തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രസംഗത്തിനിടെ നടി തൃഷയെ ആക്ഷേപിച്ചെന്ന പരാതിയില്‍ എഐഎഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, നടന്‍ ധ്യാന്‍ ശ്രീനിവാസന് ജാഗ്രതാ നിര്‍ദേശവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം. തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതലും ട്രോള്‍ രൂപത്തിലുള്ള പോസ്റ്റുകളും രസകരമായ കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ് നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ യോഗത്തെ പരോക്ഷമായി കളിയാക്കി ധ്യാന്‍ നടത്തിയ പ്രസംഗമാണ് ഈ ട്രോളുകള്‍ക്ക് പ്രധാന കാരണം.
അടുത്തത് ധ്യാനാണ്, അതിനാല്‍ ജയിലില്‍ പോകാന്‍ ഒരു കുപ്പായം തുന്നിവെച്ചോളൂ' എന്നിങ്ങനെയാണ് ട്രോളന്മാര്‍ തമാശരൂപേണ കുറിക്കുന്നത്. 'അണ്ണന്‍ തമ്പി' എന്ന സിനിമയില്‍ താനൊന്നും ചെയ്തിട്ടില്ലെന്ന് ഊമയായ മമ്മൂട്ടിയുടെ കഥാപാത്രം ആംഗ്യം കാണിക്കുന്ന പ്രശസ്തമായ കോമഡി രംഗം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ വന്ന് ധ്യാനിനെ പിടികൂടാന്‍ തമിഴ്നാട് പോലീസ് കുറച്ച് വിയര്‍ക്കുമെന്നും ഇത്തരം പേടിപ്പിക്കലുകള്‍ ഒന്നും ഇവിടെ ചെലവാകില്ലെന്നും പറഞ്ഞ് ധ്യാനിന് കട്ട സപ്പോര്‍ട്ടുമായി മറ്റൊരു വിഭാഗം ആരാധകരും ഒപ്പമുണ്ട്.
തനിക്കെതിരെ എത്തിയ ട്രോള്‍ വീഡിയോയ്ക്ക് താഴെ ധ്യാന്‍ ശ്രീനിവാസന്‍ തന്നെ നേരിട്ടെത്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ അതിലേറെ വൈറലായിരിക്കുന്നത്. 'ഹഹഹ, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ ഡാ' എന്നാണ് ഈ വീഡിയോയ്ക്ക് താഴെ ധ്യാന്‍ കമന്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെ ആയിരക്കണക്കിന് കമന്റുകള്‍ക്കിടയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതും ധ്യാനിന്റെ ഈ രസകരമായ പ്രതികരണം തന്നെയായിരുന്നു. ധ്യാനിന്റെ ഈ സമയോചിതമായ കമന്റോടെ താരം സുരക്ഷിത താവളത്തിലായെന്നാണ് (സേഫ് സോണ്‍) മറ്റ് ചിലര്‍ തമാശരൂപേണ ഇതിന് മറുപടിയായി കുറിക്കുന്നത്. വിജയ് ആരാധകരുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ധ്യാന്‍ കണ്ടെത്തിയ വഴി വളരെ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
തന്റെ പുതിയ ചിത്രമായ 'വിസിറ്ററിന്റെ' പ്രൊമോഷന്‍ ചടങ്ങിനിടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ വിജ???ുടെ രാഷ്ട്രീയ പ്രവേശനത്തെയും ചടങ്ങുകളെയും പരാമര്‍ശിച്ചുകൊണ്ടുള്ള വൈറല്‍ പ്രസംഗം നടത്തിയത്. ധ്യാനിന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്നവരും സോഷ്യല്‍ മീഡിയ പ്രേക്ഷകരും പൊട്ടിച്ചിരിച്ചെങ്കിലും, തമിഴ്നാട്ടിലെ വിജയ് ആരാധകര്‍ക്കിടയില്‍ നടനെതിരെ വലിയ പ്രതിഷേധമാണ് ഇതിന് പിന്നാലെ ഉയര്‍ന്നുവന്നത്.