Latest News

ഓടിസ്സ...കൊണാര്‍ക് യാത്ര

Harindranath S Nair, Sakeer Vazheliparambil
 ഓടിസ്സ...കൊണാര്‍ക് യാത്ര

'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു'..അത്ഭുതങ്ങളുടെ ഒരു കലവറ..രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ചിത്രപ്പണികള്‍..കണ്ണിനും മനസ്സിനും അത്ഭുതങ്ങളുടെ വിരുന്ന് ഒരുക്കുന്ന ദൃശ്യവിസ്മയം..മനുഷ്യന്റെ കൈ പിടിച്ചു ദൈവം കൊത്തിയ ശില്‍പ്പങ്ങള്‍..അതാണ് കൊണാര്‍ക് സൂര്യ ക്ഷേത്രം.ഇത് ഒരു യാത്ര വിവരണം അല്ല..ഞങ്ങള്‍ കണ്ട കാഴ്ചകള്‍..അവിടത്തെ ചരിത്രം..എല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..ഈ പോസ്റ്റിനോട് പരമാവധി നീതി പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടും ഉണ്ട്...അപ്പോള്‍ നമ്മള്‍ക്ക് കൊണാര്‍ക് സൂര്യ കേഷത്രത്തെ അടുത്തറിയാം..

രാവിലെ ഏഴു മണിക്കാണ് ഞങ്ങള്‍ അവിടെ എത്തുന്നത്..വളരെ കുറച്ചു ആളുകള്‍ മാത്രം..കുറച്ചു ദൂരം നടക്കാന്‍ ഉണ്ട്..അകലെ സൂര്യ ക്ഷേത്രം തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം..ടിക്കറ്റ് എടുത്തു ഞങ്ങള്‍ ആ ദൃശ്യ വിസ്മയത്തെ അടുത്തറിയാന്‍ ഒരുങ്ങി..അതിന്റെ ചരിത്രവും അത്ഭുതവും മറ്റും..അപ്പോള്‍ ക്ഷേത്രം കാണാന്‍ കയറാം..കൂടെ വരികയല്ലേ..

ആദ്യമായി ഈ കൊണാര്‍ക് എന്ന പേര് എങ്ങിനെ വന്നു എന്ന് നോക്കാം.കൊണാര്‍ക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അര്‍ഥം കല്‍പ്പിക്കാം. കോണ്‍ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അര്‍ത്ഥം. അര്‍ക്കന്‍ എന്നാല്‍ സൂര്യന്‍. അതിനാല്‍ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അര്‍ഥത്തില്‍ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നല്‍കപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയര്‍ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.

ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകള്‍ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയില്‍ കലാരൂപങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങള്‍ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്.

എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിര്‍മിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാന്‍ കഴിയും. ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവ കാണാന്‍ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങള്‍ ഉണ്ട്.

വാത്സ്യായന മഹര്‍ഷിയുടെ കാമ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകള്‍ ഇവിടെ ശില്പങ്ങളായി കാണാന്‍ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിര്‍മിച്ചിരിക്കുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തില്‍ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതില്‍ ചിലതാണ്.

229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേര്‍ പന്ത്രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിര്‍മിച്ചത്. രാജ നരസിംഹദേവന്‍ തന്റെ രാജ്യത്തിന്റെ പന്ത്രണ്ടു വര്‍ഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം നില നില്‍ക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികള്‍ പ്രധാന വിഗ്രഹത്തിന്റെ മൂര്‍ധാവില്‍ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങള്‍ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിര്‍മിച്ചിരിക്കുന്നു.കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്

ക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രധാന ആശാരി വിദ്വാന്‍ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളില്‍ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാര്‍ക്ക് നിവാസികള്‍ക്കിടയില്‍ ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളില്‍ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്‌നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകന്‍ ധര്‍മപാദര്‍ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കര്‍മത്തിന് ശേഷം ധര്‍മപാദര്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാന്‍ ധര്‍മപാദര്‍ ജീവന്‍ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാര്‍ക്കിന്റെ പരിസരങ്ങളില്‍ കാണാത്ത പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ചാണു ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തില്‍ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാര്‍ന്നു തിന്നുന്നു...ഇത് ചരിത്രം..പ്രതാപകാല ചരിത്രം..

ഇതൊരു പ്രതാപകാലത്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ..ഉണ്ടാവണം അല്ലോ..അത് അടുത്ത ഭാഗത്തില്‍..

നടന്നു തളര്‍ന്ന ഞങ്ങള്‍ അവിടെ ഒരു ആലിന്‍ചുവട്ടില്‍ ഇരുപ്പ് ഉറപ്പിച്ചു..ഇനിയും കാണാന്‍ ഉണ്ട്. നിങ്ങളും ഇവിടെ കൂടെ ഇരിക്കു..ഈ ആല്‍മരചുവട്ടില്‍..നല്ല തണുത്ത കാറ്റു വീശുന്നുണ്ട്..ഒന്ന് കണ്ണടക്കു. കഴിഞ്ഞു പോയ പ്രതാപകാലം ഒരു ചലച്ചിത്രം കണക്കെ നമ്മുടെ മുന്നില്‍ തെളിഞ്ഞു വരും..

കടല്‍ത്തീരത്ത് കാലം കൊത്തിവെച്ചൊരു കല്‍ക്കൊട്ടാരമാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. കലിംഗ ദേശത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച് പന്തീരായിരം ശില്‍പ്പികള്‍ പന്ത്രണ്ടാണ്ട് കൊല്ലം കൊണ്ട് മണല്‍കല്ലില്‍ കടഞ്ഞെടുത്ത സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു അത്. കടല്‍ക്കാറ്റും കടന്നാക്രമണങ്ങളും ചെറുത്ത് ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട് സൂര്യക്ഷേത്രം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷണമൊരുക്കുന്നുണ്ടെങ്കിലും ഇനിയെത്രകാലം ഇന്ത്യയുടെ ഈ അത്ഭുതം ബാക്കിയുണ്ടാവും എന്ന് കൊണാര്‍ക്കില്‍ നിന്ന് മടങ്ങുന്നവരെല്ലാം മനസ്സില്‍ ചോദിക്കും...

travel experiance-odeesa -Karnataka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES