Latest News

കോവിലൂരിലേക്ക് ഒരു യാത്ര

മധു മാമൻ
കോവിലൂരിലേക്ക്  ഒരു യാത്ര

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കിടക്കുന്ന കാര്‍ഷിക ഗ്രാമമായ കോവിലൂരിലേക്ക്  ഒരു യാത്ര  എന്നത് കുറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു . മുന്നാര്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങളിലൊന്നും മൂന്നാര്‍ ടൌണില്‍ നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കോവിലൂരിലേക്ക്  പോകാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂര്‍ പോകുന്ന  പോലെ പോകാന്‍ പറ്റിയ സ്ഥലം അല്ല അതെന്നും ആ ഗ്രാമ്യ ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന സൌഹൃദങ്ങള്‍ ആണ് ഈ യാത്രക്ക് വേണ്ടത് എന്ന തിരിച്ചറിവും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഈ യാത്ര നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് സത്യം.

ഒരു ഒഴിവു ദിവസം പുലര്‍ച്ചെ തന്നെ എറണാകുളത്തു നിന്നും കോവിലൂരിലേക്ക് യാത്ര പുറപ്പെട്ടു. ഒപ്പം മൂന്നു കൂട്ടുകാരും.ഹിമാലയന്‍ യാത്രകള്‍ അടക്കം ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും യാത്രകള്‍ നടത്തിയിട്ടുള്ള  രാജു ചേട്ടനും , പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ ഓരോ മുക്കും മൂലയും സന്ദര്‍ശിച്ചിട്ടുള്ള ശരത്തും, ഫോട്ടോ ഗ്രാഫിയും യാത്രകളും ജീവിതമായി കൊണ്ട് നടക്കുന്ന, കല്യാണം കഴിച്ചാല്‍ ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയാതെ വരുമോ എന്നാ ഭയത്താല്‍ വിവാഹം നീട്ടി കൊണ്ട് പോകുന്ന ബിസിനസ്സുകാരനായ  ശ്രീകാന്തും ആയിരുന്നു ഈ യാത്രയിലെ എന്റെ കൂട്ടുകാര്‍ . ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ ,യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന കൂട്ടുകാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാന്‍ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി തോന്നി.

എറണാകുളത്തു നിന്നും ഏകദേശം നൂറ്റി ഇരുപതു കിലോമീറ്റര്‍ അകലത്തില്‍ ആണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ സഞ്ചാരികളുടെ ആധിക്യം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. എത്ര കണ്ടാലും മതി വരാത്ത തേയിലത്തോട്ടങ്ങളും, തണുപ്പും എല്ലാം  ഓരോ യാത്രയിലും  പുതുമയേറിയ അനുഭവങ്ങളാണ് സമ്മാനിക്കാരുള്ളത്.എറണാകുളത്തു നിന്നും ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം - അടിമാലി വഴി മൂന്നാറില്‍ എത്തി ചേര്‍ന്നു. മനസ്സിലെ ലക്‌ഷ്യം കോവിലൂര്‍ ആയതിനാല്‍ മുന്നാറില്‍ ഇറങ്ങാന്‍ ആര്‍ക്കും  താല്പര്യം ഉണ്ടായിരുന്നില്ല . വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത ലക്‌ഷ്യം മുപ്പത്തി അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന മുന്നാറിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ  ടോപ്‌ സ്റ്റേഷന്‍  ആയിരുന്നു. (ടോപ്‌ സ്റ്റേഷന്‍ എത്തുന്നത്‌ വരെ ഉള്ള റോഡുകള്‍ കേരളത്തിന്റെ സ്വന്തം ആണെങ്കിലും ആ സ്ഥലവും അതിന്റെ തൊട്ടടുത്ത റോഡുകളും തമിഴ് നാട്ടില്‍ പെട്ടതാണ് ).

മിക്കവാറും സമയങ്ങളില്‍ മഞ്ഞു മൂടി കിടക്കുന്ന ടോപ്‌ സ്റ്റേഷന്‍ പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ ഒരുക്കി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏകദേശം ആയിരത്തി എഴുനൂറു അടി ഉയരത്തില്‍ നില കൊള്ളുന്ന ഈ പ്രദേശത്ത്  ആളുകളെ പരസ്പരം തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തില്‍ പലപ്പോഴും കോട മഞ്ഞു വന്നു  നിറയാറുണ്ട്  . ഒരു മലയുടെ മുകളിലൂടെ  കുറെ ദൂരം നടന്ന്, പിന്നെ ചവിട്ടു പടികളിലൂടെ അല്പം സാഹസികമായി താഴേക്ക്‌ നടന്നു പല പല  വ്യൂ പോയന്റുകളില്‍  എത്തി അവിടെ നിന്ന്  മലനിരകളുടെ, അഗാധമായ കൊക്കകളുടെ എല്ലാം സൌദര്യം ആസ്വദിക്കാനാണ്  ഇവിടെ സഞ്ചാരികള്‍ വരുന്നത് . ഒരു ഹില്‍ സ്റ്റേഷന്‍ എന്താണ് എന്നും അവിടത്തെ കോടമഞ്ഞും, തണുപ്പും എന്താണ് എന്നും അനുഭവിച്ചറിയാന്‍ ഏറ്റവും നല്ല ഒരു സ്ഥലമാണ്‌ ഈ ടോപ്‌ സ്റ്റേഷന്‍ . ടോപ്‌ സ്റെഷനില്‍ മനോഹരമായ കുറെ നിമിഷങ്ങള്‍ ചിലവഴിച്ച ശേഷം ഒരു ചെറിയ ചായക്കടയില്‍ നിന്നും ഭക്ഷണവും കഴിച്ചു  ഞങ്ങള്‍ കൊവിലൂരിലേക്ക് തിരിച്ചു . ഞങ്ങളുടെ ഈ യാത്രയിലെ അവസാനത്തെ ലക്ഷ്യ സ്ഥാനത്തേക്ക് ....കേരളത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക്‌ ആയ പാമ്പാടും ഷോല (Smallest wild life sanctuary in Kerala) യുടെ ഉള്ളിലൂടെയുള്ള റോഡിലൂടെ ഒരു ചെക്ക്‌ പോസ്റ്റും താണ്ടിയാണ് കോവിലൂരില്‍ എത്തിയത് . അധികം ആരും ടൂര്‍ വരാത്ത ഒരു സ്ഥലമായത് കൊണ്ടാകണം എങ്ങോട്ടാണ് എന്നാ ചോദ്യം ചെക്ക്‌ പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായി. ഒരു സ്ഥലം നോക്കാന്‍ കൊവിലൂര്‍ വരെ പോകുകയാണ് എന്നാ മറുപടിയില്‍ അവര്‍ തൃപ്തിയടയുകയും ചെയ്തു.

ഇടുക്കി ജില്ലയിലെ വട്ടവട എന്ന പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ ഈ കോവിലൂര്‍. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശവും കോവിലൂര്‍ ആണ് . കൊവിലൂരിലെ പ്രധാനപ്പെട്ട  ടൌണിലേക്ക് എത്തിച്ചേരുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു തമിഴ്‌നാടന്‍ ശൈലിയില്‍ ഉള്ള ചെറിയ അമ്പലം ആയിരുന്നു .  തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പാട് ചെറിയ ചെറിയ അമ്പലങ്ങള്‍ ഉള്ള നാടായതു കൊണ്ടാണ് ഈ നാടിനു കോവിലൂര്‍ എന്ന പേര്‍ വന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് (തമിഴില്‍ കോവില്‍ =അമ്പലം, ഊര്  =നാട് ).പച്ചക്കറികളുടെ വിളവെടുപ്പ് സീസന്‍ കഴിഞ്ഞതിനാല്‍ കോവിലൂര്‍ ടൌണില്‍ ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. വണ്ടി ഒരിടത്ത് പാര്‍ക്ക് ചെയ്തു വെറുതെ ആ വഴികളിലൂടെ നടന്നു. വളരെ ചെറിയ ഒരു ടൌണ്‍.  കുറച്ചു ചെറിയ കടകള്‍ . രണ്ടു അമ്പലം. നാഗരികതയുടെ സൌകര്യങ്ങള്‍ അധികമൊന്നും എത്തി ചേര്‍ന്നിട്ടില്ലാത്ത ഈ കൊവിലൂരും പരിസങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും അധികം പച്ചക്കറികള്‍ കയറ്റി പോകുന്നത് എന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. ഇംഗ്ലീഷ് പച്ചക്കറികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാരറ്റ് , ബീന്‍സ് , ക്യാബേജ്  തുടങ്ങിയവയും പിന്നെ വെളുത്തുള്ളി , ചില പ്രത്യേകതരം സൂചി ഗോതമ്പും  അങ്ങിനെ പല തരം വിളകളുടെ കേരളത്തിലെ ഏറ്റവും വലിയ കലവറയാണ്   കണ്ടാല്‍ കുഗ്രമാമെന്നു തോന്നിപ്പിക്കുന്ന ഈ കോവിലൂര്‍ .

