ബാംഗ്ലൂരിൽ കാലവർഷം തുടങ്ങിയാൽ പിന്നെ ഇങ്ങനെ ആണ്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ സൂര്യൻ ചിരിച്ച് കാണിക്കുന്നത് ഒഴിച്ചാൽ എന്നും മൂടികെട്ടിയ തണുത്ത പ്രഭാതങ്ങളാണിവിടെ. ദിനം തോറും ആഞ്ഞടിക്കുന്ന കാറ്റിൽ ഒരു തുള്ളി പെയ്യാതെ നിറകുടം പോലെ നിൽക്കുന്ന മാനം കണ്ടാൽ നമ്മുടെ ഉള്ളിലും വരും ഒരു വെമ്പൽ. പിന്നെ വൈകുന്നേരമായാൽ, ഒരു പൊട്ടിക്കരച്ചിലാണ് നഗരത്തെ തണുപ്പിൽ പൊതിഞ്ഞു കൊണ്ട്, വിങ്ങിപ്പൊട്ടിയ ആ ആകാശം ഇടിഞ്ഞു പൊളിഞ്ഞ് താഴോട്ടെത്തും.
ബാംഗ്ലൂരിൽ നിന്ന് മുപ്പത്തിയെട്ടു കിലോമീറ്റർക്കകലെ രാമോഹള്ളിയെന്ന ഒരു കൊച്ച് ഗ്രാമത്തിൽ നാന്നൂറ് കൊല്ലം പഴക്കമുള്ള ഒരു കൂറ്റൻ ആൽമരമുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കം മാത്രമല്ല, ഈ മുതുമുത്തശ്ശി മരം മൂന്നു ഏക്കർ വിസ്തീർണത്തിൽ പടർന്നു പന്തലിച്ച് അങ്ങിനെ കിടക്കുകയാണ്. 'ദൊഡാ ആലാദ മര' എന്നാണ് കന്നടയിൽ വിശേഷിപ്പിക്കുന്നത് ദൊഡാ എന്നാൽ വലിയ എന്നും ആലദ മാര എന്നാൽ ആൽമരം എന്നുമാണ്. പൊതുവെ ആൽമരത്തിന്റെ രണ്ടു വിഭാഗങ്ങളാണ് ഇന്ത്യയിൽ കണ്ടു വരാറുള്ളത്. ബന്യൻ എന്നും പീപ്പൽ എന്നും ഇംഗ്ലീഷ് അവയെ വിശേഷിപ്പിക്കുന്നു. പീപ്പൽ മരം ആണ് നമ്മുടെ ബോദ്ധി വൃക്ഷം. സാധാരണ അമ്പലങ്ങളുടെ മുന്നിൽ കാണാറുള്ള ആൽമരം. ഇതിനു വായു വേരുകൾ ഉണ്ടാവറില്ല. എന്നാൽ ബന്യൻ അഥവാ വട വൃക്ഷം എന്നതിന് ശിഖരങ്ങളിൽ നിന്ന് വേരുകൾ പൊട്ടി, അവ താഴോട്ടെത്തി പുതിയ ചെറു മരങ്ങളാവാറാണ് പതിവ്. ആൽമരങ്ങൾക്ക് നമ്മുടെ പുരാണങ്ങളിലും വേദങ്ങളിലും ശ്രേഷ്ഠമായ ഒരു സ്ഥാനമുണ്ട്. ത്രിമൂർത്തികളുടെ സംഗമമാണ് ആൽമരം എന്നാണ് വിശ്വാസം. വേരുകൾ ഭ്രാഹ്മാവും, വൽക്കലം വിഷ്ണുവും, ശിഖരങ്ങൾ ശിവനുമാണത്രെ.
ഒൻപത് മണിയോടെ ഞങ്ങൾ രാമോഹള്ളിയിൽ എത്തി. ദൂരെ നിന്ന് കാണുമ്പോൾ കുറെ വൃക്ഷങ്ങൾ പരന്നു കിടക്കുന്ന ഒരു ചെറു കാടയിട്ടാണ് തോന്നിയത്. കാറിൽ നിന്ന് ഇറങ്ങിയ എന്നെ ആദ്യം വരവേറ്റത് ഒരു വാനരപ്പടയാണ്. ചാടിയും, ചൊറിഞ്ഞും, മറിഞ്ഞും അവർ മനുഷ്യർക്ക് മുന്നേ ഇവിടെ കുടിയേറിപ്പാർത്തിരിക്കുന്നു. ആൽമരത്തിനു ചുറ്റും വേലികെട്ടി തിരിച്ചിട്ടുണ്ട്, നടക്കാൻ കൽ പടവുകളും, ഇരിക്കാൻ കൽതട്ടുകളും ഉണ്ട്. അമ്പലം ഇല്ലാത്ത എന്ത് ആൽമരം അല്ലേ ? ഇവിടെയും ഉണ്ട് ഒരു ചെറിയ ക്ഷേത്രം. വേരുകളുടെ നടുവിൽ, പന്തലിച്ചു കിടക്കുന്ന ശിഖരങ്ങളുടെ ഇടയിൽ ഒരു ശിവ ക്ഷേത്രം.
നാന്നൂറ് കൊല്ലം ജീവനോടെ നിലനില്ക്കുന്ന ഈ വൃക്ഷം ഒരു അത്ഭുതം തന്നെ. കുറച്ചു കാലം മുൻപേ ഇതിന്റെ തായ്തടി കാലപ്പഴക്കം മൂലം ജീർണിച്ച് പോയി, അത് കാരണം ഒറ്റ മരമാണെന്നു നമ്മൾ മറന്നു പോകും. അകത്തോട്ടു ചെല്ലുംതോറും അഞ്ജാതമായ ഒരു വികാരമാണ് മനസ്സിൽ. പെട്ടന്ന് വല്ലാത്ത തണുപ്പും.മുമ്പെങ്ങും തോന്നാത്ത ഒരു പരിഭ്രമം എനിക്ക് തോന്നി. കൊട്ടിയടച്ച ഹൃദയ കവാടത്തിലേക്ക് ശക്തമായ ഒരല വീശിയടിക്കുന്നത് പോലെ. പിന്നെ പതിയെ പേമാരി പെയ്തൊഴിഞ്ഞ ശാന്തത. പിണഞ്ഞു കിടക്കുന്ന ഒരായിരം വേരുകളുടെ ഇടയിലൂടെ ഞാൻ വിസ്മയത്തോടെ നടന്നു. കൈവെള്ളയിൽ കൊള്ളുന്ന ഒരു ചെറിയ വിത്തിൽ നിന്നല്ലേ ഈ ഭീമാകാരമായ വൃക്ഷം ഉണ്ടായത്! സൃഷ്ട്ടിയുടെ മായാജാലം !
ഒരു കൽതിണ്ണയിൽ മാനം നോക്കി ഞാൻ മലർന്ന് കിടന്നു. കാറ്റിൽ ആടുന്ന ആൽമരത്തിന്റെ ഇലകളും, പിന്നിലുള്ള ആകാശവും ചേർന്ന് നിരന്തരം മാറി മറയുന്ന ഒരു ചിത്രം വരച്ചു കൊണ്ടേയിരുന്നു. ഒന്ന് ചെവിയോർത്താൽ, ഇലകളുടെ മർമരത്തിനിടയിൽ, വേരുകൾ മന്ത്രിക്കുന്ന പതിറ്റാണ്ടുകളുടെ രഹസ്യങ്ങൾ കേൾക്കാം. എങ്ങോട്ടും തിരക്കിട്ട് പോകാൻ ഇല്ലാതെ, യാതൊരു സമ്മർദ്ദവും കൂടാതെ, തികച്ചും സ്വതന്ത്രമായി വേരുകളിടെ ഇടയിലൂടെ, കാറ്റിന്റെ താളത്തിൽ നൃത്തം വെക്കുന്ന അപ്പുപ്പൻ താടിയോട് എനിക്ക് അസൂയ തോന്നി.
ആൽമരത്തോട് യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്നിറങ്ങി. കാലത്തിന്റെ ചൂത് പലകയിൽ അവശേഷിക്കുന്ന കരു പോലെ , ആരോടും പരാതി പറയാനില്ലാതെ ഇന്നും ജീവിക്കുന്ന ആ മുത്തശ്ശി മരം എന്നോട് ചോദിച്ചു നീർകുമിളയോളം ആയുസ്സുള്ള മനുഷ്യനു മലയോളമെന്തിനുദുഃഖം ?
പിന്നീട് മചെൻബലേ ഡാമിലേക്കാണ് പോയത്. അക്രാവതി നദിയുടെ കുറുകെയാണ് മചെൻബലേ ഡാം കെട്ടിയിരിക്കുന്നത്. ഊട് വഴികളുടെ ഇടയിലൂടെ കാർ കുതിച്ചു പാഞ്ഞു ഒരു പുൽമേടയിൽ വന്നു നിന്നു. നാഗരിതയുടെ വ്രണപ്പാടുകൾ തീരെ ഇല്ലാത്ത നൈസർഗിക ഭംഗി. കാറിൽ നിന്ന് ഇറങ്ങിയ ഞാൻ നിശബ്ദതയോട് പൊരുത്തപ്പെടാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. നമ്മുടെ ദൈനന്തിന ജീവിതം ശബ്ദത്തിന്റെ ഒരു കലവറയാണ്. രാവിലെ കേൾക്കുന്ന അലാറം മുതൽ, മെസ്സേജുകളുടെയും ഫോണ്‍ കാളുകളുടെയും മണിനാദങ്ങൾ, ആവശ്യത്തിനും അനാവശ്യത്തിനും നമ്മൾ ഉയർത്തുന്ന സ്വരങ്ങൾ, ടി.വി യിൽ നിന്നും, റേഡിയോയിൽ നിന്നും വരുന്ന പാട്ടുകളും, സംഭാഷണങ്ങളും, അങ്ങനെ ശബ്ദങ്ങളുടെ തീരാ ഘോഷയാത്രയാണ് ഓരോ ദിവസവും. അതിൽ നിന്ന് വേർതിരിഞ്ഞു നിശബ്ദതയുടെ കാന്ത വലയത്തിലേക്ക് ഞാൻ പതിയെ ആകർഷിക്കപ്പെട്ടു. ചുറ്റുമുള്ള മൂകതെയെക്കളും മനസ്സിലെ മൗനമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
മൂടിയ കെട്ടിയ ആകാശവും പിന്നിലുള്ള കുന്നിൻ ചെരുവുകളും, അലസമായി വീണുകിടക്കുന്ന കൂറ്റൻ ഉരുളൻ പാറകളും, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന അക്രാവതിയുമെല്ലാം ഒരു അതീവ സുന്ദരദൃശ്യം തന്നെയാണ് കണ്ണുകൾക്ക് നല്കിയത്. അനന്തമായ അവിടെത്തന്നെ നമ്മെ പിടിച്ചു നിർത്താൻ കെൽപ്പുള്ള വശ്യ സൗന്ദര്യം. കാണാൻ അതീവ സുന്ദരിയാണ് ഈ ഡാമെങ്കിലും, കൊടിയ അപകടങ്ങളാണ് വെള്ളത്തിൽ ഇറങ്ങിയ പലരെയും കാത്തിരുന്നത്. ചതുപ്പ് നിലത്തിൽ പുതഞ്ഞും, നീർചുഴിയിൽ പെട്ടും നാന്നൂറോളം പേർ ഈ ഡാമിൽ മുങ്ങി മരിച്ചിട്ടുണ്ടത്രേ. പെട്ടന്ന് ആഞ്ഞടിച്ച ആ തണുത്ത കാറ്റ് മരണത്തിന്റെ അഗ്രദൂതനാണെന്ന് തോന്നി. ഏകദേശം പതിനൊന്നരയായപ്പോൾ മയക്കത്തിൽ നിന്ന് പതുക്കെ ആ പ്രദേശം എഴുന്നേറ്റു തുടങ്ങി, സൂര്യൻ പുറത്തിറങ്ങി, കാറ്റിന്റെ തണുപ്പും ശക്തിയും കുറഞ്ഞു, വേറെയും വാഹനങ്ങൾ വന്നു തുടങ്ങി. ഞങ്ങൾക്ക് മടങ്ങാൻ സമയമായി, ശബ്ദങ്ങളുടെ കൂത്താട്ടതിലെക്ക്, ജീവിതത്തിന്റെ തിരക്കുകളിലേക്ക്.
ഉച്ച കഴിഞ്ഞ് ശിവഗംഗ കീഴടക്കാനാണ് ഞങ്ങൾ ഇറങ്ങിയത്. ദക്ഷിണേന്ത്യയിലെ കാശി എന്നാണ് ശിവഗംഗ അറിയപ്പെടുന്നത്. മലനിരകൾക്ക് ശിവ ലിംഗത്തിന്റെ ആകൃതി ആയതിനാലും, പാറകെട്ടുകളിൽ ഉറവ ഉള്ളതിനാലുമാണ് ഈ പേര് ലഭിച്ചത്. അമ്പലങ്ങളുടെയും പുണ്യ സ്ഥലങ്ങളുടെയും കേദാരമാണ് ശിവഗംഗ. അവയിൽ പ്രധാനം പാടലഗംഗ, ഒളകലു തീർത്ഥ, ഗവിഗംഗധേശ്വര എന്നിവയാണ്. നാലോ അഞ്ചോ കിലോ മീറ്റർ കുത്തനെയുള്ള മല നിരകൾ ചവിട്ടി കയറി വേണം ഈ അമ്പലങ്ങളിൽ എത്താൻ.
രണ്ടും കൽപ്പിച്ച് ഞങ്ങൾ കയറാൻ തീരുമാനിച്ചു. പാദരക്ഷകൾ പുറത്തു നിക്ഷേപിച്ച് ഞങ്ങൾ ഗോപുര വാതിലിലൂടെ അകത്തോട്ടു നീങ്ങി. തീർത്ഥാടകാരുടെ കൈയ്യിൽ നിന്ന് എന്തും തട്ടിപറിക്കാൻ തയാറായി വാനരപ്പട അണിനിരന്നു നില്ക്കുന്നുണ്ടായിരുന്നു. ഓരോ കൂട്ടത്തിലും പത്തും പതിനഞ്ചും കുരങ്ങന്മാരുണ്ടാകും. കയ്യിൽ പ്ലാസ്റ്റിക് കൂടു കണ്ടാൽ പിന്നെ പറയണ്ട, നോക്കി നിൽക്കെ വളരെ സാമർത്ഥ്യത്തോടെ തട്ടിപറിച്ചെടുക്കും. ചില മിടുക്കന്മാർ സാരി തുമ്പിൽ പിടിച്ചു ഇളിച്ചു കാട്ടും. ആദ്യത്തെ പത്ത് മിനിറ്റ് കുരങ്ങന്മാരിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു ഞങ്ങൾ. മുകളിലോട്ടു കയറുന്തോറും പടികൾ കുറഞ്ഞു കാട്ടു പാത പോലെയാകും. അര കിലോമീറ്റർ കൂടുമ്പോൾ വെള്ളവും പലഹാരങ്ങളും കിട്ടുന്ന മാടകടകൾ കാണാം. ഏറ്റവും മുകളിൽ വരെ കയറില്ല എന്ന് ആദ്യമേ തീരുമാനിച്ചയിരുന്നു. ഓളകലു തീർത്ഥയായിരുന്നു ലക്ഷ്യം.
ഒരു മണിക്കൂർ നടന്നു വലഞ്ഞു അവശരായി അവസാനം ഓളകലു തീർത്ഥയുടെ മുന്നിലെത്തി. ഒരു ഭീമാകാരമായ പാറ തുരന്ന ഗുഹയിലായിരുന്നു അമ്പലം. മുട്ട് വരെ വളഞ്ഞു വേണം അകത്തു കയറാൻ. കയറി കഴിഞ്ഞാൽ ഒരാൾക്ക് കഷ്ടി നിൽക്കാനുള്ള ഉയരമേ കാണു. ഒന്നോ രണ്ടോ ട്യൂബ് ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അരണ്ട വെളിച്ചമായിരുന്നു അകത്ത്. ചുവരുകൾക്കും, നിലത്തിനും വല്ലാത്ത ഈർപ്പവും, വഴുക്കലും ആയിരുന്നു. ഈ ചെറിയ ക്ഷേത്രം പേരുകേട്ടത് ഇതിനുള്ളിലെ ആഴമുള്ള ഒരു പൊത്ത് കാരണമാണ്. ഉറവയിൽ നിന്നാണ് ഇതിൽ വെള്ളം നിറയുന്നത്. ഒരു കൈ കടത്താവുന്ന വീതിയുള്ള ഒരു അനന്തമായ ഗർത്തം. അതിനുള്ളിൽ വെള്ളമുണ്ടെന്നു പ്രതിഫലിച്ചു കാണാം.
ദൈവഭക്തിയുള്ളവനും സൽകർമ്മങ്ങൾ ചെയ്തവനും കൈയ്യിട്ടാൽ വെള്ളത്തിൽ തൊടാൻ സാധിക്കുമത്രേ ! വെള്ളത്തിൽ തൊടാൻ ചില വിരുതന്മാർ കമഴ്ന്നും, മലന്നും, തോള് വരെ അകത്തോട്ടിട്ടും പരിശ്രമിക്കാറുണ്ട്. ഞാൻ ഒരു കൈ നോക്കി. വളരെ പരിശ്രമിച്ച് വിരലുകൾ ഒന്ന് നനച്ചു. ഒരെള്ളോളം നന്മ എനിക്കും ഉണ്ടെന്ന തോന്നൽ എന്നെ സന്തുഷ്ട്ടയാക്കി.
സൂര്യൻ ചക്രവാളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കിന്നു. ഇരുട്ട് പടരുന്നതിന് മുൻപ് താഴെ എത്തണം. മലമുകളിൽ നിന്ന് താഴോട്ടുള്ള യാത്ര, കൊതുക് കടിയൊഴിച്ചാൽ, എളുപ്പമായിരുന്നു. കാളകൾക്കും, കുരങ്ങന്മാർക്കും, പട്ടികൾക്കും വഴി ഒഴിഞ്ഞു കൊടുത്ത്, തീർത്ഥാടകരോടോപ്പം ഞങ്ങളും നീങ്ങി.
പരാതികളെല്ലാം മുത്തശ്ശി മരത്തിന്റെ കാൽ ചുവടിൽ വെച്ച്, ഒരു പിടി നന്മ കൈവെള്ളയിൽ മുറുകെ പിടിച്ച് ഞാൻ മടക്കയാത്രക്കൊരുങ്ങി.