നിഗൂഢതകള്‍ മിന്നിമറയുന്ന ഒരിടം..പകല്‍ മുഴുവനും ആഴനക്കമില്ലാതെ കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവില്‍ രാത്രിയില്‍ വിരുന്നെത്തുന്ന ജനാലയ്ക്ക് സമീപത്തെ മനുഷ്യരൂപം..കാറ്റില്‍ പറക്കുന്ന കരിയില പോലും പേടിപ്പിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. എന്തു ചോദ്യങ്ങള്‍ക്കും ഉത്തരം തരുന്ന ഗൂഗിള്‍ പോലും കേരളത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമായി തിരഞ്ഞെടുത്തിരിക്കുന്ന ബോണക്കാടും അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവുമാണ് കഥയിലെ താരങ്ങള്‍. സമ്പന്നമായ ഒരു എസ്റ്റേറ്റിന്റെ എല്ലാ പ്രൗഡിയോടും കൂടി നിലനിന്നിരുന്ന തലസ്ഥാനത്തെ ബോണക്കാട് എസ്റ്റേറ്റിന്റെയും ഇവിടുത്തെ ബംഗ്ലാവിന്റെയും കഥയിലേക്ക്
തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരിടമണ് ബോണക്കാട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു എസ്റ്റേറ്റിനെയും അവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ബംഗ്ലാവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഗൂഗിളില്‍ മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇന്‍ കേരള എന്നു കൊടുത്താല്‍ ആ ലിസ്റ്റിലേക്ക് ആദ്യം കയറിവരുന്ന ഇടമാണ് ബോണാക്കാട് ബംഗ്ലാവ്. തേയിലകൃഷിക്കായി ബ്രിട്ടീഷുകാര്‍ ഒരുക്കിയെടുത്ത ഇവിടുത്തെ എസ്റ്റേറ്റും ബംഗ്ലാവും എങ്ങനെയാണ് ഒരു പ്രേതകഥയുടെ കേന്ദ്രമായതും സഞ്ചാരികെളെ പേടിപ്പിക്കുന്ന ഇടമായതും എന്നറിയുമോ?
നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോകേണ്ടി വരും ബോണാക്കാട് എസ്റ്റേറ്റിന്റെ ചരിത്രം അറിണമെങ്കില്‍. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയിലത്തോട്ടം സ്ഥാപിക്കുന്നത്. 1850 കളിലാണ് ബ്രിട്ടീഷുകാര്‍ ഈ എസ്റ്റേറ്റ് നിര്‍മ്മിക്കുന്നത്. . 1414 ഏക്കര്‍ സ്ഥലത്തായുള്ള എസ്റ്റേറ്റില്‍ 110 ഏക്കറില്‍ ഏലവും കൂടാതെ റബര്‍, ഗ്രാമ്പൂ, കശുമാവ്, ഏലം, തുടങ്ങിയവും കൃഷി ചെയ്തിരുന്നു. ബാക്കി മുഴുവനും തേയില തോട്ടമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുംകൊണ്ടുവന്ന തൊഴിലാളികളായിരുന്നു ഇവിടെയുണ്ടായിരുന്നത്.
ആദ്യ കാലങ്ങളില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പ്രേത കഥകളില്‍ ഇടം പിടിക്കുവാന്‍ ഇവിടെ തേയിലത്തോട്ടത്തിനു നടുവിലെ ബംഗ്ലാവിന് അധികസമയം വേണ്ടി വന്നില്ല.1951 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ബംഗ്ലാവാണ് കഥയിലെ നായകന്‍. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പോയിട്ടും എസ്റ്റേറ്റ് മാനേജരായിരുന്ന സായിപ്പ് പുതുതായി താമസത്തിന് നിര്‍മ്മിച്ച വീടായിരുന്നു ഇത്. കുടുംബസമേതം സായിപ്പ് ഇവിടെ താമസം ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ കഥകള്‍ തുടങ്ങുകയാണ്.
പാതിരാത്രിയിലെ ബഹളങ്ങള്‍ :
മകളുടെ മരണ ശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. എന്നാല്‍ ഈ കഥകള്‍ക്കു പോലും വേണ്ടത്ര വിശ്വാസ്യതയില്ല എന്നതാണ് സത്യം. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.