 

കുറച്ചു നേരത്തെ അവിടത്തെ കടകളും ആളുകളെയും എല്ലാം കണ്ടു വെറുതെ അവിടെയെല്ലാം നടന്നു. ക്യാരറ്റും കാബ്ബജുമെല്ലാം കൃഷി ചെയ്യുന്ന സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട് പോകാനുള്ള വഴി പറഞ്ഞു തരാമോ എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് " ഇവിടെ ഏതു വഴിയെ പോയാലും അത് മാത്രമേ കാണാന്‍ പറ്റൂ. കൃഷികള്‍ അല്ലാതെ ഇവിടെ ഒന്നും കാണാന്‍ ഇല്ല. ഈ തട്ട് തട്ടായി കാണുന്നതെല്ലാം  കൃഷി സ്ഥലങ്ങള്‍ ആണ് . പോയി കണ്ടോളൂ . ആരും ഒന്നും പറയില്ല " എന്ന മറുപടി തന്നു. അയാള്‍ കാണിച്ചു തന്ന ഒരു വഴിയിലൂടെ താഴേക്കു നടന്നു. മനോഹരമായ  ഒരു വലിയ മലയുടെ അടിവാരത്തില്‍ ആണ് എത്തിയത് . വഴിയിലെല്ലാം തട്ട് തട്ടായി തിരിച്ചു പല കൃഷികള്‍ ചെയ്തിരിക്കുന്നത് കണ്ടു . ക്യാരറ്റും കാബ്ബജും, ബീറ്റ് റൂട്ടും  മാത്രമേ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു. വെളുത്തുള്ളി ചെടി  ഏതാണ് എന്ന് തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തി. കൃഷിയിലെ പരിമിതമായ അറിവ് മൂലം അതില്‍ പരാജയപ്പെടുകയും ചെയ്തു . ഓണം എന്ന ഏറ്റവും പ്രധാനപ്പെട്ട സീസണ്‍ കഴിഞ്ഞതിനാല്‍ പല കൃഷികളും രണ്ടാമതും വളര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ. കാബ്ബാജു മാത്രം പലയിടത്തും നല്ല വലിപ്പത്തില്‍ ഒടിച്ചെടുക്കാന്‍  പാകമായ തരത്തില്‍ നില്‍ക്കുന്നത് കണ്ടു . പല കൃഷിയിടങ്ങളിലും ഒറ്റമുറി മാത്രം ഉള്ള ചെറിയ കുടിലുകള്‍ കണ്ടു. ആളുകള്‍ക്ക്  നീണ്ടു നിവര്‍ന്നു കിടക്കാന്‍ പോലും വലിപ്പമില്ലാത്ത ആ ഒറ്റ മുറികളില്‍ ആളുകള്‍ താമസിക്കുണ്ടായിരുന്നു.  അവരില്‍ പലരും ഞങ്ങള്‍ കടന്നു പോകുമ്പോള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .

കൂട്ടുകാരോടൊത്ത് അപരിചിതമായ ആ നാട്ടുവഴികളിലൂടെ  ശുദ്ധവായുവും മനോഹര കാഴ്ചകളും കണ്ടു കുറെ ദൂരം നടന്നു . അവിടത്തെ ഏറ്റവും രസകരമായ കാഴ്ചയായി തോന്നിയത് കോവര്‍ കഴുതകള്‍ ആണ് . വാഹന സൌകര്യം കുറവായ അവിടെ ചുമട്  കൊണ്ട് പോകാനും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത്  ഈ കോവര്‍ കഴുതകളെ ആണ് . ശരീരത്തിന്റെ ഇരുവശത്തും ചുമടും തൂക്കി  വരുന്ന ഒരു കോവര്‍ കഴുതയുടെയും  മുകളില്‍ ഇരിക്കുന്ന ഒരാളുടെയും മനോഹര ചിത്രം സുഹൃത്ത്   ശ്രീകാന്ത് ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എവിടെ നോക്കിയാലും തട്ട് തട്ടാക്കി തിരിച്ച കൃഷിയിടങ്ങള്‍ മാത്രം. പണിയെടുക്കുന്ന കുറച്ചു ആളുകളും ഇടയില്‍ ഒറ്റമുറി വീടുകളും  . തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച ആയിരുന്നു അത് . മനസ്സ് തേടി നടന്ന കാഴ്ചകള്‍ തന്നെ ആയിരുന്നു ഇവയെല്ലാം . ആധുനികതയുടെ സൌകര്യങ്ങള്‍ ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത തനി നാടന്‍ കാഴ്ചകള്‍ ...

നടന്നു പോകുന്ന വഴിയില്‍ വെച്ച് , ഒരു വയലില്‍ പണിയെടുത്ത ശേഷം വിശ്രമിക്കാന്‍ ഇരിക്കുന്ന ഒരു ചേട്ടനെയും ചേച്ചിയെയും പരിചയപ്പെട്ടു. കോവിലൂരിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറഞ്ഞു  തന്നു. കാലാവസ്ഥയുടെ മാറ്റങ്ങളും , പണം ഉണ്ടാക്കാന്‍ വേണ്ടി അവിടെ ആളുകള്‍ ചെയ്തു കൂട്ടുന്ന പല തെറ്റായ പ്രവൃത്തികളും മൂലം ഈ നാട് നശിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവരില്‍ നിന്നും അറിഞ്ഞു. കൂടുതല്‍ താല്പര്യം കാട്ടിയപ്പോള്‍ അവര്‍ പലതും വിശദീകരിച്ചു തന്നു.. ഒരു നാടിന്റെ, നാട്ടുകാരുടെ നൊമ്പരം നിറഞ്ഞ വാക്കുകളിലൂടെ

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിലൂര്‍ ഉള്‍പ്പെടുന്ന വട്ടവട  പഞ്ചായത്ത് കഞ്ചാവ് കൃഷിക്ക് വളരെ പ്രശസ്തമായിരുന്നു. നേരം ഇരുട്ടിയാല്‍ കഞ്ചാവ് കൊണ്ട് പോകാന്‍  വരുന്ന ആളുകളും വണ്ടികളും ആയിരുന്നു അവിടെയെല്ലാം.കഞ്ചാവ്  അതിന്റെ ഒപ്പം വ്യാജ മദ്യവും. എല്ലാം കൂടി ഈ നാടിനെ തകര്‍ത്തു. അതില്‍ നിന്നും ഒരു കണക്കിന് മോചനം നേടി കാര്‍ഷിക വൃത്തിയിലൂടെ നാട് നന്നായി തുടങ്ങിയപ്പോഴാണ് പുറം ലോകത്ത് നിന്നും വന്ന ആളുകള്‍  വ്യാവസായിക ആവശ്യത്തിനു മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ തുടങ്ങിയത്. യൂക്കാലിയും ഗ്രാന്റിസ് മരങ്ങളും ആയിരുന്നു പ്രധാനമായും അവിടെ വെച്ച് പിടിപ്പിച്ചത് . ഇവ വളര്‍ന്നതോടെ ആ നാട്ടിലും പരിസങ്ങളിലും ജല ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ മരം വളര്‍ത്തല്‍ ലാഭകരം ആയതോടെ പലരും കൃഷി ഉപേക്ഷിച്ചു തുടങ്ങി.  കൃഷി നടത്തുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ കച്ചവട ലക്ഷ്യത്തോടെ  മരം വളര്‍ത്തുന്ന ആളുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നാട്  ജലക്ഷാമം മൂലം മരുഭൂമി പോലെ ആകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ഈ വര്‍ഷത്തെ കാലാവസ്ഥ മാറ്റം കൂടി ആകുമ്പോള്‍ അടുത്ത വിളവെടുപ്പിന്റെ കാര്യം ആകെ അവതാളത്തില്‍ ആകും എന്നും ഈ വയസ്സുകാലത്ത് കൃഷിപ്പണി അല്ലാതെ മറ്റു തൊഴിലുകള്‍ തേടി നാട് വിട്ടു പോകേണ്ടി വരുമോ  എന്ന അവരുടെ ആശങ്കയും സങ്കടവും എല്ലാം ശ്രദ്ധയോടെ ഞങ്ങള്‍ കേട്ട് നിന്നു.

ഇപ്പോള്‍ കൃഷി ഒട്ടും ലാഭകരം അല്ലെന്നും ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിളവിന്റെ  ലാഭം കൂടുതലും  ഇടനിലക്കാരാണ് കൊണ്ട് പോകുന്നതെന്നും അവരില്‍ നിന്നും അറിഞ്ഞു. പുറത്തു പറയാന്‍ പറ്റാത്ത വളരെ തുച്ചമായ കൂലിയാണ് ഇപ്പോഴും ഇവിടെ കൊടുക്കുന്നതെന്നും മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഇവിടെ ജീവിക്കുന്നത്  എന്ന അവരുടെ വാക്കുകള്‍ മനസ്സില്‍ ഒരു നൊമ്പരം പടര്‍ത്തി. ഒറ്റമുറി വീട്ടില്‍ പ്രകൃതിയോടു മല്ലിട്ട് ജീവിതം വെട്ടിപ്പിടിക്കുന്ന അവരുടെ കഥകള്‍ അടുത്തറിഞ്ഞപ്പോള്‍ , സ്വന്തം മക്കളോട് എന്ന വണ്ണം എല്ലാം  അവര്‍ വിവരിച്ചപ്പോള്‍ മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെയായി . അവരുടെ വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി വരുമാനവും  സൌകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ല എന്നും ഇനിയും കൂടുതല്‍  വേണം എന്നും  പരാതി  പറയുന്നവര്‍ ആയിരുന്നു ഞാനടക്കം എല്ലാവരും. ഇനി ഇത്തരം പരാതികള്‍ ഒരിക്കലും പറയാതിരിക്കാന്‍ , ദൈവദാനമായി കിട്ടിയ ഈ നല്ല ജീവിതത്തെ തള്ളി പറയാതിരിക്കാന്‍ എല്ലാം ഈ യാത്രയില്‍ നിന്നും , ഈ പരിചയപ്പെടലില്‍ നിന്നും പഠിച്ചു 

കുറെ നേരത്തെ സംസാരത്തിന് ശേഷം അവരോടു യാത്രയും പറഞ്ഞു വീണ്ടും കുറെ ദൂരം കൂടി അവിടെ  അലഞ്ഞു നടന്നു . എത്ര നടന്നാലും കണ്ടു തീരാത്ത പച്ച പട്ടണിഞ്ഞു നില്‍കുന്ന ആ ഗ്രാമം മനസ്സില്‍ ആവോളം നിറച്ചു. കൃഷിയിടങ്ങളില്‍ കയറി ചിത്രങ്ങള്‍ എടുത്തും ഗ്രാമ കാഴ്ചകള്‍ കണ്ടു ഒരു ദിവസം തീരാറായി. ഇനി മടക്കയാത്ര .

മടക്ക യാത്രയില്‍ പല സ്ഥലങ്ങളിലും വലിയ ലോറി നിറയെ യൂക്കാലി മരങ്ങള്‍ കയറ്റുന്നത് കണ്ടു.  പച്ചക്കറികളുടെ കലവറ എന്ന പേര് കൊവിലൂരിനു ഇനി എത്ര നാള്‍ കാത്തു സൂക്ഷിക്കാന്‍ ആവും ? ഇനി വീണ്ടും ഇവിടേയ്ക്ക് ഒരു യാത്ര ഉണ്ടാകുമോ  ?  മനസ്സ് വെറുതെ ചോദിച്ചു കൊണ്ടിരുന്നു...

ഇല്ല ... ഇനി ഇവിടേയ്ക്ക്  ഞങ്ങള്‍ വരില്ല ...പച്ചപ്പട്ടണിഞ്ഞ ഈ കോവിലൂരിന്റെ മനോഹര കാഴ്ചകള്‍ ആവോളം ഞങ്ങളുടെ മനസ്സില്‍ ഉണ്ടല്ലോ ? പിന്നെ എന്തിനാണ്  കുറച്ചു നാളുകള്‍ക്കുള്ളില്‍ പച്ചപ്പ്‌ നഷ്ടപ്പെട്ടു മറ്റൊരു ദുരന്തഭൂമിയാകുമെന്നു ഉറപ്പുള്ള ഇവിടേയ്ക്ക് ഞങ്ങള്‍ വരുന്നത് ?

travel- experience- at koviloor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES