Latest News

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; ബാലഭാസ്‌കറിന്റേയും മകളുടെയും നഷ്ടം താങ്ങാന്‍ ലക്ഷ്മിക്കു കഴിയണമെന്നു പ്രാര്‍ത്ഥിക്കണം എന്നു സ്റ്റീഫന്‍ ദേവസി

Malayalilife
 ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; ബാലഭാസ്‌കറിന്റേയും മകളുടെയും നഷ്ടം താങ്ങാന്‍ ലക്ഷ്മിക്കു കഴിയണമെന്നു പ്രാര്‍ത്ഥിക്കണം എന്നു സ്റ്റീഫന്‍ ദേവസി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല(ജാനി) മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തി സ്റ്റീഫന്‍ ദേവസ്യയും വിശദീകരിക്കുന്നത്.

ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നുവെന്നും അവര്‍ക്ക് ഇപ്പോള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു. പക്ഷേ അവര്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. പതുക്കെ അവര്‍ തിരിച്ച് വരികയാണ്. തിങ്കാളാഴ്ചയാവുമ്പോഴേക്കും അവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റും. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്പോള്‍ അത് താങ്ങാന്‍ പറ്റണം എന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സ്റ്റീഫന്‍ പറഞ്ഞു. ലക്ഷ്മിയുടേയും ബാലുവിന്റേയും കുടുംബം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും. തങ്ങാന്‍ പറ്റുമോ എന്ന് ആര്‍ക്കും അറിയില്ല. വലിയ പ്രതിസന്ധിയാകും ലക്ഷ്മി നേരിടേണ്ടി വരികയെന്നും സ്റ്റീഫന്‍ പറയുന്നു. ലക്ഷ്മിക്ക് കേള്‍ക്കാം കാണാം എല്ലാം മനസ്സിലാക്കാമെന്നും സ്റ്റീഫന്‍ പറയുന്നു. വെന്റിലേറ്ററില്‍ കിടന്നപ്പോള്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ കാരണമാണ് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതെന്നാണ് സ്റ്റീഫന്‍ പറയുന്നത്.

മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും സ്റ്റീഫന്‍ പറയുന്നു. രണ്ട് മണിക്കൂര്‍ ഡോക്ടര്‍ ബാലുവിനൊപ്പം ഉണ്ടായിരുന്നു. കോഫി വേണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് മറുപടി നല്‍കി. സമാധാനത്തോടെയാണ് ഇരുന്നത്. ഡോക്ടര്‍ ബാലു ചിരിക്കുന്നത് കണ്ടാണ് പോയതെന്നും സോഷ്യല്‍ മീഡിയയിലെ ലൈവില്‍ സ്റ്റീഫന്‍ പറഞ്ഞു. ബാലുവിന്റെ ഓര്‍മ്മയ്ക്ക് പരിപാടി സംഘടിപ്പിക്കുമെന്നും അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സ്റ്റീഫന്‍ പറഞ്ഞു. ബാലുവിന് വേണ്ടി ലക്ഷ്മിക്ക് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്നും അതുകൊണ്ടാണ് ദൈവം ഇങ്ങനെയൊക്കെ കാട്ടിയതെന്ന് വിശ്വസിക്കുന്നതെന്നും സ്റ്റീഫന്‍ പറയുന്നു. മകളുടേയും ഭര്‍ത്താവിന്റേയും മരണം ലക്ഷ്മിക്ക് അറിയില്ല. സാവധാനം മാത്രമേ അവരെ കാര്യങ്ങള്‍ ബോധിപ്പിക്കാനാകൂവെന്നും സ്റ്റീഫന്‍ പറഞ്ഞു.

ലക്ഷ്മിയുടെ തോളിലെ ഞരമ്പിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിക്കാത്തത് ഇതുകൊണ്ടാണ്. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ ഒന്നര വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി മൂന്നിന് ബാലഭാസ്‌കറിന്റെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലുമായി പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ബാലുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്.

ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പൊലീസ് നിഗമനം.

Read more topics: # Balabhaskar,# Lekshmi
Lekshmi slowly recovers from the accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES