സഹ അവതാരകയായിട്ടാണ് താരം എത്തുന്നത്. സുജാത, ഷാന്‍ റഹ്മാന്‍, ഗോപീസുന്ദര്‍ എന്നിങ്ങനെ പ്രമുഖരായ വിധികര്‍ത്താക്കളാണ് സരിഗമപായില്‍ ഉള്ളത്.
തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. അവതാരകയായി എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വേദിയിലുള്ള തന്റെ ചിത്രം പങ്കുവച്ച് റബേക്ക കുറിച്ചു. അവതാരകയായി റബേക്ക എത്തുന്ന ആദ്യ പരിപാടി കൂടിയാണ് ഇത്. സീ ടിവിയില്‍ ഏറെ ആരാധകരുള്ള ഷോയുടെ മലയാളം പതിപ്പാണ് സീ കേരളത്തിലെ സരിഗമപ. പല പ്രായത്തിലുള്ള മത്സരാര്‍ഥികളാണ് ഗ്രൂപ്പുതിരിഞ്ഞ് ഷോയില്‍ മത്സരിക്കുക. അതേസമയം കസ്തൂരിമാനില്‍ നിന്നും താരം പിന്മാറിയോ എന്നാണ് ഈ വാര്‍ത്തയറിഞ്ഞ് ആരാധകര്‍ തിരക്കുന്നത്. അതേസമയം കാവ്യയായി ഇനിയും റബേക്ക തന്നെ തുടരുമെന്ന് സീരിയല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.