സെലിബ്രിറ്റി ക്രിക്കറ്റില്‍ 20 ഓവറും ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്ത ഒരാള്‍ അദ്ദേഹമാണ്'; ഡൈവ് ചെയ്ത് പന്ത് തടയുന്നത് കണ്ടിട്ടുണ്ട്; മോഹന്‍ലാലിനെ പുകഴ്ത്തി വിവേക് ഗോപന്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ 20 ഓവറും ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ നടന്‍ മോഹന്‍ലാല്‍ ആണെന്ന് കേരള സ്‌ട്രൈക്കേഴ്‌സ് താരമായ വിവേക് ഗോപന്‍. മോഹന്‍ലാലിന്റെ അസാധാരണമായ അര്‍പ്പണബോധത്തെയും കായികക്ഷമതയേയും പ്രശംസിച്ചുകൊണ്ടാണ് വിവേക് ഗോപന്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതൊരു കാര്യം ചെയ്യുമ്പോഴും അതില്‍ 100 ശതമാനം സമര്‍പ്പണം നല്‍കുന്നതാണ് മോഹന്‍ലാലിന്റെ രീതിയെന്ന് വിവേക് ഗോപന്‍ പറയുന്നു.
ഗ്രൗണ്ടിലെ പരിശീലന വേളയില്‍ പോലും മോഹന്‍ലാല്‍ സഹതാരങ്ങള്‍ക്കൊപ്പം പൂര്‍ണ്ണമായി പങ്കെടുക്കും. വിശ്രമിക്കാന്‍ അവസരമുണ്ടായിട്ടും അദ്ദേഹം അത് ചെയ്യാറില്ല. 'ലാലേട്ടാ ഒരു ഓവര്‍ എറിയണം എന്ന് പറഞ്ഞാല്‍ പിന്നെന്താ മോനെ, ബോളു തരൂ എന്ന് പറഞ്ഞ് ബൗള്‍ ചെയ്യും. അടുത്ത് ലാലേട്ടന്‍ ബാറ്റിംഗിന് ഇറങ്ങിക്കോളു എന്ന് പറഞ്ഞാല്‍ ഞാന്‍ ബാറ്റ് ചെയ്യണോ മോനെ, ചെയ്യാം എന്ന് പറഞ്ഞിറങ്ങും. അദ്ദേഹം എന്തും ചെയ്യും,' വിവേക് ഗോപന്‍ കൂട്ടിച്ചേര്‍ത്തു.
സിസിഎല്‍ മത്സരങ്ങള്‍ക്കിടെ, തെലുങ്ക് ടീമിന്റെ വെങ്കിടേഷ്, മുംബൈയുടെ സുനില്‍ ഷെട്ടി, കിച്ച സുദീപ്, ചെന്നൈയുടെ സൂര്യ തുടങ്ങിയ മറ്റ് സെലിബ്രിറ്റി ക്യാപ്റ്റന്‍മാര്‍ അഞ്ചോ പത്തോ ഓവറുകള്‍ക്ക് ശേഷം വിശ്രമിക്കാന്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോകാറുണ്ട്. എന്നാല്‍, 20 ഓവറും ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്ത ഒരേയൊരു താരം മോഹന്‍ലാല്‍ മാത്രമാണെന്ന് വിവേക് ഗോപന്‍ ചൂണ്ടിക്കാട്ടി.
പരിശീലന മത്സരങ്ങളില്‍ പോലും ഒരു പ്രൊഫഷണല്‍ ഫീല്‍ഡറെപ്പോലെ ഡൈവ് ചെയ്ത് പന്ത് തടയുന്ന മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുണ്ടെന്നും, അത്തരം കാഴ്ചകള്‍ തനിക്ക് രോമാഞ്ചം നല്‍കാറുണ്ടെന്നും വിവേക് ഗോപന്‍ പറയുന്നു. ശാരീരികമായല്ല, മാനസികമായി അദ്ദേഹം എത്രമാത്രം തയാറെടുക്കുന്നു എന്നതിനാണ് പ്രാധാന്യം. ഇത്രയധികം അര്‍പ്പണബോധമുള്ള ഒരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും വിവേക് ഗോപന്‍ അടിവരയിട്ടു.
സിസിഎല്ലില്‍ കളിച്ചപ്പോഴുണ്ടായൊരു രസകരമായ അനുഭവം നടന്‍ പങ്ക് വച്ചു. സിസിഎല്ലിന്റെ ആദ്യ സീസണിലൊക്കെ താന്‍ ശരിക്കും ഫ്‌ലോപ്പായിരുന്നുവെന്ന് വിവേക് ഗോപന്‍ പറഞ്ഞു. ഒരു മത്സരത്തില്‍ താന്‍ ടീമിനെ തോല്‍പ്പിച്ചിട്ടുവരെയുണ്ടെന്നും വിവേക് ഗോപന്‍ വ്യക്തമാക്കി.
സ്റ്റേറ്റ് ലെവലിലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സ്റ്റേജില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. പ്രഫഷണല്‍ എക്‌സ്പീരിയന്‍സ് ഉള്ള ഒരേയൊരു കളിക്കാരന്‍ ഞാനായതിനാല്‍ എനിക്ക് കടുത്ത സമ്മര്‍ദ്ദമായി. ഞാന്‍ കളിച്ചില്ലെങ്കില്‍ അവരെന്ത് വിചാരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ എല്ലാ കളിയിലും ഫ്‌ലോപ്പായി. ആ സമയത്ത് ലാലേട്ടന്‍ എന്റെ കൂടെയുണ്ടായിരുന്നു.
ഒരു മത്സരത്തിന് ഇറങ്ങുന്നതിന്, ലാലേട്ടന്‍ എന്റെ രണ്ട് ചുമലിലും ഇങ്ങനെ പിടിച്ചിട്ട് പറഞ്ഞു, മോനെ എന്റെ ഉള്ളിലുള്ള എല്ലാ പോസറ്റീവ് എനര്‍ജിയും ഞാന്‍ നിന്നിലേക്ക് പകര്‍ന്നു തരികയാണ്. ഞാനുമപ്പോള്‍ ലാലേട്ടന്റെ ചുമലില്‍ പിടിച്ചു നിന്നു. കണ്ണടച്ചോളാന്‍ അദ്ദേഹം പറഞ്ഞു. അതെന്നെ സഹായിച്ചു. ശ്രീശാന്തും ഉണ്ടായിരുന്നു ആ മത്സരം കാണാന്‍. ശ്രീശാന്ത് എന്നോട് വന്നു പറഞ്ഞു, എടാ നീ അണ്ടര്‍ 19 സ്റ്റേറ്റ് വരെ കളിച്ച വ്യക്തിയല്ലെ, നീ അവിടെ പോയി എന്ത് കാണിക്കാണ്, പോയി അടിച്ചു തകര്‍ക്കെടാ എന്ന്. ആ മത്സരത്തില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് തോന്നിപ്പോയി. അത് ലാലേട്ടന്‍ നമ്മുടെ കൂടെ നിന്ന് നല്‍കിയ ആത്മവിശ്വാസമാണ്.
ഫീല്‍ഡിലാണെങ്കില്‍ നമ്മള്‍ കുറച്ച് സമ്മര്‍ദ്ദത്തിലാണെന്നൊക്കെ തോന്നിയാല്‍ ലാലേട്ടന്‍ ഓടിവന്ന് അടുത്തുവന്ന് സംസാരിക്കും. മോനെ എന്തൊക്കെയുണ്ട് കാര്യങ്ങള്‍ എന്നൊക്കെ ചോദിക്കും. കര്‍ണാടകയുമായിട്ടൊരു മത്സരത്തിലെ രസകരമായ ഒരു കാര്യമാണ് എനിക്കിപ്പോഴും ഓര്‍മയുള്ളത്. ആ മത്സരത്തില്‍ കര്‍ണാടകക്കുവേണ്ടി ഇറങ്ങിയൊരു ബാറ്റര്‍ അടിച്ചു തകര്‍ക്കുകയാണ്. ആറ് ബോളെറിഞ്ഞാല്‍ ആറും സിക്‌സ് അടിക്കും എന്ന് പറഞ്ഞാണ് അയാള്‍ ക്രീസില്‍ നില്‍ക്കുന്നത്. ആ സമയത്താണ് ലാലേട്ടന്‍ എന്നെ പന്തെറിയാന്‍ വിളിക്കുന്നത്.
എന്റെ ഓവറിലെ ആദ്യ മൂന്ന് പന്തും അയാള്‍ സിക്‌സ് അടിച്ചു. എന്നാല്‍ അവസാന മൂന്ന് പന്തില്‍ അടിച്ചില്ല. അപ്പോള്‍ ടീമില്‍ ആകെ കളിയറിയാവുന്ന ഒരു വ്യക്തി ഞാനാണ്. അതുകൊണ്ട് ലാലേട്ടന്‍ എന്റെയടുത്ത് വന്ന് ചോദിച്ചു. മോനെ പുള്ളി ഔട്ടാവുന്നില്ലല്ലോ നല്ല അടിയാണല്ലോ എന്തു ചെയ്യുമെന്ന്. ഞാന്‍ പറഞ്ഞു ലാലേട്ടാ നമുക്ക് സ്പിന്നറെ കൊണ്ട് പന്തെറിയിക്കാം, എന്തായാലും കിട്ടുമെന്ന്. അങ്ങനെ അടുത്ത ഓവര്‍ എറിയാനായി ലാലേട്ടന്‍ ബിനീഷ് കോടിയേരിയെ വിളിച്ചു.
ബിനീഷേട്ടന്റെ ആദ്യ പന്ത് തന്നെ അയാള്‍ സിക്‌സിന് തൂക്കി. അടുത്ത പന്തും സിക്‌സ് അടിച്ചു. ആ പന്ത് ഗ്യാലറിയില്‍ നിന്ന് തിരിച്ചുവരാനുള്ള സമയത്തിനിടെ ലാലേട്ടന്‍ എന്നെ ഒന്ന് ഒളികണ്ണിട്ട് നോക്കി. എന്നിട്ട് ഓടിഎന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'മോനെ ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന് പറഞ്ഞത് ഇതാണോ, അവനും കിട്ടിയെന്ന്', അതുകേട്ട് ഗ്രൗണ്ടില്‍ നിന്ന ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ആ ഓവറിലെ അഞ്ചാം പന്തില്‍ ബിനീഷേട്ടന്‍ ആ കര്‍ണാടക താരത്തിന്റെ വിക്കറ്റെടുത്തു. വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ബിനീഷേട്ടന്‍ ഞങ്ങളോട് ചോദിച്ചത് ഞാനവിടെ തല്ലുകൊണ്ട് വലയുമ്പോള്‍ നീ ലാലേട്ടനുമായി തമാശപറഞ്ഞ് നില്‍ക്കുകയാണോ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ ഈ തമാശ പറഞ്ഞതോടെ ടീം മുഴുവന്‍ കൂട്ടച്ചിരിയിലായി-വിവേക് ഗോപന്‍ പറഞ്ഞു.