ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ്‌സ് കാണാത്തവരായി ആരുമുണ്ടാകില്ല. ചിത്രത്തിലെ പഴന്തുണി കോശിയായി തകർത്തഭിനയിച്ച അനൂപ് ചന്ദ്രൻ വിവാഹിതനാകാൻ പോകുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഏറെ നാളുകൾക്ക് മുൻപ് തന്നെ താരം വിവാഹിതനാകുന്നില്ലേ എന്ന് പ്രേക്ഷകർ ചോദിച്ച് തുടങ്ങിയിരുന്നു. എന്നാൽ താരം തന്നെ പ്രതിശ്രുത വധുവുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ ആരാധകർ ആശംസാ പ്രവാഹവുമായി രംഗത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്‌ച്ചയായിരുന്നു ലക്ഷ്മി രാജഗോപാലും അനൂപ് ചന്ദ്രനുമായുള്ള വിവാഹ നിശ്ചയം.
അന്നേ ദിവസം എടുത്ത ചിത്രങ്ങളാണ് താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ-രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രൻ സിനിമയിയിലെത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ക്‌ളാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് അൻപതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രൻ പങ്കെടുത്തിരുന്നു.
സിനിമക്ക് പുറമേ കൃഷിയും രാഷ്ട്രീയമൊക്കെയായി അനൂപ് തിരക്കിലാണ്. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് അനൂപിന്റെ വധു. പകൃതിയെ മനസ്സിലാക്കുന്ന സംസ്‌കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി കിട്ടി. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നാണ് നിശ്ചയം കഴിഞ്ഞ ശേഷം അനൂപ് പ്രതികരിച്ചത്. ബിടെക്ക് പൂർത്തിയാക്കിയ ലക്ഷ്മിയും കർഷകയാണ്. വീട്ടിൽ സ്വന്തമായി പശു ഫാമും ഉണ്ട്. അതിനാൽ അനൂപ് ഡബിൾ ഹാപ്പിയാണ്.
അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് ആണ് ഇങ്ങനെയൊരു കുട്ടിയുണ്ടെന്ന് വിളിച്ചു പറയുന്നത്. കർഷകയാണെന്നു കേട്ടതും അവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. പെണ്ണുകാണലും മറക്കാനാകാത്ത ഒന്നായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ഞങ്ങളെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോൾ തന്നെ തീരുമാനിച്ചെന്നും അനൂപ് ചന്ദ്രൻ പറയുന്നു. നാടകവേദികളിലൂടെയാണ് അനൂപ് സിനിമയിലേക്ക് എത്തിയത്. 70 ദിവസത്തോളം ബിഗ്ബോസ് മത്സരാർഥിയായിരുന്ന അനൂപിന് നിരവധി ആരാധകരുണ്ടായിരുന്നു.