തനത് പാലക്കാട് അതു കാണണം പാലക്കാടന്‍ കാറ്റില്‍ ഒന്നു പാറിപറക്കണം. ഒരു മുന്നൊരുക്കവും ഇല്ലാണ്ട് പെട്ടെന്നു തോന്നിയൊരു യാത്ര. ഒറ്റക്ക് എവിടെക്കാണു എന്നു നിശ്ചയമില്ലാതെ തൃശൂര്‍ റൂട്ടിലേക്ക് വെച്ചു പിടിച്ചു. പിന്നെ പുതിയ എയിഞ്ചല്‍ വന്നിട്ട് ആദ്യത്തെ ഒരു സോളൊ റൈട് ആണു. അവനുമൊത്ത് അങ്കമാലി കഴിഞ്ഞു. ഇന്നി വാല്‍പ്പാറ പിടിച്ചാലൊ? വെണ്ട, തിരികെ എത്താന്‍ വൈകും. ചെക്ക്പൊസ്റ്റ് അടക്കും. പാലക്കാട് വഴി കറങ്ങി വരേണ്ടി വരും. തിരികെ വൈകും മുന്നെ വീട്ടില്‍ എത്തണം.
ജീവിതം ഇപ്പൊ ഒരു വിധം ട്രാക്കില്‍ നിര്‍ത്തിയെക്കുവാണെ. അങ്ങനെ ആലൊചിച്ച് ചാലക്കുടിയും പിന്നിട്ടു. എവിടെക്ക് പോയാലും പുണ്യാളനെ കാണണ്ട് പോവത്തില്ല. അപൊ അതൊക്കെ കഴിഞ്ഞു ഒരു 500 രൂപക്കു പെട്രൊളും അടിച്ചു.അങ്ങനെ തീരുമാനം പാലക്കാട് പിടിക്കാം എന്നായി. പാലക്കടിന്റെ ഗ്രാമീണത അതു ഒരു സംഭവമാ.. അങ്ങനെ നെല്ലിയാമ്പതി പിടിക്കാം എന്നായി. നമ്മുടെ മണ്ണൂത്തി-വടക്കുംചെരി റൂട്ട് 6 വരി പാതയിലൂടെ.
പണി കഴിഞ്ഞാല്‍ കുതിരാനിലെ തുരങ്കം ഒരു ചരിത്ര നേട്ടം തന്നെയായിരിക്കും.ഇത്രയും നാള്‍ ജീവന്‍ പണയപ്പെടുത്തി കുതിരാനെലെയും പട്ടിക്കാടിലെയും വഴിയുള്ള യാത്രകള്‍ക്ക് വിരാമവും ആകും. ത്രിശ്ശൂര്‍-വടക്കുംചെരി റൂട്ടിലെ ബസ് വരുന്ന വരവ്. ഹോ.. മരണം മുന്നില്‍ കണ്ടിട്ടുണ്ട് പലപ്പൊഴും. എന്നാല്‍ ഇന്നും അതു തന്നെ അവസ്ഥ. ആരുടെയൊക്കെയൊ പ്രാര്‍ത്ഥന കൊണ്ടു വീട് പിടിക്കുന്നു എന്നു മാത്രം. അങ്ങനെ ഹൈവേ ഒക്കെ കഴിഞ്ഞു നെമ്മാറ റൂട്ട് കേറി. അവിടുന്നു ഇനി നെല്ലിയാമ്പതിക്കു പോകണമൊ അതൊ മറ്റെവിടെയെങ്കിലും?
അങ്ങനെയാണു വളരെ അധികം നാളായി മനസ്സില്‍ കോറി ഇട്ട ഒരു സ്ഥലം ഓര്‍മ്മ വന്നത്. ചിങ്ങഞ്ചിറ.. ഒരു പക്കാ ഗ്രാമപ്രദേശം. അവിടെ നെല്ലിയാമ്പതി മലനിരകള്‍ക്കു താഴ്വാരമയി ചേര്‍ന്നു നില്‍ക്കുന്ന കാടും സീതാര്‍ക്കുണ്ടും അവിടൊരു കാവും.. അതെ ഒത്തിരി സിനിനകള്‍ക്കും മറ്റും വേദി ആയ ആ ലൊക്കെഷന്‍. കുഞ്ഞിരാമയണം,ആന അലറലോട് അലറല്‍ അങ്ങനെ ഒത്തിരി സിനിനകളില്‍ ചിങ്ങഞ്ചിറയുടെ ആ ഭംഗി കാണുവാന്‍ സാധിക്കും. ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്നെ ഇവിടെ വന്നിരുന്നു. എന്തായലും ഇന്നു അങ്ങട് തന്നെ യാത്ര.
മാറ്റങ്ങള്‍ ഒന്നും ഇല്ലത്തതാണു മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അവിടുള്ള മാറ്റം. കൊല്ലെങ്കൊട് നിന്നും ഒരു കി.മി ആകുന്നതിനു മുന്നെ വലത്തെക്കു ഉള്ള വഴി കയറി. നേരെ ഒരു പനയോല മേഞ്ഞ ഒരു കുഞ്ഞു കടയില്‍ നിന്നും ഒരു കട്ടനും വാങ്ങി കുടിച്ചു. ആ കടയില്‍ തന്നെ ഇതിനു മുന്നെ വന്നപ്പോഴും കയറിയിരുന്നു. ഇപ്പോള്‍ വന്നപ്പൊ പിന്നെ ഓര്‍മ്മ പുതുക്കാണ്ട് പോയാല്‍ എങ്ങനാ? അങ്ങട് കേറി കുറച്ച് നാട്ടു വര്‍ത്തമാനം ഒക്കെ പറഞ്ഞു. പിന്നീട് ഞാന്‍ ആ ചിങ്ങഞ്ചിറയിലെക്കു തിരിച്ചു.
ഒരു ഫീല്‍ തന്നെയാണു അവിടുത്തെ നാട്ടു വഴികളും ഗ്രാമഭംഗിയും പനയോലകളുടെ മര്‍മ്മരവും എല്ലാം. ഒരു കാഴ്ച്ച തന്നെയാണു എല്ലാം. മനസ്സ് നിറഞ്ഞാസ്വദിച്ച് ഒടുവില്‍ ചിങ്ങഞ്ചിറ കറുപ്പസ്വാമി ഏകലവ്യ ക്ഷെത്രത്തില്‍ ഞാന്‍ എത്തിചേര്‍ന്നു.
വണ്ടി പൂജിക്കുവാന്‍ അല്ലാതെ അമ്പലങ്ങളിലൊന്നും ഞാന്‍ പോകാറില്ല. കാവിനു പുറമെ ആ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ കൂറ്റന്‍ ആല്‍മരവും അതിനു ചുവട്ടില്‍ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ വേണ്ടി നേര്‍ച്ചയായി ഓരോരുത്തര്‍ സമര്‍പ്പിക്കുന്നതും ഒക്കെ അവിടെ കാണാം. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനായി വീടിന്റെ രൂപങ്ങളും, കുഞ്ഞുങ്ങള്‍ക്കു വേണ്ടി തൊട്ടിലിന്റെ മാതൃകയും എല്ലാം അവിടെ കാണാം. ഒരു വഴിപാടാണത്രെ. അതിലും വെത്യസ്ഥമായി അവിടെ മറ്റൊരു നേര്‍ച്ച കൂടിയുണ്ട്. കോഴി, ആട് എന്നിവ കൊണ്ടുവന്ന് അവിടെ വെച്ചു തന്നെ അല്‍പം മാറി കശാപ് ചെയ്യും. ഇതുമൊരു നേര്‍ച്ചയാണ്.
കുടുംബമായും സുഹൃത്തുക്കളായും ഒക്കെ ഒത്തിരി അധികം ആള്‍ക്കാര്‍ വിവിധ ജില്ലകളില്‍ നിന്നും അവിടെക്കു വരുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല തിരക്കാണു എന്നാണു അവര്‍ പറയുന്നത്. അങ്ങനെ ഞാന്‍ അവിടെ വെച്ചു ഒരു ബൈക്ക് റൈഡറെയും പരിചയപ്പെട്ടു. സീതാര്‍ഗുണ്ട് അന്വെഷിച്ച് വഴിതെറ്റി പുള്ളി എത്തിപെട്ടത് ഇവിടെയായിരുന്നു. ഞങ്ങള്‍ ഒന്നു പരിചയപെട്ടു.
കാവിലെ ഫോട്ടൊസ് എടുത്ത് നില്‍ക്കെ അവിടെ ഭക്ഷണം കഴിക്കുവാന്‍ അവിടെ നിന്നവര്‍ എന്നെ ക്ഷണിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും അതൊക്കെ മറന്ന് അവരോടൊപ്പം ആ നാട്ടുകാരില്‍ ഒരാള്‍ ആയി ഇരുന്ന് ആ ഭക്ഷണം കഴിക്കുവാന്‍ ഉള്ള ഭാഗ്യവും ഉണ്ടായി. അവരൊട് നന്ദി വാക്കുകള്‍ കൊണ്ടു പറയുവാന്‍ കഴിയില്ല. ഒരു ഗ്രാമം അവിടുത്തെ നിഷ്‌കളങ്കമായ സ്നേഹം. അതാണു ഇവിടെ ഇപ്പൊ കണ്ടത്. ഞാന്‍ ഭക്ഷണം കഴിക്കത്തതിന്റെ ഒരു കുറ്റം മാത്രമെ ഉണ്ടായൊള്ളു. അവര്‍ക്കൊപ്പം അല്‍പ നേരം ഞാന്‍ കഥ ഒക്കെ പറഞ്ഞിരുന്നു പിന്നെ ഒരു ഫോട്ടൊഗ്രഫറെയും പരിചയപ്പെട്ടു. അങ്ങനെ സൗഹൃദങ്ങള്‍ ഒത്തിരി ലഭിച്ചു ആ ചുരുങ്ങിയ സമയത്തില്‍.
ഇതാണ് യാത്ര.. ഞാന്‍ കൊതിച്ച, ഞാന്‍ ആഗ്രഹിച്ച യാത്ര... ആരും അപരിചിതര്‍ അല്ല, ഒരു പുഞ്ചിരി മതി അവിടെ സന്തൊഷം പൂവിടും. സൗഹൃദങ്ങള്‍ അത് എന്നും ഒരു സമ്പത്ത് തന്നെയാണ്.
സമയം കടന്നു പോയതറിഞ്ഞില്ല ലിസ്റ്റില്‍ തിരികെ പോകും വഴി നെല്ലിയാമ്പതി കൂടി കയറണം എന്നുണ്ടായിരുന്നു. പക്ഷെ സമയം വില്ലനായി. ഇനി കയറിയാല്‍ അവിടെ നിന്നും തിരികെ ഇറങ്ങുവാന്‍ ആകില്ല. എന്ന പിന്നെ നേരെ വീട് പിടിക്കാം എന്നായി. എല്ലവരോടും ഒത്തിരി നന്ദിയും യാത്രയും പറഞ്ഞു. വെറും കൈയ്യോടെ വന്ന ഞാന്‍ മനസ്സു നിറയെ ഒത്തിരി ആള്‍ക്കരുടെ സ്നേഹം നിറഞ്ഞ മനസ്സുമായി ആണു ഇവിടെ നിന്നും മടങ്ങുന്നത്. ഇതിലും വലുത് ഇനി ഈ യാത്രയില്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
തിരികെ പയ്‌ലൂര്‍ പാടത്തിനരികില്‍ ഫോട്ടൊസ് എടുത്ത് നില്‍കെ അവിടുന്നും കിട്ടി ഒരു സുഹൃത്തിനെ. പുള്ളിയും ഒരു ഫോട്ടൊഗ്രാഫര്‍ ആയിരുന്നു. നെമ്മാറയില്‍ 'അനു സ്റ്റുഡിയോ' (സ്റ്റുഡിയോയുടെ പേരാണ്) നടത്തുന്നു. ഇനിയും കാണാം എന്ന വാക്കുമായി ഞാന്‍ അവിടുന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
ഇനി ഞാന്‍ എന്റെ എയിഞ്ചലിനെ പറ്റി പറയട്ടെ. എയ്ഞ്ചല്‍ എന്നു കേട്ട് തെറ്റിദ്ധരിക്കണ്ട. എന്റെ വണ്ടിയെ ഞാന്‍ ഓമനിച്ചു വിളിക്കുന്ന പേരാണത്. പുതിയ ബൈക്കുമായി ആദ്യത്തെ യാത്ര ആയിരുന്നു ഇത്രെയും ദൂരം. ദൂരയാത്ര പണി ആകും എന്നാണു വിചാരിച്ചത്. പക്ക സ്പോര്‍ട്ടി ആയ ഇവന്റൊപ്പൊം കിടന്നു ഓടിച്ച് നട്ടെല്ലു പോകും എന്നു തന്നെയാ കരുതിയത്. പക്ഷെ ശീലമായത് കൊണ്ടാകാം വല്യ പ്രെശ്നം ഉണ്ടായില്ല. അതിശയിപ്പിചത് മറ്റൊന്നായിരുന്നു. 55 കുറയാതെ മൈലേജ് കിട്ടിയിരിക്കുന്നു. അതില്‍ 64 ആണു കാണിക്കുന്നത്. വിശ്വസിക്കാന്‍ ആയില്ല. ടാങ്ക് തുറന്നു നോക്കി മുക്കാല്‍ ടാങ്ക് പെട്രോള്‍ തിരികെ എത്തിയിട്ടും ബാക്കി. യമഹയെ മനസ്സില്‍ നമിച്ചു. ഒത്തിരി നാള്‍ കൂടി നടത്തിയ ഈ യാത്ര അങ്ങനെ ശുഭമായി.