കേരളത്തില്‍ ആപ്പിള്‍ കൃഷിചെയ്യുന്ന ഏക ഗ്രാമം കാന്തല്ലൂര്‍. ഇവിടെ വിളയാത്ത പഴങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആദിവാസികളും തോട്ടമുടമകളുമാണ് ഇവിടത്തെ പ്രധാന ജനവര്‍ഗ്ഗം. ആദിവാസി ഊരുകളുമുണ്ട്. മലഞ്ചെരിവുകള്‍ തട്ടുതട്ടായി തടങ്ങളാക്കിമാറ്റിയാണ് ഇവിടങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. കീഴന്തൂര്‍, മറയൂര്‍, കൊട്ടകമ്പൂര്‍, വട്ടവട, കണ്ണന്‍ ദേവന്‍ മലകള്‍ എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍.ശൈത്യകാല പച്ചക്കറികള്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന കാന്തല്ലൂരില്‍ ആപ്പിള്‍, പ്ലം, മാതളനാരകം, പേരയ്ക്ക, പ്ലംസ്, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തില്‍ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്തുവരുന്നു. കേരളസര്‍ക്കാരിന്റെ കൃഷിവകുപ്പും ഇടുക്കിജില്ല സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍മിഷനും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഇവിടെ ശീതകാലപച്ചക്കറിയും പഴവര്‍ഗ്ഗകൃഷിയും വികസനവും വ്യാപനവും നടപ്പാക്കുന്നത്.
കര്‍ഷകര്‍ക്ക് കൃഷിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഉല്പന്നങ്ങള്‍ വാങ്ങി വിപണനം ചെയ്യാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്.കാന്തല്ലൂര്‍ ആപ്പിള്‍ കാന്തല്ലൂരില്‍ മാത്രം വിളയുന്ന പ്രത്യേകയിനം ആപ്പിളാണ്. ചതുരാകൃതി തോന്നിക്കുന്ന രൂപവും കടും ചുവപ്പ് നിറവും ഇടത്തരം വലുപ്പവും ആണ് പ്രത്യേകത. തൈ നടുന്നതിനും വന്‍തോതില്‍ വിളവെടുക്കുന്നതിനും ഉചിതമായ പ്രത്യേകദിനങ്ങള്‍ അനുസരിച്ചുള്ള കൃഷിയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മാസത്തിലാണ് പഴുത്തുകായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍മരങ്ങള്‍ കാണാനാവുക. കാണാന്‍മാത്രമല്ല, വാങ്ങിക്കാനും കഴിയും. ജൂലായ് മാസത്തിലെ വിളവെടുപ്പിന് ശേഷം കാന്തല്ലൂര്‍ഇനം ആപ്പിളുകള്‍ കേരളത്തിലെ എല്ലായിടത്തും എത്താറുണ്ട്. പഴകച്ചവടക്കാര്‍ മാത്രം പറയുന്ന പേരാണ് കാന്തല്ലൂര്‍ ആപ്പിള്‍. കേരളത്തിലെ ആപ്പിള്‍ ആണെന്നറിഞ്ഞ് വാങ്ങുന്നവര്‍ വിരളമായിരിക്കും. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആപ്പിള്‍ മരത്തില്‍ ആപ്പിള്‍ കായ്ച്ചുനില്‍ക്കുന്ന കാഴ്ച കാന്തല്ലൂരില്‍ ഏത് സമയത്തും ഉണ്ടാകും. ആപ്പിള്‍മരത്തിന് താഴെ വല കെട്ടിയാണ് സംരക്ഷണം. താഴെ വീഴുന്ന ആപ്പിള്‍ വലയില്‍ കുരുങ്ങിക്കിടക്കും. കൂടാതെ കാട്ടുമൃഗങ്ങള്‍ പറിക്കാതിരിക്കാനുമാണ് വലകെട്ടിയുള്ള സംരക്ഷണം.