ചില കാർഷിക ആവിശ്യങ്ങൾക്കായി വയനാട്ടിലെ പുൽപ്പള്ളിയിൽ പോകേണ്ട തുള്ളതിനാൽ അതിനോട് കൂട്ടി രണ്ടു ദിവസം ചേർത്ത് ഊട്ടി വഴി കോട്ടഗിരിയിൽ പോകാൻ തീരുമാനിച്ചു.
പലപ്പോഴായി വായിച്ചും കെട്ടും അറിഞ്ഞ നീലഗിരി മലയിലെ ശാലീന സുന്ദരി കോട്ടഗിരി (കോത്തഗിരി എന്നും പറയുന്നു) യിൽ പോകാനും കുറച്ച് നല്ല ഫോട്ടോകൾ എടുക്കാനും മനസ്സിൽ തിരുമാനിച്ചിട്ട് കുറച്ചുനാളുകൾ ആയി. കഴിഞ്ഞ പ്രളയകാലം തകർത്ത റോഡുകൾ കാരണം യാത്ര കഴിഞ്ഞ അവധികാലത്ത് മാറ്റിവച്ചതായിരുന്നു.
വീട്ടിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ഇപ്പോഴത്തെ യാത്രയിലെ സഹായി ആയ Mahindra XUV 500 ൽ ഞങ്ങൾ മൂന്നു പേർ യാത്ര തിരിച്ചു. പ്രളയം തകർത്ത കൊട്ടിയൂർ പാൽച്ചുരം റോഡ് വഴി ബോയിസ്സ് ടൗണിൽ എത്തി വയനാട്ടിലേക്ക് പ്രവേശിച്ചു. തണുത്ത ഇളം കാറ്റും തേയില തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും ഇടയിൽ ഉയർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഹരിതാഭമായ വയനാടിനെ മുറിച്ച് കടന്ന് ഗുഡല്ലൂരിലേക്ക് കടന്നു.
നിൽക്കുന്ന യൂക്കാലിപ്സ്സ് മരങ്ങളിക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിൽ കൂടെ ഊട്ടിക്ക്. വഴിയിൽ നിർത്തി യൂക്കാലിപ്സ്സ് മരങ്ങളുടെ ഭംഗി ക്യാമറയിൽ പകർത്തി.
വഴിയോരക്കടയിൽ നിന്ന് ചൂട് ചായയും കഴിച്ച് മുന്നോട്ട്. വഴിയരികിൽ സ്ത്രികളും കുട്ടികളും തങ്ങളുടെ പച്ചക്കറി ഉൽപ്പന്നങ്ങൾ വച്ച് വിൽക്കുന്നു. പലനിറങ്ങളിലുള്ള ക്യാരറ്റും കോളിഫ്ളവറും ക്യാബേജുകളും റാഡിഷും ചോളവും കൂടാതെ പലതരം പച്ചിലകളും. ചുട്ട ചോളം ആണ് വഴിയോര കച്ചവടക്കാരുടെ പ്രധാന ഇനം.
ഉച്ചയോടെ ഊട്ടിയിൽ എത്തി.... ഊട്ടി എന്നത്തേയും പോലെ തിരക്കാർന്ന ഒരു ചെറുപട്ടണം. സ്വാദേശികളോടൊപ്പം ഒരുപാട് വിദേശികളും കൂട്ടമായി ഒഴുകുന്ന ഇടുങ്ങിയ റോഡുകളാൽ ആലംകൃതമായ നീലഗിരിയുടെ റാണി.
യൂക്കാലിപ്സ്സിന്റെ മണം പരന്നൊഴുകുന്ന ഊട്ടിയുടെ ഇടുങ്ങിയ വഴികൾ ബ്രിട്ടീഷുകാരുടെ വേനൽക്കാല താവളം. സഞ്ചാരികളാൽ വീർപ്പുമുട്ടുന്ന ചെറു മലയോര പട്ടണം. നട്ടുച്ചക്കും തണുത്ത കാറ്റുവീശുന്ന മലയിൽനിന്ന് കോടമഞ്ഞിറങ്ങിവരുന്ന മദാലസ.
യാത്രകൾ പോകുമ്പോൾ ഞാൻ എന്നും ഇഷ്‌ട്ടപ്പെടുന്നത് തിരക്ക് കുറഞ്ഞ ശുദ്ധവായു കിട്ടുന്ന ഗ്രാമങ്ങൾ ആണ്. അതിനാൽ ആണ് ഊട്ടിക്കും അപ്പുറം 30 കിലോമിറ്റർ അകലെ ഉള്ള (ഒരുമണിക്കൂർ യാത്ര ചെയ്യണം) നീലഗിരി കുന്നിൽ ഉള്ള ചെറു ഗ്രാമമായ കോട്ടഗിരി തിരഞ്ഞെടുത്തത്. നീലഗിരിയിലെ ഏറ്റവും ഉയരമുള്ള ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി പോകുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി കയറ്റവും ഇറക്കവും ഉള്ള അപകടം നിറഞ്ഞതാണ്. രാത്രികാലങ്ങളിൽ കാട്ടുപോത്ത് കരടി മുതലായവ ഇറങ്ങുന്ന വഴിയാണ് ഇത്.
ഞങ്ങൾ മൂന്നു മണിയോടെ കോട്ടഗിരിയിൽ എത്തി മുൻകൂട്ടി ബുക്ക് ചെയ്ത തേയിലത്തോട്ടത്തിലെ ഒറ്റപ്പെട്ട പഴയ ബംഗ്ളാവ് - മാർഷ് വില്ല (Marsh Villa Luxury Resort) യിൽ ചെക്കിൻ ചെയ്തു. നാലുമണിക്ക് തന്നെ തണുപ്പ് വരാൻ തുടങ്ങി. തേയില തോട്ടങ്ങൾക്ക് ഇടയിൽ വളർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലായി മരപ്പലക പാകിയ ഓടിട്ട ഒരു പഴയ ബംഗ്ളാവ് ആണ് മാർഷ് വില്ല ഇന്ന് രാത്രി ഏതാണ് ഞങ്ങളുടെ താവളം.
നല്ല ആദിത്യ മര്യാദയുള്ള മാനേജർ അതിലും ഉപരി നല്ല കയ്യ്പുണ്ണ്യം ഉള്ള പാചക ക്കാർ എല്ലാം കൂടി ഒരു ഹോമിലി ഫിലിംഗ്. വന്നു കയറിയയുടൻ കിട്ടിയ ചായയിൽ തുടങ്ങി രാത്രിയിൽ തന്ന ചപ്പാത്തിയിലും കറി കളിലും പിറ്റേന് കാലത്ത് തന്ന ഇഡ്ഡലിയിലും സാമ്പാറിലും ചട്ടിണിയിലും എല്ലാം ഉണ്ട് ആ കയ്യ്പുണ്ണ്യം. പാചകം ചെയ്യുന്നത് അവിടെത്തെ സ്ത്രീ തൊഴിലാളികൾ തന്നെ യാണ്.
കാതറിൻ വെള്ള:-
--------------------------
ചായ കുടി കഴിഞ് ക്യാമറയും ആയി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അടുത്തുള്ള (ഏകദേശം 8 കിലോമീറ്റർ അകലെ ഉള്ള) കാതറിൻ വെള്ള ച്ചാട്ടം കാണാൻ പോയി. തേയില തോട്ടത്തിനിടയിലൂടെ വളഞ്ഞു ചുറ്റി പോകുന്ന ഇടുങ്ങിയ റോഡിലൂടെ വണ്ടി എത്തി നിന്നത് തേയില തോട്ടത്തിന്റെ നടുക്ക് അവസാനിക്കുന്ന ടാർ റോഡിന്റെ അറ്റത്താണ്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ വലിയ ഒരു കയറ്റവും പിന്നിടുള്ള ഇറക്കവും കാൽനടയായി എത്തിച്ചേരുന്നത് തേയില തോട്ടത്തിന്റെ അതിരിലുള്ള വെള്ള ചാട്ടത്തിൽ ആണ്.
ഒരുപാട് വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടം എപ്പോഴും സന്ദർശകരുടെ തിരക്കാണ്. കുളിക്കാനും വെള്ളച്ചാട്ടത്തിന്റെ കളകളാരവം കേട്ട് പ്രണയം കയ്മാറാനും ചങ്ങാതിമാരോത്ത് ജലക്രീഡയിൽ ഏർപ്പെടാനും എത്തുന്നവരുടെ തിരക്കാണ്.
സഞ്ചാരികളെ ഒഴിവാക്കി നല്ല ഒരു ഫോട്ടോ എടുക്കാനുള്ള സ്ഥലം തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ കഴിഞ്ഞു. വെള്ള ചാട്ടത്തിന്റെ താഴെ ഇറങ്ങി ചെല്ലാൻ ഒരു വഴിയും കാണാതെ നിരാശനായി മുകളിൽ വെറുതെ ഇരുന്നു. ഒടുവിൽ തോൽക്കാൻ മനസ്സില്ലാത്ത തിനാൽ കൂടെ വന്ന ചങ്ങാതിമാരോട് പറഞ് അവരുടെ കയ്യിൽ പിടിച്ച് പാറയുടെ മുകളിലൂടെ നിരങ്ങി താഴെ ഇറങ്ങി ക്യാമറയുമായി സ്ലോ ഷട്ടറിൽ നല്ല കൊറേ ഫോട്ടോകൾ എടുത്ത് തിരിച്ച് കയറുമ്പോൾ സമയം ആറു മാണി കഴിഞ്ഞിരുന്നു. ഇരുട്ടും തണുപ്പും കനത്തു വരുന്നതിനാൽ വേഗം കയറ്റം കയറി വാഹനത്തിലേക്ക് .. അവിടുന്ന് ഞങ്ങളുടെ കൂടാരത്തിലേക്ക്.
-----------------------------------------------------------------------
കോടമഞ്ഞു മൂടിയ മാർഷ് വില്ല യുടെ വരാന്തയിൽ ഞങ്ങൾ തണുപ്പ് ആസ്വദിച്ച് കുറെ നേരം സൊറപറഞ്ഞിരുന്നു. ഇ മഞ്ഞു പെയ്യുന്ന രാത്രിയിലും മുറ്റത്തെ ഉയരമുള്ള മരങ്ങൾക്കിടയിൽ കസേരയുമിട്ട് മങ്ങിയ വെളിച്ചത്തിൽ പത്തിലധികം വരുന്ന കോയമ്പത്ത്തൂരിൽ നിന്നും തിരുപ്പൂരിൽ നിന്നും പൂജ അവധിക്ക് വന്ന വ്യവസായികൾ മധു സേവയും വെടിപറച്ചിലും ആയി ആഘോഷങ്ങളിൽ മുഴുകികഴിയുന്നു . രാത്രി ഏറേ കഴിയും വരെയും അവരുടെ പാട്ടും ചിരിയും കേൾക്കാമായിരുന്നു. എട്ടരക്ക് തന്നെ ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ് ഉറങ്ങാൻ പോയി.
---------------------------------------------------------------------------
കോടനാട് വ്യൂപോയൻറ്:-
---------------------------------------
രാവിലെ എഴുന്നേറ്റ് വേഗം റെഡിയായി പ്രഭാത ഭക്ഷണം കഴിഞ് ഞങ്ങൾ കോടനാട് വ്യൂപോയൻറ് കാണാൻ പോയി. കോട്ടഗിരിയിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലത്തിൽ ഉള്ള കോടനാട് വ്യൂപോയൻറ് ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
തേയില തോട്ടങ്ങൾക്കിടയിലൂടെ ഉള്ള ടാർ റോഡിലൂടെ കോടനാട് യാത്ര ചെന്നവസാനിക്കുന്നത് മലയോരത്തെ മുനമ്പിൽ ഉള്ള വ്യൂ പോയന്റിൽ ആണ്. മൈസൂർ മലകളുടെ സുന്ദര കാഴ്ച്ചയും മൂന്ന് സംസ്ഥാനങ്ങൾ ഒന്നിക്കുന്ന (കേരളം, തമിഴ് നാട് പിന്നെ കർണ്ണാടക) മലനിരകൾ പച്ചക്കറി കൃഷിസ്ഥലങ്ങൾക്ക് അപ്പുറം കാണാം.