ഇംഗ്ലീഷ് സംസാരിച്ച നിരക്ഷര:
പണ്ട് വിറക് എടുക്കാനായി ഇവിടെ എത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രെ. പണ്ട് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവളെ ബാധിച്ചതാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണത്തിനു കീഴടങ്ങി എന്നാണ് കഥ.
എന്നാല്‍ ഇവിടെ വന്ന് രാത്രി മുഴുവന്‍ താനസിച്ച് ഒരു പ്രശ്‌നവുമില്ലാതെ മടങ്ങിയവരും ഒരുപാടുണ്ട്. ഇവിടുത്തെ പ്രദേശ വാസികളോട് ചോദിച്ചാലും അവര്‍ക്ക് ഇതുതന്നെയാണ് പറയുവാനുള്ളത്. ഇവിടുത്തെ ബംഗ്ലാവിലെ പ്രേതകളോ, ഇവിടെ എത്തി ആരെങ്കിലും മരിച്ചതായോ ഇവര്‍ക്ക് അറിയില്ല.
ബോണാക്കാട് അപ്പറിലുള്ള ബംഗ്ലാവിലേക്ക് കുറച്ചുദൂരം നടന്നാണ് എത്തേണ്ടത്. എത്തിച്ചേരുന്നത് ഒരു പഴയ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവിന്റെ മുന്നിലേക്കാണ്. ബംഗ്ലാവിന്റെ മുറ്റത്ത് നില്‍ക്കുന്ന അത്യാവശ്യം വലുപ്പത്തിലുള്ള ഒരു ക്രിസ്തുമസ് ട്രീയാണ് ഇവിടുത്തെ ആദ്യകാഴ്ച അതുകടന്ന് മുന്നോട്ട് പോയാല്‍ ബംഗ്ലാവില്‍ കയറാം. വാതിലുകളും ജനലുകളും ഒന്നു കാണാനില്ല. ആര്‍ക്കും എപ്പോള്‍ േവണമെങ്കിലും കയറിയിറങ്ങാവുന്ന ഇവിടെ പശുക്കളാണ് സ്ഥിരമായി വരുന്നവര്‍.
ബോണക്കാടിന്റെ മുഴുവന്‍ ഭംഗിയും അഗസ്ത്യാര്‍കൂടത്തിന്റെ ദൂരക്കാഴ്ചകളും ഏറ്റവും വന്നായി ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ മുറ്റത്ത് നിന്നാല്‍ പേപ്പാറ അണക്കെട്ടിന്റെയും ബോണക്കാടിന്റെയും ഒക്കെ കിടിലന്‍ കാഴ്ചകളും കാണാം. ഇത് കൂടാതെ ബംഗ്ലാനിറെ പിന്നിലും പരിസരങ്ങളിലുമായി വേറെയും കുറേ കെട്ടിടങ്ങളും ചെറിയ ചെറിയ വീടുകളും കാണാം.
ബോണാക്കാട് വെള്ളച്ചാട്ടം:
വിതുരയില്‍ നിന്നും ബോണാക്കാടിന് വരുന്ന വഴി ചെക്‌പോസ്റ്റ് കഴിഞ്ഞാണ് വനത്തിന്റെ നടുവിലായുള്ള ബോണക്കാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം കൂടിയാണ് കാടിനു നടുവിലെ ഈ വെള്ളച്ചാട്ടം. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഒരു പശു ഫാമും ഈ വഴിയിലുണ്ട്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്തിപ്പെടുവാന്‍ പറ്റിയ ഒരിടമല്ല ഇത്. വനംവകുപ്പ് അധികൃതരുടെ മുന്‍കൂട്ടിയുള്ള അനുമതിയോട് കൂടി മാത്രം ഇവിടേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുക. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു ഇവിടേക്ക് പോകുന്നതിന് മുന്‍കൂട്ടിയുള്ള അനുമതിയുടെ ആവശ്യമില്ല. വിതുര സ്റ്റാന്‍ഡില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോമീറ്റര്‍ അകലെയാണ് ബോണാക്കാട്. .വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്നും പൊന്മുടിയിലേക്ക് കിലോമീറ്ററാണുള്ളത്.വിധുര-പൊന്മുടി റൂട്ടില്‍ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റര്‍ ദൂരം പോന്നാല്‍ ഇവിടെ എത്താം.