മൂന്നാറില്‍ ഇത്തവണ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ ഇത്തിരി കൂടുതൽ കാത്തിരിക്കേണ്ടി വരും. ശക്തമായ മഴ സംസ്ഥാനത്ത് തുടരുന്നതിനാലാണ് നീലക്കുറിഞ്ഞി പൂക്കാൻ വൈകുന്നത്. നീലക്കുറിഞ്ഞി ഏറ്റവുമധികമുള്ള സ്ഥലമാണ് രാജമല. ഇവിടത്തെ ചെടികളിൽ ആഴ്‌ച്ചകൾക്ക് മുൻപേ മൊട്ടിട്ടു തുടങ്ങിയെങ്കിലും നിലയ്ക്കാത്ത മഴ മൂലം പൂവുണ്ടാകാൻ വൈകുകയാണ്. ഓഗസ്റ്റ് പകുതിയോടെ നീലക്കുറിഞ്ഞി പൂക്കുമെന്നായിരുന്നു വനം വകുപ്പ്് ആദ്യം അറിയിച്ചിരുന്നത്.
ഇതേ തുടർന്ന് രാജമലയിലെ കുറിഞ്ഞിപ്പൂക്കൾ കാണുന്നതിനുള്ള ഓൺലൈൻ ബുക്കിങ് വനംവകുപ്പ് ആരംഭിച്ചിരുന്നു. 8000 പേർ ഇതുവരെ ഓൺലൈനായി ബുക്കുചെയ്തു കഴിഞ്ഞു. മഴ മാറി പത്തുദിവസമെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാൽ മാത്രമേ കുറിഞ്ഞി വ്യാപകമായി പൂക്കുകയുള്ളൂ. ഓണത്തിനു മുൻപ് കാലാവസ്ഥയിൽ മാറ്റമുണ്ടായി കുറിഞ്ഞികൾ പൂക്കുമെന്നാണ് പ്രതീക്ഷ.