യാത്ര പോകുന്നതിന്റെ തലേ ദിവസം ഉറങ്ങിയ ചരിത്രം എനിക്കില്ല, ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചു.. കണ്ണടക്കുമ്പോള്‍ പത്മനാഭനും സെക്രട്ടറിയേറ്റും മൃഗശാലയുo പൊന്‍ മുടിയുമെല്ലാം ഹൃദയത്തിന്റെ മറ്റേ അറ്റത്ത് നിഴല്‍ കൂത്ത് നടത്താന്‍ തുടങ്ങി ....ഇന്നത്തെ ഉറക്കവും ഗോവിന്ദ! എന്തായാലും ഞാനും അതിയാനും കുഞ്ഞാവേനേം എടുത്ത് ചങ്കുകളേം കൂട്ടി വെളുപ്പിനേ തന്നെ യാത്ര തുടങ്ങി... ഇന്നത്തെ യാത്ര പത്മനാഭന്റെ മണ്ണിലേക്ക്...അടബിക്കടലിന്റെ ആരവങ്ങളും കേട്ട് ഇരുള്‍ വീണു കിടക്കുന്ന തീരദേശ ഹൈവേയിലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി.. വെളിച്ചം വീണ്ടുതുടങ്ങിയപ്പോള്‍ വൈരകല്ലു പോലെവെട്ടിതിളങ്ങുന്ന പുല്‍പ്പാടങ്ങളിലെ വെള്ളതുള്ളികളും പുക ചുരുള്‍ പോലെ അവയ്ക്കു മുകളില്‍ ഒഴുകി നടക്കുന്ന മൂടല്‍ മഞ്ഞിന്റെ പടലങ്ങളും കാണാറായി.
ആലപ്പുഴയില്‍ നിന്നൊരു കട്ടന്‍ ചായയും പൊരിച്ച പൊറോട്ടയും ( Roasted പൊറോട്ട) കഴിച്ച് കൊല്ലത്തു നിന്ന് അപ്പോം മുട്ടക്കറീം അകത്താക്കി ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. ഇനിയും ലഭിക്കാത്ത നീതിക്കുവേണ്ടി കാത്തു കിടക്കുന്ന സമരപന്തലുകളും ബാരിക്കേഡുകള്‍ക്കും നടുവില്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങള്‍ അല്ല എന്ന ഭാവത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിയമസഭാ മന്ദിരവും കടന്ന് ഞങ്ങള്‍ ഭീമ പള്ളിയിലെത്തി.. ആദ്യമായി ഒരു മുസ്ലീം പള്ളി സന്ദര്‍ശിക്കുന്ന കൊണ്ട് പള്ളിയുടെ മുഗള്‍ രാജ വംശത്തിന്റെ കൊട്ടാരത്തിന്റെ മാതൃക തോന്നുന്ന മനോഹരമായ മിനാരവും കണ്ട് പള്ളി പരിസരത്ത് അല്‍പസമയം ചിലവിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
പിന്നീട് എത്തിച്ചേര്‍ന്നത് മൃഗശാലയിലായിരുന്നു.. റോഡ് സൈഡില്‍ വണ്ടി പാര്‍ക്ക് ചെയ്ത് വഴിവക്കിലെ കടയില്‍ നിന്നു കുടിച്ച സംഭരാത്തില്‍ നിന്നും അപ്രതീക്ഷിത മായി കിട്ടിയ ഉപ്പുമാങ്ങയും നുണഞ്ഞു കൊണ്ട് ഞങ്ങള്‍ മൃഗശാലയിലെത്തി.പഞ്ചവര്‍ണ തത്തയും മൂങ്ങയും കഴുകനും തുടങ്ങി ഹിപ്പൊപൊട്ടാമസും കാണ്ടാമൃഗവും പുലിയും വെളള കടുവയും അനാകോണ്ടവരെയുള്ള ജന്തു വൈവിധ്യങ്ങളേയും കണ്ട് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം വഴിയരികിലെ ഏതോ ഒരു കടയില്‍ നിന്നു യാതൊരു രുചിയുമില്ലാത്തൊരു തട്ടിക്കൂട് ബിരിയാണിയും കഴിച്ച് ഞങ്ങള്‍ പൊന്‍മുടി ലക്ഷ്യമാക്കി വണ്ടി എടുത്തു...തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 60 Kന ദൂരത്താണ് പൊന്‍മുടി മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.. അറബികടലിനു സമാന്തരമായിട്ടുള്ള പശ്ചിമഘട്ടത്തിലാണ് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3600 അടി ഉയരത്തിലുള്ള ഈ പ്രദേശം.
വിതുര കഴിഞ്ഞ് മുന്നോട്ട് പോയി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വന്യമായ കാട്ടുപാതയിലാണ്. കല്ലാറും മീന്‍മുട്ടി വെള്ളച്ചാട്ടവും കടന്ന് മരച്ചില്ലകളുടെ നിഴല്‍ വീണ റോഡിലൂടെയുള്ള യാത്രയും അകലെ സഹ്യാദ്രിയുടെ ഹരിതശോഭയാര്‍ന്ന ചേലയും അതി മനോഹരമായ കാഴ്ചകളായിരുന്നു. അടിവാരത്തു നിന്നും 22 ഹെയര്‍ പിന്നുകള്‍ പിന്നിട്ടു വേണം പൊന്‍മുടി ടോപ്പ് സ്റ്റേഷനില്‍ എത്താന്‍ .. വണ്ടി ചെക്കിംഗും ടിക്കറ്റ് എടുക്കലും കഴിഞ്ഞ് ( 4 പേര്‍ക്കും ഒരു കാറിനും കൂടി 150 രൂപ) കുത്തനെയുള്ള കയറ്റം കയറി തുടങ്ങി.. ഒരു വശത്തു അഗാധമായ കൊക്കയും മറുവശത്ത് അന്ധകാരം വ്യാപിച്ച കൊടും കാടും അതിലൂടെയുള്ള യാത്ര പറഞ്ഞറിയിക്കാന്‍ ആവാത്ത ആവേശമാണ് ഞങ്ങള്‍ക്ക് തന്നത്. അല്പം കഴിഞ്ഞപ്പോള്‍ തേയില തോട്ടങ്ങളും ചായക്കടകളും കാണാറായി ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പൊന്‍മുടിയിലെത്തി... ഞായറാഴ്ച ആയ കൊണ്ട് സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുവായിരുന്നു പൊന്‍മുടി... ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ കോടമഞ്ഞും ഇല്ല തണുപ്പും ഇല്ല പോരാത്തതിന് നല്ല തിരക്കും ... ഞങ്ങള്‍ക്ക് കുറച്ച് നിരാശയൊക്കെ തോന്നാതിരുന്നില്ല... എന്നാലും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും ഇടയ്ക്ക് മനസിനെ തഴുകി പോകുന്ന കുളിര്‍ കാറ്റും ഞങ്ങള്‍ക്ക് ആശ്വാസമേകി.,.. തണല്‍ വീണുകിടന്നിരുന്ന പാറക്കെട്ടില്‍ വിശ്രമിച്ച് ഞങ്ങള്‍ ആ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ക്ഷമയോടെ കാത്തിരുന്നു.. സഞ്ചാരികളുടെ തിരക്ക്കുറഞ്ഞിട്ട് അവിടമാകെ നടന്നു കാണാന്‍...
6 മണി ആയപ്പോഴേക്കും ഫോറസ്റ്റ് ഗാര്‍ഡ്‌സ് വന്നു സഞ്ചാരികളോട് 6.30 നു മുന്‍പ് എല്ലാരും സ്ഥലം കാലിയാക്കാന്‍ വിളംബരം ചെയ്തിട്ട് പോയി, അേ
ന്വഷിച്ചപ്പോഴാണ് അറിഞ്ഞത് അവിടെ 6.30 വരെയെ സന്ദര്‍ശന സമയം ഉള്ളൂ എന്ന്... തകര്‍ന്നു പോയി ഞങ്ങള്‍.. ചാടി എണീറ്റ് ചുറ്റും നോക്കി 360° വ്യൂ ... ചുറ്റും ഒന്നിനൊന്ന് മനോഹരം വളരെ കുറച്ച് സമയമേ കയ്യിലുള്ളൂ ഏത് വശത്തേക്ക് പോകും? കാഴ്ച കാണോ സെല്‍ഫി എടുക്കോ? നേരം അസ്തമയത്തോട് അടുത്തു... നീലാകാശം ചുവന്ന ചായം പുരട്ടാന്‍ തുടങ്ങി... പൊന്‍മുടിയിലെ മലനിരകളിലും തിങ്ങിനില്‍ക്കുന്ന പുല്‍നാമ്പുകളിലും സ്വര്‍ണ രാജി പടര്‍ന്നു തുടങ്ങി... വിസില്‍ ഊതി കൊണ്ട് ഗാര്‍ഡ്‌സ് പുറകെ ഉണ്ട് പല സഞ്ചാരികളും മടങ്ങാന്‍ തുടങ്ങി..
അതു വരെ ശങ്കിച്ചു നിന്ന ഞങ്ങള്‍ പൊന്‍ വെളിച്ചം വരുന്ന ദിക്കിലേക്ക് നടന്നു തുടങ്ങി.. ചുറ്റും നോക്കുപോള്‍ കാല്‍ചുവട്ടിലെ പാറക്കല്ലു പോലും സ്വര്‍ണ നിറത്തില്‍ പ്രകാശിക്കും പോലെ ... പത്മനാഭസ്വാമിയുടെ നിലവറയിലെ സ്വര്‍ണo മുഴുവന്‍ ഈ മലനിരകളില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോയി പൊന്‍ വെളിച്ചം വലയം ചെയ്ത ഗിരിനിരകള്‍ അത്ര പ്രകാശപൂര്‍ണമായിരുന്നു.. വിസിലടി ശബ്ദം അടുത്ത് വരുമ്പോഴും ആ അരുണിമയോട് വിട പറയാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു... ഗാര്‍ഡ്‌സിന്റെ അന്ത്യശാസനത്താല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഞങ്ങള്‍ മലയിറങ്ങി.. സാവധാനം അടിവാരത്തേക്ക് പോരുമ്പോഴും പൊന്മുടിയില്‍ തന്റെ ചെഞ്ചുണ്ടിനാല്‍ മുത്തമിടുന്ന ദിനമണിയിലായിരുന്നു ഞങ്ങളുടെ കണ്ണുകള്‍.. സ്വര്‍ണ മുടിയുടെ തിളക്കം കാണിച്ച് കടന്നുകളഞ്ഞ പൊന്‍മുടി പെണ്ണിനെ വിശദമായി ഒന്നു കാണാന്‍ 22 ഹെയര്‍ പിന്നുകളും കടന്ന് വീണ്ടും വരുമെന്നുറപ്പിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു.