രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം
ഈ വരികളിലാണ് ഞാൻ ആദ്യമായി അഗസ്ത്യമുനിയെ പറ്റിയും അദ്ദേഹം തപസ്സ് ചെയിതിരുന്ന മലയെപ്പറ്റിയും കേൾക്കുന്നത്.
അഗസ്ത്യാർകൂടം യാത്ര അതൊരു പ്രത്യേക അനുഭവമാണ്, കാടിനെ നേരിട്ടറിയുന്ന അടുത്തറിയുന്ന ഒരു അനുഭവം.
മൂന്നുകൊല്ലം മുൻപുള്ള ഒരു ശിവരാത്രിയുടെ തലേദിവസം ആയിരുന്നു എന്റെ ആദ്യ യാത്ര.
സാദാരണ സർക്കാർ പാസ്സ് നൽകി ദിവസം 100 പേർ വീതം പോകുന്ന ട്രാക്കിങ് ഉണ്ട്, എന്നാൽ അത് ശിവരാത്രിക്ക് ഏകദേശം 5 ദിവസം മുന്നേ അവസാനിക്കും, കാരണം ശിവരാത്രി ദിനരാത്രങ്ങളിൽ ആദിവാസി സമുഹത്തിന്റെ പ്രത്യേക ചാറ്റുപാട്ടും പൂജയുമാണ്.
അതുകൊണ്ട് തന്നെ എന്റെ യാത്ര ആദിവാസി ഗോത്രവർഗ്ഗത്തിനൊപ്പമായിരുന്നു. പ്രിയ സുഹൃത്തും ജേഷ്ഠ സഹോദരനുമായ രാജേഷും, മറ്റൊരു സുഹൃത്തായ ഷാജി വൈദ്യരും ഒന്നിച്ച് കോട്ടൂരിൽ നിന്ന്.
കുഭകുടം നിറച്ച്, തലയിൽ ചപ്രാവുമേന്തി (തടികൊണ്ട് നിർമ്മിച്ചതാണ് അതിനുള്ളി അഗസ്ത്യമുനിയുടെ ചിത്രംവും പുജക്കുള്ള സാധനങ്ങളുമാണ് ) കോട്ടൂരിൽനിന്നും കാട്ടിലൂടെ ഏകദേശം 45 കിലോമീറ്റർ താണ്ടി യുള്ള യാത്ര, സാഹസിക യാത്ര എന്ന് പറയുന്നതാവും കുറച്ചുകൂടി ഉത്തമം. കാരണം സാദാരണ അഗസ്ത്യാർകൂടം യാത്രയിൽ ബോണക്കാട് വഴി പോകുമ്പോൾ വനപാലകരുടെ ഒരുസംഗം കൂടെയുണ്ടാകാറുണ്ട്, എന്നാൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പൂജ ആയതിനാലും ആദിവാസികൾക്ക് കാട് അന്യമല്ലാത്തതിനാലും അവർ കുടെ പോകാറില്ലത്രേ.
കുന്നും മലകളും അരുവികളും താണ്ടി തലയിൽ ചപ്രാവുമേന്തി നടക്കുന്ന ഒരുമധ്യവയസ്‌കൻ അദ്ദേഹത്തിനെ അനുഗമിച്ച് തലയിൽ കുംഭകുടവുമേന്തി നടക്കുന്ന മറ്റുള്ളവരും ഒപ്പം ഞങ്ങളും,
നേരം വൈകുംതോറും ഉള്ളിൽ ഭയം കൂടി വന്നു, പ്രകാശത്തിന് വേണ്ടി മാത്രമായി മൊബൈൽ ഫോണുകൾ മാറിയ ദിവസങ്ങളായിരുന്നു അത്. കാട്ടിലൂടെ നടക്കുമ്പോൾ ദൂരെ നിന്നും വന്യമൃഗങ്ങളുടെ ഒച്ച കേൾക്കാം, സമയം ഏകദേശം 6 മാണിയേ ആയുള്ളൂ എങ്കിലും ഇരുട്ട് പൂർണ്ണമായും ആ വഴികൾ കീഴടക്കി കഴിഞ്ഞിരുന്നു, ഒരാൾക്ക് മാത്രം നടന്നു നീങ്ങാവുന്ന
മലംചെരുവിലെ ആ വഴിയിൽ മൊബൈൽ പ്രകാശം മാത്രം, ഒരുപക്ഷെ ആകാശകാഴചയിൽ അത് മിന്നാമിനുങ്ങുകൾ വരിയായി പോകുന്നത് പോലെ തോന്നുമായിരിക്കാം.
അൽപ്പനേരം ഒന്ന് ഇരുന്നിട്ട് പോകാം മുന്നിൽ നടന്ന ആൾ പറഞ്ഞു എല്ലാവരും
ആ മലമുകളിൽ അവിടവിടെയായി ഇരുന്നു, അൽപ്പനേരം കഴിഞ്ഞപ്പോൾ എന്റെ ഇടതുകാലിന്റെ മുട്ടിനു താഴെ എന്തോ ഒരു നനവുപോലെ മൊബൈൽ പ്രകാശത്തിൽ ഞാൻ നോക്കി കുളയട്ട
എന്റെ രക്തം കുടിച്ച് വീർത്ത് ഇരിക്കുന്നു ഒരു ലൈറ്റർ കത്തിച്ച് അതിന്റെ പിടി വിടിച്ചു, അപ്പോഴേക്കും സജീവ് വൈദ്യർ ഒരു തൈലം കാലിൽ പുരട്ടി തന്നു, എന്നിട്ട് നമ്മൾ വീണ്ടും യാത്ര തുടർന്നു, ഏകദേശം മണി 10 നോടടുത്തു കാട്ടിനുള്ളിലെ സങ്കേതത്തിലെത്തി ചുറ്റും വല്യ കുഴിയുള്ള ഒരു പഴയ കെട്ടിടം, കാട്ടുമൃഗങ്ങൾ കടക്കാതിരിക്കാനാണ് ഇങ്ങനെ കുഴി എടുത്തിരിക്കുന്നത്, അഗസ്ത്യാർകൂടം യാത്ര ചെയ്യുന്ന എല്ലാവരും രാത്രി താങ്ങുന്നത് ഇവിടെയാണ്, 1998 മറ്റോ സർക്കാർ നിർമ്മിച്ച ഒരു കെട്ടിടമാണിത് എപ്പോൾ വേണമെങ്കിലും നിലപോത്തം എന്ന രീതിയിൽ ആണ് അത്, അതുകൊണ്ട് തന്നെ അതിനുള്ളിൽ ആരും താമസിക്കാറില്ല പുറത്ത് കൂടാരങ്ങൾ ഉണ്ടാക്കിയാണ് താമസം.
ഞാനടങ്ങുന്ന സംഗം എത്തുമ്പോൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്ന ഗോത്ര വർഗ്ഗക്കാർ അവിടെ ചാറ്റുപാട്ടും നിവേദ്യം തയ്യാറാക്കലുമൊക്കെ തുടങ്ങീരുന്നു.
പുറംനാട്ടുകാർ അധികം കണ്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ചാറ്റ് പാട്ട്, ഒരു പ്രത്യേക താളത്തിൽ ആദിവാസികളുടെ ഭാഷയിൽ (തമിഴ് കലർന്ന മലയാളം) ആണ് പാട്ട്, വിളക്കുളും പൊങ്കാല നിവേദ്യവും നിർത്തിവച്ച് പൂജാരി ഉറഞ്ഞ് തുള്ളി ആദിവാസി സമൂഹത്തിന്റെ തെറ്റുകുറ്റങ്ങൾ വിളിച്ച് പറഞ്ഞും വരാൻപോകുന്ന വര്ഷം ഐശ്വര്യ പുതുർണമാകാൻ അനുഗ്രഹിക്കുകയും ചെയ്യുകയാണ്, പുലർച്ചവരെ തുടരും അതിനു ശേഷം കാട്ടരുവിയിൽ കുളികഴിഞ്ഞ് അഗസ്ത്യമുനിയെ തൊഴുത് മലകയറും.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1868 മീറ്റർ ഉയരമാണ് അഗസ്ത്യമലക്കുള്ളത്,
അഗസ്ത്യമലയുടെ തൊട്ടുതാഴെയായി ഒരു കാട്ടരുവിയും പാറക്കൂട്ടവും കാണാം
പൊങ്കാല പാറ എന്നാണ് അറിയപ്പെടുന്നത്, അഗസ്ത്യമലക്ക് മുകളിൽ ശക്തിയായ കാറ്റുള്ളതിലാൽ നിവേദ്യമായ പൊങ്കാല എവിടെ വച്ച് ഉണ്ടാക്കി കൊണ്ടാണ് പോകാറ്.
ഏകദേശം 2 മണിയോടുകൂടി ഞങ്ങൾ അഗസ്ത്യമലയുടെ മുകളിൽ എത്തി,
എന്നെ അതിശയപ്പെടുത്തിയത് ആ മധ്യവയസ്‌കൻ ആയിരുന്നു, ഒറ്റക്ക് കയറിയ ഞാൻ പോലും ക്ഷീണിച്ചു പോയി എന്നാൽ തലയിൽ ചപ്രാവും കൊണ്ട് ഈ മലകയറിയ അദ്ദേഹത്തിന് യാതൊരു ക്ഷീണവും ഇല്ല, അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യമുനിയുടെ ഒരു പ്രതിമ കാണാം, അതിൽ ഗോത്ര വർഗ്ഗക്കാർ പുതുജനടത്തും, മലക്ക് മുകളിൽ വളരെ കുറച്ച് സ്ഥലമേ ഉള്ളു, അതിഭയങ്കര കാറ്റും സാമാന്യം നല്ല തണുപ്പും.
പൂജക്കൊടുവിൽ തേനാഭിഷേകവും ഭസ്മാഭിഷേകവുമുണ്ട്, വളരെ വെത്യസ്തമായ ഒരു അനുഭവമായിരുന്നു അഗസ്ത്യാർകൂടം യാത്ര.
അങ്ങനെ വൈകുന്നേരം നാലുമണിയോടുകൂടി അഗസ്ത്യമലയിറങ്ങി കഴിഞ്ഞ രാത്രി തങ്ങിയ സങ്കേതത്തിൽ എത്തി, കഴിഞ്ഞ 48 മണിക്കൂറുകളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് മറ്റൊരു പ്രത്യേകത, ട്രക്കിങ്ങിനു പോകുന്നവർക്ക് ഇത് സാധരണമാണ്. ചുറ്റും കാടും ദുയൂറേനിന്നു കേൾക്കുന്ന വന്യ മൃഗങ്ങളുടെ ശബ്ദവും, വഴികളിൽ കാണുന്ന വന്യ മൃഗ വിസർജ്യവും ഉള്ളിൽ ഭയം ജനിപ്പിക്കുന്ന യാത്രയാണ്.
കാടിനേയും യാത്രയേയും ഇഷ്ടപ്പെടുന്നവർക്ക് ഒരു മനോഹര അനുഭവം തന്നെയായിരിക്കും അഗസ്ത്യാർകൂടം യാത്ര.