വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു യാത്ര ആയിരുന്നു.. പെട്ടെന്ന് എന്നു പറഞ്ഞാൽ രാവിലെ തീരുമാനിക്കുന്നു, വൈകുന്നേരം വണ്ടി കയറുന്നു..അസൻസോളിൽ നിന്നും ഇട്ടിരിക്കുന്നത് കൂടാതെ വെറും ഒരുജോഡി ഡ്രെസ്സുമായി വണ്ടിയിൽ കയറുമ്പോൾ ചങ്ക് ബ്രോയെ അഞ്ചു വർഷങ്ങൾക്കു ശേഷം കാണാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു മനസ്സ് നിറയെ..
അസൻസോൾ നിന്നും കൊൽക്കത്ത.. അവിടുന്ന് നേരെ ഇംഫാൽ.. വിമാനം ഇംഫാൽ സിറ്റിക്ക് മുകളിൽ എത്തിയപ്പോളേ കണ്ടു താഴെ അതിമനോഹരമായി പരന്നുകിടക്കുന്ന ജലസമൃദ്ധി..
നാലുപാടും പച്ചപുതച്ച കുന്നുകൾ.. നമ്മുടെ ആലപ്പുഴ പോലെ അതിവിശാലമായിക്കിടക്കുന്ന വയൽ പാടങ്ങൾ.. ഒരുനിമിഷം നമ്മുടെ നാട്ടിലെ മഴക്കാലം ഓർത്തുപോയി..
എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ചെറുതായി മഴപൊടിയുന്നുണ്ടായിരുന്നു.. നല്ല ശക്തമായ കാറ്റും.. കാലാവസ്ഥ ഇങ്ങനെ ആയതുകൊണ്ടാവാം ഫോണിൽ നെറ്റ്‌വർക്ക് വരാൻ ഇത്തിരി സമയമെടുത്തു..
നെറ്റ്‌വർക്ക് വന്നപ്പോൾ ആദ്യം ചെയ്തത് എന്നേക്കാൾ മുന്നേ അവിടെ എത്തിയ അനിയനൊരു കാൾ ആണ്.. അവൻ അവന്റെ ഫ്രണ്ട്‌സിന്റെ കൂടെ ലോക്ടാക് തടാകത്തിലേക്കുള്ള വഴിയിൽ ആയിരുന്നു.. അവനോട് അവിടെവച്ചു കാണാം എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു..
ഏതാണ്ട് അരമണിക്കൂർ നേരത്തെ കാത്തുനിൽപ്പ്.. പ്രിയ സുഹൃത്ത് അങ്ങോം ഫിലിപ് നേരത്തെ പറഞ്ഞതുപോലെതന്നെ എത്തി.. നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്ച..
അതും അവന്റെ നാട്ടിൽ.. പണ്ടെന്നോ അവന് കൊടുത്തൊരു വാക്കാണ്.. എന്നെങ്കിലും ഞാൻ നിന്റെ നാട്ടിൽ വന്നു നിന്നെ കാണുമെന്നു..
ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു പങ്കുവയ്ക്കാൻ.. എയർപോർട്ടിൽ നിന്നും ഏതാണ്ട് അര മണിക്കൂർ ദൂരത്തിലുള്ള അവന്റെ വീട്ടിലേക്ക്..വീട്ടിൽ ഇത്തിരിനേരത്തെ കുശലം പറച്ചിലുകൾക്കു ശേഷം ലോക്ടാക് തടാകത്തിലേക്ക്..
ലോക്ടാക് തടാകം
നോർത്ത് ഈസ്റ്റ് ഭാഗത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്ടാക്.. ഇoഫാലിൽ നിന്നും ഏതാണ്ട് ഒരു മണിക്കൂറിനു മുകളിൽ യാത്രയുണ്ട്.. സിറ്റി വിട്ടുകഴിഞ്ഞാൽ അതിമനോഹരമായ ഗ്രാമക്കാഴ്ചകളാണ്.. എവിടെ നോക്കിയാലും വെള്ളം മാത്രം.. ഞങ്ങൾ യാത്ര തുടങ്ങിയപ്പോളേക്കും മഴയും പെയ്തു തുടങ്ങിയിരുന്നു.. അത്ര നല്ല വഴിയല്ല തടാകത്തിലേക്ക്.. വീതിയും നന്നേ കുറവാണ്.. അതിന്റെകൂടെ റോഡ് നിറഞ്ഞു പോകുന്ന പട്ടാളവണ്ടികളും..
