രജനികാന്ത് നായകനായ 'കൂലി' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉപേന്ദ്ര. രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്ന സാഹചര്യത്തിലാണ് ഉപേന്ദ്രയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉപേന്ദ്ര മനസ്സ് തുറന്നത്.
'രജനി സാറിന് വേണ്ടിയാണ് ഞാന്‍ 'കൂലി'യിലെ റോള്‍ ചെയ്തത്. അത് എന്റെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെയും കഴിവിന്റെയും തത്ത്വചിന്തയുടെയും ജീവിതത്തിന്റെയും ഒക്കെ ആരാധകനാണ് ഞാന്‍,' ഉപേന്ദ്ര പറഞ്ഞു. രജനികാന്തിനടുത്ത് നില്‍ക്കുന്ന ഒരു ഷോട്ട് ആണെങ്കില്‍ പോലും തനിക്ക് അത് മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രീകരണത്തിന്റെ തുടക്കത്തില്‍ ഒരു ഫൈറ്റ് രംഗം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും, പിന്നീട് കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നുവെന്നും ഉപേന്ദ്ര വെളിപ്പെടുത്തി. 'കൂലി'യില്‍ കലീഷ എന്ന കഥാപാത്രമായാണ് ഉപേന്ദ്രയെത്തിയത്.
വന്‍ ഹൈപ്പോടെയാണ് 'കൂലി' പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍, ഈ ഹൈപ്പിനൊത്ത് ഉയരാനോ ബോക്സോഫീസില്‍ തിളങ്ങാനോ ചിത്രത്തിനായില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മോശം ചിത്രമാണ് 'കൂലി' എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രജനികാന്തിനെ കൂടാതെ ആമിര്‍ ഖാന്‍, നാഗാര്‍ജുന തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, 'കൂലി'യുടെ കളക്ഷന്‍ സംബന്ധിച്ച നിര്‍മ്മാതാക്കളുടെ കണക്കുകള്‍ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 235 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ആഗോളതലത്തില്‍ നിന്ന് 151 കോടി രൂപയാണ് 'കൂലി' നേടിയത്. ഒരു തമിഴ് സിനിമ ആഗോള തലത്തില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് 'കൂലി' നിര്‍മ്മിച്ചത്. കളക്ഷന്‍ വിവരങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.