കുളിർമയേകുന്ന ശീതക്കാറ്റേറ്റ് ആകാശം അതിർവരമ്പിടുന്ന ഹരിതഭംഗി ആസ്വദിക്കാം. കാട്ടാനകളെയും കാട്ടുപോത്തുകളെയും മാനുകളെയും സിംഹവാലനെയുമെല്ലാം കാണാം. വെള്ളച്ചാട്ടങ്ങളും, അരുവികളും, താഴ്‌വാരങ്ങളും, മലനിരകളുമടക്കം പ്രകൃതി ഒളിപ്പിച്ചിട്ടുള്ള വിസമയക്കാഴ്ചകളും കൺനിറയെ കണ്ടാസ്വദിക്കാം. ഇതൊക്കെയായിരുന്നു നെല്ലിയാമ്പതിയിലേയ്ക്ക് യാത്ര പുറപ്പെടുമ്പോൾ മസ്സിലുണ്ടായിരുന്ന കണക്കുകൂട്ടലുകൾ.
പുലർച്ചെ 3-ന് കുമളിയിൽ നിന്നെത്തിയ ആന വണ്ടിയിൽ കോതമംഗലത്തുനിന്നും പെരുമ്പാവൂർ വരെ. ഇവിടെ നിന്നും തൃശ്ശൂർ യാത്രയ്ക്ക് തുണയായതും കെഎസ്ആർടിസി തന്നെ. 5.30-ന് ശക്തൻ സ്റ്റാന്റിൽ എത്തിയപ്പോഴേയ്ക്കും നെന്മാറയ്ക്കുള്ള ആദ്യ ബസ്സ് പുറപ്പെട്ടിരുന്നു. സ്റ്റാന്റിൽ പാലക്കാട് ബോർഡ് വച്ച് സ്റ്റാർട്ടിംഗിൽ നിർത്തിയിരുന്ന ബസ്സിലെ ജീവനക്കാരോട് അടുത്ത നെന്മാറ ബസ്സ് എപ്പോഴാണെന്ന് തിരക്കിയപ്പോൾ സ്റ്റാന്റിൽ നിന്നും ഇനി 7-നാണ് ബസ്സുള്ളതെന്നും റൗണ്ടിൽ നിന്നും 6-ന് ബസ്സുണ്ടെന്നും, ഒപ്പം പോന്നാൽ കയറ്റിവിടാമെന്നും പറഞ്ഞു.
ഏതാനും മിനിട്ടുകൾക്കുള്ളിൽ ഈ ബസ്സ് സ്റ്റാന്റിൽ നിന്നെടുത്തു. റൗണ്ടിലെത്തി ബസ്സ് നിർത്തിയപ്പോൾ മുന്നിലെ ബസ്സ് ചൂണ്ടി ജിവനക്കാർ പറഞ്ഞു..അതാണ് ബസ്സ്. തിടുക്കത്തിൽ ഇറങ്ങി ഓടിച്ചെന്ന് ബസ്സിൽക്കയറിയപ്പോൾ ഒട്ടുമിക്ക സീറ്റും കാലി. യാത്രക്കാരിൽ ഒരാളോട് തിരക്കിയപ്പോൾ 6-നാണ് ബസ്സ് പുറപ്പെടുക എന്നറിഞ്ഞു. പുറത്തിറങ്ങി ബസ്സിന് സമീപത്ത് നിന്നിരുന്ന ഡ്രൈവറോട് ചോദിച്ച് പുറപ്പെടുന്ന സമയം ഒന്നുകൂടി ഉറപ്പാക്കി. നോക്കുമ്പോൾ 10 മിനിട്ട് കൂടി ബാക്കിയുണ്ട്. ബസ്സിലെ തമിഴ്പാട്ടും ആസ്വദിച്ച് സമയം ചെലവിട്ടിരിക്കെ ഉറക്കം കൺപോളകളെ വല്ലാതെ ശല്യപ്പെടുത്തി. ബസ്സനങ്ങിത്തുടങ്ങിയപ്പോൾ പെട്ടെന്ന് കണ്ണുതുറന്നു. ചുറ്റുംനോക്കുമ്പോൾ സീറ്റുകളിൽ ഒട്ടുമിക്കതിലും യാത്രക്കാർ. സാമാന്യം വേഗത്തിലാണ് ബസ്സ് ഓടുന്നത്. സൈഡ് സീറ്റാതിനാൽ മുഖത്ത് നന്നായി കാറ്റടിക്കുന്നുണ്ടായിരുന്നു.കണ്ണുകൾ വീണ്ടും അടഞ്ഞു.
നെല്ലറകളുടെ നാട്ടിൽ നിന്നും നെല്ലിയാമ്പതി കാട്ടിലേയ്ക്ക്
നെമാറ... നെന്മാറ എന്ന് കണ്ടക്ടർ വിളിച്ചുകൂവുന്നത് കേട്ടാണ് ഉണർന്നത്. പുറത്തെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡ് നോക്കി സ്ഥലം ഉറപ്പിച്ചു. ഉടൻ ബസ്സിൽ നിന്നും ഇറങ്ങി. വാച്ചിൽ നോക്കുമ്പോൾ സമയം 7.30. ഇവിടെ നിന്നും 8 മണിയോടെ പകുതിപ്പാലത്തിന് പുറപ്പെടുന്ന ഇക്കോ ടൂറിസം സെന്റിന്റെ വണ്ടിയിൽ അസിസ്റ്റന്റ് മാനേജർ സുനീറുമായി സംസാരിച്ച് സീറ്റുറപ്പിച്ചിരുന്നു. അദ്ദേഹത്തെ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ യാത്ര 15 മിനിട്ടുകൂടി വൈകുമെന്നും പുറപ്പെടാൻ നേരത്ത് വിളിക്കാമെന്നും പറഞ്ഞു. ഇതിനിടയിൽ സമീപത്തെ ഹോട്ടലിൽക്കയറി ചൂട് ചായ ഒരെണ്ണം അകത്താക്കി.
