വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരോട് പങ്കുവെച്ച് നടി അഭിനയ. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് താരം വിവാഹനിശ്ചയ വാര്‍ത്ത അറിയിച്ചത്. കുട്ടിക്കാലം മുതല്‍ക്കുള്ള സുഹൃത്തിനെയാണ് താരം ജീവിതപങ്കാളിയാക്കുന്നതെന്നാണ് സൂചന.
സംസാരശേഷിയും കേള്‍വി ശക്തിയുമില്ലെങ്കിലും മറ്റുള്ള നായികമാരെ അപേക്ഷിച്ച് നടി അഭിനയ ഇതുവരെ കരിയറില്‍ ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ്. പതിനഞ്ച് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം മലയാളികള്‍ക്ക് സുപരിചിതയാകുന്നത് ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭമായ പണി എന്ന സിനിമയില്‍ നടന്റെ നായിക റോളില്‍ എത്തിയ ശേഷമാണ്.
വിവാഹനിശ്ചയം കഴിഞ്ഞെന്ന് അറിയിച്ച് വരന്റെയും തന്റെയും കയ്യുടെ ഫോട്ടോ പങ്കിട്ടാണ് അഭിനയ ആരാധകരെ അറിയിച്ചത്. എന്നാല്‍ വരന്റെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ നടി പങ്കിട്ടിട്ടില്ല. അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന് അഭിനയ വെളിപ്പെടുത്തിയിരുന്നു.
പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ റിലേഷന്‍ഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങള്‍. പതിനഞ്ച് വര്‍ഷമായി തുടരുന്ന പ്രണയ ബന്ധമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്‌മെന്റും ഇല്ലാതെ എന്നെ കേള്‍ക്കും. സംസാരിച്ചാണ് ഞങ്ങള്‍ പ്രണയത്തിലായതെന്നും താരം പറഞ്ഞിരുന്നു.
പണിയില്‍ അഭിനയയുടെ സഹതാരങ്ങളായിരുന്ന അഭയ ഹിരണ്‍മയി, ജുനൈസ് തുടങ്ങിയവരെല്ലാം അഭിനയയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. വിവാഹം ഉടനുണ്ടാകുമോയെന്ന ചോദ്യങ്ങളും കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.
സൈന്യത്തില്‍ നിന്നും വിരമിച്ച ചെന്നൈ സ്വദേശിയായ ആനന്ദിന്റെ ഇളയമകളാണ് അഭിനയ. ആനന്ദും ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് അമ്മ ഹേമലതയെ അഭിനയയ്ക്ക് നഷ്ടപ്പെട്ടത്.