സഹോദരന്‍ കൈതപ്രം വിശ്വാനഥന്റെ ഓര്‍മ ദിനത്തില്‍ ഓര്‍മക്കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 14 വയസ്സ് വ്യത്യാസമുണ്ടായിരുന്ന വിശ്വനാഥന്‍ തനിക്ക് മകനെപ്പോലെയായിരുന്നു. താന്‍ വൈകാരികമായി അനാഥനാവുന്നത് വിശ്വനാഥന്‍ പറയാതെ പോയതിനു ശേഷമാണ് എന്നും കൈതപ്രം കുറിച്ചു. ഗാനങ്ങളിലൂടെ നിന്നെ കേള്‍ക്കാനും കാണാനും എനിക്ക് കഴിയും മോനേ എന്നു പറഞ്ഞുകൊണ്ടാണ് കൈതപ്രം കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ വിശ്വനും ഞാനും തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസമുണ്ട്. അതിനാല്‍ അവനു ഒരു മകന്റെ സ്ഥാനം ഞാന്‍ കല്പിച്ചിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് കൂട്ടി. കുറച്ച് ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുത്ത് വഴുതയ്ക്കാട് ഗണപതി അമ്പലത്തില്‍ ശാന്തിയാക്കി അക്കാദമിയില്‍ സംഗീതം പഠിക്കാന്‍ ചേര്‍ത്തു. പിന്നീട് നാട്ടില്‍ മാതമംഗലത്തും നീലേശ്വരത്തും സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. ഞാന്‍ കോഴിക്കോട് മാതൃഭൂമിയിലെത്തിയപ്പോഴാണ് എഴുത്തിന്റെ കൂടെ സംഗീതവും ചെയ്യാന്‍ തുടങ്ങിയത്. വിശ്വന്‍ കൂടെ വേണമെന്ന മോഹമായി. നീലേശ്വരം ജോലി രാജി വച്ച് അവന്‍ എന്റെ കൂടെ സംഗീത സഹായിയായി. സിനിമയില്‍ ദേശാടനം മുതല്‍ ഞങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു. ഇതു വൈകാരികമല്ലാതെ പച്ച ജീവിത കഥയാണ്.
ഇനി വൈകാരികമായി ഞാന്‍ അനാഥനാവുന്നത് അവന്‍ പറയാതെ പോയതിനു ശേഷമാണ്. ദീപുവിനും വിശ്വപ്പന്‍ കൂടാതെ വയ്യ. എന്റെ ഭാര്യ അവനു ഏടത്തിയല്ല, 'അമ്മ തന്നെയായിരുന്നു. ഞാന്‍ വഴക്ക് പറഞ്ഞാലും അവള്‍ അവനെ സപ്പോര്‍ട്ട് ചെയ്യും.
ഞങ്ങള്‍ ചേര്‍ന്ന് ചെയ്ത രണ്ടു ഗാനങ്ങള്‍ എപ്പോഴും എന്റെ കണ്ണ് നിറയ്ക്കും. ''ഇനിയൊരു ജന്മമുണ്ടെങ്കില്‍'' എന്ന ഗാനവും ''എന്നു വരും നീ'' എന്ന സ്‌നേഹ സംഗീതവും വിശ്വന്റെ ഓര്‍മ്മകള്‍ വിളിച്ചുണര്‍ത്തുന്നവയായിരിക്കും എന്നും.
കുട്ടിക്കാലവും, അവന്റെ പഠനകാലവും, തിരുവനന്തപുരം ജീവിതവും, കോഴിക്കോട്ട് താണ്ടിയ സിനിമകാലവും മറന്നിട്ട് ഒരു ദിവസവും ഉണ്ടായിട്ടില്ല. വിശ്വാ നീ പോയിട്ടില്ല, പോവുകയുമില്ല. നമ്മള്‍ ഇവിടെ ചെയ്തു വച്ച ഗാനങ്ങള്‍ പൊലിയുകയില്ല. ഗാനങ്ങളിലൂടെ നിന്നെ കേള്‍ക്കാനും കാണാനും എനിക്ക് കഴിയും മോനേ.....
2021 ഡിസംബര്‍ 29ന് ആണ് കൈതപ്രം വിശ്വനാഥന്‍ അന്തരിക്കുന്നത്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജയരാജ് സംവിധാനം ചെയ്ത 'ദേശാടന'ത്തില്‍ സംഗീത സംവിധാന സഹായിയായി സിനിമയിലെത്തിയ അദ്ദേഹം 32 ചിത്രങ്ങള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.'കണ്ണകി'യിലെ 'കരിനീലക്കണ്ണഴകീ', 'ഏകാന്തം' സിനിമയിലെ 'കകയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം', 'തിളക്കം' സിനിമയിലെ 'നീയൊരു പുഴയായ്', 'എനിക്കൊരു പെണ്ണുണ്ട്' തുടങ്ങിയവ കൈതപ്രം വിശ്വനാഥന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.