പുറത്തിറങ്ങി ബസ്സ്സ്റ്റാന്റിലെ കാഴ്ച കണ്ട് നിന്നു. ഇതിനിടയിൽ ഭാഗ്യം വിൽക്കുന്ന മൂന്ന് പേർ ലോട്ടറി ടിക്കറ്റുകളുമായി എത്തി. സ്നേഹപൂർവ്വം നിരസിച്ച് മൂന്നുപേരെയും നിരാശപ്പെടുത്തി മടക്കി. ലോട്ടറിയെടുക്കുന്ന ശീലം പണ്ടേ ഇല്ല. മുന്നിലെത്തിയ വിൽപ്പനക്കാരിൽ കരുണ തോന്നിയവരോട് മാത്രം ലോട്ടറി എടുത്തിട്ടുണ്ട്.അതും രണ്ടോ മൂന്നോ തവണമാത്രം. 8.10 ആയപ്പോഴേയ്ക്കും സുനീറിന്റെ വിളിയെത്തി. എവിടെയാണ് നിൽക്കുന്നത് എന്ന് ചോദിച്ചു. ബസ്സ് സ്റ്റാന്റ് കവാടത്തിലുണ്ടെന്നറിയിച്ചപ്പോൾ തൊട്ടടുത്ത പെട്രോൾ പമ്പിലെത്താൻ നിർദ്ദേശിച്ചു. ഏതാനും ചുവടുവച്ചപ്പോൾ തന്നെ പമ്പ് കണ്ടു. കൈതന്ന് സന്തോഷം പങ്കിട്ട് സുനീർ. അപ്പോഴേക്കും ഡ്രൈവർ സീറ്റിൽ റെഡി. വാഹനം മെല്ലെ നെന്മാറയിൽ നിന്നും നീങ്ങിത്തുടങ്ങി. വളഞ്ഞുംപുളഞ്ഞും പോകുന്ന പാതയുടെ ഇരുവശവും പ്രകൃതി ഒരുക്കിയ സുന്ദരദൃശ്യങ്ങൾ ആവോളം ആസ്വദിച്ചായിരുന്നു യാത്ര.
കാഴ്ചകളുടെ വസന്തം കൺമുന്നിൽ; മനസ്സിൽ ഉല്ലാസത്തിന്റെ തേരോട്ടം
വെൺമേഘങ്ങൾ വലംവയ്ക്കുന്ന മലനിരകൾ, കലപിലകൂട്ടി മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, പറന്നകലുന്ന പക്ഷിക്കൂട്ടങ്ങൾ, പാതവക്കിലെ കുരങ്ങന്മാരുടെ വികൃതികൾ.... ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകൾ സിനിമ സ്‌ക്രീനിലെന്ന പോലെ മുന്നിൽ തെളിയുകയാണ്. ഏകദേശം പത്ത് കിലോമീറ്ററോളം പിന്നിട്ടപ്പോൾ റോഡിൽ പാലം നിർമ്മാണം നടക്കുന്നത് കണ്ടു.പാലം പ്രളയത്തിൽ തകർന്നിരുന്നെന്നും ഒരുമാസത്തോളം വണ്ടി ഓടിയില്ലെന്നും വാഹന ഗതാഗതം തുടങ്ങിയിട്ട് കഷ്ടി ഒരുമാസമേ ആകുന്നുള്ളുവെന്നും സുനീർ വിശദീകരിച്ചപ്പോൾ പ്രദേശവാസികൾ അനുഭവിച്ച ദുരിതത്തെക്കുറിച്ചായി എന്റെ ചിന്ത.
വലിയ പാറക്കല്ലുകളും കടപുഴകിയ മരങ്ങളുമൊക്കെ പരിസരത്ത് അവിടെയും ഇവിടെയുമായി കിടക്കുന്നുണ്ടായിരുന്നു. അല്പനേരം ഇവിടെ പാലം പണികണ്ട് നിന്നു. പിന്നെ വീണ്ടും യാത്ര. ഇടയ്ക്ക് വ്യൂപോയന്റുകളിൽ കയറി ഇറങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഞങ്ങൾ സമയം കണ്ടെത്തി. പോത്തുണ്ടി ജലാശയവും മലനിരകളുമാണ് പ്രധാനമായും വ്യൂപോയിന്റുകളിൽ നിന്നുള്ള പ്രധാന കാഴ്ച. ഏകദേശം ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ വാഹനം പോത്തുണ്ടി ഡാമിന്റെ സമീപമെത്തി. ഡാമിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്. കണ്ണെത്തുന്ന ദുരത്തിൽ പലയിടത്തും അടിത്തട്ട് തെളിഞ്ഞ അവസ്ഥയിലാണ്.
ഏതാണ്ട് 10 മിനിട്ട് ഇവിടെ ചെലവഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.നൂറടിയിലെത്തിയപ്പോൾ സീതാർകുണ്ട് കാണുന്നുണ്ടോയെന്ന് സൂനീർ ചോദിച്ചു.പോകാം എന്ന് എന്റെ മറുപടി കേട്ടതോടെ ഡ്രൈവർ വാഹനം തിരിച്ചു. അൽപ സമയത്തിനുള്ളിൽ യാത്ര തേയിലത്തോട്ടങ്ങളിലൂടെയായി. ആ വഴി ചെന്നവസാനിച്ചത് പോപ്സിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ്. ഈ സമയം ഇവിടെ ടെമ്പോട്രാവലറുകളും മിനിബസ്സുകളും കാറുകളും ജീപ്പുകളുമടക്കം പ്രദേശമാകെ വാഹനങ്ങൾ നിറഞ്ഞിരുന്നുന്നു.
സീതാർകുണ്ടിൽ സഞ്ചാരികളുടെ പ്രളയം
വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ തന്നെ പാർക്കിങ് ഫീസ് പിരക്കാൻ ആളെത്തി. 10 രൂപയായിരുന്നു ഫീസ്. പണവും വാങ്ങി ടിക്കറ്റും നൽകി ഇയാൾ സ്ഥലം വിട്ടതോടെ ഞങ്ങൾ മുന്നിൽക്കണ്ട വഴിയുടെ നടന്നു. ഏകദേശം 300 മീറ്ററോളം പിന്നിട്ടപ്പോൾ നെല്ലിയാമ്പതിയുടെ തിരിച്ചറിയൽ അടയാളമായ നെല്ലി കണ്ടു. തളിർത്ത്, സൗന്ദര്യം ആവോളം പുറത്തെടുത്ത് ആകാശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന നെല്ലി ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമാണ്. ചുവട്ടിൽ നിന്നും കെട്ടിപ്പിടിച്ചും സ്നേഹം പങ്കിടുന്ന സഞ്ചാരികളിൽ ഒട്ടുമിക്കവരും നെല്ലിയോടൊപ്പം ഒരു സെൽഫിയെങ്കിലും എടുക്കാതെ മടങ്ങാറില്ല.
