Latest News

ഗവിയിലേക്ക് കുടുംബസമേതം

സിനോജ്
ഗവിയിലേക്ക് കുടുംബസമേതം

അങ്ങനെ വളരെ നാളത്തെ പ്ലാനിങ്ങിനു ശേഷം ഞങ്ങള്‍ ഗവി എന്നാ സ്ഥലം കാണാന്‍ പോയി. ഞാനും ഭാര്യയും ഞങ്ങളുടെ വിശിഷ്ട സേവനത്തിനു കിട്ടിയ മൂന്നരയും രണ്ടരയും വയസുള്ള രണ്ടു ട്രോഫികളും പിന്നെ രാജേഷ്‌, ഭാര്യ അവരുടെ ഒന്നരവയസുള്ള രണ്ടാമത്തെ ട്രോഫിയും പിന്നെ ഒരു വണ്ടിയും. രാജേഷിന്റെ മൂത്ത ട്രോഫി കുഞ്ഞായിക്ക് പുഴു, കാട്, മൃഗങ്ങള്‍ ഇതൊന്നും അത്ര താൽ‌പ്പര്യമില്ലാത്തതിനാല്‍ വീട്ടില്‍ വിശ്രമിച്ചോളാന്‍ പറഞ്ഞു.  നേരത്തെ തന്നെ രണ്ടു കുടുംബത്തിനുള്ള താമസം, ഭക്ഷണം ഒക്കെ വിളിച്ചു ബുക്ക്‌ ചെയ്തിരുന്നു. 1400 രൂപാ ഒരാള്‍ക്ക്, കുട്ടികള്‍ക്ക്‌ ഫ്രീ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സീസണ്‍, ആ സമയത്ത്‌  1800 ആണ് ചാര്‍ജ്ജ്‌. ഒരു കുടുംബത്തിന് 2800 രൂപാ മുടക്കില്‍ ഒരു ദിവസം നല്ല താമസവും മൂന്നു നേരത്തെ ഭക്ഷണവും പിന്നെ ട്രക്കിംങ്ങ്, ബോട്ടിംങ്ങ്, ഫോറസ്റ്റ്‌ സഫാരി ഇത്രയും കിട്ടുന്നത് ലാഭം തന്നെ.

ആദ്യം പാലായില്‍ നിന്നും നാല്പതു കിലോമീറ്റര്‍ അകലെയുള്ള വാഗമണ്‍ എന്ന സ്ഥലത്തേക്ക്. ഭയങ്കര മഞ്ഞും മഴയും ആയിരുന്നു, പക്ഷെ കാണാന്‍ നല്ല രസമായിരുന്നു. മൊട്ടക്കുന്നുകള്‍, വഴിയരുകിലെ കുഞ്ഞു ചോലകള്‍, തണുപ്പ്, നല്ല കുളിര്‍മയുള്ള പച്ചപ്പ്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നൂറുകണക്കിന് ആള്‍ക്കാര്‍ താമരടിച്ചുപൊട്ടിച്ച പാറകള്‍ ഒരു വശത്ത്, മറുവശത്ത് മഞ്ഞുനിറഞ്ഞ കൊക്കകള്‍.

ഇടക്കൊക്കെ വണ്ടി നിര്‍ത്തി മഞ്ഞും മഴയും ഒക്കെ ചെറുതായി അനുഭവിച്ച് ഞങ്ങള്‍ പൈന്‍ മരങ്ങളുടെ ഒരു കാ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പൈന്‍ മരക്കാട്. ഏതോ വിദേശ രാജ്യത്തെത്തിയ പ്രതീതി. സര്‍ക്കാര്‍ വച്ചുപിടിപ്പിച്ച പൈന്‍ മരങ്ങളും, ആ മലഞ്ചെരിവും  വളരെ മനോഹരം തന്നെ.  അതിലൂടെ കാറ്റടിക്കുംപോള്‍ ഉള്ള സ്വരവും അതിന്റെ ഭംഗിയും പറഞ്ഞാല്‍ മനസ്സിലാവില്ല. 

ആ തണുപ്പത്തും കറിയാച്ചന്‍ ജ്യൂസ് കുടിച്ചു. തണുപ്പും മഴയും ഒന്നും കുട്ടികള്‍ക്ക്‌ ഒരു പ്രശ്നമേ അല്ലായിരുന്നു.

അവിടെ കുറച്ചു നേരം നിന്നിട്ട് ഞങ്ങള്‍ ഏലപ്പാറ എന്ന സ്ഥലത്തെത്തി ചോറുണ്ടു. എന്നിട്ട് കുട്ടിക്കാനം എന്ന സ്ഥലത്തെത്തി അവിടെ നിന്ന് വണ്ടിപ്പെരിയാര്‍ എന്ന സ്ഥലത്തേക്ക് വെച്ചു പിടിപ്പിച്ചു. വഴിയില്‍ ആഫിക്കക്കാരുടെ തലയിലെ മുടി പോലെ നല്ല തേയിലത്തോട്ടങ്ങള്‍, കണ്ടാല്‍ അതിന്റെ മണ്ടേല്‍ കയറി കിടക്കാന്‍ തോന്നും.

എത്ര കണ്ടാലും, എത്ര തവണ യാത്ര ചെയ്താലും മടുക്കില്ലാത്ത കാഴ്ചകള്‍, മനസിലെ പൊടി പടലങ്ങള്‍ മാറ്റി കുളിര്‍മയും ഫ്രഷ്‌നസ്സും തരുന്ന ചിത്രങ്ങള്‍.

വണ്ടിപെരിയാര്‍ കഴിഞ്ഞു അഞ്ചാറ് കിലോമീറ്റര്‍ കഴിയുമ്പോള്‍ നമ്മള്‍ വള്ളക്കടവ് എന്ന സ്ഥലത്തേക്ക് തിരിയണം. അങ്ങനെ കുറച്ചു ദൂരം പോയിക്കഴിയുമ്പോള്‍ ഒരു ചെക്ക്പോസ്റ്റില്‍ എത്തും. നമ്മള്‍ പോകുന്ന വണ്ടിയുടെ നമ്പര്‍ തലേദിവസം ഗവിയില്‍ വിളിച്ചു പറയുന്നതിനാല്‍ നമുക്ക്‌ കാട്ടില്‍ കയറാന്‍ ഉള്ള പാസ്സ് ചെക്ക് പോസ്റ്റില്‍ എത്തിചിരിക്കും. അങ്ങനെ നമ്മള്‍ കാട്ടിലേക്ക്‌ കയറുകയായി.

നേര്‍ത്ത മഴ, കഴുകി വൃത്തിയായ ഇലകളോടുകൂടിയ വന്മരങ്ങള്‍, ഇളംപച്ച നാമ്പുകള്‍ ഉള്ള കുറ്റിച്ചെടികള്‍, പച്ചപുല്തകിടികള്‍, കാട്ടുചോലകള്‍....മഴവെള്ളം നിറഞ്ഞ റോഡ്‌. ഹോണ്‍ അടിക്കരുത് എന്ന ഉപദേശം കിട്ടിയിരുന്നതിനാല്‍ മെല്ലെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കാട്ടിലൂടെ ഇരു വശവും ശ്രദ്ധിച്ച് വല്ല ആനയോ ചേനയോ ഉണ്ടോ എന്നൊക്കെ പ്രതീക്ഷിച്ച് ഒരു പത്തുമിനിറ്റ്‌ യാത്ര ചെയ്തപോള്‍ മുമ്പില്‍ അതാ ഒരു ടാറ്റാ ഇന്‍ഡിക്ക നിര്‍ത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ വരുന്നത് കണ്ട് ഡ്രൈവര്‍ ചില്ല് താഴ്‌ത്തി പറഞ്ഞു അടുത്ത വളവില്‍ ആന നില്‍ക്കുന്നു എന്ന്. നമുക്കുണ്ടോ പേടി, പോരാത്തതിന് ആനയെ കാണാന്‍ അല്ലെ നമ്മള്‍ വന്നിരിക്കുന്നത്. ഒന്നുമല്ലെങ്കിലും വണ്ടി നിയന്ത്രിക്കുന്നതിന്റെ ധൈര്യം എനിക്കും പേടി രാജേഷിനും. ആന മുമ്പില്‍ വന്നാല്‍ മുമ്പോട്ട്‌ പോകണോ, പിറകോട്ടു പോകണോ എന്നൊക്കെ ആലോചിച്ചു ഞാന്‍ മെല്ലെ മുമ്പോട്ട്‌ തന്നെ നീങ്ങി. പുറകെ ഒരു ഗ്യാപ്പ് ഇട്ട് ഇന്‍ഡിക്കക്കാരനും. രണ്ടു വളവു തിരിഞ്ഞപോള്‍ അതാ തൊട്ടുമുകളില്‍ നില്‍കുന്നു ഒരു ആനക്കൂട്ടം

ചിന്നം വിളിച്ച ആനത്തലവനെ ബഹുമാനിച്ച് ഞങ്ങള്‍ വേഗന്നു തന്നെ അവിടുന്നു യാത്രയായി. ഇനി നമ്മളായിട്ട് അവരെ അക്രമാസക്തരാക്കി ഏന്ന് വേണ്ട. അഞ്ചു മിനിട്ടിനുള്ളില്‍ കുറച്ചു കൂടി മുകളിലായി അടുത്ത ആനക്കൂട്ടം. പുറത്തിറങ്ങി നിന്ന് പടം ഒക്കെ എടുത്തു, പക്ഷെ എന്റെ ക്യാമറ ഫോക്കസ് ചെയ്തപോളേക്കും ആന ഞങ്ങളെ പുറം തിരിഞ്ഞു നിന്ന് പൃഷ്ഠഭാഗം കാണിച്ചു തന്നു. ഉള്ളതാവട്ടെ എന്ന് പറഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഏകദേശം പത്തിരുപതു കിലോമിറ്റര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗവിയിലെത്തി. അവിടെ ചെന്നപ്പോള്‍ നല്ലൊരു റിസപ്ഷന്‍, അവിടെ ഞങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു ഒരു ചേച്ചി. വിവരങ്ങള്‍ ഒക്കെ പറഞ്ഞു ഒരു ഗൈഡിനേയും ഞങ്ങള്‍ക്ക്‌ തന്നു. ഗൈഡ്‌ ഞങ്ങള്‍ക്ക്‌ മുറികളും കാട്ടി തന്നു പ്രോഗ്രാം പ്ലാന്‍ ചെയ്തു.

വൈകുന്നേരം ട്രെക്കിങ്ങിനു പോകാനുള്ള പ്ലാന്‍ വേണ്ടെന്നു വെച്ച് ഞങ്ങള്‍ ഗൈഡിനെ പറഞ്ഞു വിട്ടു. ചായകുടിക്കാന്‍ താഴെ കാന്റീനില്‍ ചെന്നു. വളരെ സ്നേഹമുള്ള പെരുമാറ്റം ആയിരുന്നു അവരുടേത്. നമ്മള്‍ കഴിക്കണം എന്ന ആഗ്രഹത്തോടുകൂടി തരുന്ന ഭക്ഷണം തണുപ്പിന്റെ ആധിക്യത്താല്‍ നന്നായി കഴിച്ചു.

അതിനു ശേഷം വെറുതെ അതിനടുത്തുള്ള കാഴ്ചകള്‍ ഒക്കെ കണ്ടു. ക്യാമ്പ്‌ ഫയര്‍ ഒക്കെ ഇട്ട് അവിടെ തന്നെ ചിലവഴിച്ചു. വൈകിട്ട് വളരെ വിശാലമായ അത്താഴവും കഴിച്ചു ഞങ്ങള്‍ കുട്ടികളെ ഉറക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു.

ല്ല ബെഡ് റൂം, ബ്ലാങ്കറ്റ്, വെള്ള ബെഡ് ഷീറ്റ്, തറയില്‍ കാര്‍പെറ്റ്, ബാത്ത്റൂമില്‍ ഗീസര്‍, അഥവാ കറന്‍റ് പോയാല്‍ സോളാര്‍ ലൈറ്റ്‌ എന്നിവയൊക്കെ ഉണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് പിള്ളേരെ ഒക്കെ ഒന്നുറക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. രാവിലെ ആറുമണിക്ക്‌ ഫോറസ്റ്റ്‌ സഫാരി പറഞ്ഞിരുന്നു എങ്കിലും പിള്ളേരെ ഒക്കെ എണീപ്പിച്ച് റെഡി ആക്കിയപോള്‍ ആറര ആയി. പിന്നെ കാലിച്ചായയും കഴിച്ച് അവരുടെ ജീപ്പില്‍ കാട്ടിലേക്ക്‌

മഞ്ഞു കാരണം അങ്ങോട്ട്‌ പോയ അരമണിക്കൂര്‍ ഒന്നും കണ്ടില്ല. തിരിച്ചു വന്ന വഴി ഡാം, ഇലക്ട്രിസിറ്റി ഓഫീസ്‌, ഫോറസ്റ്റ്‌ ഓഫീസ്‌ എന്നിവ ഇറങ്ങി കണ്ടു.

ഇടക്ക് അവരുടെ പഴയ മഹീന്ദ്ര ഇന്റര്‍നാഷണല്‍ ജീപ്പ്‌ ഓടിക്കാനുള്ള അവസരം രാജേഷ്‌ പാഴാക്കിയും ഇല്ല.

സിംഹവാലന്‍ കുരങ്ങ്, കാട്ടുതാറാവ്‌, കാട്ടുകോഴി, കേഴ തുടങ്ങിയ മൃഗങ്ങളെ കണ്ടു. മലമുകളിലൂടെ ചാടി ഓടുന്ന കാടുപോത്തിനെ കണ്ടു.

അങ്ങനെ ഞങ്ങള്‍ വീണ്ടും ഒരാനക്കൂട്ടത്തെ കണ്ടു. ഒരു കഞ്ഞു ആനക്കുട്ടിയുമായി റോഡ്‌ മുറിച്ചു കടന്ന ആനക്കൂട്ടം. എല്ലാവരും പുറത്തിറങ്ങി ബഹളമുണ്ടാക്കാതെ പടങ്ങള്‍ എടുത്തു.

അങ്ങനെ ആവശ്യത്തിന് മൃഗങ്ങളെയും സസ്യജാലങ്ങളെയും കണ്ടു ഞങ്ങള്‍ തിരിച്ചു വന്നു പ്രാതല്‍ കഴിച്ചു. ചെറിയ വിശ്രമത്തിനു ശേഷം ബോട്ടിങ്ങിന് പോയി. എല്ലാ സുരക്ഷയും എന്നാ പോലെ ജാകറ്റ്‌ ഒക്കെ തന്നു, കുട്ടികള്‍ക്കും. ഇത്തിരി കരിമ്പന്‍ ഉണ്ടായിരുന്നെങ്കിലും പൊതുവേ നമുക്കും ഒരു സുരക്ഷിത ബോധം തോന്നും. ബോട്ടില്‍ കയറി ഒരു വെള്ളചാട്ടത്തിനടുത്ത് ചെന്നപ്പോള്‍ മറ്റേതോ ലോകത്ത് ചെന്ന പ്രതീതി.

വളരെ വിസ്തൃതമായ ഡാമില്‍ നിന്നും നാം ഒരു കൊച്ചു കൈവഴിയിലെക്ക് തിരിയുന്നു. അവിടെ വലിയൊരു വെള്ളച്ചാട്ടം. മരങ്ങൾക്കിടയിലൂടെ ഒഴുകി പാറയില്‍ തള്ളിതകര്‍ന്നു വരുന്ന വെള്ളം ഔഷധഗുണം ഉള്ളതാണത്രേ! കുട്ടികള്‍ ഉള്ളത് കൊണ്ടും, മഴ പെയ്ത് നല്ല വെള്ളം ഉണ്ടായിരുന്നതിനാലും ഞങ്ങള്‍ അതില്‍ കുളിക്കാന്‍ പോയില്ല. എങ്കിലും അതി മനോഹരമായിരുന്നു ആയ കാഴ്‌ച്ച

അങ്ങനെ ഞങ്ങള്‍ പതുക്കെ തിരിച്ചു പോന്നു. കണ്ണില്‍ നിന്നും മായാതെ ആ വെള്ളച്ചാട്ടം അങ്ങനെ തന്നെ നില്‍ക്കുന്നു.

തിരിച്ചു വന്നു അവിടെയുള്ള ഒരു മ്യൂസിയത്തില്‍ കുറച്ചു നേരം ചിലവഴിച്ചു. ആനയുടെയും മാനിന്റെയും ഒക്കെ അസ്ഥികൂടവും കൊമ്പും ഒക്കെ കണ്ടു കുറച്ചു നേരം.

ഊണിനുശേഷം അവരോടെല്ലാം നന്ദി പറഞ്ഞു, ഓര്‍മ്മകള്‍ എല്ലാം മനസ്സില്‍ കുറിച്ചു വെച്ച് ഞങ്ങള്‍ ഇനിയോരവസരത്തില്‍ വീണ്ടും വരുന്നതിനെ ക്കുറിച്ച് ചിന്തിച്ച ഗവിയോടു വിട പറഞ്ഞു. ഒരു ഫോര്‍ വീല്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ പത്തനംതിട്ട വഴി മടങ്ങി വരുന്നതിനെ കുറിച്ച് ചിന്തിച്ചെനെ, 80 ഓളം കിലോമീറ്റര്‍ പൊളിഞ്ഞ റോഡിലൂടെ കുട്ടികളുമായി പോരാന്‍ മനസ്സ് ധൈര്യം തന്നില്ല. അടുത്ത പ്രാവശ്യം ഉറപ്പായിട്ടും പോകും....

 

Read more topics: # travel,# gavi,# idukki
travel,gavi,idukki

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES