നടന്‍ വിജയ്യുടെ വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് മാത്രമല്ല കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്യുടെ രാഷ്ട്രീയ ഭാവിയെ വിവാദം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് തന്റെ സര്‍നെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോര്‍ട്ട്.
ജേസണ്‍ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസണ്‍ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്‍ വിജയ്യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേര്‍ക്കുകയാണ് ജേസണ്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.
അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ജേസണ്‍ സഞ്ജയ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. കാമറയ്ക്ക് പിന്നിലൂടെയാണ് താരപുത്രന്റെ തുടക്കം. സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്താണ് ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറുന്നത്. വിജയ്യും ഭാര്യ സംഗീത സ്വര്‍ണലിംഗവും 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉള്‍പ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതിനിടെ വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ഇപ്പോള്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു.
നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.