മകന്റെ വിവാഹ ചടങ്ങുകള്‍ മുന്‍ ഭാര്യയ്ക്കൊപ്പമെത്തിയ മുന്‍ മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാറിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്തില്‍ നിറയുന്നത്. നടന്‍ കുടുംബ ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള ഒന്നാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, മുന്‍ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ടാം വിവാഹം, അടുത്തിടെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയതും ചര്‍ച്ചയായതുമായ കാര്യങ്ങള്‍.
എന്നാലിപ്പോള്‍ തന്റെ മൂത്ത മകന്റെ വിവാഹ വിരുന്നില്‍ സജീവമായി നിലിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.ഗണേഷ് കുമാര്‍ 1994 മെയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. അതില്‍ മൂത്തമകനായ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
മനീഷ എതിരാജാണ് ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വധു. തമിഴ്‌നാട് സ്വദേശിനിയാണ് മനീഷ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ ജെന്നീസ് റസിഡന്‍സിയിലാണ് നടന്നത്. വിവാഹത്തില്‍ നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ഗണേഷ് കുമാറിന്റെ ഒരു കുടുംബഫോട്ടോ വളരെ നാളുകള്‍ക്കുശേഷമാണ് പുറത്ത് വരുന്നത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും മലയാള സിനിമാ രംഗത്ത് നിന്നുള്ളവരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ-ഭര്‍ത്താവ് എന്ന ലേബലുകള്‍ അഴിച്ചുവെച്ചുവെങ്കിലും മക്കള്‍ക്ക് വേണ്ട സമയങ്ങളില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കാറുണ്ട്.
യാമിനിക്കും ഗണേഷിനും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങളും കുടുംബപ്രശ്‌നങ്ങളും ഉടലെടുത്തതോടെ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഗണേഷ് കുമാറിന്റെ വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഗാര്‍ഹികപീഡന ആരോപണങ്ങളും അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാര്‍ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു. ബിന്ദു മേനോന്‍ ഏഷ്യാനെറ്റില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. രണ്ടാം വിവാഹത്തിന് ശേഷവും ഗണേഷ് കുമാറിന്റെ കുടുംബജീവിതം ഇടയ്ക്കിടെ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഭാര്യ ബിന്ദു മേനോന്‍ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.