അഗസ്ത്യകൂടത്തിന്റെ ബേസ്‌ക്യാപാണ് ബോണക്കാട് എന്ന ഈ തേയിലനാട്. തിരുവനന്തപുരം നെടുമങ്ങാട് വിതുര പിന്നിട്ട് തേവിയോടു നിന്നും വലത്തോട്ട് തിരിഞ്ഞ് കാനനപാതയിലൂടെ വേണം ബോണക്കാട് എത്താന്‍. ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ടാകും ഇത്. കാണിത്തടം ചെക്പോസ്റ്റില്‍ നിന്നുമാണ് വാഴ്വാന്തോളിലേയ്ക്ക് പ്രവേശിക്കുന്നത്. ഇവിടെ നിന്നും പാസെടുത്ത് ഒരു കിലോമീറ്റര്‍ കൂടി വാഹനത്തില്‍ സഞ്ചരിക്കാം. പിന്നെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
ഇനി നടത്തമാണ്. കാട്ടിനുള്ളിലൂടെ വനമൃഗങ്ങളെ കണ്ടും കിളികളെയും കാറ്റിനെയും കൂട്ടുപിടിച്ചൊരു നടത്തം. 2 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നടത്തം ശരിക്കും ആസ്വദിക്കാം. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ഈ മലമ്പാതയുടെ പ്രത്യേകതയാണ്. ഇതൊക്കെ തരണം ചെയ്ത് ഒരു മണിക്കൂറെങ്കിലും എടുക്കും വെള്ളച്ചാട്ടത്തിന് അടുത്തെത്താന്‍.
ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്താണ് വാഴ്വാന്തോല്‍ വെള്ളച്ചാട്ടം. മൂന്ന് തട്ടുകളിലായി പരന്നൊഴുകുന്ന ഈ അമൃതധാര ധാരയെ കണ്ടിരിക്കാന്‍ തന്നെ സുഖമാണ്. ബോണക്കാട് എസ്റ്റേറ്റിനകത്തുകൂടി ഒഴുകിയെത്തുന്ന കാട്ടാറാണ് ഇവിടുത്തെ ജലസമ്പത്ത്. ഇത് പിന്നീട് പേപ്പാറ ഡാമിലെത്തിച്ചേരുന്നു.
അധികമാരും എത്തിപ്പെടാത്തൊരിടം കൂടിയാണിവിടം. അതുകൊണ്ട് തന്നെ പ്രകൃതിയെ അതിന്റെ തനിമയോടെ തന്നെ നമുക്ക് ആസ്വദിക്കാനാകും.ഇതൊരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതുകൊണ്ട് ഫോറസ്റ്റ് ഗാര്‍ഡുകളുടെ സഹായം ലഭ്യമാകില്ല.