യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.. കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല..! കേട്ടറിഞ്ഞ പഴങ്കഥകളിലൂടെയും വാമൊഴികളിലൂടെയും മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വശ്യസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ നീലി എന്ന രക്തദാഹിയായ യക്ഷിയുടെ വാസസ്ഥലമായിരുന്നു ഇവിടമെന്നാണ് വിശ്വാസം..!
മുട്ടോളമെത്തുന്ന മുടിയും വിടര്‍ന്ന കണ്ണുകളും ആരേയും മയക്കുന്ന വശ്യസൗന്ദര്യവും അന്നാട്ടിലെ ചെറുപ്പക്കാരേയും വൃദ്ധരേയും ഒരുപോലെ മോഹിപ്പിച്ചവയാണെന്നാണ് പഴമൊഴി.. അതുകൊണ്ടു തന്നെ സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ചു കൊണ്ടുപോയി മാറുപിളര്‍ന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഉഗ്രരൂപമുള്ള യക്ഷിയായി കഥകളിലൂടെ മലയാളി മനസ്സുകളില്‍ നീലി ഇന്നും ജീവിക്കുന്നു..
ആരായിരുന്നു നീലി??
കഥയും ചരിത്രവും ഇഴചേര്‍ന്ന് പറഞ്ഞു പഴകിയതാണ് നീലിയുടെ കഥ.. പഴയ തിരുവിതാംകൂറിന്റെ തെക്കേ അറ്റമായ നാഗര്‍കോവിലിനു സമീപം പഴകന്നൂര്‍ എന്ന പ്രദേശത്ത് കാര്‍വേണി എന്നൊരു ദേവദാസി സ്ത്രീ താമസിച്ചിരുന്നു.. അവള്‍ക്ക് അല്ലി എന്നു പേരുള്ള അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവള്‍ അടുത്തുള്ള ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പി എന്നയാളുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് അവര്‍ വിവാഹിതരാവുകയും ചെയ്യുന്നു, എന്നാല്‍ ദുര്‍ന്നടപ്പുകാരനും പരസ്ത്രീതത്പരനുമായ നമ്പി പണം മോഹിച്ചു മാത്രമായിരുന്നു അല്ലിയെ വിവാഹം ചെയ്തത്.. മരുമകന്റെ ഈ ദുര്‍നടപ്പിനെക്കുറിച്ച് അറിയാനിടയായ കാര്‍വേണി നമ്പിയെ തന്റെ വീട്ടില്‍ നിന്നും പുറത്താക്കി.. ഇതുകണ്ട അല്ലി തന്റെ അമ്മയുടെ വാക്ക് കേള്‍ക്കാതെ ഭര്‍ത്താവിനോടൊപ്പം വീടുവിട്ടിറങ്ങി.. കാര്‍വേണി അല്ലിയെ തടഞ്ഞുവെങ്കിലും അവള്‍ ചെവിക്കൊണ്ടില്ല...!
അവിടെ നിന്നും യാത്ര തുടര്‍ന്ന അവര്‍ കള്ളിയങ്കാട് എന്ന വനപ്രദേശത്ത് എത്തിയപ്പോള്‍ ഇരുവരും യാത്ര നിര്‍ത്തി അല്‍പനേരം വിശ്രമിക്കാനിരുന്നു.. നടന്നു ക്ഷീണിതയായ അല്ലി ഭര്‍ത്താവിന്റെ മടിയില്‍ തല വെച്ചുറങ്ങി.. തന്റെ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന അല്ലിയുടെ കഴുത്തിലും കാതിലും കൈയ്യിലും ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ട നമ്പിയുടെ മനസ്സിലെ ദുഷ്ടചിന്തകള്‍ പുറത്തുചാടി.
