രോഗവും രോഗാവസ്ഥകളുമൊക്കെ പലരും തുറന്നു പറയാറുണ്ട്. പലപ്പോഴും സിനിമാ സീരിയല്‍ താരങ്ങള്‍. ഇപ്പോഴിതാ, കമ്മട്ടിപ്പാടമെന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കു മുഴുവന്‍ പരിചിതയായ നടി ഷോണ്‍ റോമിയും കഴിഞ്ഞ ഒരു വര്‍ഷക്കാലം അനുഭവിച്ച രോഗ ദുരിതങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷോണ്‍ റോമി തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. ആ അവസ്ഥയിലൂടെ കടന്നു പോകവെയുള്ള തന്റെ ശാരീരികാവസ്ഥയുടെ ഞെട്ടിക്കുന്ന വീഡിയോയും പങ്കുവച്ച നടി അതിനു ക്യാപ്ഷനായി കുറിച്ചത് ഇങ്ങനെയാണ്.
'എന്റെ ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ കൈവിട്ട സാഹചര്യമായിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റുചിലതെല്ലാം ദൈവത്തെ ഏല്‍പ്പിക്കേണ്ടി വന്നു. എന്റെ ബെസ്റ്റിയുമായി ഒത്തുചേര്‍ന്നു. അവളെ സ്വര്‍ഗം എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകള്‍ വിശ്വസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്, എന്റെ തലമുടിയിഴകള്‍ ഒരുമാസത്തിനുള്ളില്‍ തിരികെവരും എന്നവള്‍ പറഞ്ഞു. അതങ്ങനെ തന്നെ ഭവിച്ചു...
എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷന്‍ എടുത്തിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഓഗസ്റ്റ് മുതല്‍ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും. വര്‍ക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാന്‍ ഭയന്നു. ശക്തമായി എന്ത് ചെയ്താലും, ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിച്ചിരുന്നു. ശരിക്കും എനിക്ക് ജീവിതത്തിന്റെ വേഗത കുറയ്‌ക്കേണ്ടതായി വന്നു...
ഗോവയിലേക്ക് പോയി, ജീവിതത്തിന്റെ വേഗത കുറച്ചത് എന്നെ ഒരുപാട് സഹായിച്ചു. ഞാന്‍ എന്താവണം എന്ന് ഞാന്‍ ആഗ്രഹിച്ചതിനു വിപരീതമായി, ഞാന്‍ ആരെന്നതുമായി ഇഴുകിച്ചേരാന്‍ ആരംഭിച്ചതും സുഖപ്പെടാന്‍ ആരംഭിച്ചു. 2024 പവിത്രവും, ശക്തവും, പരിവര്‍ത്തിതവുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും, നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാന്‍ ആശ്വാസം കണ്ടെത്തി' എന്നാണ് നടി ഷോണ്‍ റോമി കുറിച്ചത്.
പുതുവത്സരദിനത്തില്‍ പലരും പുതിയ വര്‍ഷത്തെ സ്വീകരിക്കാനും ആഘോഷിക്കാനുമായി പോസ്റ്റുകള്‍ ഇടുന്ന തിരക്കിലായിരിക്കുന്നതിനിടെയാണ് പോയവര്‍ഷം തന്നെ സംബന്ധിച്ച് വെല്ലിവിളികളുടെ കൂമ്പാരമായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞത്. 'വൈല്‍ഡ്' എന്നാണ് കഴിഞ്ഞ വര്‍ഷത്തിന് ഷോണ്‍ റോമി പേരിട്ടതും. അനുഭവിച്ചതെല്ലാം ചില വാക്കുകളില്‍ ഒതുക്കാതെ താന്‍ കടന്നു പോയ ഘട്ടങ്ങളെ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയായിരുന്നു ഷോണ്‍ റോമി. ആ ദൃശ്യങ്ങള്‍ ഒരു കൊളാഷ് രൂപത്തിലാക്കി ഷോണ്‍ റോമി പോസ്റ്റ് ചെയ്തപ്പോള്‍ പലരും താരത്തിന് പിന്തുണ അറിയിച്ച് കമന്റും ചെയ്തു. നടി നൈല ഉഷയാണ് അതിലൊരാള്‍. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി സമാന്ത റൂത്ത് പ്രഭുവും തന്റെ ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയായ മയോസിറ്റിസിനെ കുറിച്ച് പരസ്യമായി പോസ്റ്റ് ചെയ്തിരുന്നു. ചികിത്സാര്‍ത്ഥം സമാന്ത ഏറെക്കാലം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു
കമ്മട്ടിപ്പാടമെന്ന ഒരൊറ്റ ചിത്രത്തിലെ അനിതയെന്ന കഥാപാത്രമായിട്ടാണ് ഷോണ്‍ റോമി ശ്രദ്ധ നേടിയത്. അതുപോലെ തന്നെയാണ് ലൂസിഫറിലെ അപര്‍ണ്ണ എന്ന കഥാപാത്രവും. തനി നാടന്‍ കഥാപാത്രങ്ങളായ ഇത് രണ്ടും കൈകാര്യം ചെയ്തത് ഗ്ലാമറസ് മോഡലായ ഷോണ്‍ റോമി എന്ന നടിയാണ് എന്ന് വിശ്വസിക്കാനാകില്ല. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന് പിന്നാലെ, ഷോണ്‍ റിമി ആ വേഷത്തില്‍ക്കണ്ട പോലത്തെ പെണ്‍കുട്ടിയേ അല്ല എന്ന തരത്തിലെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പലരെയും അതിശയിപ്പിച്ചിരുന്നു.