Latest News

തമിഴ്‌നാടന്‍ ഗ്രാമമായ കിണ്ണക്കരൈ ലേക്ക് ഒരു യാത്ര

asifali
തമിഴ്‌നാടന്‍ ഗ്രാമമായ കിണ്ണക്കരൈ ലേക്ക് ഒരു യാത്ര

റിഞ്ഞ സമയം തന്നെ പോവണമെന്ന് വിചാരിച്ചെങ്കിലും അന്നത്തെ യാത്രകൾ മാഞ്ഞൂരിലും തൈഷോലയിലും ആയി അവസാനിപ്പിക്കേണ്ടി വന്നു.പിന്നീട് പല തവണ പ്ലാൻ ചെയ്തെങ്കിലും നടക്കാതെ നീണ്ടു പോയി.

പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് ഇപ്രാവശ്യം പുറപ്പെട്ടത്. കൂട്ടിന് എല്ലാ യാത്രയിലുമെന്ന പോലെ മുനീറും എത്തി.

രാവിലെ നേരത്തെ ഇറങ്ങണമെന്ന തീരുമാനം പല തിരക്കുകൾ കാരണം ഉച്ചയാവേണ്ടി വന്നു.
ടെന്റും വിന്റർ ജാക്കറ്റും വാട്ടർ ബോട്ടിലും ബാഗിലെടുത്തിട്ടു. ഒരു പാട് തവണ ബൈക്കിലും ബസിലുമായ് പോയിട്ടുള്ള റൂട്ട് ആണെങ്കിലും ഇത്തവണ അട്ടപ്പാടി ചുരം കറയുമ്പോൾ മനസ്സ് നിറയെ ഓർമയിലെ ആ വസന്തകാലമാണ്.

മലപ്പുറവും പെരിന്തൽമണ്ണയും മണ്ണാർക്കാടും കൺമുന്നിലൂടെ മാറി മറഞ്ഞു. ആനമൂളിയിൽ നിന്ന് ഭക്ഷണം കഴിച്ചു. വൈറ്റ് റെസ്റ്റോറന്റിലെ ബീഫ് ചില്ലി ഗംഭീര ടേസ്റ്റാണ്.

വളരെ പതിയെ ആണ് ചുരം കയറി തുടങ്ങി. കോടയിൽ മുങ്ങി കുളിച്ചും ചാറ്റൽ മഴ പെയ്തും പല തരം കാഴ്ചകളും ഈ ചുരം എനിക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കുറച്ച് ദിവസങ്ങൾ അട്ടപ്പാടിയെ ഒറ്റപ്പെടുത്തിയിരുന്ന ഉരുൾപൊട്ടലിലും കഴിഞ്ഞ പ്രളയ സമയത്തും ആയി ചുരത്തിന്റെ ഏറിയ പങ്കും തകർന്നിട്ടുണ്ട്. പച്ചപ്പും ചെറിയ വെള്ളച്ചാട്ടങ്ങളും റോഡും നശിച്ചുപോയെങ്കിലും ചെറിയ രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.

ജോലി സമയത്ത് താമസം അഗളിയിലായിരുന്നതിനാൽ കോട്ടത്തറ വഴി ആയിരുന്നു മുള്ളിയിലേക്ക് പോയിരുന്നത്. ഇത്തവണ താവളം വഴി പോവാൻ തീരുമാനിച്ചു. വൈകുന്നേരം ആറ് മണിയോടെ മുള്ളി ചെക് പോസ്റ്റ് അടക്കും എന്നത് അറിയുന്നതിനാലും ഇരുട്ടിയാൽ ആനയും മറ്റു മൃഗങ്ങളും റോഡിലേക്ക് ഇറങ്ങുമെന്നതിനാലും സ്വരക്ഷ മുൻ നിർത്തി നാലരയോടെ ചെക്ക് പോസ്റ്റ് കടന്നു. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ തണ്ടർബോൾട്ട് അടക്കമുള്ള ഫോഴ്സ് ചെക് പോസ്റ്റിൽ സ്ഥിരം കാഴ്ചയാണ്. വണ്ടിയുടെ പേപ്പറുകളും ലൈസൻസും കാണിച്ചു രജിസ്ട്രറിൽ ഡീറ്റെയിൽസ് എഴുതിയ ശേഷമേ കേരള ചെക് പോസ്റ്റ് കടത്തിവിടൂ.റോഡ് അവസാനിച്ച പോലെയാണ് ചെക്പോസ്റ്റിനപ്പുറം ആദ്യം കാണുമ്പോ തോന്നുക. നൂറ് മീറ്ററോളം ടാർ ചെയ്യാത്ത സ്ഥലമാണ് അത് ചെന്നെത്തുന്നത് കോയമ്പത്തൂർ- മാഞ്ഞൂർ റോഡിലേക്കാണ്. അവിടെ തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും പോലീസിന്റെയും ചെക് പോസ്റ്ററുകൾ ഉണ്ട്. മുമ്പ് വരുമ്പോയെല്ലാം ഇരുപത് രൂപ കൈക്കൂലി വാങ്ങിക്കുന്ന പ്രായം ചെന്നൊരു ഫോറസ്റ്റ് ഓഫീസർ ഉണ്ടായിരുന്നു. അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല.പുതിയ ആളാണ് മുപ്പത് രൂപ വാങ്ങിച്ചു പേരും അഡ്രസും എഴുതി. ആനയിരുക്ക് പാത്ത് പോങ്കെ എന്ന ഉപദേശം നൽകി സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി. സന്തോഷത്തോടെ കൈക്കൂലി കൊടുത്തിട്ടുള്ളത് ഇവിടെ മാത്രമാണ്.

ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം നിറഞ്ഞതാണ് ഈ ചുരം. വീതി കുറവായതിനാൽ മൃഗങ്ങളുടെ മുമ്പിൽ പെട്ടാൽ ബൈക്ക് തിരിക്കാൻ പോലും പ്രയാസമാണ്.ഒരിക്കൽ മാഞ്ഞൂരിൽ നിന്ന് തിരിച്ച് വരുമ്പോ കാട്ടി (കാട്ടുപോത്ത്) യുടെ മുമ്പിൽ പെട്ടിട്ടുണ്ട്. നേരം ഇരുട്ടിയിരുന്നതിനാൽ ശ്രദ്ധിച്ച് വന്നത് കൊണ്ട് ദൂരെ നിന്ന് തന്നെ കാണാൻ പറ്റി വണ്ടി ഒതുക്കി. കുറച്ച് സമയം നിന്ന ശേഷം അത് ഇരുട്ടിലേക്ക് മറഞ്ഞു.

കുറച്ച് മുമ്പോട്ട് പോയി വണ്ടി ഒതുക്കി നിർത്തി. മേലെ മുള്ളി ഊര് മുഴുവനായി ഇവിടെ നിന്ന് കാണാൻ പറ്റും. നൂറ്റി തെണ്ണൂറിലധികം ആദിവാസി ഊരുകൾ ഉൾകെള്ളുന്ന അട്ടപ്പാടിയുടെ ഓരോ ഭാഗത്തിനും വ്യത്യസ്തമായ പരിസ്ഥിതിയും കാലാവസ്ഥയും ആണ്. മുക്കാലി തൊട്ട് അഗളി വരെ പച്ചപ്പും മരങ്ങളും കാടും നിറഞ്ഞ് തനി കേരള കൾച്ചറാണ്. കോട്ടത്തറ കഴിഞ്ഞാൽ അതിർത്തിയായ ആനക്കട്ടി വരെ തമിഴ്നാടൻ ജീവിത രീതിയും കാലാവസ്ഥയും ആണ് കാണാൻ സാധിക്കുക. പണ്ടു കാലത്ത് കാടും മരങ്ങളും നിറഞ്ഞ സ്ഥലങ്ങളായിരുന്ന ഇവിടം 1970-80 കാലഘട്ടങ്ങളിലെങ്ങോ കൂപ്പ് ഇട്ട് മരം മുറിച്ച് വെളുപ്പിച്ചെടുത്തതാണ് എന്നാണ് അറിവ്. പരിധി വിട്ടുണ്ടായ വന നശീകരണം കാരണം ഒരുപാട് ഭൂമി തരിശാവുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായപ്പോൾ ഗവൺമെന്റിന് ബോധം വന്നതിനാലാവാം 1995 ൽ ജപ്പാൻ സഹായത്തോടെ അട്ടപ്പാടി തരിശുനില സമഗ്ര പരിസ്ഥിതി സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് അട്ടപ്പാടി ഹിൽസ് ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി(AHADS) രൂപീകരിച്ചു.ഇന്ത്യാ-ജപ്പാൻ ഗവൺമെന്റുകൾ തമ്മിലുള്ള ഉഭയ കക്ഷി കരാർ അനുസരിച്ചായിരുന്നു പ്രവർത്തനങ്ങൾ. മരങ്ങൾ വെച്ചുപിടിപ്പിക്കലും ബണ്ട് നിർമാണവും അടക്കം ഒത്തിരി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പത്ത് വർഷത്തോളം ആണ് അഹാഡ്സ് പ്രവർത്തിച്ചത് എന്ന് തോന്നുന്നു. പ്രശസ്ത ആർക്കിടെക്റ്റ് Louri Baker ന്റെ ഡിസൈനിൽ അഗളിയിൽ നിർമിച്ച അഹാഡ്സ് ഓഫീസ് കെട്ടിടവും ബംഗ്ലാവ്, ക്വോർട്ടേർസ് എന്നിവയിൽ ഇപ്പോൾ അട്ടപ്പാടി കുടുംബശ്രീ ഓഫീസും KILA യും ആണ് പ്രവർത്തിക്കുന്നത് (ജോലി സമയത്ത് അവിടായിരുന്നു താമസം).

നമ്മുടെ എല്ലാ വാർഷിക ബഡ്ജറ്റുകളിലും സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും മത്സരിച്ച് പണമൊഴുക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആദിവാസി ഊരുകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അരിച്ചാക്കുകൾ നിറച്ച ലോറികൾ മാത്രം നൽകിയാൽ പോര സ്ഥിരമായി അരി വാങ്ങി കഴിക്കാൻ ഉള്ള ജീവിത മാർഗം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. സ്ഥിരമായി ഭക്ഷണ സാധനങ്ങൾ കിട്ടിക്കൊണ്ടിരുന്നാൽ ഒരു പക്ഷേ ഞാനും സ്വയം പര്യാപ്തത ഇല്ലാതെ മടിയനായി പോവും.

