ഏഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് ശ്രീറാം രാമ ചന്ദ്രന്‍. സ്പീച്ച് തെറാപ്പിസ്റ്റായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഇവരുടെ ഏക മകള്‍ വിസ്മയ ഇപ്പോള്‍ എല്‍കെജിയില്‍ പഠിക്കുന്നു. കഴിഞ്ഞ ദിവസം ശ്രീരാമിന്റെ പിറന്നാള്‍ ദിവസം തന്റെ മകള്‍ നല്‍കിയ സമ്മാനത്തെക്കുറിച്ച് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മകളും ഭാര്യയും കൂടി തനിക്ക് നല്‍കിയ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉളളില്‍ ശ്രീറാമിന്റെ ചിത്രങ്ങളൊട്ടിച്ച ഒരു ബെര്‍ത്ത്‌ഡേ കാര്‍ഡാണ് അത്. സൂപ്പര്‍ ഡാഡ് എന്ന് പുറത്തെഴുതിയ കാര്‍ഡില്‍ പുറത്ത് ശ്രീരാമിന്റെ ഒരു പാസ്‌പോര്‍ട്ട സൈസ് ചിത്രവും ചുറ്റും പല നിറത്തിലുളള സ്റ്റാറുകളും വരച്ച് ചേര്‍ത്തിട്ടുണ്ട് മകള്‍. ഉളളില്‍ അച്ഛാ ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്ന് എന്നു പറഞ്ഞാണ് ശ്രീറാം ചിത്രം പങ്കുവച്ചിരിക്കുന്നത്. കസ്തൂരിമാന്‍ സീരിയലിലെ സഹതാരങ്ങളും ആശംസകളറിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
കോഴിക്കോട് ചാലപ്പുറമാണ് ശ്രീറാമിന്റെ വീട്. അച്ഛനും ചേട്ടനും ഉള്‍പെടെ ശ്രീറാമിന്റെ കുടുംബത്തില്‍ മിക്കവരും കലാകാരന്‍മാരാണ്. ശ്രീറാം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. എഞ്ചിനീയറിങ്ങ് പഠനത്തിന് ഇടയിലും അഭിനയമോഹം കൊണ്ട് നടന്ന ആളാണ് ശ്രീറാം. കോളേജ് പഠനകാലത്ത് തന്നെ സിനിമയിലെത്താന്‍ ആഗ്രഹിച്ചതിനാല്‍ പഠനശേഷം ചെന്നൈയില്‍ ആര്‍ട് അസിസ്റ്റന്റായി ശ്രീറാം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ സിനിമയിലേക്കെത്തുന്നത്.
തുടര്‍ന്ന് തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഫഹദ് ചിത്രം ആര്‍ട്ടിസ്റ്റില്‍ വില്ലന്‍ വേഷവും ശ്രീറാം ചെയ്തു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചുവരവേയാണ് ശ്രീറാമിന് കസ്തൂരിമാനില്‍ അവസരം ലഭിച്ചത്. ഇതിനിടെ മോഹന്‍ലാലിനൊപ്പം കണ്ണന്‍ ദേവന്‍ തേയിലയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ശ്രീറാമിന് കിട്ടി. ഉയരം കൂടുംതോറും ചായയുടെ സ്വാദും കൂടും എന്ന അടിക്കുറിപ്പിലെത്തിയ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീറാമിന്റെ അച്ഛന്‍ പാല സി കെ രാമചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടിക്ക് സംഗീതജ്ഞനാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനും യേശുദാസിന്റെ സഹപാഠിയുമാണ് സി കെ രാമചന്ദ്രന്‍. ശ്രീറാമിന്റെ ചേട്ടന്‍ ജയറാം രാമചന്ദ്രനാകട്ടെ സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ്. പല പ്രമുഖര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേട്ടന്റെ പാത പിന്തുടര്‍ന്നാണ് ശ്രീറാമും സിനിമയിലെത്തിയത്. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് ശ്രീറാം കുടുംബസമേതം താമസിക്കുന്നത്. ഇനി ചേട്ടന്‍ ജയറാം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കണമെന്നാണ് ശ്രീറാമിന്റെ ആഗ്രഹം. ഇതിന്റെ പണിപ്പുരയിലാണ് താരം ഇപ്പോള്‍.