കുവൈറ്റില്‍ വളര്‍ന്ന അച്ഛനും അമ്മയും അനുജത്തി പ്രിയയും അടങ്ങുന്ന നാലംഗ കുടുംബമായിരുന്നു പ്രീതിയുടേത്. ക്രിസ്ത്യാനി കുടുംബത്തില്‍ ജനിച്ച പ്രീതി പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷിജുവിന്റെ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമ സിഡിയിട്ട് കാണുന്നത്. അപ്പോഴാണ് ആദ്യമായി ഷിജുവിനെ ശ്രദ്ധിക്കുന്നതും. സിനിമയിലെ പൊക്കമുള്ള, സുന്ദരനായ നായകനോട് പ്രീതിക്ക് തോന്നിയ ആരാധനയാണ് പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രണയമായി മാറിയത്. കുവൈറ്റ് എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യവേ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പ്രീതി ഷിജുവിനെ ആദ്യമായി നേരില്‍ കാണുന്നത്. ആ കൂടിക്കാഴ്ച ഫോണ്‍ നമ്പറുകള്‍ കൈമാറുന്നതിലേക്കും പിന്നീട് സൗഹൃദത്തിലേക്കും നയിച്ചു.
ഒരു ദിവസം കഴിഞ്ഞ്, തൊട്ടടുത്ത ദിവസം ഷിജു പ്രീതിയെ വിളിച്ച്, ഇഷ്ടമാണെന്നു പറഞ്ഞു. ഒരു നടന്‍ ഇങ്ങനെ പറയുമ്പോഴുണ്ടാകുന്ന ആകാംക്ഷയും സന്തോഷവും പ്രീതിയിലുണ്ടാവുകയും ചെയ്തു. പിന്നാലെയാണ് ഒരാഴ്ചയ്ക്ക് ശേഷം ഷിജു പ്രീതിയോട് വിവാഹാഭ്യര്‍ഥന നടത്തി. ആ സമയത്താണ് ഷിജു മുസ്ലിമും താനൊരു ക്രിസ്ത്യാനിയുമാണെന്ന് പ്രീതി മനസ്സിലാക്കുന്നത്. പ്രീതി തന്റെ അനുജത്തി പ്രിയയോട് ഇക്കാര്യം പറഞ്ഞു. ഷിജു ഒരു നടനായതുകൊണ്ടും മതങ്ങള്‍ വ്യത്യസ്തമായതുകൊണ്ടും സൂക്ഷിക്കണമെന്നുമായിരുന്നു പ്രിയയുടെ നിലപാട്. അങ്ങനെ വിവാഹഭ്യര്‍ത്ഥന നടത്തി വെറും മൂന്ന് ദിവസത്തിനുള്ളിലാണ് പ്രീതി വിവാഹത്തിന് സമ്മതം മൂളിയത്. അച്ഛന്‍ മരിച്ച് അതിന്റെ വേദനയില്‍ പ്രീതി നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്.
ഷിജുവിന്റെ സാന്നിധ്യം വലിയ ആശ്വാസമായ വേളയിലാണ് പ്രണയത്തിന് സമ്മതം മൂളുന്നതും വിവാഹ സമ്മതം പറയുന്നതും. എന്നാല്‍ വിവാഹത്തിന് പ്രീതിയുടെ അമ്മ എതിര് ആയിരുന്നു. മതവും, ബന്ധുക്കളും പ്രശ്നമായപ്പോള്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുക ആയിരുന്നു ഷിജുവും പ്രീതയും. 2008ലായിരുന്നു രജിസ്റ്റര്‍ വിവാഹം. പിന്നീട് മകള്‍ മുസ്‌ക്കാന്‍ ജനിച്ച ശേഷം മകളുടെ സാന്നിധ്യത്തില്‍ മതപരമായ ചടങ്ങുകളോടെ വീണ്ടും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. കുവൈറ്റ് എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുക മാത്രമല്ല, നര്‍ത്തകിയും ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭ കൂടിയാണ് പ്രീതി. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം, അവര്‍ യുഎസിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ പഠനത്തില്‍ രണ്ട് വര്‍ഷത്തെ കോഴ്സ് ചെയ്തിട്ടുണ്ട്. കൂടാതെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയ നര്‍ത്തകിയാണ്.
തങ്ങള്‍ വേര്‍പിരിയുകയാണെങ്കിലും പരസ്പര ബഹുമാനം നിലനിര്‍ത്തുമെന്നും മകള്‍ക്കായി നല്ല സുഹൃത്തുക്കളായി തുടരുമെന്നുമാണ് ഷിജു അറിയിച്ചിരിക്കുന്നത്. നീണ്ട വര്‍ഷത്തെ പ്രണയവും ദാമ്പത്യവും അവസാനിപ്പിക്കുമ്പോള്‍, ഒരു ദാമ്പത്യത്തിന്റെ വിജയത്തിന് പരസ്പര ധാരണ വേണമെന്ന് പ്രീതി പറഞ്ഞ വാക്കുകള്‍ ഇന്ന് ചര്‍ച്ചയാകുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും അറിഞ്ഞു പ്രവര്‍ത്തിക്കണം. ഇന്നത്തെ കാലത്ത് ദാമ്പത്യം എന്നത് 50/50 പങ്കിടലാണ്. പെണ്‍കുട്ടികള്‍ക്ക് കരിയര്‍ വേണം, ഒപ്പം വീടിന്റെ ഉത്തരവാദിത്തങ്ങളും ഭംഗിയായി കൊണ്ടുപോകണം.' പ്രീതി അന്ന് പറഞ്ഞതിങ്ങനെയാണ്. പക്വതയോടെയുള്ള ഇവരുടെ തീരുമാനം ആരാധകര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഷിജുവിന്റെയും പ്രീതിയുടെയും പ്രണയത്തിന്റെ ആ പഴയ അധ്യായങ്ങള്‍ ഒരു നോവായി അവശേഷിക്കുന്നു.