കാഴ്ചകള്‍കൊണ്ട് അതിമനോഹരമെങ്കിലും അപകടമരണങ്ങള്‍കൊണ്ട് സമ്പന്നമായതിനാലാണ് ഗുണ കേവ് അധികവും ശ്രദ്ധേയമായത്. എന്താണ് ഈ സ്ഥലത്തിന്റെ പ്രത്യേകത? മുന്‍പ് ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഗുഹ എങ്ങനെ ഗുണ കേവ് ആയിമാറി?
കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഇടമാണ് ഗുണ കേവ്. മൂന്നു തൂണുകള്‍ പോലെ നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ക്കിടയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. രണ്ടുപാറകളില്‍ പിടിച്ച് സമാന്തരമായ മൂന്നാമത്തെ പാറയിലൂടെ ഊര്‍ന്ന് ഇറങ്ങിയാലാണ് ഈ ഗുഹയില്‍ എത്തുക. അത് തീരെ എളുപ്പവും അല്ല. അങ്ങനെ ഈ ഗുഹയില്‍ ഇറങ്ങാന്‍ ശ്രമിച്ചവരില്‍ അധികവും മരണമടഞ്ഞിരുന്നു. 13 പേരുടെ മരണം സംഭവിച്ച ഇടമാണ് ഇത്.
പില്ലര്‍ റോക്‌സ് എന്നറിയപ്പെടുന്ന മൂന്ന് പാറകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണിത്. പ്രധാന കവാടത്തില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ നടന്നുവേണം ഗുണ കേവിന്റെ മുകളിലേക്ക് എത്താന്‍. ചെങ്കുത്തായ ഇറക്കത്തിലൂടെ താഴേക്ക് നടന്നാല്‍ മാസ്മരികമായ ഗുണ കേവ് സഞ്ചാരികളെ വശ്യമായി ആകര്‍ഷിക്കും. മഴക്കാലത്തും മഞ്ഞുകാലത്തും കോടമഞ്ഞ് കേറി കിടക്കുന്ന സ്ഥലം.
കൊടൈക്കനാലിലെ മറ്റ് സ്ഥലങ്ങളെ പോലെ ഈ സ്ഥലവും കണ്ടെത്തിയത് ബി എസ് വാര്‍ഡ് എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥനാണ്. 1821ലാണ് ഈ വമ്പന്‍ ഗുഹ കണ്ടെത്തുന്നത്. കൊടൈക്കനാല്‍ ബസ് സ്റ്റേഷനില്‍ നിന്ന് 8.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുണ സിനിമ വന്നതിനു ശേഷം ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. അങ്ങനെയാണ് മഞ്ഞുമ്മലില്‍ നിന്ന് 2006ല്‍ യുവാക്കളുടെ സംഘം ഗുണ കേവിലേക്ക് എത്തിയത്. അവരുടെ യാത്ര അവസാനിച്ചത് വലിയ ദുരന്തത്തിലും അതില്‍ നിന്നുള്ള അദ്ഭുതകരമായ രക്ഷപ്പെടലിലുമായിരുന്നു. അതിനു ശേഷം സുരക്ഷാകാരണങ്ങളാല്‍ ഗുഹയുടെ ചുറ്റുപാടുകള്‍ അടച്ചു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഗുഹ ദൂരെനിന്ന് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ ഗുണ കേവിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. കനത്ത വേലിക്കെട്ടുകളും കടുത്ത നിയന്ത്രണങ്ങളും. നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ ഗുഹയിലെ ഇടുങ്ങിയ അന്ധകാരകുഴി ഗ്രില്ല് വച്ച് അടച്ചു. ചുരുക്കത്തില്‍ കേവ് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ ദൂരെ നിന്ന് കണ്ട് പോകണം. എന്നാല്‍, ആവശ്യത്തിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചും സന്ദര്‍ശകര്‍ക്ക് സുരക്ഷ ഒരുക്കിയും ഈ ഗുഹ തുറന്നു കൊടുത്താല്‍ അത് ഇന്ത്യന്‍ ടൂറിസത്തിന് നല്‍കുന്ന വിലാസം ചില്ലറയായിരിക്കില്ല.