കുലുങ്ങി കുലുങ്ങി തടാകം എത്തി.. മനോഹരമായ പ്രദേശം.. എവിടെ നോക്കിയാലും പച്ചപ്പും വെള്ളവും.. അടുത്തായി കുട്ടികൾക്കുള്ള ഒരു പാർക്കും ഉണ്ട്.. അങ്ങോം നേരത്തെതന്നെ എല്ലാം റെഡി ചെയ്തു വച്ചിരുന്നു.. അവന്റെ ഒരു സുഹൃത്ത് തടാകത്തിൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്.. അതുകൊണ്ട് ഞങ്ങൾക്ക് സൗജന്യ ബോട്ട് യാത്ര തരപ്പെട്ടു.. അതല്ല എങ്കിൽ ഇവിടെ അത്യാവശ്യം നല്ല റേറ്റ് ആണ്.. പോകുന്ന ദൂരം അനുസരിച്ചാണ് തുക.. എനിക്ക് മുന്നേ അവിടെത്തിയ അനിയൻ ആളൊന്നിന് 500 രൂപ കൊടുത്താണ് യാത്ര നടത്തിയതെന്ന് കേട്ടപ്പോൾ ശരിക്കും ചിരിവന്നു..
മനോഹരമായ ഒരു യാത്ര ആയിരുന്നു.. ശാന്തമായ തടാകവും അതിൽ പൊന്തിക്കിടക്കുന്ന ഒരുപാട് ചെറിയ ദ്വീപുകളും.. മേമ്പൊടിക്ക് ചെറിയ മഴ കൂടെ ആയപ്പോൾ പിന്നെ പറയണ്ടല്ലോ..
യാത്രയ്ക്ക് ശേഷം പുതിയ സുഹൃത്തിനെയും കൂട്ടി ഒരു നടത്തം.. അടുത്തുള്ള റിസോർട്ടിലേക്ക്.. മനോഹരമായ പരിസരപ്രദേശമാണ്.. അവിടെയും എൻട്രി ഫീസ് ഒന്നും കൊടുക്കാതെ കയറിപ്പറ്റി.. പ്രാദേശികർ കൂടെയുള്ളതിന്റെ ഗുണം..കച്ചവടക്കാരായ സ്ത്രീകളെല്ലാം മഴയ്ക്ക് മുന്നേ സാധനങ്ങൾ തീർക്കാനുള്ള ശ്രമത്തിലാണ്.. ഇവിടെ എല്ലാ കടകളിലും സ്ത്രീകളാണ്.. അഥവാ പുരുഷന്മാർ ഉണ്ടെങ്കിലും അപ്പോളും കടയുടെ മേൽനോട്ടം എപ്പോളും ഒരു സ്ത്രീക്ക് തന്നെ ആയിരിക്കും..
മഴ കനക്കാൻ തുടങ്ങിയിരിക്കുന്നു.. ഇനിയും താമസിച്ചാൽ ചിലപ്പോൾ തിരിച്ചുപോക്ക് ബുദ്ധിമുട്ടാവും.. മെല്ലെ വണ്ടിയിൽ കയറി.. ബോട്ട്കാരൻ സുഹൃത്തിനു നന്ദിയും പറഞ്ഞു യാത്ര തുടങ്ങി തിരിച്ചു നഗരത്തിലേക്ക്..
വഴിയിലുടനീളം ഞങ്ങളുടെ കോളേജ് കാലഓർമ്മകളുടെ അയവിറക്കൽ ആയിരുന്നു..
അങ്ങോം നന്നായി തമിഴ് പറയും.. തമിഴിൽ വിശേഷങ്ങൾ പങ്കുവച്ചു, മലയാളം പാട്ടുകൾ കേട്ട് പതുക്കെ ആർത്തുപെയ്യുന്ന മഴയിലൂടെയുള്ള ഡ്രൈവിങ്..
മഴ കടുക്കുംതോറും അംഗോമിന്റെ മുഖം അസ്വസ്ഥമാകുന്നത് ഞാൻ ശ്രദ്ധിച്ചു.. ഇടയ്ക്ക് ദൈവമേ എന്നും വിളിച്ചു അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്..
സംഭവം നമുക്ക് ഒരു സുഖമാണെങ്കിലും മഴ ഇവിടെ സിറ്റിയിൽ പ്രശ്‌നമാണത്രെ.. അതിവേഗം വെള്ളത്തിനടിയിലാകും ഈ തലസ്ഥാനനഗരം.. അതാണ് അവനെ അസ്വസ്ഥനാക്കുന്നതും..
കാരണം ഞങ്ങൾ ഇപ്പോൾ പോകുന്നത് ഒരുപാട് താഴ്ന്ന പ്രദേശത്തുകൂടിയാണ്... റോഡിൽ വെള്ളം കയറിയാൽ സിറ്റിയിൽ ഒരുപക്ഷെ ഞങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കാതെവരും..
എന്തോ ഭാഗ്യം..മഴ മെല്ലെ ശക്തി കുറഞ്ഞു.. വെള്ളം കുറവുള്ള ഭാഗത്ത് ഒരു കട കണ്ടപ്പോൾ അവിടെ നിർത്തി ചെറിയ രീതിയിൽ ഒന്ന് വിശപ്പടക്കി..ഇവിടെ എല്ലാ പെട്ടിക്കടകളിലും ബിയർ/മദ്യം സുലഭമാണ്.. കൂടുതലും മ്യാന്മാർ അതിർത്തി കടന്ന് വരുന്നവയാണ്..
ഇരുട്ട് പരന്ന വഴിയിലൂടെ കാർ മഴയേ മുറിച്ചുകൊണ്ട് ഓടിക്കൊണ്ടിരുന്നു... ഇവിടെ നേരത്തെ നേരം വെളുത്തു നേരത്തെ ഇരുട്ട് വീഴും.. വെസ്റ്റ് ബംഗാളിൽ ജീവിക്കുന്നതുകൊണ്ട് എനിക്ക് അത് ഏറെക്കുറെ ശീലമായിരുന്നു..ഇത്തിരി വൈകിയെങ്കിലും വലിയ കുഴപ്പം ഒന്നും കൂടാതെ അംഗോമിന്റെ സുഹൃത്തിന്റെ വീട്ടിൽ എത്തിപ്പെട്ടു..
നമ്മുടെ നാട്ടിൽ ആദ്യമായി ഒരാൾ വരുമ്പോൾ ജ്യൂസ് കൊടുക്കുന്നത് പോലെയാണ് ഇവിടെ മദ്യം തരുന്നത്.. എനിക്ക് കിട്ടിയത് ഞാൻ സ്‌നേഹപൂർവ്വം നിരസിച്ചു..(സത്യം..??)
സുഹൃത്തുക്കളോടൊപ്പം നഗരത്തിലൂടൊരു ഓട്ടപ്രദക്ഷിണം.. രാത്രി ജീവിതം ഏറെക്കുറെ ആയി വരുന്നതേ ഉള്ളൂ ഇവിടെ.. മണിപ്പൂർ ഇതുപോലെ ശാന്തമായിട്ട് ഒരുപാട് നാളുകൾ ആയില്ലല്ലോ..അങ്ങോം ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി..ഞങ്ങളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയും അവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്.. അവളോടൊപ്പം ഇത്തിരിനേരം ഹോസ്പിറ്റലിൽ..തിരികെ വീണ്ടും വണ്ടിയിലേക്ക്..
തിരക്കൊഴിഞ്ഞ വീഥികൾ.. ഇവിടെ എല്ലാ ശനിയും ഞായറും സർക്കാർ ചെലവിൽ ജനങ്ങൾക്കായി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടത്രെ.. ആട്ടവും പാട്ടും ഭക്ഷണവുമൊക്കെയായി രണ്ടു രാത്രികൾ..എല്ലാം കണ്ടും കേട്ടും ക്ഷീണിച്ചപ്പോൾ നേരെ റൂമിലേക്ക്..അങ്ങോമിനോട് യാത്ര പറഞ്ഞു.. നാളെ അവൻ ഹൈദ്രബാദ് പോവുകയാണ്..അവർ പോയതിനു ശേഷം റൂമിൽ നാളത്തെ പ്ലാനിങ്..
നാളെയാണ് ഇന്ത്യയിലെ അവസാന ഗ്രാമമായ മോറെയിലേക്കുള്ള_യാത്ര.. അവിടെനിന്നും ഇന്ത്യൻ അതിർത്തി കടന്ന് അയൽരാജ്യമായ മ്യാന്മറിലേക്കും..തലേന്ന് രാത്രി മുഴുവൻ മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു..മഴയുടെ സംഗീതം ആസ്വദിച്ചു എപ്പോളാണ് ഉറങ്ങിയത് എന്നറിയില്ല..
രാവിലെ മങ്‌ബോയ് ഭായ് (അനിയന്റെ സുഹൃത്ത്) വിളിച്ചപ്പോളാണ് എണീക്കുന്നത്.. ഇന്നാണ് ഞങ്ങൾ ഇന്ത്യയിലെ അവസാന ഗ്രാമമായ #മോറെയിലേക്ക് തിരിക്കുന്നത്.. ഇoഫാലിൽ നിന്നും 7.00 മണിക്ക് തിരിക്കാം എന്നായിരുന്നു പ്ലാൻ..
ഏതാണ്ട് 4 മണിക്കൂർ എടുക്കും ഈ യാത്ര.. കാട്ടിലൂടെയുള്ള യാത്രയാണ്.. മാപ്പിൽ നോക്കിയപ്പോൾ അത്യാവശ്യം നല്ല ഹെയർപിൻ വളവുകളൊക്ക കണ്ടതിനാൽ ഞാൻ ഹാപ്പി ആയിരുന്നു..മംഗ്ബോയിയുടെ അച്ഛന്റെ സുഹൃത്തും മകനുമാണ് കാറും കൊണ്ട് വരാം എന്ന് ഏറ്റിരുന്നത്..
അങ്ങനെ അതും സൗജന്യയാത്ര..വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും.. എന്താല്ലേ.. ??വേഗത്തിൽ രാവിലത്തെ പരിപാടികളൊക്കേ തീർത്തു റൂമിന് താഴെ വന്നപ്പോളേക്കും മണി എട്ടായിരുന്നു..ഇത്തിരിനേരത്തെ കാത്തിരിപ്പിന് ശേഷം നീല കളർ ടാറ്റാ സെസ്റ്റ് മുന്നിൽ വന്നുനിന്നു..
ഞാൻ, അനിയൻ, മംഗ്ബോയി, കൂട്ടുകാരൻ, അവന്റെ അച്ഛൻ.. പിന്നെ ഡിക്കി തുറന്നപ്പോളാണ് ഞങ്ങൾ മാത്രമല്ല ഒരുലോഡ് സാധനങ്ങളും കൂടെയുണ്ടെന്ന്..അങ്ങനെ ഞങ്ങളുടെ വലിയ ബാഗുകൾ മാത്രം ഡിക്കിയിലും ബാക്കി മടിയിലും വച്ചു യാത്ര തുടങ്ങി..
നീണ്ടു കിടക്കുന്ന റോഡ്.. അതിലൂടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ.. വന്നും പോയും ഇരിക്കുന്ന മഴ..വണ്ടിയിൽ കയറിയപ്പോളേ ഞാൻ മംഗ്ബോയി ബ്രോയോട് പറഞ്ഞിരുന്നു വണ്ടി ഞാൻ പകുതി ഡ്രൈവ് ചെയ്യാം എന്ന്.. ഡ്രൈവിങ് എനിക്ക് വല്ലാത്ത ഇഷ്ടമാണ്.. അതും ചുരം റോഡ്ആണെങ്കിൽ അതിലും ഇഷ്ടം..
ഡ്രൈവ് ചെയ്യുന്ന കാര്യം ഇടയ്ക്കിടെ ഞാൻ ഓർമിപ്പിച്ചുകൊണ്ടിരുന്നു.. കാര്യം അവർക്കൊരു സഹായം ആണെങ്കിലും നമുക്കത് നമ്മുടെ ആവശ്യം ആണല്ലോ..
മഴ വന്നും പോയും ഇരിക്കുന്നു.. ഏതാണ്ട് ഒന്നര മണിക്കൂർ ഓട്ടത്തിന് ശേഷം വണ്ടി ഒരു ഹോട്ടലിൽ നിർത്തി.. ഇവിടെ നിന്നാണ് ഭക്ഷണം.. ബ്രേക്ഫാസ്റ്റ് പ്രതീക്ഷിച്ചു കൈയും കഴുകി ഇരുന്ന എന്റെ മുന്നിലേക്ക് വന്നത് ആവിപറക്കുന്ന ചോറും കറികളുമാണ്.. ചിക്കനും പന്നിയും ഒക്കെയായി ഒരു അടിപൊളി ഊണ്.. കൂടെ പേരറിയാത്ത ഒരു ചെറു പക്ഷി മൊത്തത്തിൽ പൊള്ളിച്ചതും.. എന്തായാലും സംഭവം കിടുവായിരുന്നു.. കൂടെയുണ്ടായിരുന്ന അമ്മാവൻ അവിടെ വച്ചിരുന്ന അലമാരയിൽ നിന്നും രണ്ടു പെഗ്ഗും എടുത്തടിച്ചു.. ഇവിടെ എല്ലാ ഹോട്ടലിലും ഇങ്ങനെ ഒരു അലമാര ഉണ്ട്.. അതിൽ നിറഞ്ഞ മദ്യക്കുപ്പികളും.. എന്നാണാവോ ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുക..
ഭക്ഷണത്തിനു ശേഷം വീണ്ടും യാത്ര.. നിരപ്പായ പ്രകൃതി മാറിത്തുടങ്ങി.. പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളും താഴെ ഒഴുകുന്ന പുഴകളുമൊക്കെയായി അടിപൊളി സ്ഥലങ്ങൾ...
ഇനി മലകയറ്റമാണ്.. മഴയും ശക്തി പ്രാപിച്ചു.. കുറച്ചു ദൂരം മല കയറിയപ്പോൾ ആദ്യത്തെ ചെക്പോസ്റ്റ്... പരിശോധന കർശനമായി നടക്കുന്നു.. ഇതുപോലെ ഇനിയും 3-4 ചെക്ക്‌പോസ്റ്റുകളും കൂടാതെ മിന്നൽ പരിശോധനകളും ഉണ്ടാവും..
Id കാർഡ് ഒക്കെ കാണിച്ചു വീണ്ടും മുന്നോട്ട്.. മംഗ്ബോയി ശര്ധിക്കാൻ തുടങ്ങിയതും വണ്ടി ഞാൻ ഓടിക്കാൻ തുടങ്ങിയതും ഏറെക്കുറെ ഒരേസമയത്തായതിനാൽ അവനെ ശര്ധിപ്പിച്ചു എന്ന പഴി ഞാൻ യാത്രയിലുടനീളം കേൾക്കേണ്ടിവന്നു.. ഓരോ ഹെയർപിൻ വീശിയെടുക്കുമ്പോളും മംഗ്ബോയി മനസിലും ചിലപ്പോളൊക്കെ ഉറക്കെയും എന്നേ തെറി വിളിക്കുന്നുണ്ടായിരുന്നു..
ഒരുപാട് വളവുകൾ, മഴ, കോടമഞ്ഞു മൂടിയ വഴി ഇവയെല്ലാം യാത്ര ദുഷ്‌കരമാക്കിയെങ്കിലും ഉച്ചയോടെ ഞങ്ങൾ ഇന്ത്യയിലെ അവസാന ഗ്രാമമായ മോറെയിൽ എത്തി..
നേരെ റൂമിലേക്ക്.. വഴിനീളെ ശർദ്ധിച്ചു അവശനായ മംഗ്ബോയി കട്ടിൽ കണ്ടതും വെട്ടിയിട്ട വാഴപോലെ മറിയുന്നത് കണ്ടു.. ഞങ്ങളും അത്യാവശ്യം മടുത്തിരുന്നു..