അല്ലി നല്ല ഉറക്കത്തിലാണെന്നു മനസ്സിലാക്കിയ നമ്പി കൈയ്യില്‍ കിട്ടിയ കൂര്‍ത്ത കരിങ്കല്ല് കൊണ്ട് അവളുടെ തലയില്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചു ക്രൂരമായി കൊലപ്പെടുത്തി.. തുടര്‍ന്ന് ശവശരീരം അവിടെ ഉപേക്ഷിച്ച് അവളുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു.. തുടര്‍ന്ന് പ്രതികാരദാഹിയായ അല്ലിയുടെ ആത്മാവ് നീലിയായി പുനര്‍ജനിക്കുകയും താന്‍ കൊലചെയ്യപ്പെട്ട കള്ളിയങ്കാട്ടില്‍ വാസമുറപ്പിക്കുകയും ചെയ്തു.. പിന്നീടുള്ള കാലം ഇവിടെയായിരുന്നു നീലിയുടെ വിഹാരകേന്ദ്രം.
കള്ളിമുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാട്, മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകള്‍, ആ പരിസരങ്ങളിലൊന്നും ആള്‍പ്പാര്‍പ്പുമില്ല, നീലിയുടെ വരവോടെ ഇവിടം ദുര്‍മരണങ്ങളുടെ ഇടമായി മാറി.. നീലിയെ ഭയന്ന് പകല്‍ പോലും ആരും ഇതുവഴി പോകാതായി.. ഈ സ്ഥലത്തെക്കുറിച്ചറിയാത്ത ആരെങ്കിലും ഇതുവഴി വന്നാല്‍ നേരം പുലരുമ്പോള്‍ കരിമ്പനയുടെ ചുവട്ടില്‍ എല്ലും തോലും തലമുടിയും നഖവും മാത്രമാവും അവശേഷിക്കുക.. സ്ത്രീലമ്പടന്മാരായ നൂറുകണക്കിന് പുരുഷന്മാരെ അവള്‍ വശീകരിച്ചു കൊണ്ടുപോയി നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതിഹ്യം.. അടങ്ങാത്ത പകയോടെ അലഞ്ഞുനടന്ന നീലിയെ ഒടുവില്‍ കടമറ്റത്തു കത്തനാരാണ് തളച്ചതെന്നു വിശ്വസിക്കപ്പെടുന്നു..!
കുട്ടിക്കാലം മുതല്‍ കേട്ട ഈ യക്ഷിക്കഥയിലെ കള്ളിച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടും ഏഴിലംപാലകളും കൂറ്റന്‍ കരിമ്പനകളും നിറഞ്ഞ ഭീതിപ്പെടുത്തുന്ന കള്ളിയങ്കാട് എന്നെങ്കിലുമൊരിക്കല്‍ നേരിലൊന്നു കാണാന്‍ ആഗ്രഹിച്ചിരുന്നു.. ആ ആഗ്രഹം ഇന്നാണ് യാഥാര്‍ത്ഥ്യമായത്.. അങ്ങനെ ഇന്നത്തെ യാത്ര കള്ളിയങ്കാട്ടിലേക്ക് തന്നെയാകട്ടെയെന്ന് തീരുമാനിച്ചു.. ഇന്ന് പഴയ വനപ്രദേശം കുറേയേറെ വെട്ടിത്തെളിച്ചു, ഇന്ന് കള്ളിയങ്കാടിനു നടുവിലൂടെയാണ് നാഷണല്‍ ഹൈവേ കടന്നു പോകുന്നത്. നാഗര്‍കോവിലില്‍ നിന്ന് 5 കിലോമീറ്റര്‍ മാറി പാര്‍വ്വതിപുരം എന്ന സ്ഥലത്തിനു സമീപത്തായി പണ്ടു നീലിയെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇന്ന് കള്ളിയങ്കാട്ട് നീലിയുടെ ക്ഷേത്രവും പ്രതിഷ്ഠയും കണ്ടു.. അന്വേഷിച്ചപ്പോള്‍ ഇവിടെ ആഴ്ചയിലൊരിക്കല്‍ നട തുറന്ന് പൂജ നടത്താറുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു..! അവിടുന്ന് ഏകദേശം 4 കിലോമീറ്ററോളം ഉള്ളിലേക്കു പോയാല്‍ കരിമ്പനകളും കള്ളിപ്പാലകളും നിറഞ്ഞ ആ പഴയ കള്ളിയങ്കാടിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും നമുക്ക് കാണാം..
ഈ 2019 കാലഘട്ടത്തിലും നീലിയെ ഭയക്കുന്ന പഴമക്കാരായ ചില മനുഷ്യര്‍ ഇപ്പോഴും ആ പ്രദേശത്തുണ്ട് എന്നത് യാത്രയ്ക്കിടയില്‍ എന്നെ അത്ഭുതപ്പെടുത്തി..! കള്ളിയങ്കാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിമദ്ധ്യേ ഒരു പ്രായമായ മനുഷ്യനെ കണ്ടു.. എവിടെ പോകുന്നുവെന്ന് അദ്ദേഹം തമിഴില്‍ ഞങ്ങളോടു ചോദിച്ചു, കള്ളിയങ്കാട്' എന്ന് മറുപടി പറഞ്ഞപ്പോള്‍ 'ഇന്ത നേരത്ത് അന്തപക്കം പോകക്കൂടാത്' എന്നു പറഞ്ഞു.. കാരണമൊന്നും ചോദിക്കാന്‍ നില്‍ക്കാതെ നാഗവല്ലിസ്‌റ്റൈലില്‍ 'അതെന്താ അങ്ങോട്ടു പോയാല്‍' എന്ന ഭാവത്തോടെ ഞങ്ങള്‍ മുന്നോട്ടുതന്നെ നടന്നു.. അല്ലെങ്കില്‍ത്തന്നെ എന്തിനാ ഇപ്പോ ഭയം പലപ്പോഴും നമ്മുടെ പൂര്‍വികര്‍ അവരോടു ചെയ്ത വഞ്ചനയും ചതിയും സൗകര്യപൂര്‍വ്വം മറക്കാന്‍ വേണ്ടി നമ്മള്‍ തന്നെ മന:പൂര്‍വ്വം അവരുടെ മുകളില്‍ ചാര്‍ത്തിക്കൊടുത്തതല്ലേ യക്ഷിയെന്നും രക്തദാഹിയെന്നുമുള്ള പദങ്ങള്‍.
കള്ളിയങ്കാട് വനപ്രദേശം അടുക്കുന്തോറും കഥകളില്‍ കേട്ട പോലുള്ള കരിമ്പനകളും കള്ളിച്ചെടികളും പലയിടത്തും തിങ്ങിനിറഞ്ഞു നില്‍പ്പുണ്ട്... ഞങ്ങള്‍ വനത്തിനുള്ളിലേക്കു കയറി.. കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി.. അവിടെ ഭയക്കേണ്ടത് നീലിയെ അല്ല, അവിടെയുള്ള ക്ഷുദ്രജീവികളെയാണ്..! അതിമനോഹരമായ കാടാണെങ്കിലും അവിടം മുഴുവന്‍ വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമാണ്.. എത്രയധികം മൂര്‍ഖന്‍ പാമ്പുകളെയാണ് ഇത്തിരിനേരം ഞങ്ങളവിടെ കണ്ടതെന്ന് ഓര്‍മ്മയില്ല, അത്രയധികം പാമ്പുകളുണ്ടവിടെ.. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അത്ര സുഖകരമാവില്ലായെന്നു മനസ്സിലാക്കിയ ഞങ്ങള്‍ കള്ളിയങ്കാടിനോടു പതിയെ വിട പറയാന്‍ തീരുമാനിച്ചു..!
പണ്ടുകാലത്ത് ഈ കള്ളിയങ്കാട് പ്രദേശം പഞ്ചവന്‍കാട് എന്നും ഗന്ധര്‍വ്വന്‍കാട് എന്നും പല പേരുകളില്‍ അറിയപ്പെട്ടിരുന്നു..!
1971-ല്‍ പുറത്തിറങ്ങിയ പഞ്ചവന്‍കാട് എന്ന സിനിമയില്‍ വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ദേവരാജന്‍ മാഷ് ഈണമിട്ട് യേശുദാസ് പാടിയ ആ മനോഹരഗാനം ആ സമയത്ത് എന്റെ മനസ്സിലേക്ക് ഓടിയെത്തി..
"കള്ളിപ്പാലകള്‍ പൂത്തു...
കാടൊരു വെള്ളിപ്പൂക്കുട തീര്‍ത്തു...
ആരിലുമാരിലുമവയുടെ സൗരഭം
ആളിപ്പടരുമൊരുന്മാദം."