സമീപത്ത് തന്നെ വെള്ളച്ചാട്ടമുണ്ടെന്ന് ഇവിടെ എത്തിയവരിൽ ആരോ പറയുന്നത് കേട്ടു. എനിക്കും അവിടേയ്ക്ക് പോകണമെന്ന് തോന്നി. ഇപ്പോൾ വെള്ളമില്ലന്നും മഴക്കാലത്ത്് മാത്രമാണ് വെള്ളച്ചാട്ടം സജീവമാകുക എന്നുമായിരുന്നു ആഗ്രഹം അറിയിച്ചപ്പോൾ സുനീറിന്റെ പ്രതികരണം. വെള്ളച്ചാട്ടം കാണാത്തതിന്റെ നേരിയ നിരാശയുമായിട്ടായിരുന്നു ഇവിടെ നിന്നും മടക്കം..പിന്നീട് ലക്ഷ്യസ്ഥാനം കേരള വനംവികസന കോർപ്പറേഷന്റെ പകുതിപ്പാലത്തെ ഇക്കോ ടൂറിസം സെന്ററായിരുന്നു,. തിരിച്ചുവരുന്ന വഴി സർക്കാരിന്റെ ഓറഞ്ച് ഫാം കണ്ടു. നിറയെ ഓറഞ്ച് ചെടികൾ ഉണ്ടെങ്കിലും ഒന്നിലും ഓറഞ്ചില്ല. ഓറെഞ്ചെല്ലാം ആന തിന്ന് തീർക്കുന്നതാ..ഡ്രൈവർ ചന്ദ്രൻ സംശയം തീർത്തു.പിന്നെ കൈകാട്ടിയിൽ പകുതിപ്പാലത്തേയ്ക്ക് തിരിഞ്ഞു. ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതോടെ യാത്ര റിസർവ്വ് വനത്തിലൂടെയായി. ഏതാണ്ട് പത്ത് മിനിട്ട് കഴിഞ്ഞിട്ടുണ്ടാവും ദേ സിംഹവാലൻ എന്ന് പറഞ്ഞ് സുനീർ ഇടതുഭാഗത്തേയ്ക്ക് വിരൽ ചൂണ്ടി. ഈ സമയം ചന്ദ്രൻ ജീപ്പ് നിർത്തി. ഇറങ്ങി നോക്കുമ്പോൾ ഒരു മരച്ചോട്ടിൽ വെളുത്തതാടിരോമങ്ങളും ചെറിയ വാലുകളുമുള്ള ഒരു കൂട്ടം കറുത്തനിറത്തിലുള്ള കുരങ്ങന്മാർ.
ഞങ്ങളെ കണ്ടതോടെ എല്ലാം ഓടി മരത്തിൽക്കയറി. പിന്നെ ചില്ലകളിൽ തൂങ്ങി,ചാടി ..ചാടി ദൂരേയ്ക്ക് ഇവ ദൂരേയ്ക്ക് യാത്രയായി. കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോൾ പാതയോരത്തെ മരത്തിൽ കരിങ്കുരങ്ങുകളെയും കണ്ടു. ഇവയ്ക്ക് സിംഹവലനേക്കാൾ വലിപ്പവും വാലിന് നീട്ടവും ഉണ്ട്.ഇക്കോ ടൂറിസം സെന്ററിന്റെ കവാടത്തിൽ എത്തിയപ്പോൾ സമയം 1.30.കവാടത്തിൽ ഇലട്രിക് ഫെൻസിംഗിന്റെ ഭാഗമായി വലിച്ചിരുന്ന കമ്പികൾ കണ്ടു. കൊളുത്തുകൾ മുഖേനയാണ് കവാടത്തിലെ തൂണിൽ കമ്പികൾ ഘടിപ്പിച്ചിരുന്നത്. ചന്ദ്രൻ അഴിച്ചുമാറ്റി വാഹനവുമായി മുന്നോട്ട് നീങ്ങി. കയറ്റം കയറി വാഹനം നിന്നത് അതിഥി മന്ദിരത്തിന് മുന്നിൽ. ഇവിടെ ഒരാൾ ഞങ്ങളെ കാത്തുനിന്നിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ വഴി സുനീർ പരിചയപ്പെടുത്തി ..ഇത് മനോഹരൻ ചേട്ടൻ.. ഇവിടുത്തെ കുക്കാണ്.
ഈ കെട്ടിടത്തിന്റെ മുറ്റത്തുവരെ ആനയും കാട്ടുപോത്തും പുലിയുമൊക്കെ എത്താറുണ്ട്. താമസക്കാർക്ക് ശല്യം ഉണ്ടാവാതിരിക്കാനാണ് ഫെൻസിങ് സ്ഥാപിച്ചത്. ചുറ്റും നേക്കിയപ്പോൾ കേട്ട വിവരം ശരിയാണെന്ന് എനിക്ക് ബോദ്ധ്യമായി. കെട്ടിടത്തിന്റെ ചുറ്റം വനമാണ്. വനമേഖലയുടെ അതിർത്തി കെട്ടിടത്തിന്റെ മുറ്റമാണ്. നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രൻ താക്കോലുമായി എത്തി മുറിയുടെ വാതിൽ തുറന്നു. മുറിയിലേയ്ക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പിന്നിൽ മരച്ചില്ലങ്ങൾ അനങ്ങുന്ന ശബ്ദം കേട്ടത്. പുറത്തേയ്ക്കിറങ്ങി നോക്കുമ്പോൾ ഒരുകൂട്ടം കരിങ്കുകരങ്ങുകൾ മരത്തിന് മുകളിൽ.അൽപ്പസമയം ഇവയുടെ ചാട്ടവും മറിച്ചിലുമൊക്കെ കണ്ടുനിന്നു. പിന്നെ മുറിയിലേയ്ക്ക് പ്രവേശിച്ചു.
മനോഹരന്റെ കൈപുണ്യം; നാവിൽ നിറച്ചത് രുചി വൈഭവം
ണ്ട് കട്ടിലുകൾ, മൂന്ന് പേർക്ക് കിടക്കാൻ പാകത്തിൽ ഒരുവശത്ത് ബർത്ത് സൗകര്യം, വാഷ്ബേസിൻ, കുളിമുറി ..മൊത്തിൽ നാലോ അഞ്ചോപേർക്ക് താമസിക്കാനുള്ള എല്ലാം സൗകര്യങ്ങളും മുറിയിൽ ഒരുക്കിയിട്ടുണ്ട്. പെട്ടെന്ന് കൈയും കാലും മുഖവുമൊക്കെ കഴുകി മുറിക്ക് പുറത്തിറങ്ങി. ഈ സമയം സുനീർ സ്വീകരണമുറിയിലേയ്ക്ക് എത്തി. കഴിക്കാല്ലേ.... എന്നേ കണ്ട പാടെ സുനീർ ചോദിച്ചു. പൊരിഞ്ഞ വിശപ്പായിരുന്നു. ഊണ് കിട്ടുമോ എന്ന് അങ്ങോട്ട് ചോദിക്കാൻ ഞാൻ നാക്ക് വളയ്ക്കുമ്പോഴായിരുന്നു. മനസ്സ് അറിഞ്ഞതുപോലെയുള്ള സുനീറിന്റെ ചോദ്യം ഞാൻ ഓകെ പറഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ചന്ദ്രൻ പുറത്തേയ്ക്ക് പോയി.
അഞ്ച് മിനിട്ടു കഴിഞ്ഞില്ല..തുശനിലയും പാത്രങ്ങളുമായി ചന്ദ്രനും മനവോഹരനും കൂടി മുറിയിലെത്തി. തുശനില നല്ല കുത്തരി ചോറ് വിളമ്പി. പിന്നാലെ അവിയലും സാമ്പാറും രസവും ആച്ചാറും തോരനും പപ്പടവും എല്ലാം ഇലയിൽ സ്ഥാനം പിടിച്ചു. ചുരുക്കിപ്പറഞ്ഞാൽ വിഭവ സമൃദ്ധമായ സമൃദ്ധമായ സദ്യ. കറികൾ എല്ലാം ഒന്നിനൊന്ന് മെച്ചം. മനോഹരൻ ചേട്ടന്റെ കൈപുണ്യത്തെ നേരിൽ തന്നെ അഭിനന്ദിച്ചു.ഊണുകഴിഞ്ഞ് എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ മനോഹരൻ ചേട്ടൻ ഗ്ലാസ്സ് നേരെ നീട്ടി. പായസമാണ് ...ഊണിന്റെ കൂടെ ഇവിടെ പായസം പതിവാണ് ..സുനീർ എന്റെ സംശയം തീർത്തു. ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു എന്നുപറഞ്ഞ് ഞാൻ ഗ്ലാസ്സ് പതിയെ ചുണ്ടോടടുപ്പിച്ചു. ചൂടായിരുന്നെങ്കിലും അൽപം ഊതിക്കുടിച്ചു. നല്ല ചെറുപയർ പായസം. മധുരവും മറ്റുചേരുവകളുമെല്ലാം കിറുകൃത്യം. ഈ സദ്യവട്ടം ഒരുക്കിയ മനോഹരൻ ശ്രീലങ്കക്കാരനാണെന്നറിഞ്ഞപ്പോൾ അത്ഭുതമായി. ഈ വർഷം ഇവിടെ നിന്നും പെൻഷനാവുമെന്നും ഈയവസരത്തിൽ കൊത്തിക്കൊണ്ടുപോകാൻ റിസോർട്ടുകാരും വൻകിട ഹോട്ടലുകാരുമൊക്കെ കാത്തിരിക്കുകയാണെന്നറിഞ്ഞപ്പോൾ മനോഹരനെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി.
പത്ത് നാപ്പതുകൊല്ലം മുമ്പ് ലങ്കയിൽ നിന്നും എസ്റ്റേറ്റ് ജോലിക്കായി മലകയറി കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.ഇവിടെ മലയാളികളുമായി അടുത്തിടപഴകാൻ അവസരം കിട്ടി. അങ്ങിനെയാണ് ഇതെല്ലാം ഉണ്ടാക്കാൻ പഠിച്ചത്. പെൻഷനായാൽ എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വിവരങ്ങളാരാഞ്ഞപ്പോൾ മനോഹരൻ പ്രതികരിച്ചു. മനോഹരന്റെ കൈപ്പുണ്യം ഇപ്പോഴും നാക്കിൻ തുമ്പിലുണ്ട്. ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ തീരുമാനിച്ചു. ഉച്ചവെയിലിൽ പുറത്തിറങ്ങാനാവാത്ത് അവസ്ഥ. എന്റെ വരവ് നേരത്തെ അറിയിച്ചിരുന്നതിനാൽ റൂം റെഡിയാക്കിയിരുന്നു. കട്ടിലിലേയ്ക്ക് കിടന്നതേ ഒർമ്മയുള്ളു.എഴുന്നേൽക്കുമ്പോൾ വൈകിട്ട് 5.30. പത്ത് മിനിട്ടുകഴിഞ്ഞപ്പോഴേയ്ക്കും ആവി പറക്കും ചായയുമായി മനോഹരൻ വീണ്ടും മുന്നിൽ.
ചായ കഴിച്ച് താമസകേന്ദ്രത്തിന് ചുറ്റും ഒരുവലം വച്ചു. ഛിൽ.. ഛിൽ കേട്ടാണ് മരത്തിന് മുകളിലേയ്ക്ക് നോക്കിയത്. കൈ എത്തിച്ചാൽ പിടിക്കാവുന്ന അകലത്തിൽ. എന്നേ കണ്ടപാടെ അണ്ണാൻ ശരം വിട്ടകണക്കെ മരത്തിന് മുകളിലേയ്ക്ക് ഒറ്റ ഓട്ടം. പിന്നെ തല താഴേയ്ക്ക് തിരിച്ച് വിശ്രമം.വീണ്ടും ഛിൽ ..ഛിൽ.പിന്നെ മരച്ചില്ലകളിലൂടെ ചാടി ചാടി കാണാമറയത്തേയ്ക്ക്.സമീപത്തെ മരച്ചില്ലകളിൽ മിക്കതിലും പക്ഷികളെ കണ്ടു.അടയ്ക്കാ കുരിവിയുടെ വലിപ്പം മുതൽ മാടത്തയുടെ വലിപ്പമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. നാട്ടിൽ കണ്ട് പരിചയമുള്ളവയൊന്നും കൂട്ടത്തിലുണ്ടായിരുന്നില്ല. ചുവപ്പ് ,പച്ച, മഞ്ഞ വർണ്ണങ്ങളിലെ പക്ഷികൾ കൂട്ടത്തിൽ വ്യത്യസ്തരായി.തൊട്ടപ്പുറത്തുനിന്നും മലമുഴക്കി വേഴാമ്പലിന്റെ ശബ്ദം കേട്ടെങ്കിലും കാണാൻ സാധിച്ചില്ല. ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് മുൻവശത്ത് അതിഥികൾക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. ഇവിടെ കസേരയിൽ ഇരുന്നായി പിന്നീടുള്ള പരിസരവീക്ഷണം. അല്പസമയത്തിനകം സുനീറും ഇവിടേയ്ക്കെത്തി
ദൃശ്യ വിസ്മയം തീർത്ത് മിന്നാമിന്നിക്കൂട്ടം
കാടിന്റെ പ്രത്യേകതകളെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും സുനീർ വാചാലനായി. കൂട്ടത്തിൽ കാട്ടാന കെട്ടിടത്തിന് ചുറ്റുമുണ്ടാക്കിയ നാശനഷ്ടത്തെത്തുറിച്ചും വിവരിച്ചു. ഇത് കേട്ടപ്പോൾ ഉള്ളൊന്നുകിടുങ്ങി. ഫെൻസിങ് ഉണ്ടല്ലോ എന്ന ഓർമ്മ ഭയത്തിന് തെല്ല് ആശ്വാസമേകിയെങ്കിലും രാത്രി എങ്ങിനെ കഴിച്ചുകൂട്ടുമെന്ന ആശങ്ക മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. 9.30 തോടെ രാത്രി ഭക്ഷണമെത്തി.ചോറും ചപ്പാത്തിയും കറികളും മീൻ വറുത്തതും മേശപ്പുറത്ത് നിരന്നു.ഇവിടുത്തെ കുളത്തിൽ നിന്നും പിടിച്ച മീനുകളാ..വറുത്ത മീനിനെക്കുറിച്ച് മനോഹരൻ മനസ്സ് തുറന്നു.10 മണിയോടെ ഭക്ഷണം കഴിഞ്ഞു. മനോഹരനും ചന്ദ്രനും ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.
പിന്നെ ഞാനും സുനീറും കുറച്ചുനേരം കൂടി കാട്ടിലെ അനുഭവങ്ങൾ പങ്കിട്ടിരുന്നു. ഇടയ്ക്കാണ് ഇവിടെ മൊബൈൽ റേഞ്ച് കിട്ടുന്ന പാറക്കൂട്ടത്തെക്കുറിച്ച് സുനീർ വെളിപ്പെടുത്തിയത്. അത് ഓഫീസിന്റെ തൊട്ടടുത്തായിരുന്നു. കഷ്ടി 100 മീറ്റർ ദൂരം. ഒന്ന് രണ്ട് വിളികൾ അത്യവശ്യമായതിനാൽ അവിടേയ്ക്ക് പോകാൻ എനിക്ക് താൽപര്യമായി. വിവരം പറഞ്ഞപ്പോൾ ഞാനും വരാമെന്ന് പറഞ്ഞ് സുനീറും ഒപ്പമിറങ്ങി. കൽക്കൂട്ടത്തിന്റെ അടുത്തെത്തിയപ്പോൾ തന്നെ എന്റെ കീപാർഡ് ഫോണിൽ ബിഎസ്എൻഎൽസിമ്മിൽ റെയിഞ്ച് കാണിച്ചു. ഉടൻ വിളികൾ പൂർത്തിയാക്കി.ആകെ നാലോ അഞ്ചോ മിനിട്ട് ഫോണിൽ.പിന്നെ പരിസരം വീക്ഷിച്ചപ്പോൾ നിറയെ മിന്നാമിനുങ്ങുകൾ.സമീപത്തെ മരച്ചില്ലകളിലും പുൽമേടുകളിലും എന്നുവേണ്ട പ്രദേശമാകെ മിന്നാമിനുങ്ങുകൾ നിറഞ്ഞിരുന്നു.
എവിടെ നോക്കിയാലും കുറഞ്ഞവെട്ടത്തിൽ അലങ്കാര ബൾബുകൾ മിന്നിത്തെളിയുന്ന പ്രതീതി. കുറച്ചുകൂടി അകലെയുള്ള മരത്തിന്റെ അടുത്തേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ സുനീർ വിലക്കി. അവിടെ രാജവെമ്പാലയെ കണ്ടതാ.. മിക്കവാറും ഇവിടൊക്ക തന്നെ അതിനെ കാണാം. സുനീറിന്റെ വാക്കുകൾ കേട്ടപ്പോൾ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുത്തു. മിന്നാമിനുങ്ങുകളുടെ പ്രജനന കാലം അടുത്തിട്ടുണ്ട്. അതാണ് ഇവ കൂട്ടത്തോടെ ഇവിടെ എത്തിയിട്ടുള്ളത്. ഞാൻ അന്തം വിട്ടുനിൽക്കുമ്പോൾ സുനീർ വിശദീകരിച്ചു.
ഈ കാണുന്നതിന്റെ 100 ഇരട്ടി മിന്നാമിനുങ്ങുകൾ ബ്രീഡിങ് ടൈമിൽ ഇവിടെ സംഗമിക്കാറുണ്ടെന്നും ഈയവസരത്തിലെ രാത്രി കാഴ്ച ഏറെ മനോഹരമാണെന്നും സുനീർ വെളിപ്പെടുത്തിയപ്പോൾ ഇതേക്കുറിച്ചറിയാൻ കൂടുതൽ താൽപര്യമായി. മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ എത്തുന്നത് കാണാൻ മാത്രമായി വിദേശികൾ അടക്കം വിനോദസഞ്ചാരികൾ എത്താറുണ്ടെന്നും ഇവ വന്നുതുടങ്ങിയോയെന്ന് ഇവരിൽ ചിലരൊക്കെ വിളിച്ചുചോദിക്കുന്നുണ്ടെന്നും സുനീർ വ്യക്തമാക്കിയപ്പോഴാണ് എനിക്ക് മാത്രമല്ല, മുമ്പ് ഇവിടെ എത്തിയവർക്കും ഈ കാഴ്ച ഒരു അത്ഭതമായി തോന്നിയെന്ന് ഉറപ്പായത്. അരമണിക്കൂറിലേറെ സമയം മിന്നാമിന്നി വെട്ടം കണ്ട് ഇവിടെ തന്നെ നിന്നു.സാമാന്യം തണുപ്പും അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.അതുകൊണ്ട് തന്നെ മുറിയിലേയ്ക്ക് പോകാമെന്ന് കരുതി.ടോർച്ചുമായി സുനീർ ഒപ്പം നടന്നു.
ഞാൻ മുറിയിൽക്കയറി വാതിലടച്ച ശേഷമാണ് സുനീർ മടങ്ങിയത്.ഉറക്കം വരാത്തതിനാൽ കുറച്ചുനേരം സ്വീകരണമുറിയിൽ സൂക്ഷിച്ചിരുന്ന സന്ദർശക ഡയറി എടുത്ത് വായിച്ചു.സുനീറിന്റെയും മനോഹരന്റെയും ഗൈഡുകളുടെയും മറ്റും സേവനങ്ങൾ ഇഷ്ടപ്പെട്ടെന്നും കാഴ്ചകൾ വീണ്ടും ഇവിടെ വരാൻ പ്രചോദനമാവുന്നുണ്ടെന്നും നിരവധിപേർ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു. മനോഹരൻ തയ്യാറാക്കി നൽകിയ ഭക്ഷണത്തെ വാനോളം പുകഴ്‌ത്തിയവരും കുറവല്ല.
ഏകദ്ദേശം 11.30 തോടെ നിദ്ര കൺപോളകളെ വരിഞ്ഞുമുറുക്കി.ഉണർന്നത് 4.30-ന്.ഉടൻ പല്ലുതേപ്പും പ്രഭാത കൃത്യങ്ങളും പൂർത്തിയാക്കി.ചൂടുവെള്ളത്തിൽ കുളിയും.5.30 തായപ്പോഴേയ്ക്കും ഡ്രസ്സ് ചെയ്ത് മുറയ്ക്ക് പുറത്തിറങ്ങി.രാവിലെ സഫാരിക്ക് റെഡിയാവണമെന്ന് സുനീർ പറഞ്ഞത് പ്രകാരമായിരുന്നു തയ്യാറെടുപ്പ്.
ഡ്രൈവിങ് മികവിൽ ചന്ദ്രൻ ഹീറോ; വഴിമുടക്കി മണവാട്ടി തവളകൂട്ടം
5.40 ആയപ്പോഴേയ്ക്കും ഡ്രൈവർ ചന്ദ്രനെത്തി ഞാൻ എഴുന്നേറ്റോ എന്ന് ഉറപ്പുവരുത്തി.പിന്നെ ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോകുന്ന വഴിയിലേയ്ക്ക് ഇറക്കി നിർത്തി. 6 മണിയോടെ സുനീർ എത്തി.ഉടൻ യാത്ര ആരംഭിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചന്ദ്രന്റെ ഡ്രൈവിങ് മികവിൽ വാഹനം മെല്ലെ മുന്നോട്ട്. ഇരുവശത്തേക്കും മിഴികൾ പായിച്ചാണ് സുനീറിന്റെ ഇരിപ്പ്. ജീപ്പിന്റെ പിൻ സീറ്റിലിരുന്ന് ഞാനും പുറത്തേ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. ഒരു വശം ഏലം പ്ലാന്റേഷനും മറുഭാഗം റസർവ്വ് വനവുമായ പ്രദേശത്തുകൂടിയായിരുന്നു കുറച്ചുദൂരം വാഹനം മുന്നോട്ട് പോയത്. യാത്ര ഏതാണ്ട് ഒരു കിലോ മീറ്റർ പിന്നിട്ടത് മുതൽ റോഡിൽ മണവാട്ടി തവളകളെ കൂട്ടമായി കണ്ടു തുടങ്ങി. ഒന്നും രണ്ടും ഒന്നുമല്ല,വലിയൊരുകൂട്ടമാണ് പാതയിൽ സ്ഥാനം പിടിച്ചിരുന്നത്.
വാഹനം അടുത്തേയ്ക്കെത്തുന്നതനുസരിച്ച് ഇവ പാതയുടെ ഇരുവശങ്ങളിലേയ്ക്കും ചാടി മാറുന്നത് കൗതുകകരമായ കാഴ്ചയാണ്. തവളകളെ ചതച്ചരയ്ക്കാതെ ഏറെ ശ്രദ്ധാപൂർവ്വമായിരുന്നു ഈ ഭാഗത്ത് ചന്ദ്രൻ വാഹനം മുന്നോട്ട് കൊണ്ടുപോയത്. വാഹനം ഏതാണ്ട് അരമണിക്കൂറോളം ഓടിയപ്പോൾ വനമേഖലയിലെ ഏറെക്കുറെ തെളിഞ്ഞ ഒരു പ്രദേശത്തെത്തി. ജീപ്പ് നിർത്തി.ഞാനും സുനീറും ഇറങ്ങി. വാഹനത്തിനടുത്തുനിന്നും ഏതാനും അടി മുന്നോട്ടുവച്ചപ്പോൾ ആവിപറക്കുന്ന ആനപ്പിണ്ടം കണ്ടു. ആനക്കൂട്ടം അടുത്തുതന്നെ ഉണ്ട്. ഇവിടെ നിൽക്കുന്നത് സേഫല്ല.. സുനീറിന്റെ വാക്കുകൾ കേട്ടപ്പോൾ കാര്യം പന്തിയല്ലന്ന് എനിക്കും ബോദ്ധ്യമായി.
ഉടൻ ഞങ്ങൾ ജീപ്പിൽക്കയറി ഇവിടെ നിന്നും യാത്രയായി. വീണ്ടും മുന്നോട്ട് പോയപ്പോൾ നിരവധി കെട്ടിടങ്ങളും ആരാധാനാലയവുമെല്ലാം തകർന്നുകിടക്കുന്നത് കണ്ടു. ഈ ഭാഗത്തുണ്ടായിരുന്ന തോട്ടങ്ങളുടെ ഉടമകളിൽ ചിലരും ഇവിടെ പണിയെടുത്തിരുന്ന നൂറ് കണക്കിന് കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നെന്നും തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ താമസക്കാർ കാടിറങ്ങുകയായിരുന്നെന്നും തുടർന്ന് കാലപ്പഴക്കത്താൽ കെട്ടിടങ്ങളും ചാപ്പലുമെല്ലാം നശിക്കുകയായിരുന്നെന്നും സുനീർ പറപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമായത്.
സമീപത്തെ വിസ്തൃതമായ ജലാശയമാണ് എന്നേ കൂടുതൽ അത്ഭതപ്പെടുത്തിയത്. കൊടിയ വേനലിലും ഈ തടാകത്തിലെ വെള്ളം വറ്റാറില്ലന്നും വന്യജീവികളിൽ വലിയൊരുവിഭാഗം ദാഹം തീർക്കാനെത്തുത്തത് ഇവിടെയാണെന്നും വൈകുന്നേരങ്ങളിൽ ഈ ജലാശയത്തിന് സമീപമെത്തിയാൽ ഒട്ടുമിക്ക വന്യമൃഗങ്ങളെയും പലപ്പോഴായി കാണാൻ സാധിയിക്കുമെന്നും ഇടയ്ക്ക് ഗൈഡായും സേവനം അനുഷ്ഠിക്കാറുള്ള ചന്ദ്രൻ അറയിച്ചു.
കണ്ണെത്തും ദൂരത്ത് കാട്ടുപോത്ത്; ക്യാമറ ഔട്ടോഫ് റെയിഞ്ച്
ഏതാണ്ട് അരണിക്കൂറോളം സമയം ഇവിടെ ചിലവഴിച്ചു. വാച്ചിൽ നോക്കിയപ്പോൾ സമയം 8.30. പതിന്നോടെ മടക്കയാത്ര പുറപ്പെടണമെന്നാണ് കരുതിയിട്ടുള്ളത് എന്ന് ഞാൻ നേരത്തെ സുനീറിനോട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ വാച്ചിൽ നോക്കുന്നത് കണ്ടപ്പോൾ സുനീറിന് കാര്യം പിടികിട്ടി. തിരിച്ചുപോകാമെന്നും പറഞ്ഞ് സുനീർ ആദ്യം ജീപ്പിൽക്കയറി.ഉടൻ വാഹനം വന്ന വഴിയെ മുന്നോട്ട് നീങ്ങി. ഏതാണ്ട് അര കിലോമീറ്റർ പിന്നിട്ടുകാണും. ചന്ദ്രൻ ജീപ്പ് നിർത്തി. എന്നിട്ട് വലത്തേയ്ക്ക് കൈ ചൂണ്ടി..പറഞ്ഞു കാട്ടുപോത്ത്.നോക്കുമ്പോൾ ദൂരെ ഏതാനും മരങ്ങൾക്കടുത്ത് കാട്ടുപോത്തുകൾ. ആറോ എഴോ എണ്ണമുണ്ട്. മൊബൈലിൽ ചിത്രമെടുക്കാനുള്ള ശ്രമം പാഴായി. പൊട്ടിന്റെ വലിപ്പത്തിൽ പോലും മൊബൈയിൽ കാമറയിൽ ദൃശ്യം പതിഞ്ഞില്ല.നല്ല നിരാശ തോന്നി. ഇനി കാടുകയറുമ്പോൾ ടെലി ഉൾപ്പെടെ ഒരു എസ് എൽ ആർ ക്യാമറ കരുതണമെന്ന് മനസ്സിലുറപ്പിച്ചു.
താമസിയാതെ ഇവിടെ നിന്നും വീണ്ടും വാഹനം മുന്നോട്ട്. 9.30 ആയപ്പോഴേയ്ക്കും താമസസ്ഥലത്തെത്തി. കുളികഴിഞ്ഞെത്തിയപ്പോഴേയ്ക്കും മേശപ്പുറത്ത് പുട്ടും കടലക്കറിയും ചൂടൻ ചായയും റെഡി.അതും കഴിച്ച് തിടുക്കത്തിൽ ഡ്രസ്സുമാറി പുറത്തിറങ്ങി. 10.45 നുള്ള ബസ്സിൽ ഇടപിടിക്കണം.അതിനായുള്ള തത്രപ്പാടായുന്നു പിന്നീട്.ബസ്സ് സ്റ്റോപ്പുവരെ സുനീറും അനുഗമിച്ചു.കൃത്യസമയത്ത് തന്നെ സ്റ്റോപ്പിലെത്തി. കൈകൊടുത്ത് പിരിയുമ്പോൾ സമയമുള്ളപ്പോൾ ഇനിയും വരണം ..കാഴ്ചകൾ കണ്ടു തീർന്നിട്ടില്ല...സുനീർ പറഞ്ഞു.
ശരിയാണ്. നെല്ലിയാമ്പതിയെ അടുത്തറിയാൻ ,കാഴ്ചകൾ കാണാൻ ഒരു ദിവസം പര്യാപ്തമല്ലന്ന് എനിക്കും ബോദ്ധ്യമായി.കാടിന്റെ ഉള്ളറകളെ അടുത്തറിയാനും ഇവിടുത്തെ കാഴ്ചകൾ മതിവരുവോളം കണ്ടാസ്വദിക്കുന്നതിനും കൂടുതൽ സമയവും ദൂരവും താണ്ടണം.
ഒരിക്കൽകൂടി ഇവിടേയ്ക്കെത്തണം.കാഴ്ചകൾ കൺനിറയെകാണണം. മിന്നാമിന്നി കൂട്ടത്തെ കണ്ട് രാത്രി ശീതക്കാറ്റേറ്റ് കാടിന്റെ വിശാലതയിൽ ശയിക്കണം. മനസ്സിലെ മോഹങ്ങൾക്ക് ചിറകുമുളച്ചു.അപ്പോഴേയ്ക്കും ബസ്സ് നീങ്ങിത്തുടങ്ങിയിരുന്നു.
പകുതിപ്പാലം സഞ്ചാരികൾക്ക്; സമ്മാനിക്കുന്നത് കാഴ്ചകളുടെ നിറവ്
ബസ്സ് റൂട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കെ എഫ് ഡി സി യുടെ അതിഥി മന്ദിരത്തിലെ താമസവും ഇവിടെ നിന്നും വനപാതകളിലൂടെയുള്ള വാഹന സഞ്ചാരവും ട്രക്കിംഗും സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല.രണ്ട് മുറികൾ മാത്രമുള്ള കെട്ടിടമാണ് ഇവിടുത്തെ ഇക്കോ ടൂറിസം സെന്ററിൽ സന്ദർശകർക്കായി താമസത്തിന് നൽകുന്നത്.ഈ കെട്ടിടത്തിൽ നിന്നും വനമേഖലയിലേയ്ക്ക് കഷ്ടി 15 മീറ്ററോളം ദൂരമേയുള്ളു.
മ്ലാവും മാനും സിംഹവാലൻ കുരങ്ങുകളും കരിങ്കുരങ്ങുകളും രാപകലന്യേ ഈ കെട്ടിടത്തിനുചുറ്റുമുള്ള വന പ്രദേശത്ത് എത്തുന്നുണ്ട്.കടുവയും പുലിയും കാട്ടുപോത്തും കാട്ടാനയുമെല്ലാം രാത്രികളിൽ ഇവിടുത്തെ നിത്യസന്ദർശകരായിരുന്നു. താമസക്കാർക്ക് സംരക്ഷണമൊരുക്കുന്നതിനായി കെട്ടിടത്തിനും സമീപത്തെ ഓഫീസും ചുറ്റും വൈദ്യുത കമ്പിവേലി സ്ഥാപിച്ചിട്ടുള്ളതിനാൽ ഇപ്പോൾ ഇക്കൂർ കഷ്ടി 50 മീറ്റർ വരെ അടുത്തെത്തി ഇക്കൂട്ടർ മടങ്ങുന്നു. പ്രഭാതത്തിലെ സഫാരിയാണ് ഇവിടുത്തെ മുഖ്യ ആകർഷണ ഘടകം.
ഈ യാത്രയിൽ കാട്ടുപോത്തുകളെയും കാട്ടാനക്കൂട്ടങ്ങളെയും മാൻകൂട്ടങ്ങളെയും കണ്ടുമുട്ടുക പതിവാണ്. മലമുഴക്കി വേഴാമ്പൽ ധാരളമായിക്കാണുന്ന പ്രദേശങ്ങളിലൊന്നാണിത്. സിംഹവാലൻ കുരങ്ങുകളുടെ ഏകദേശം 25-ഓളം വരുന്ന ഒരു കൂട്ടമാണ് അടുത്തിടെ ഈ വനമേഖലയിൽ എത്തിയിട്ടുള്ളത്. ഭീമൻ കരിങ്കുരങ്ങകളാണ് ഇവിടെ കാണപ്പെടുന്നത്.യാത്രയിലുടനീളം മലമുഴക്കി വേഴാമ്പലുകളുടെ ശബ്ദകോലാഹലങ്ങൾ വനമേഖലയുടെ വിവധ ഭാഗങ്ങളിൽ നിന്നും കേൾക്കാം. സീതാർകുണ്ടിലെ കാഴ്ചകളും നെല്ലിയാമ്പതിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വർഷകാലത്ത് ഉയരത്തിൽ നിന്നും ഒഴുകിയെത്തി അഗാതതയിലേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകർഷക ഘടകം.
നല്ല കാലാവസ്ഥയാണെങ്കിൽ ഇവിടെ നിന്നാൽ താഴെ പാടങ്ങളും വീടുകളും ഫാക്ടറികളുമൊക്ക പൊട്ടുപോലെ കാണം.ചുള്ളിയാർ,മീങ്കര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും ഇവിടെ നിന്നാൽ ദൃശ്യമാവും.ഉച്ചവെയിലിലും ഇവിടെ ശീതക്കാറ്റ് പതിവാണ്.കണ്ണെത്താദൂരത്തോളം പരന്നുകിടക്കുതേയിലക്കാടും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വനവാസകാലത്ത് രാമ-ലക്ഷമണൻന്മാരും സീതയും ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പ്രചരിച്ചിട്ടുള്ള ഐതീഹ്യം. കേശവൻപാറ വ്യൂപോയിന്റ്, കാരപ്പാറ വെള്ളച്ചാട്ടം ,തൂക്കുപാലം സർക്കാർ വക ഓറഞ്ച് ഫാം എന്നിവയും ഇവിടേയ്ക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് സന്ദർശിക്കാനാവും.
കേരള വനംവിസന കോർപ്പറേഷന്റെ തൃശ്ശൂർ ഡിഷനുകീഴിൽ പകുതിപ്പാലം സബ്ബ് യൂണിറ്റിനാണ് ഇക്കോടൂറിസം പദ്ധിതിയുടെ നടത്തിപ്പ് ചുമതല.ഈ സബ്ബ് യൂണിറ്റിന്റെ കീഴിൽ പകുതിപ്പാലം,പോത്തുമല,ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നീ അഞ്ച് എസ്റ്റേറ്റുകളുണ്ട്.ഇതിൽ ബീയാട്രീസ്,മീരാഫ്ലോറസ്,റോസറി എന്നി എസ്റ്റേറ്റുകൾ തോട്ടപരിപാലനത്തിനും വിള ശേഖരണത്തിനുമായി സർക്കാർ കെ എഫ് ഡി സിക്ക് കൈമാറിയിട്ടുള്ളവയാണ്. പകുതിപ്പാലം എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇക്കോടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.പറമ്പിക്കുളം വന്യമൃഗ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന വനപ്രദേശങ്ങളിലൂടെയാണ് ട്രക്കിങ് -സഫാരി പാതകൾ കടന്നുപോകുന്നത്.കോയമ്പത്തൂരിൽ നിന്നും 120 കിലോ മീറ്ററും പാലക്കാട് നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.സമുദ്രനിരപ്പിൽ നിന്നും 3500-ളം അടിവരെ ഉയരത്തിലാണ് പകുതിപ്പാലം ഇക്കോ ടൂറിസംസെന്റർ സ്ഥിതിചെയ്യുന്നത്.
കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇവിടെ എസ്റ്റേറ്റുകളിൽ വിളപരിപാലനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പി,ഏലം ,കുരുമുളക് എന്നിവയ്ക്ക് വിപണിയിൽ വൻ ഡിമാന്റ് ലഭിക്കുന്നുണ്ട്.വനംവികസന കോർപ്പറേഷന്റെ വിൽപ്പനകേന്ദ്രങ്ങൾ വഴിയാണ് പ്രധാനമായും ഇവ വിറ്റഴിക്കുന്നത്. സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽപ്പേർക്ക് ഇവിടെ താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ടെന്റുകൾ സ്ഥാപി്ക്കുന്നതിനും കെ എഫ് ഡി സി നീക്കം നടത്തുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവ് താൽപര്യപ്പെടുന്നവർക്ക് കാരാസൂരി -മിന്നാമ്പാറ പ്രദേശത്ത്് ഇതിനുള്ള സൗകര്യവും ലഭ്യമാണ്.
അതിഥികളെ സൽക്കരി്ക്കുന്ന കാര്യത്തിലും കെഎഫ്ഡിസി ഇവിടെ അൽപം വ്യത്യസ്തത പുലർത്തുന്നുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങളാണ് ഇവിടെ പ്രധാനമായും താമസക്കാർക്ക് ലഭിക്കുക. ഉച്ചയ്ക്ക് പായസം ഉൾപ്പെടെയുള്ള സദ്യയും തരപ്പെടും.
മത്സ്യ-മാംസാദികൾ തൽക്കാലം മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ല.
പുറമേ നിന്ന് ഇവ വാങ്ങിക്കൊണ്ടുവരുന്നവർക്ക് പാകം ചെയ്ത് ഭക്ഷിക്കുന്നതിന് സൗകര്യമുണ്ട്.അസിസ്റ്റന്റ് മാനേജർ വൈ സൂനീറാണ് ഇക്കോടൂറിസം പ്രവർത്തങ്ങളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. ഇവിടെ എത്തി മടങ്ങിപ്പോകുന്നതുവരെ എന്തിനും ഏതിനും അതിഥികളുടെ ഒപ്പമുണ്ടാവും സൂനീറും സഹപ്രവർത്തകരും. താമസത്തിനും ട്രക്കിംഗിനും സഫാരിക്കും താൽപര്യപ്പെടുന്നവർ [email protected] എന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.