കുട്ടികള്‍ വേണ്ടെന്ന് താനും ഭര്‍ത്താവും നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാര്‍. ഇന്നത്തെ കാലത്ത് ഒരു സ്ത്രീക്ക് സാമ്പത്തിക സ്ഥിരതയാണ് ഏറ്റവും അത്യാവശ്യമെന്നും അതിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
'കുട്ടികള്‍ വേണം എന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല, എനിക്ക് കുട്ടികള്‍ വേണ്ട. ഇക്കാര്യത്തില്‍ വളരെ വ്യക്തമായ ഒരു തീരുമാനമുണ്ട് എനിക്ക്. ഭര്‍ത്താവും കുട്ടികള്‍ വേണ്ടെന്ന അഭിപ്രായക്കാരന്‍ തന്നെയാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഒരു മകളെ കിട്ടിയിട്ടുണ്ട്. മകളായി തന്നെയാണ് അവളെ ഞാന്‍ കാണുന്നത്. അതുപോലെ എനിക്ക് രണ്ട് പട്ടിക്കുട്ടികളുണ്ട്, അവരെ എന്റെ മക്കളായാണ് കാണുന്നത്. കുട്ടികള്‍ വേണ്ടേയെന്ന് ചോദിക്കുന്നവര്‍ കുട്ടിയെ നോക്കാന്‍ വരില്ലല്ലോ, നമ്മള്‍ തന്നെയല്ലേ നോക്കേണ്ടത്? അതുകൊണ്ട് തന്നെ പരിപാലിക്കാന്‍ തയ്യാറാകാത്തവര്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്' - വരലക്ഷ്മി പറഞ്ഞു.
കുട്ടികളെ വേണമെന്ന് അത്രയധികം ആഗ്രഹമുണ്ടെങ്കില്‍ ദത്തെടുക്കുകയാണ് വേണ്ടതെന്നും ചുറ്റും അത്രയേറെ അനാഥ കുഞ്ഞുങ്ങളുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷം മുമ്പായിരുന്നു നാല്‍പ്പത്തിയൊന്നുകാരിയായ വരലക്ഷ്മിയുടെയും മുംബൈ അധിഷ്ഠിത ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവിന്റെയും വിവാഹം. നിക്കോളായുടെ രണ്ടാം വിവാഹമായിരുന്നു ഇത്.