ഇത്തിരിനേരം വിശ്രമിച്ചുകഴിഞ്ഞപ്പോളേക്കും ഞങ്ങൾക്ക് പോവാനുള്ള സ്‌കൂട്ടികളുമായി മംഗ്ബോയിയുടെ ചങ്ക് സാഗർ എത്തിയിരുന്നു..സാഗറുമായി സംസാരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളേ അവൻ ഞങ്ങളുടെയും ചങ്കായ് മാറി.. അത്രയും നല്ല ആളാണ്.. നല്ല സംസാരം, പെരുമാറ്റം എല്ലാംകൊണ്ടും ഒരു നല്ല മനുഷ്യൻ..
സാഗർ തരപ്പെടുത്തിത്തന്ന രണ്ടു സ്‌കൂട്ടികളിലായി ഞങ്ങൾ നാലുപേർ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി നീങ്ങി..
ചെറിയൊരു സിറ്റി ആണ് മോറെ..
ഇന്ത്യയുടെ അവസാന സിറ്റി.. സിറ്റിയിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ ഇന്ത്യയെയും മ്യാന്മറിനെയും വേർതിരിക്കുന്ന അതിർത്തിപാലത്തിലേക്ക്..
സിറ്റി വിട്ട് കഴിഞ്ഞു ഇത്തിരി ചെല്ലുമ്പോൾ ഇന്ത്യൻ ആർമിയുടെ ഒരു പോസ്റ്റ്..
അവിടെനിന്നും ഇത്തിരി മുന്നോട്ട് നീങ്ങുമ്പോൾ കാണാം മ്യാന്മർ രാജ്യത്തിന്റെ എമിഗ്രേഷൻ ഓഫീസ്.. ഇവിടെനിന്നാണ് നമുക്ക് അതിർത്തി കടക്കാനുള്ള പാസ്സ് കിട്ടുന്നത് ആളൊന്നിന് 20/- ആണ്.. വണ്ടിക്ക് പാസ്സ് വേണ്ട..
അപ്പോളാണ് ഇവിടെ ഓടുന്ന വണ്ടികൾക്കൊന്നും നമ്പർ ഇല്ലാത്തത് ഞാൻ ശ്രദ്ധിച്ചത്.
ഇവിടെ മിക്കവരും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാറില്ലത്രേ.. എന്തൊരു മനോഹരമായ ആചാരങ്ങൾ.. ഇന്ത്യൻ നമ്പർ ഉള്ള വണ്ടികൾ അതിർത്തി കടക്കാൻ ഒരുപാട് ചടങ്ങുകൾ ഉണ്ട്..
ഇവിടെ മോറെയിൽ ഉള്ള മിക്കവാറും ആളുകൾ കല്യാണം കഴിച്ചിരിക്കുന്നത് മ്യാന്മറിൽ നിന്നാണ്. അപ്പോൾ നമ്പർ ഉണ്ടെങ്കിൽ അവരുടെ പോക്കും വരവും ഒരുപാട് ബുദ്ധിമുട്ടിലാകും. അതുകൊണ്ടാണ് ഇവർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാത്തത്..
ഇവിടെ നിയമങ്ങൾ ഒരുപാട് അയഞ്ഞിട്ടാണ്.. എന്നാൽ ചില കാര്യങ്ങളിൽ ഇന്ത്യയിൽ എവിടെയും ഇല്ലാത്ത വിചിത്ര നിയമങ്ങളും.. അധികം നാളായിട്ടില്ല മോറെ ഇക്കാണുന്ന തരത്തിൽ മാറിയിട്ട്.. വൈകുന്നേരം 5. 30 ആകുമ്പോൾതന്നെ കടകളെല്ലാം അടച്ചു ആളുകൾ വീടുകളിൽ കയറിയിരുന്ന ഒരു കാലമുണ്ടായിരുന്നു.. ഇപ്പോൾ ഇവിടം ഏറെക്കുറെ ശാന്തമാണ്..
കഥ പറഞ്ഞു അതിർത്തി എത്തിയതറിഞ്ഞില്ല.. ഒരു പാലം.. അതാണ് അതിര്..
പാലത്തിന്റെ പകുതി ഭാഗം വെള്ളയും ബാക്കി മഞ്ഞയും നിറം പൂശിയിരിക്കുന്നു..
വെള്ള ഭാഗം ഇന്ത്യയുടെയും ബാക്കി മഞ്ഞ മ്യാന്മറിന്റെയും കയ്യിലാണ്..
കേവലം ഒരു പാലത്തിനപ്പുറം മാറി മറിയുന്ന സംസ്‌കാരം, ഭാഷ, ആളുകൾ.. നിയമങ്ങൾ.. പാലത്തിലൂടെ റോഡിന്റെ ഇടതുവശം ചേർന്ന് വാഹനം ഓടിക്കുന്ന നമ്മൾ പാലം കടന്നു കഴിഞ്ഞാൽ വലതുവശത്തുകൂടി വേണം വാഹനം ഓടിക്കാൻ..ഞങ്ങളും പതുക്കെ അതിർത്തി കടന്നു..
'ഇന്ത്യ വിട്ടുകഴിഞ്ഞാൽ അവരുടെ പൊലീസിനെയോ പട്ടാളത്തെയോ അങ്ങോട്ട് നോക്കരുത്.. അത് പുലിവാലാകും.. പറഞ്ഞേക്കാം.. 'പാലം കടക്കുന്നതിനു മുന്നേ സാഗർ എന്നോട് പറഞ്ഞതാണ്.. അങ്ങനെ പ്രിത്യേകം പറഞ്ഞതുകൊണ്ടാണോ എന്തോ മ്യാന്മറിൽ കയറി ആദ്യം കണ്ട പൊലീസ്‌കാരനെ ഞാൻ ഒന്ന് അടിമുടി സൂക്ഷിച്ചുനോക്കി.. അതുകൊണ്ടെന്തായി.. വണ്ടിയും പിടിച്ചു ഞങ്ങളുടെ id ഒക്കെ ചെക്ക് ചെയ്തിട്ടാണ് യാത്ര തുടരാൻ അനുവദിച്ചത്..
നമ്മുടെ ഇന്ത്യ പോലെത്തന്നെ ആണ് മ്യാന്മറും.. ആളുകളും പ്രകൃതിയും ഒക്കെ മണിപ്പൂർ പോലെത്തന്നെ.. പിന്നെ ആകെയുള്ള മാറ്റം വാഹനങ്ങൾ ആണ്.. കൂടുതലും ചൈനീസ് നിർമ്മിത വാഹനങ്ങളാണ് നിരത്തിൽ..പാലത്തിനിപ്പുറം ആർക്കും ഹിന്ദി വലിയ പിടിത്തം ഇല്ല എന്നുള്ളത് എന്നേ അത്ഭുതപ്പെടുത്തി..
മ്യാന്മറിൽ കയറി 16 km വരെ നമുക്ക് ലഭിച്ച പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും..അതും അവിടുത്തെ സമയം 4. 30 pm വരെ മാത്രം.. ഇന്ത്യയിൽ 3. 30 ആകുമ്പോൾ അവിടെ 4. 30 ആകും.. അപ്പോൾ സമയവും മനസ്സിൽ വയ്ക്കണം എന്ന് സാരം..ഞങ്ങൾ ആദ്യം പോയത് ഒരു മൊണാസ്ട്രിയിലേക്കായിരുന്നു..
അവിടെ ഒരു ചെറിയ വാച്ച് ടവരിൽ കേറിയാൽ അത്യാവശ്യം ചുറ്റളവിൽ നമുക്ക് കാണാൻ സാധിക്കും.. ധാരാളം മാവുകൾ ഉണ്ടവിടെ.. നിലത്തു വീണുകിടക്കുന്ന മാമ്പഴങ്ങളും ഞാനും അതിൽ ഒന്നെടുത്തു പോക്കറ്റിൽ ഇട്ടു..അവിടെനിന്നും ഇറങ്ങിയപ്പോളേക്കും മഴ കനത്തിരുന്നു.. കൂടെ വിശപ്പും..