നട്ടുച്ചക്ക് പോലും കോട മഞ്ഞിനാൽ വലയം ചെയ്ത വിജനമായ മലംചെരിവുകൾക്ക് മുകളിൽ നിൽക്കുമ്പോൾ നമ്മൾക്ക് വല്ലാത്ത ഒരു ഭാരകുറവ് തോന്നും ... മുന്നിൽ അഗാധഗർത്തം അതിൽ നിന്ന് ഉയർന്നു വരുന്ന മഞ്ഞിൽ പൊതിഞ്ഞ തണുത്ത കാറ്റ് നമ്മേ വായുവിൽ ഉയർത്തി നിർത്തുന്ന പ്രതീതി. ഇവിടെ നിന്ന് നോക്കിയാൽ ഡോൾഫിൻ മുനമ്പ് കാണാം.
കോടനാടിൻറെ പ്രശസ്തി മറ്റൊരുതരത്തിൽ കൂടി അറിയപ്പെടുന്നു. ആന്തരിച്ച ജയലളിത യുടെ ആയിരക്കണക്കിന് ഏക്കർ വരുന്ന തേയില തോട്ടം ഇവിടെ ആണ്. ഇ തോട്ടത്തിന്റെ അതിരിലൂടെയാണ് വ്യൂ പോയന്റിലേക്ക് പോകേണ്ടത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ജയലളിതയുടെ കൊട്ടാര സദൃശ്യമായ ബംഗ്ളാവ് തോട്ടത്തിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്നത് കാണാം. പത്തോളം ഗെയിറ്റുകൾ ഉണ്ട് ഇ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടത്തിന്.
-------------------------------------------------------------------------
ലോങ് വുഡ് ഷോല: -
------------------------------
കോടനാട് വ്യൂ പോയന്റിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ലോങ് വുഡ് ഷോല സ്ഥിതി ചെയ്യുന്നത്. ദൊഡ്ഡ ഷോല എന്ന് അറിയപ്പെടുന്ന വനഭൂമി 300 ഏക്കറിനടുത്ത് വിസ്തീര്‍ണമുള്ള ജൈവസംപുഷ്ടമായ ലോങ് വുഡ് ഷോലയില്‍ ജൈവ സമ്പുഷ്ട മായ ഇവിടം പാല തരം സസ്സ്യങ്ങളാലും പറവകളാലും ഉരഗ വർഗ്ഗങ്ങളാലും ശലഭങ്ങളാലും അനുഗ്രഹീതമാണ്. സഞ്ചാരികൾ തീരെയില്ലാത്ത ഇവിടം ശാന്തമാണ്.
----------------------------------------------------------------------------
പ്രകൃതിയെ അടുത്ത് അറിയാനും സാധാരണയിൽ സാധാരണകാരായ തോട്ടം തൊഴിലാളികൾക്ക്ഇടയിൽ ശുദ്ധ വായു ശ്വസിച്ച് തിരക്കിൽ നിന്ന് അകന്ന് തണുപ്പിലും മഞ്ഞിലും നീരാടി മനസ്സിലേക്ക് കുളിർമ്മ കോരി നിറക്കാൻ പറ്റിയ സഥലമാണ് കോട്ടഗിരി. നഗരത്തിന്റെ പകിട്ടും തിരക്കും കെട്ടുകാഴ്ച്ചയും ഇല്ലാത്ത ഇപ്പോഴുംഅധികം വാണിജ്യവൽക്കരിച്ചിട്ടില്ലാത്ത ഒരു തമിഴ് നാടൻ ഗ്രാമം.
വലിയ ആൾത്തിരക്കും കച്ചവടവും ആധുനികതയുടെ നാട്ട്യങ്ങളും മനസ്സിൽ കരുതി പോകുന്നവർക്ക് നിരാശ മാത്രമായിരിക്കും ഫലം. ലാളിത്യത്തിൻറെ നൻമ്മ ആഗ്രഹിക്കുന്നവർക്ക് ആവോളം അത് നുകരാം മനസ്സ് നിറഞ് തിരിച്ച് മലയിറങ്ങാം.