വടകരയുടെ സ്വന്തം ഊട്ടിയാണ് പയംകുറ്റിമല. പ്രശാന്ത സുന്ദരമായ ഈ പയംകുറ്റിമല വടകര പട്ടണത്തില്‍ നിന്നും വെറും അഞ്ചു കിലോമിറ്ററുകള്‍ മാത്രം ദൂരത്തിലുള്ള ഒരു മലയാണ്. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ് ഈ മലയ്ക്ക് മുകളിലൂടെ കാണാൻ സാധിക്കുക. ആകാശവും,കടലും, പച്ചപ്പുകളും, കുന്നും മലകളുമൊക്കെ മതിവരുവോളം ഇവിടെ നിന്ന് ആസ്വദിക്കാനും സാധിക്കുന്നു. വളരെ അധികം സ്വഗീയ ഭൂമിയായ ഇവിടം കാണാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ദിനം പ്രതി വർധനവാണ് ഉള്ളത്. പയംകുറ്റിമലയില്‍ എത്താനായി വടകരയിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രമായ ലോകനാര്‍കാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ റോഡിലൂടെ 800 മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മാത്രം മതിയാകും.
ഏകദേശം സമുദ്ര നിരപ്പില്‍ നിന്നും 2000ത്തോളം അടി മുകളിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ പയംകുറ്റിമലയിലേക്ക് ആകര്‍ഷിക്കുന്നത് അത്രയും ഉയരത്തില്‍ നിന്നുമുള്ള കാഴ്ചയാണ് . നിരവധി പേരാണ് ദിനംപ്രതി ഉദയവും അസ്തമയവും കാണാനും മുത്തപ്പന്‍ പ്രസാദം കഴിക്കാനുമായി പയംകുറ്റിമലയിലേക്ക് എത്തുന്നത്. മുത്തപ്പന്‍ മലയിലെ ഉത്സവം ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയാണ്. വിവിധങ്ങളായ കല-സാംസ്‌കാരിക പരിപാടികളും തിറയോടൊപ്പം തന്നെ ഇവിടെ നടക്കാറുമുണ്ട്.
മതിവരുവോളം പ്രകൃതി സൗന്ദര്യം പച്ചപ്പും കുന്നും മലയും ആകാശവും കണ്ട് ആസ്വദിക്കാന്‍ ഇതുപോലെ വേറൊരിടമെന്നത് സംശയവുമാണ്. പയംകുറ്റിമലയിലെ സൂര്യാസ്തമയം വൈകുന്നേരമായാല്‍ കാണൽ ഒരു ദിനചര്യ പോലെയാണ് സഞ്ചാരികളും സമീപവാസികളും എത്തുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഇരിക്കാൻ ഏവരും ഇഷ്‌ടപ്പെടുന്ന ഒരു ഇടം കൂടിയാണ് ഇവിടം.
മലമുകളിൽ നിന്ന് നോക്കുന്ന വേളയിൽ തെങ്ങിന്‍ തോപ്പുകള്‍ക്കൊക്കെ മുകളിലായിട്ടായിരിക്കും പടിഞ്ഞാറ് കടല്‍ കാണാനാകുക. പച്ചവിരിച്ച ഒരു വലിയ പരവധിയായിരിക്കും കാഴ്‌ചയ്‌ക്ക്. അതോടൊപ്പം നീലനിറത്തിൽ ആറാടി നിൽക്കുന്ന കടലും കാണാനാകും. പയംകുറ്റിമലയുമായി പ്രശസ്തമായ ലോകനാര്‍കാവില്‍ അമ്മയുടെ ഇന്നത്തെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്ന സ്ഥലത്തിനും ബന്ധമുണ്ട് എന്ന് വിശ്വാസവും നിലനിൽക്കുന്നു. അതേ സമയം കുറച്ച കൂടി സൂക്ഷ്‌മമായി നോക്കുമ്പോൾ അറബിക്കടലും വെള്ളിയാംകല്ലും, തിക്കോടി ലൈറ്റ് ഹൗസും, വയനാടന്‍ മലനിരയും കണ്ട് ആസ്വദിക്കാനും സാധ്യമാകും.