നടിയും മോഡലുമായ സന അല്‍ത്താഫിന് ഡേറ്റിങ് ക്ഷണിച്ച് നിരന്തരം ഇമെയിലുകള്‍ അയച്ച ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയെ സന തന്നെ തുറന്നുകാട്ടി. ഡേറ്റിന് താത്പര്യമുണ്ടെന്നും എത്രയാണ് പ്രതിഫലം എന്നും ചോദിച്ചുകൊണ്ടുള്ള ഇമെയിലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സന തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു. നിരന്തരമായി തനിക്ക് ഇയാള്‍ മെയില്‍ അയചിരുന്നതായും സന പറയുന്നു.
എന്‍. ബാലാജി എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ താന്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാരനും വ്യവസായിയുമാണെന്നും സനയോടൊപ്പമൊരു ഡേറ്റിന് താത്പര്യമുണ്ടെന്നും മെയിലില്‍ പറയുന്നു. പ്രതിഫലത്തിന്റെ കാര്യം അറിയിച്ചാല്‍ അതനുസരിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാമെന്നും മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ഏത് ഭാഗത്തും അല്ലെങ്കില്‍ മാലിദ്വീപിലോ ദുബായിലോ വെച്ച് കൂടിക്കാഴ്ചക്ക് സാധിക്കുമെന്നും ബാലാജി വാഗ്ദാനം ചെയ്യുന്നു.
'വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍' എന്ന അടിക്കുറിപ്പോടെയാണ് സന ഈ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചത്. സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്ന് തവണയാണ് സനയ്ക്ക് സമാനമായ മെയിലുകള്‍ ലഭിച്ചത്. എല്ലാ തവണയും ഒരേ ഉള്ളടക്കമുള്ള മെയിലുകളാണ് ഇയാള്‍ അയച്ചിട്ടുള്ളത്.
വിക്രമാദിത്യന്‍' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സന അല്‍ത്താഫ്, പിന്നീട് 'മറിയം മുക്ക്', 'ഒടിയന്‍', 'ബഷീറിന്റെ പ്രേമലേഖനം', 'റാണി പദ്മിനി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, നൃത്ത വീഡിയോകളിലൂടെയും ശ്രദ്ധേയയാണ്. നടന്‍ ഹക്കീം ഷാജഹാനാണ് സനയുടെ ഭര്‍ത്താവ്.