മഹാരാഷ്ട്ര എന്നും ഞങ്ങള്‍ക്ക് യാത്രക്ക് പ്രചോദനം നല്‍ക്കുന്ന ഒരു സംസ്ഥാനം ആണ് . ചരിത്ര പ്രാധാന്യം കൊണ്ടു പ്രസിദ്ധമായ ധാരാളം സ്ഥലങ്ങള്‍ മഹാരാഷ്ട്രയിലുണ്ട്. മറാട്ട ഭൂവിഭാഗത്തിന്റെ പ്രൌഢി അത്യുജ്ജലം തന്നെയാണ്. ശിവജി മഹാരാജാവിന്റെ സാമ്രാജ്യത്തിനു പ്രകൃതി നിര്‍മ്മിച്ച് നല്കിയ കോട്ട പോലെ അത് കാണപെടും. റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ മാത്രമേ നമുക്ക് ഇതു അനുഭവപ്പെടുകയുള്ളൂ. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഉള്ള യാത്രക്ക് ലഭിക്കുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. ഇത്തവണ വെമ്പോല ഉണ്ണി ഏട്ടന്റെ ബോംബെ യാത്രയോട് അനുബന്ധിച്ചാണ് ഞങ്ങള്‍ നാസിക് , ഷിര്‍ദി ,ശനി ശിംഗാപൂർ , പഞ്ചവടി, എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനം എടുത്തത്. സുരേഷ് ഏട്ടന്‍ അതിന് പാകത്തിന് ഒരു വാഹനം ഒരുക്കി തരികയും ചെയ്തു. 01-09-09 പുലര്‍ച്ചെ 4 മണിക്ക് തനെ വാഹനം ഫ്ലാറ്റിന്റെ മുന്‍പില്‍ എത്തി. ഞാന്‍ , സവിത ഓപ്പോള്‍ ,സാജേട്ടന്‍, കുട്ടന്മാര്‍, ഉണ്ണി ഏട്ടന്‍ ,അജിത ഓപ്പോള്‍ , കുട്ടികള്‍ എന്നിവര്‍ ആയിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ സാരഥി ഒരു മലയാളി ആയിരുന്നു.
യാത്ര തുടങ്ങി ഞങ്ങള്‍ നാസിക് ഹൈവേയില്‍ പ്രവേശിച്ചു. പനവേല്‍ നാസിക് 182 കിലോമീറ്റർ ആണ് . സുര്യോദയം വണ്ടിയില്‍ ഇരുന്നു ആസ്വദിച്ചു . മുംബൈ നാസിക് ദേശിയ പാതയുടെ ഇരുവശവും പച്ച പരവതാനി വിരിച്ച പോലെ അനുഭവപെട്ടു . മഴത്തുള്ളികള്‍ പറ്റിപിടിച്ചിരിക്കുന പുല്‍മേടുകള്‍ ഉദയസൂര്യന്റെ പ്രകാശത്തില്‍ വെട്ടി തിളങ്ങുന്നത് എത്ര കണ്ടാലും മതി വരില്ല . ഞങ്ങള്‍ ആദ്യം ദര്‍ശിക്കാന്‍ ഉദേശിച്ചത് ത്രയംബകേശ്വർ എന്ന ക്ഷേത്രം ആണ്. മൊത്തം പന്ത്രണ്ട് ജ്യോതിര്‍ലിംഗം ആണ് ലോകത്തില്‍ ഉള്ളത് അതില്‍ അഞ്ചെണ്ണം