നേരം ഇരുട്ടുന്നതിന് മുമ്പ് മാഞ്ഞൂർ എത്തണം എന്നതിനാൽ ചില വ്യൂ പോയിന്റുകളിൽ നിർത്തി കുറച്ച് ഫോട്ടേകൾ എടുത്ത് ഞങ്ങൾ ചുരം കയറി തുടങ്ങി.
കുറച്ച് കൂടെ മുമ്പോട്ടു പോയപ്പോൾ അടുത്ത ചെക്ക് പോസ്റ്റ് എത്തി.ഇതിനടുത്താണ് കാനഡാ പവർ ഹൗസ് (കുന്ദാ പവർ ഹൗസ്) കനേഡിയൻ സഹകരണത്തോടെ നിർമിച്ചതിനാലാണ് ഈ പേര് വന്നത്.ഇതടക്കം ആറോളം വൈദ്യുതോൽപാദന പദ്ധതികളാണ് കാനേഡിയൻ സഹായത്തോടെ നടപ്പിലാക്കിയത്. 1960 - 64 കാലഘട്ടത്തിൽ കമ്മീഷൻ ചെയ്ത ഈ പ്രൊജക്ട് തമിഴ്നാടിന് വെളിച്ചം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ചെക്ക്പോസ്റ്റ് കഴിഞ്ഞ ഉടൻ തന്നെ പാൽ ചുരത്തുന്ന മനോഹരിയായ ഒരു വെള്ളച്ചാട്ടം കാണാം. കുറച്ച് സമയം ചിലവഴിച്ച ശേഷം കാടിന് നടുവിലെ കൊച്ചു ഗ്രാമമായ Geddai ലക്ഷ്യം വെച്ച് നീങ്ങി. ഒരു ചായ കടയും അമ്പലവും ഏലതോട്ടത്തിലെ തൊഴിലാളികളുടെ ക്വാർട്ടേസുകളും ആണ് ഇവിടെ ഉള്ളത്. ചായ കുടിക്കാൻ വേണ്ടി വണ്ടി ഒതുക്കി.ഒരു തമിഴ്-മലയാളി കുടുംബത്തിന്റെതാണ് ചായക്കട. കടയോട് ചേർന്ന് തന്നെയാണ് വീടും. ചേച്ചി തയ്യൽ ജോലി കൂടെ ചെയ്യുന്നുണ്ട്. ചേട്ടനോട് ചായ പറഞ്ഞു ഒരു സൈഡിൽ ഇരുന്നു. സ്കൂൾ വിട്ടു വരുന്ന കുട്ടികളെ കാത്ത് രക്ഷിതാക്കൾ അവിടെ കൂടി നിക്കുന്നുണ്ട്. സ്കൂൾ ബസ് വന്നു. നിറചിരിയോടെ ഇറങ്ങി വരുന്ന കുട്ടികളെയും നോക്കിയിരുന്നു ചായ കുടിച്ചു തീർത്തു. നമ്മൾ "അതി സാഹസികരായി" യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ദിവസവും പോയി വരുന്ന ഇവരുടെ ബാല്യം എത്ര സുന്ദരമായിരിക്കും. Geddai ൽ നിന്നും 43 ഹെയർ പിൻ ചുരം കയറിയാണ് മാഞ്ഞൂരിൽ എത്തുന്നത്.

മാഞ്ഞൂരിൽ എത്തിയപ്പോൾ സമയം ഏഴ് കഴിഞ്ഞിരിക്കുന്നു. ആദ്യം പെട്രോൾ അടിച്ചു. അട്ടപ്പാടിയിൽ ഗുളിക്കടവ് രണ്ട് പെട്രോൾ സ്റ്റേഷൻ ഉണ്ട്. അത് കഴിഞ്ഞാൽ പിന്നെ മാഞ്ഞുരിൽ മാത്രമാണ് പെട്രോൾ സ്റ്റേഷൻ ഉള്ളത്. തണുപ്പ് അതിര് വിടുന്നുണ്ട്. അവിടുണ്ടായിരുന്ന ഒരു ചേട്ടനോട് ഈ സമയം കിണ്ണക്കരെയിലേക്ക് പോകാമോ എന്ന് അന്വേഷിച്ചപ്പോൾ പ്രശ്നമില്ല എന്ന മറുപടി ലഭിച്ചതിനാൽ ജാക്കറ്റ് ധരിച്ച് വണ്ടിയെടുത്തു. ആദ്യം കണ്ട ചായകടയിൽ നിർത്തി. തണുപ്പിനെ പ്രതിരോധിക്കാൻ ഒരു ചായ കിട്ടിയെ തീരൂ. സംസാരിച്ചപ്പോൾ ചായക്കട നടത്തുന്നയാൾ മലയാളിയാണ്. കിണ്ണക്കരയിലേക്കാണ് പോവുന്നതെന്ന് പറഞ്ഞപ്പോൾ ഈ സമയത്ത് പോവുന്നത് ബുദ്ധിമുട്ടാണ് വഴിയിൽ മൃഗങ്ങളായിരിക്കും എന്ന് പറഞ്ഞു. എന്നാൽ ഇവിടെ ടെൻറ് അടിച്ച് കിടക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അതും നടക്കില്ല സിരുതൈയും കരടിയും ഉണ്ട് പറഞ്ഞു. ചെറിയ പട്ടണമായ മാഞ്ഞുരിന് ചുറ്റും തേയില തോട്ടങ്ങളും അതിനപ്പുറം കാടും ആയതിനാൽ സാധ്യത തള്ളിക്കളയാൻ പറ്റില്ല. മുമ്പൊരിക്കൽ വന്നപ്പോ സിരുതൈ(ചീറ്റപ്പുലി) ഇറങ്ങി ആളുകൾ ഓടി കൂടിയത് അനുഭവം ഉണ്ട്.ഇതിനൊല്ലാം പുറമെ മാവോയിസ്റ്റ് പ്രശ്നങ്ങൾ കൊണ്ട് പോലീസിന്റെയും സ്പെഷൽ ഫോഴ്സിന്റെയും പട്രോളിങ്ങും ഉണ്ടാവാറുണ്ട്. റൂം കിട്ടോ അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒരു ക്വാർട്ടേഴ്സ് ഉണ്ട് പറഞ്ഞു. ഇനിയിപ്പോ റൂം എടുപ്പിക്കാൻ വേണ്ടിയാവോ ഞങ്ങളെ പറഞ്ഞ് പേടിപ്പിച്ചത് എന്ന് ഞാൻ സംശയിച്ചു. (അങ്ങേര് മാത്രമല്ല ഞാനും മലയാളി ആണല്ലോ).കടയിൽ വെള്ള വസ്ത്രം ധരിച്ച് ഒരാൾ ഇരിപ്പുണ്ട്. അദ്ദേഹം ഞങ്ങളെ നോക്കി ചിരിച്ചു, ഞാൻ തിരിച്ചും നല്ലൊരു ചിരി പാസാക്കി. ചായയുടെ പൈസ കൊടുത്ത് റൂം വേണേൽ വിളിക്കാം എന്ന് പറഞ്ഞു നമ്പർ ഉം വാങ്ങി അവിടുന്നിറങ്ങി.

ആ ചെറുപട്ടണം ഒന്ന് ചുറ്റി കണ്ടു. സമയം ഒമ്പതോടടുത്തിരിക്കുന്നു. തണുപ്പ് കൂടി ശരീരം വിറക്കാൻ തുടങ്ങിട്ടുണ്ട്. റൂമെടുക്കാതെ നിവൃത്തി ഇല്ലാ എന്നായപ്പോൾ ചായ കടയിലേക്ക് തന്നെ പോയി. കട അടച്ചിട്ടുണ്ട്. വിളിക്കാൻ ഫോണെടുത്തപ്പോഴാണ് തൊട്ടടുത്ത പള്ളി ഞാൻ ശ്രദ്ധിച്ചത്. ഇവിടെ കിടക്കാൻ പറ്റോ ചോദിച്ചാലോ എന്ന എന്റെ ചോദ്യത്തിന് സമ്മതിക്കലുണ്ടാവില്ല എന്നായിരുന്നു മുനീറിന്റെ മറുപടി. ഞാൻ ചായക്കടയിൽ വെച്ച് ചിരിച്ചയാൾ ആണ് പള്ളി ഇമാം. ആ ചിരി ലാഭമായല്ലോ... ഞാൻ അകത്തു കയറി നോക്കി നമസ്ക്കാരം തുടങ്ങാറായിട്ടുണ്ട്.ഇമാമിനെ കൂടാതെ വേറെ മൂന്ന് പേർ മാത്രമാണ് ഉള്ളത്. അവിടെ താമസിക്കാനുള്ള അനുവാദം കിട്ടാൻ വേണ്ടി അവരുടെ കൂടെ നിസ്കരിച്ചു. വുളൂ ചെയ്യാൻ ടാപ്പ് തുറന്ന് വെള്ളം കയ്യിൽ തട്ടിയപ്പോ മരവിച്ച അവസ്ഥ ആയിരുന്നു. ഒരു വിധം ശുദ്ധി വരുത്തി അവരുടെ കൂടെ നിസ്കരിച്ച ശേഷം കാര്യം അവതരിപ്പിച്ചു. അവർക്ക് ബുദ്ധിമുട്ടില്ല, കയ്യിൽ കമ്പിളി ഉണ്ടോ ചോദിച്ചു. ഇല്ല പറഞ്ഞപ്പോ ചായക്കടക്കാരനെ വിളിച്ച് ചോദിച്ച് നോക്കി അദ്ദേഹം. ഉണ്ടായാലും എങ്ങനെ തരാനാണ്..? 
ബാഗ് പളളിയിൽ വെച്ച് ഭക്ഷണം കഴിക്കാനിറങ്ങി. കടകളെല്ലാം അടച്ചിരിക്കുന്നു. ഒരു ഹോട്ടൽ മാത്രം ഉണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ട്. അവിടെ വെച്ച് രണ്ട് യാത്രികരെ പരിചയപ്പെട്ടു. അവർ ഊട്ടിയിലേക്കാണ്. രാത്രിയും തണുപ്പും കാരണം റൂം തിരയുന്ന അവർക്ക് ഞങ്ങൾ നമ്മുടെ ചായക്കടക്കാരന്റെ നമ്പർ കൊടുത്തു. കുറച്ച് കഴിഞ്ഞ് അദ്ദേഹം വിളിച്ച് നന്ദി പറഞ്ഞു. ഞങ്ങൾ റൂം എടുക്കാതെ പള്ളിയിൽ താമസിച്ചതിന്റെ പരിഭവം മാറിയെന്ന് തോന്നുന്നു.

പളളിയിലെത്തി കുറച്ച് സമയം ഇമാമും ആയി സംസാരിച്ചിരുന്നു. നസീർ മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. തേനിക്കടുത്ത് ഒരു ഗ്രാമത്തിലാണ് വീട്. പത്തു ദിവസമേ ആയുള്ളു ഇവിടെ ജോലി തുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ വലിയ കമ്പിളിയും വിരിയും ഞങ്ങൾക്ക് വിരിച്ചു തന്നു.കമ്പിളിയുടെ ചൂടിനെ കടന്നെത്തിയ തണുപ്പിനെ വക വെക്കാതെ ഉറക്കത്തിലേക്ക് വീണു.
പളളിയിലായത് കൊണ്ട് നിസ്കാരത്തിന് അതി രാവിലെ എഴുന്നേൽക്കേണ്ടി വന്നു. കുറച്ച് കാലത്തിന് ശേഷമാണ് ഇത്ര നേരത്തെ എണീക്കുന്നത്. ശരീരം തുളച്ച് കേറുന്ന തണുപ്പിൽ വാട്ടർ ഹീറ്റർ ഉണ്ടായത് വലിയ ഉപകാരമായി. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ഒന്നു കൂടെ പുതപ്പിനകത്തേക്ക് ഊളിയിട്ടു. രാവിലെ ആറിനെ ആദ്യ ചായ കട തുറക്കൂ. ഉസ്താദ് ഒരു ചായ കുടിക്കാൻ ക്ഷണിച്ചു. അദ്ദേഹത്തിനൊപ്പം പുറത്തേക്ക് നടന്നു. ജോലി ആവശ്യത്തിന് അദ്ദേഹം നടത്തിയ യാത്രകളെ കുറിച്ചും നാടിനെ കുറിച്ചുമുള്ള സംസാരത്തിനിടയിൽ ചായ കുടിച്ചു തീർത്തു. തിരിച്ച് പള്ളിയിലെത്തിയ അദ്ദേഹം ജോലിയിലേക്കും ഞങ്ങൾ കിണ്ണക്കരൈ എന്ന ലക്ഷ്യത്തിലേക്കും വഴി പിരിഞ്ഞു.

Read more topics: # travel experience-to tamilnad
travel experience-to tamilnad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES