പെരിയാര്‍ നദി തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്. തട്ടേക്കാടിന്റെ കിഴക്ക് വടക്കുകിഴക്കു ഭാഗങ്ങളില്‍ കുട്ടമ്പുഴയും, തെക്ക് തെക്കുകിഴക്കു ഭാഗങ്ങളില്‍ മലയാറ്റൂര്‍ സംരക്ഷിത വനങ്ങളും, വടക്ക് ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്. ഇടമലയാര്‍ പെരിയാറ്റില്‍ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്. പശ്ചിമഘട്ടത്തില്‍ സാധാരണ ഉള്ളതു പോലെ നിമ്‌നോന്നതങ്ങളായ ഭൂപ്രകൃതിയാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 35 മീ മുതല്‍ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ്
ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് സങ്കേതത്തില്‍ പ്രധാനമായി മൂന്നിനം വനങ്ങള്‍ ആണുള്ളത്, നിത്യഹരിതവനം, അര്‍ദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങള്‍ക്കു പുറമേ തേക്ക്, മഹാഗണി എന്നിവയുടെ തോട്ടങ്ങളുമുണ്ട്. ഭൂതത്താന്‍ കെട്ട് എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട് ചേര്‍ന്നുണ്ട്
വെള്ളിമൂങ്ങ, മലബാര്‍ കോഴി, കോഴി വേഴാമ്പല്‍, തീക്കാക്ക തുടങ്ങി നിരവധി അപൂര്‍വ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂര്‍വ്വങ്ങളായ തവളവായന്‍ കിളി മുതലായപക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏഴു ഗ്രാം മുതല്‍ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികളെ പ്രദേശത്തു കാണപ്പെടുന്നു. എന്നാല്‍ മയില്‍ ഈ പ്രദേശത്ത് ഉണ്ടാവാറില്ല.
വനങ്ങളില്‍ പക്ഷികള്‍ക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്, നാടന്‍കുരങ്ങ്, പുലി, മാന്‍, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്, കേഴമാന്‍, കൂരമാന്‍, കീരി, മുള്ളന്‍ പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാന്‍, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതല്‍ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്. നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികള്‍ക്ക്, പ്രത്യേകിച്ച് നീര്‍പക്ഷികള്‍ക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.