മഹാരാഷ്ട്രയില്‍ ആണ്. അതില്‍ ഒന്നാണ് ഈ ത്രയംബകേശ്വര്‍ ക്ഷേത്രം. നാസിക്കില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ഉള്ളില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. ത്രയംബക് മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര പരിസരം . ഇവിടെ തന്നെയാണ് ഗോദാവരിയുടെ ഉത്ഭവ സ്ഥാനം . ഉത്ഭവ സ്ഥാനം നമുക്ക് കാണുമെങ്കിലും പിന്നീട് പുഴ അപ്രത്യക്ഷം ആകുകയും , ഭൂമിയുടെ അടിയില്‍ കൂടി സഞ്ചരിച്ചു പിന്നീട് വീണ്ടും കുറച്ച് കഴിഞ്ഞാൽ ദൃശ്യം ആകുന്നു. ഈശ്വരന്റെ മായ ശക്തി ഇവിടെ നമുക്ക് ദൃശ്യം ആണ്. ഞങ്ങള്‍ അമ്പലത്തില്‍ എത്തി , ഫോണ്‍ , ക്യാമറ എന്നിവ വണ്ടിയില്‍ തന്നെ വെച്ച് ദര്‍ശനത്തിനായി നടന്നു . ക്ഷേത്ര മുറ്റം വരെ വാഹനം കൊണ്ടുപോകാന്‍ അമ്പതു രൂപ കൊടുക്കണം , ഭക്തിയുടെ പേരില്‍ ഉള്ള പിടിച്ചുപറി ആയിട്ടാണ് എനിക്ക് അത് തോന്നിയത് . ക്ഷേത്ര ത്തിലേക്കുള്ള വഴിയില്‍ ഗോമാതാവിന് പുല്ലും ഭക്ഷണവും കൊടുക്കുന്ന വഴിവാട് കണ്ടു , എന്നാല്‍ പശുവിന്റെ ചാണകവും മറ്റും നീകം ചെയാന്‍ ഒരു സംവിധാനവും ഇല്ല . അതിനാല്‍ തനെ അവിടം മുഴുവന്‍ വൃത്തികേടായിരുന്നു. എന്നാല്‍ ക്ഷേത്രത്തിനു അകത്തു പ്രവേശിച്ചാല്‍ തികച്ചു വ്യത്യസ്തമായ അന്തരീക്ഷം ആയിരുന്നു . സര്‍വേശ്വരന്റെ പ്രഭാവം എല്ലായിടത്തും വ്യപിച്ചപോലെ അനുഭവപ്പെട്ടു . അത് തന്നെയാണല്ലോ ജ്യോതിര്‍ലിംഗങ്ങളുടെ പ്രത്യേകതയും. ഞാന്‍ ഇതിനു മുന്‍പ് പോയപ്പോള്‍ അനുഭവപെട്ട തിരക്ക് ഇപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതും വളരെ ആശ്വാസം നല്‍കി. ദര്ശനം കഴിഞ്ഞ് ഗോദാവരിയുടെ ഉത്ഭവവും കണ്ട് ഞങ്ങള്‍ തിരിച്ചു പോന്നു . പോരുന്ന വഴിയില്‍ സ്വാദിഷ്ടമായ പേരക്ക കിട്ടി. നാട്ടില്‍ നിന്ന് കിട്ടുന്ന പേരക്കയുടെ സ്വാദ് ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു അത് .
വണ്ടിയില്‍ കയറി ,തിരിച്ച് നാസികിലേക്ക് വരുന്ന വഴിയില്‍ ഹനുമാന്റെ ജന്മ സ്ഥലം ഉണ്ട്. അവിടെ ഹനുമാന്റെ മനോഹരം ആയാ ഒരു അമ്പലം ഉണ്ട് . അവിടെ തൊഴുമ്പോൾ ഹനുമാന്റെ ഉപാസകര്‍ ആണ് എന്ന് തോന്നുന്നു ,രണ്ടാളുകൾ പ്രത്യേക തരം പൂജകളും പ്രാര്‍ത്ഥനയും ചെയുന്നുണ്ടായിരുന്നു. അവിടുത്തെ പൂജാരി ഞങ്ങള്‍ക്ക് ആ സ്ഥലത്തിന്റെ പ്രാധാന്യം വിവരിച്ചു തന്നു . ഹനുമാന്‍ കുട്ടി ആയിരിക്കുമ്പോ സൂര്യനെ വിഴുങ്ങുവാന്‍ ചാടാന്‍ ശ്രമിച്ച മലയും, വിഷ്ണു, ബ്രഹ്മ ,മഹേശ്വരന്‍ മാര്‍ തപസു അനുഷ്ടിച്ച ,ശിവലിംഗം പോലെ തോന്നിക്കുന്ന മലയും അദേഹം കാണിച്ചു തന്നു. ഹനുമാന്റെ ഈ ക്ഷേത്രം പുന്നരുദ്ധരിക്കാന്‍ ഒരു പദ്ധതിയുണ്ട് എന്നും അതിലേക്ക് സംഭാവന വേണം എന്ന അവരുടെ അഭ്യർത്ഥന ഞങ്ങള്‍ സ്വീകരിച്ചു. പിന്നീട് തോന്നി ഇപ്പോള്‍ നടന്നു വരുന്ന വര്‍ധിച്ച പ്രകൃതി ചൂഷണം മുന്‍കൂട്ടി കണ്ട ഹൃഷിവര്യന്‍മാര്‍ ഈ ചൂഷണം തടയാന്‍ ഉണ്ടാക്കിയ കഥകളാകും ഇതൊക്കെ എന്ന് . ആ മലകളെ ഭക്തിപൂര്‍വ്വം തൊഴുതു നമസ്കരിച്ചു , അവിടെ നിന്നും ഇറങ്ങി. നാസികില്‍ എത്തി അവിടെ ഉള്ള കാമത്ത് ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു. തരക്കേടില്ലാത്ത ഭക്ഷണം ആയിരുന്നു . അതിന് ശേഷം പഞ്ചവടിയിലേക്ക് പോകാന്‍ തീരുമാനിച്ചു, എന്നാല്‍ അടിയന്തരമായി ഓഫീസിലേക്ക് ഒരു മെയിൽ ചെയ്യാൻ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പഞ്ചവടിയില്‍ പോയില്ല . പുരാണ പ്രസിദ്ധമായ ഈ സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ ശരിക്കും സങ്കടം വരും , മാലിന്യങ്ങള്‍ നീക്കാന്‍ ഒരു സംവിധാനവും അവിടെ ഇല്ല . ഇതിന് നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍. എല്ലാത്തിനു സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . നമ്മളും ശ്രദ്ധിക്കണം ഇത്തരം സ്ഥലങ്ങള്‍ മലിനം ആകാതിരിക്കാന്‍ . അവര്‍ പഞ്ചവടി കണ്ട് നാസിക് ടൌണില്‍ വന്നു. അവിടെ നിന്നു ഞാനും കയറി . അവിടെ നിന്നു നാസിക് പൂന ഹൈവേയില്‍ 170 കി ആണ് ശനി ശിംഗാപൂർ ദൂരം , സമയകുറവു മൂലം ഷിര്‍ദ്ദി ദർശനം ഞങ്ങള്‍ വേണ്ട എന്ന് വെച്ചിരുന്നു. ഞങ്ങളുടെ സാരഥി വളരെ ഊചിത്യ ബോധമുള്ള ആളായിരുന്നു , സംശയം തോന്നിയ സ്ഥലങ്ങളില്‍ എല്ലാം ഇറങ്ങി വഴി ചോദിച്ചു മനസിലാക്കിയാണ് പോയിരുന്നത് . മാത്രവും അല്ല അയാള്‍ക്ക് അറിയാവുന്ന പ്രസിദ്ധങ്ങളായ സ്ഥാപനങ്ങള്‍ എല്ലാം അയാള്‍ കാണിച്ചു തന്നിരുന്നു , കമ്മട്ടം ഉണ്ടാകുന്ന സ്ഥലം അയാള്‍ ആണ് കാണിച്ചു തന്നത് . നാസിക്- പൂന ഹൈവേയില്‍ ആണ് ഈ സ്ഥലം. ഏകദേശം ആറു മണിയോട് കൂടി ഞങ്ങള്‍ ശനിയിൽ എത്തി . ഭക്തിയുടെ കച്ചവട വല്‍ക്കരണം ശരിക്ക് നടക്കുന്ന ഒരു സ്ഥലം . ശനിയുടെ പ്രത്യേകത അവിടെ ഉള്ള കടകള്‍ക്കും ,വീടുകള്‍ക്കും ഒന്നും തന്നെ വാതിലോ,ജനലോ ഇല്ല. വെറും തുണി കൊണ്ടാണ് മറച്ചിരിക്കുന്നത്. ഈ നാട്ടില്‍ കള്ളന്‍ കയറില്ല എന്നും കയറിയാല്‍ തന്നെ പത്തു കിലോമീറ്ററിനുള്ളില്‍ അയാള്‍ പിടിക്കപ്പെടും എന്നാണ് വിശ്വാസം , വിശ്വാസം അല്ല സത്യം . അത് കൊണ്ടാണല്ലോ ഇപ്പോളും ഇവിടുത്തെ വീടുകള്‍ക്ക് വാതിലോ ജനലോ ഇല്ലാത്തത്. മനോഹരമായ ക്ഷേത്രം , പുതിയ കെട്ടിടമാണ് അവിടുത്തെ. നടക്കുമ്പോൾ സൂക്ഷിച്ചു നടക്കണം എന്ന് മാത്രം. കാരണം ശനിക്കുള്ള പ്രധാന വഴിവാട് എണ്ണ അഭിഷേകം ആണ് . അവിടെ അപ്പോൾ ആരതിക്കുള്ള തയാറെടുപ്പായിരുന്നു . അവിടുത്തെ ഒരു വേദ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരുന്നു ആരതിക്കുള്ള തയാറെടുത്തത്‍. പ്രസാദം മേടിച്ചു ഞങ്ങള്‍ പുറത്തുകടന്നു.
ഇനി മടക്ക യാത്ര.... പോരുമ്പോള്‍ തനെ നിശ്ചയിച്ചിരുന്നു മടക്കയാത്ര എക്സ്പ്രസ്സ് ഹൈവേയില്‍ കൂടി ആണ് എന്ന് . ശനിയില്‍ നിന്നു പൂനയില്‍ ചെന്നാണ് എക്സ്പ്രസ്സ് ഹൈവേ യില്‍ പ്രവേശിച്ചത് . അപ്പോളേക്കും ഏകദേശം സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു . ഹൈവെയില്‍ കയറുന്നതിനു മുന്‍പ് ഉള്ള കാമത്ത് ഹോട്ടലില്‍ നിന്നു രാത്രി ഭക്ഷണം കഴിച്ചു. കുട്ടികള്‍ എല്ലാവരും അവശരായിരുന്നു. എക്സ്പ്രസ്സ് വേയില്‍ കയറിയതും എല്ലാവരും ഉറങ്ങി. കേരളത്തില്‍ ഇത്തരത്തില്‍ ഉള്ള പാതക്ക് എന്ത് കൊണ്ടാണ് എതിര്‍പ്പ് നേരിട്ടത് എന്ന് മനസിലാവുന്നില്ല. ഒരു പക്ഷെ നമ്മള്‍ മലയാളികള്‍ക്ക് ഒരു പാട് സമയം അധികം തന്നിട്ടുണ്ടാകും ജഗദീശ്വരന്‍ . തിരുവോണ നാളില്‍ പുലര്‍ച്ചെ ഒരു മണിക്ക് പനവേലില്‍ എത്തി. അങ്ങിനെ എന്നെന്നും ഓര്‍ക്കാന്‍ ഒരു മഹാരാഷ്ട്ര യുടെ ഉള്‍ ഭാഗങ്ങളില്‍ കൂടി ഒരു യാത്ര സഫലമായി.