ഏഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഇരുവരുടെയും പ്രണയവും ഇണക്കവും പിണക്കവും എല്ലാം പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. കോഴിക്കോട് സ്വദേശി ശ്രീറാം രാമചന്ദ്രനാണ് ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയ ശ്രീറാമന്റെ വിശേഷങ്ങള്‍ നമ്മുക്ക് അറിയാം.
കോഴിക്കോട് ചാലപ്പുറമാണ് ശ്രീറാമിന്റെ വീട്. അച്ഛനും ചേട്ടനും ഉള്‍പെടെ ശ്രീറാമിന്റെ കുടുംബത്തില്‍ മിക്കവരും കലാകാരന്‍മാരാണ്. ശ്രീറാം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. എഞ്ചിനീയറിങ്ങ് പഠനത്തിന് ഇടയിലും അഭിനയമോഹം കൊണ്ട് നടന്ന ആളാണ് ശ്രീറാം. കോളേജ് പഠനകാലത്ത് തന്നെ സിനിമയിലെത്താന്‍ ആഗ്രഹിച്ചതിനാല്‍ പഠനശേഷം ചെന്നൈയില്‍ ആര്‍ട് അസിസ്റ്റന്റായി ശ്രീറാം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഫഹദ് ചിത്രം ആര്‍ട്ടിസ്റ്റില്‍ വില്ലന്‍ വേഷവും ശ്രീറാം ചെയ്തു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചുവരവേയാണ് ശ്രീറാമിന് കസ്തൂരിമാനില്‍ അവസരം ലഭിച്ചത്. ഇതിനിടെ മോഹന്‍ലാലിനൊപ്പം കണ്ണന്‍ ദേവന്‍ തേയിലയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ശ്രീറാമിന് കിട്ടി. ഉയരം കൂടുംതോറും ചായയുടെ സ്വാദും കൂടും എന്ന അടിക്കുറിപ്പിലെത്തിയ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കസ്തൂരിമാനില്‍ നായകന്‍ ജീവയായിട്ടാണ് ശ്രീറാം വേഷമിടുന്നത്. സീരിയലിലും സിനിമാ നടനായിട്ടാണ് ശ്രീറാം അഭിനയിക്കുന്നതന്ന പ്രത്യേകതയുമുണ്ട്. വെറും കണ്ണീര്‍ പരമ്പര അല്ലെന്നതും പുരുഷനും സ്ത്രീക്കും തുല്യപ്രാധാന്യമുണ്ടെന്നതിനാലുമാണ് കസ്തൂരിമാനില്‍ അഭിനയിച്ചതെന്നുമാണ് ശ്രീറാം പറയുന്നത്. ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറയാനും ശ്രീറാമിന് മടിയില്ല. ശ്രീറാമിന്റെ അച്ഛന്‍ പാല സി കെ രാമചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടിക്ക് സംഗീതജ്ഞനാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനും യേശുദാസിന്റെ സഹപാഠിയുമാണ് സി കെ രാമചന്ദ്രന്‍. ശ്രീറാമിന്റെ ചേട്ടന്‍ ജയറാം രാമചന്ദ്രനാകട്ടെ സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ്. പല പ്രമുഖര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേട്ടന്റെ പാത പിന്തുടര്‍ന്നാണ് ശ്രീറാമും സിനിമയിലെത്തിയത്. സ്പീച്ച് തെറാപ്പിസ്റ്റായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഇവരുടെ ഏക മകള്‍ വിസ്മയ ഇപ്പോള്‍ എല്‍കെജിയില്‍ പഠിക്കുന്നു. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് ശ്രീറാം കുടുംബസമേതം താമസിക്കുന്നത്. ഇനി ചേട്ടന്‍ ജയറാം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കണമെന്നാണ് ശ്രീറാമിന്റെ ആഗ്രഹം. ഇതിന്റെ പണിപ്പുരയിലാണ് താരം ഇപ്പോള്‍.