സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിന്‍ പുറത്തു നിന്ന് നോക്കിയാല്‍ ശബരിമലയുടെ ഒരു വിദൂര ദര്‍ശനം ലഭിക്കും. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്‌നേഹികളെ ആകര്‍ഷിക്കാറുണ്ട്. പക്ഷിനിരീക്ഷകര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു