കപ്പയും കരിമീന്‍ പൊള്ളിച്ചതും കഴിച്ച് കായലിലൂടെ ഒരു ബോട്ട് യാത്ര പോയാലോ? ഇത്തവണത്തെ യാത്രക്ക് രണ്ട് ലക്ഷ്യങ്ങളായിരുന്നു. ഒന്ന്, സ്വാദിനു പേരുകേട്ട കുമരകത്തെ കിളിക്കൂട് കള്ള് ഷാപ്പില്‍ നിന്നും ഷാപ്പ് ഫുഡ് കഴിക്കണം. രണ്ട് ,കേരളത്തിലെ ഏറ്റവും വലിയ വേമ്പനാട് കായലിലൂടെ ഒരു ബോട്ട് സവാരിയും.ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്...പുതിയ കാഴ്ചകളാണ്.കോട്ടയം പട്ടണത്തില്‍ നിന്ന് പതിനാറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുമരകംഗ്രാമം അതിമനോഹരമായ കാഴ്ചകളാണ്‌സമ്മാനിക്കുന്നത് .ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടെ ഒരു പക്ഷിസങ്കേതവും ഉണ്ട്.പതിനാല് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പക്ഷി സങ്കേതം വിവിധ തരം പക്ഷികളുടെ വാസസ്ഥലമാണ്.
കുമരകത്തിന്റെ പ്രകൃതി ഭംഗി പോലെ തന്നെ കള്ള് ഷാപ്പും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.കുമരകത്ത് തനി നാടന്‍ ഭക്ഷണം ലഭിക്കുന്ന ധാരാളം ഷാപ്പുകള്‍ ഉണ്ട്. വിശക്കുന്നതിനാല്‍ ഞാന്‍ ആദ്യം പോയത് ഷാപ്പ് ഫുഡ് കഴിക്കുവാനാണ്. ചെമ്മീന്‍ റോസ്റ്റ് , തലക്കറി , കക്ക ഫ്രൈ, ഞണ്ട് കറി, കൊഴുവ ഫ്രൈ, കൊഞ്ചു റോസ്റ്റ്, കണവ വറുത്തത്, കാരി പൊരിച്ചത് , താറാവ് മപ്പാസ് , പോര്‍ക്ക് ഉലത്തിയത് , ബീഫ് ഫ്രൈ , കൂജയിലെ കള്ള് , ഞണ്ട് റോസ്റ്റ് , കൂന്തല്‍ , കല്ലുമ്മക്കായ് ഫ്രൈ, കരിമീന്‍ പൊള്ളിച്ചത്, താറാവ് കറി ,കരിമീന്‍ ഫ്രൈ എന്നിങ്ങനെ നാവില്‍ കൊതിയൂറുന്ന നിരവധി വിഭവങ്ങള്‍ കുമരകത്തു ലഭിക്കും. കുമരകത്തെത്തുന്ന മിക്ക സഞ്ചാരികളും ഷാപ്പ് ഫുഡ് ആണ് കഴിക്കുന്നത്. കുടുംബസമേതം ഭക്ഷണം കഴിക്കാവുന്ന ഷാപ്പുകളാണ് ഇവിടെ കൂടുതലും. ഷാപ്പ് ഫുഡിന്റെ രുചി ഞാനും അറിഞ്ഞു. കരിമീന്‍ പൊള്ളിച്ചതും ,മീന്‍ കറിയും രണ്ട് പ്ലെയ്റ്റ് കപ്പയും കഴിച്ചു. ??കുമരകത്തിന്റെ സ്വാദ് സൂപ്പര്‍.
ഭക്ഷണപ്രിയര്‍ ഒരു തവണയെങ്കിലും കുമരകം സന്ദര്‍ശിക്കേണ്ടതാണ്.കുമരകത്തെ പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടിലെ കായല്‍സഞ്ചാരമാണ്. പണ്ട് ചരക്കുകയറ്റി പോയിരുന്ന വലിയ വള്ളങ്ങള്‍ നാട്ടില്‍ പാലങ്ങളും വാഹന ഗതാഗതവും വന്നപ്പോള്‍ തിരക്കില്ലാതായി എന്നാല്‍ ഈ വള്ളങ്ങള്‍ പുതുക്കി വഞ്ചിവീടുകളാക്കി വിനോദ സഞ്ചാരത്തിനെത്തിച്ചതോടെ ഈ മേഖല മെച്ചപ്പെട്ടു. ഇന്ന് വേമ്പനാട്ടുകായലില്‍ ആയിരത്തിനു മുകളില്‍ വഞ്ചിവീടുകളുണ്ട്. റോയല്‍ ആയി പോകണമെങ്കില്‍ ഹൗസ്‌ബോട്ട് എടുക്കുന്നതാണ് നല്ലത് ചിലവു കുറഞ്ഞ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഷിക്കാര ബോട്ടുകളും, സാധാരണ മോട്ടോര്‍ ബോട്ടുകളും കുമരകത്ത് ഉണ്ട്. ഞാന്‍ തിരഞ്ഞെടുത്തത് ഒരു സാധാരണ മോട്ടോര്‍ ബോട്ടായിരുന്നു.
ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞ കനാല്‍ പാതയിലൂടെ ബോട്ട് നീങ്ങി തുടങ്ങി.തെങ്ങുകളുടെ മുകളില്‍ കെട്ടിവച്ചിട്ടുള്ള കള്ളിന്‍കുടങ്ങളുടെ കാഴ്ചകളും ബോട്ടിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പറന്നുയരുന്ന പക്ഷികളും , തോടിനിരു വശങ്ങളിലുള്ള വീടുകളും വഴികളും കണ്ട് നല്ല പച്ച നിറമുള്ള കനാലിലൂടെയുള്ള യാത്ര മനോഹരമാണ്.ഒരു വശത്തു മുഴുവനും വഞ്ചിവീട് കിടക്കുന്നത് കാണാം.. ബോട്ടിന്റെ സാരഥി ചേട്ടന്‍ പോകുന്ന വഴിയില്‍ കാണുന്നവരോടൊക്കെ കുശലാന്വേഷണം നടത്തുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ പച്ച നിറമുണ്ടായിരുന്ന വെള്ളത്തിന്റെ നിറം നീലയായി മാറിയിരിക്കുന്നു ... കായലിന് വിശാലത കൂടിവരുന്നുണ്ട് , നല്ല ഓളവുമുണ്ട്. കണ്ണെത്താത്ത ദൂരം വേമ്പനാട്ടുകായല്‍ മാത്രം.. തണുത്ത കായല്‍ കാറ്റേറ്റ് അപ്പര്‍ഡെക്കില്‍ കയറി ഞാന്‍ ഇരുന്നു...അതിമനോഹരമായ കാഴ്ച... ഒരു വശം മുഴുവന്‍ റിസോട്ടുകളാണ്. വിദേശ സഞ്ചാരികള്‍ ധാരാളം ഉണ്ട് ഇവിടെ. കാറ്റിന്റെ തലോടലും കായലിന്റെ ഭംഗിയും കണ്ടു കയലിലൂടെയുള്ള യാത്ര നല്ലൊരു അനുഭവമായിരുന്നു. മീന്‍പിടിത്തവും കൃഷിയും ടൂറിസവും ആണ് കുമരകത്തെ ജനങ്ങളുടെ പ്രധാനവരുമാനമാര്‍ഗങ്ങള്‍. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ഏവര്‍ക്കും ഈ സ്ഥലം ഇഷ്ടപ്പെടും...
തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോട് ഒപ്പമോ കൂട്ടുകാരോടൊപ്പമോ ഇനി ആരുമില്ലെങ്കില്‍ തനിച്ചോ യാത്ര പോകുക... എത്ര കണ്ടാലും മതിവരാത്ത മനം മയക്കുന്ന ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ മറക്കരുത്....നാവില്‍ കൊതിയൂറുന്ന നിരവധി വിഭവങ്ങള്‍ രുചിച്ചും കായലിന്റെ ഭംഗി ആസ്വദിച്ചു ഒരു ബോട്ടു യാത്രയും നടത്തുവാന്‍ കുമരകം നല്ല ഒരു സ്ഥലമാണ്.ഇവിടെ എത്തുവാനുള്ള വഴി -| കോട്ടയത്തു നിന്നും പതിനാറ് കിലോമീറ്റര്‍ പോയാല്‍ അതിമനോഹരമായ കുമരകത്തെത്താം. ചില നല്ല നിമിഷങ്ങളാണ് ജീവിതത്തില്‍ പിന്നീടു നല്ല ഓര്‍മ്മകളായി മാറുന്നത്.....
ഓര്‍ക്കുക..'യാത്രക്ക് മനസ്സാണ് പ്രധാനം'