ഒരു ഇടത്തരം ഹോട്ടലിൽ വണ്ടി നിർത്തി.. എല്ലാവരും നനഞ്ഞൊട്ടിയിരുന്നു..
സാഗർ എന്തോ ഓർഡർ ചെയ്യുന്നത് കണ്ടു.. ആദ്യം ഒരു ഗ്ലാസ് നിറയെ ഐസ് ക്യൂബ്‌സ് ആണ് വന്നത്.. കൂടെ ഒരു പാക്കറ്റും. സാഗർ പറഞ്ഞു ആ പാക്കറ്റ് പൊട്ടിച്ചു ഗ്ലാസിൽ ഒഴിക്കാൻ.. അത് എനർജി ഡ്രിങ്ക് ആണത്രേ.. കുടിച്ചുകഴിഞ്ഞപ്പോളേക്കും നല്ല ആവിപറക്കുന്ന സൂപ്പ് എത്തി.
പിന്നാലെ നൂഡിൽസ് പൊലീരിക്കുന്ന ഒരു വിഭവവും.. എന്നാൽ അതിനു ന്യൂഡിൽസിന്റെ യാതൊരു ടേസ്റ്റും അല്ലായിരുന്നു.. അതിൽ സൂപ്പ് ഒഴിച്ചാണ് കഴിക്കേണ്ടത്. അടിപൊളി ടേസ്റ്റ്..അവിടെനിന്നും ഇറങ്ങി ഒരു ചെറിയ കറക്കം.. മഴ മുഴുവനും നനഞ്ഞു..
എപ്പോളോ സമയം നോക്കുമ്പോൾ നാലുമണി.. ഇനി അരമണിക്കൂറിനുള്ളിൽ ഇന്ത്യയിൽ തിരിച്ചു ചെന്നില്ലെങ്കിൽ ഞങ്ങൾ ജയിലിൽ...പിന്നീടൊരു ഓട്ടപ്പാച്ചിലായിരുന്നു.. കൃത്യം 4.25 ആയതും ഞങ്ങൾ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയിരുന്നു..തിരികെ മോറെ ഗ്രാമത്തിലേക്ക്..
ആ അതിർത്തി ഗ്രാമത്തിൽ തീർത്തും തമിഴ് മാതൃകയിൽ പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നിൽ അത്ഭുതമുണർത്തി.. പൂജാരിയടക്കം ആ പരിസരത്തുള്ള ഭൂരിഭാഗം ആളുകളും തമിഴരാണ്.. എന്നാൽ തമിഴ്‌നാടുമായി പറയത്തക്ക ബന്ധം ഇപ്പോൾ പുലർത്താത്തവർ..
എന്നിരുന്നാലും പൊങ്കൽ അടക്കമുള്ള എല്ലാ ആഘോഷങ്ങളും വിപുലമായ രീതിയിൽതന്നെ ഇവർ ആഘോഷിക്കുന്നു..
അമ്പലത്തിൽ നിന്നിറങ്ങുമ്പോളെക്കും മഴ ഉഗ്രരൂപിണിയായിരുന്നു.. മഴ കുറയാൻ കാത്തുനിൽക്കുന്നതിൽ അർഥമില്ല.. നേരമാണെങ്കിൽ ഇരുട്ടായിരിക്കുന്നു.. നനയാൻ തന്നെ തീരുമാനിച്ചു..നേരെ സുഹൃത്ത് സാഗറിന്റെ വീട്ടിലേക്ക്.. കുശലം പറച്ചിലും ഭക്ഷണം പാകം ചെയ്യലും... എല്ലാവരുംകൂടെ ഒരു സദ്യ തന്നെ ഒരുക്കി..സുഖനിദ്ര.. മഴ രാവേറെ ചെല്ലുംവരെ സംഹാരതാണ്ഡവം ആടുന്നുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ വീണ്ടും മ്യാന്മറിലെ മാർക്കറ്റിലേക്ക്..
അത്യാവശ്യം ഷോപ്പിങ്..
ഉച്ചയോടെ എല്ലാവരോടും യാത്ര പറഞ്ഞു വീണ്ടും ഇoഫാൽ പട്ടണത്തിന്റെ തിരക്കുകളിലേക്ക്.