Latest News

കാഴ്ചകളുടെ വിസ്മയം തീര്‍ത്ത് ലക്ഷദ്വീപ്

Malayalilife
കാഴ്ചകളുടെ വിസ്മയം തീര്‍ത്ത് ലക്ഷദ്വീപ്

 

സുന്ദരമായ കാഴ്ചകൾകൊണ്ടു സമ്പന്നമായതുകൊണ്ടു തന്നെ ലക്ഷദ്വീപ് കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവാണ്. അങ്ങോട്ടുള്ള യാത്രയിൽ ചെയ്യരുതാത്ത നിരവധി കാര്യങ്ങളുണ്ട്.  ചില കാര്യങ്ങൾ അറിവില്ലായ്മകൊണ്ടു ചെയ്താൽ പോലും നിയമനടപടികൾക്കു വിധേയമാകേണ്ടി വരുന്ന വലിയ കുറ്റകൃത്യങ്ങളാണ്. ലക്ഷദ്വീപ് യാത്രയ്‌ക്കൊരുങ്ങുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്നറിഞ്ഞു വെയ്ക്കുന്നത് നിങ്ങളുടെ യാത്രയെ കൂടുതൽ മനോഹരമാക്കും.

മഴക്കാലം ദ്വീപ് സന്ദർശനങ്ങൾക്ക് അത്ര നല്ലതല്ല.  തനി നാടൻ ഗ്രാമമാണ് ലക്ഷദ്വീപ്, ന്യൂജനറേഷൻ കടകളില്ലാത്ത, മനുഷ്യരില്ലാത്ത തനി നാട്ടു ഗ്രാമം. എറണാകുളത്ത് നിന്ന് കടൽ മാർഗവും വിമാന മാർഗവും ലക്ഷദ്വീപിലേക്ക് എത്തിച്ചേരാം. ‌എയർപോർട്ട് അഗത്തി ദ്വിപിൽ മാത്രമാണുള്ളത്. അവിടെ നിന്നും മറ്റു ദ്വീപുകളിലേക്ക് പോകണമെങ്കിൽ കപ്പലിനെ ആശ്രയിക്കേണ്ടി വരും. യാത്രകൾ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നതിനാൽ രണ്ടു തരം യാത്രകളും ആസ്വദിക്കാനാകും. ആഴ്ചയിൽ ആറു ദിവസം കൊച്ചിയിൽ നിന്ന് വിമാന മാർഗത്തിലൂടെ ലക്ഷദ്വീപിലെത്താം. കൊച്ചിയിൽ നിന്ന് അഗത്തി വരെ ഒന്നര മണിക്കൂറാണ് ഫ്‌ളൈറ്റിൽ യാത്ര. കപ്പൽ മാർഗ്ഗമാണ് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ , കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നെ ഇടങ്ങളിൽ നിന്നും കപ്പലുകളുണ്ട്. പതിനാറു മുതൽ പതിനെട്ടു മണിക്കൂറാണ് കപ്പലിൽ യാത്ര ചെയ്യേണ്ടത്.

ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും വലിയ കടമ്പ പെർമിറ്റ് എടുക്കലാണ്. കേരളത്തിൽ നിന്നാണെങ്കിലും അവിടേയ്ക്ക് പോകുവാനുള്ള പെർമിറ്റ് എടുക്കേണ്ടതുണ്ട്. എറണാകുളം ഐലന്റിൽ ഉള്ള ലക്ഷദ്വീപ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും നേരിട്ട് ഇതിനുള്ള പെർമിറ്റ് എടുക്കാൻ സാധിക്കും. കൂടാതെ സർക്കാരിന്റെ  ലക്ഷദ്വീപ് ടൂർ പാക്കേജുകളുമുണ്ട്. ഇത്തരം പാക്കേജുകൾ തെരഞ്ഞെടുത്താൽ യാത്ര കുറച്ചുകൂടി രസകരമാകും. ഉത്തരവാദിത്തങ്ങളൊന്നും അലട്ടാതെ ലക്ഷദ്വീപിൽ പോകാനും ചുറ്റി കാണാനുമാകും. അല്ലെങ്കിൽ ദ്വീപിൽ തന്നെയുള്ള ആരെങ്കിലും സ്പോൺസർ ചെയ്യേണ്ടി വരും. പതിനഞ്ചു ദിവസത്തേക്കുള്ള വിസിറ്റിങ് പെർമിറ്റ്, ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റ് എന്നിങ്ങനെ രണ്ടു രീതിയിൽ പെർമിറ്റ് ലഭ്യമാണ്.

കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര. സ്‌കൂബാ ഡൈവിങ്ങിന്റെ സാധ്യതകളെ ലക്ഷദ്വീപ് ടൂറിസം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. വൃത്തിയുള്ള വെള്ളമായതുകൊണ്ട് കടലിന്റെ അടിത്തട്ടിലെ യാത്ര അതുല്യമായ അനുഭവവുമായിരിക്കും.ഡോൾഫിൻ കൂട്ടങ്ങൾ, പറക്കുന്ന മത്സ്യങ്ങൾ എന്നിവ ഇവിടുത്തെ ആകർഷകങ്ങളായ കാഴ്ചകളാണ്, ഇതൊക്കെ കാണണമെങ്കിൽ ഇവിടുത്തെ ബോട്ട് യാത്ര ഉറപ്പായും നടത്താൻ മറക്കരുത്. ലക്ഷദ്വീപ് എന്നാണു പേരെങ്കിലും മുപ്പത്തിയാറു ദ്വീപുകളാണ് ഇവിടെയുള്ളത്, ഇതിൽ ജനവാസമുള്ള പതിനൊന്ന് ദ്വീപുകളിലേയ്ക്കും ബോട്ടു മാർഗം സഞ്ചരിക്കാനാകും.  മദ്യ നിരോധിത മേഖലയാണിവിടം. നിഷ്കളങ്കരായ ആളുകളാണിവിടെയുള്ളത്, അതുകൊണ്ട് തന്നെ ഇവിടുത്തെ മനുഷ്യരുടെ സ്നേഹമാസ്വദിച്ച് , കടൽ ഭംഗികളെ കണ്ടു ലക്ഷദ്വീപിലെ കാഴ്ചകള്‍ അനുഭവിക്കാം.

Read more topics: # lakshadweep islands,# trip
lakshadweep islands trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES