Latest News

അഗസ്ത്യാര്‍കൂടത്തിലേക്കൊരു സഹസികയാത്ര

Malayalilife
 അഗസ്ത്യാര്‍കൂടത്തിലേക്കൊരു സഹസികയാത്ര

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ്  അഗസ്ത്യാര്‍കൂടം. 50 കിലോമീറ്ററിലധികം ദൂരം ദുര്‍ഘട വനപ്രദേശങ്ങളിലൂടെ കാല്‍നട യാത്ര ചെയ്യാനുള്ളതിനാല്‍ അല്പം സാഹസികതയും ആരോഗ്യവും കയ്യിലുള്ളവര്‍ക്ക്  ആസ്വദിച്ചു ട്രെക്കിങ് ചെയ്യാന്‍ കഴിയുന്ന സ്ഥലം! .

ട്രക്കിങ്ങിനു തെരെഞ്ഞെടുക്കുന്ന ദിവസം രാവിലെ 9 മണിയോടെ വിതുര ബോണക്കാടുള്ള ഫോറസ്റ്റ്  സ്റ്റേഷനില്‍ എത്തണം.അവിടെനിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞെടുത്തു യാത്ര തുടങ്ങാം.സ്വന്തം വാഹനം കൊണ്ട് വരാത്തവര്‍ ബോണക്കാടുള്ള ഫോറസ്റ്റ്  സ്റ്റേഷനിലേക്ക് 3 കിലോമീറ്റര്‍ ദൂരം നടക്കണം.

ബോണക്കാട് എസ്റ്റേറ്റിലെ 20 വര്‍ഷത്തിലധികമായി പൂട്ടിയിട്ട തേയില കമ്പനിയാണ്  മഹാവിര്‍ പ്ലാന്റേഷന്‍, അതിന്റെ അരികിലൂടെയാണ് യാത്ര, ഒരു പ്രേത നഗരം പോലെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഫാക്റ്ററി അവശിഷ്ടങ്ങളും കടന്നു മുന്നോട്ട് നടന്നു.

ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ കൂടെയാണ് ഈ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍, ഈ തേയില പ്ലാന്റെഷനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെ ജീവിതമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇപ്പോള്‍ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു വരുന്നവര്‍ക്ക് വഴികാട്ടിയാവുക എന്നത്.

3 കിലോമീറ്ററോളം നടന്നു 9.30 ഓടെ ഫോറെസ്റ്റ് ഓഫീസില്‍ എത്തി  മൂന്ന് ദിവസത്തെ ട്രെക്കിങ്ങ് പ്രോഗ്രാമാണ്. ഫോറെസ്റ്റ് ഓഫീസര്‍മാര്‍ പാസ്സ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലാം ചെക്ക് ചെയ്തു, ട്രക്കിങ്ങിനു വരുന്നവര്‍ മെഡിക്കല്‍ ചെക് അപ് ചെയ്തു MBBS കഴിഞ്ഞ ഒരു ഡോക്ടര്‍ അനുവദിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരേണ്ടതുണ്ട്.

ഡോക്യൂമെന്റുകള്‍ ചെക്ക് ചെയ്തു, ഇനി ബാഗ് പരിശോധനയാണ്.
പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ പ്ലാസ്റ്റിക് സാധനങ്ങള്‍ അകത്ത് കയറ്റിയാല്‍ അവ തിരിച്ചു കൊണ്ട് വന്നു റിപ്പോര്‍ട്ട് ചെയ്യണം.

ബാഗ് പരിശോധന പൂര്‍ത്തിയാക്കി, സാധങ്ങള്‍ എല്ലാം എടുത്ത് വഴിയരികില്‍ നിന്ന് കുത്തിപ്പിടിക്കാന്‍ ഒരു വടിയുമെടുത്തു 10.30 ഓടെ  യാത്ര തുടങ്ങി, ഗ്രൂപ്പായി പോകുമ്പോള്‍ ഓരോ അഞ്ചു പേര്‍ക്കും ഒരു ഗൈഡുണ്ടാവും, കാടിനെ നന്നായറിയുന്ന ആ നാട്ടുകാര്‍ തന്നെയാണ് ഗൈഡുമാരായി സേവനം ചെയ്യുന്നത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അതിരുമല ക്യാമ്പാണ് ഒന്നാം ദിനത്തിലെ ലക്ഷ്യസ്ഥാനം.പോകുന്ന വഴികളില്‍ ആന പിണ്ഡവും കാട്ടുപോത്ത് കുത്തിമറിച്ച മണ്ണും എല്ലാം കണ്ടു കാട് കയറിത്തുടങ്ങി, ശബ്ദമുണ്ടാക്കാതെ നടന്നാലാണ് മൃഗങ്ങളെ കാണാനാവുക, അല്ലെങ്കില്‍ നമ്മള്‍ അവരെ കാണുന്നതിന് മുന്‍പേ അവര്‍ നമ്മെ കണ്ട് വഴിമാറി പോയിട്ടുണ്ടാകും.

പോകുന്ന വഴികളില്‍ നിറയെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളുമുണ്ട്, ഈ അരുവികള്‍ക്കരികില്‍ വന്യ മൃഗങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്.കാഴ്ചകള്‍ ആസ്വദിച്ചു അരുവികളില്‍ നിന്ന് വെള്ളം കുടിച്ചു  യാത്ര തുടര്‍ന്നു, ഇന്ന്  18 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നുവേണം ക്യാമ്പിലെത്താന്‍, ഫെബ്രുവരി മാസം ഈര്‍പ്പം കുറവായതിനാല്‍ അട്ടകള്‍ കുറവാണ് എന്നത് വലിയ ഒരാശ്വാസമാണ്. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളിലും അതിര്‍ത്തി പങ്കിടുന്ന അഗസ്ത്യമല ജൈവ സംരക്ഷണ മേഖലയാണ്  സമുദ്ര നിരപ്പില്‍ നിന്നും 1868 മീറ്റര്‍ അഥവാ 6129 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യര്‍ കൂടം  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നാണ്.

പുരാണങ്ങളിലെ സപ്തര്‍ഷിമാരില്‍ പ്രമുഖനായ അഗസ്ത്യമുനി തപസിരുന്നത് ഈ മലയിലായിരുന്നു എന്നാണ് വിശ്വാസം. രണ്ടായിരത്തില്‍ അധികം ഔഷധ സസ്യങ്ങള്‍ കണ്ടെത്തിയ ഈ കാടിനെ ഒരു ഔഷധോദ്യാനം ആയി  പരിപാലിച്ചു പോരുകയും, UNESCO ഇതൊരു ലോക പൈതൃക സൈറ്റ് ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പോകുന്ന വഴികളില്‍ പഴയ ചില ക്യാമ്പുകളുടെ അവശിഷ്ടങ്ങളും ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഉണ്ടാക്കിയ ട്രെഞ്ചുകളും കാണാം.

ലാത്തിമൊട്ട എന്ന സ്ഥലത്തെത്തുമ്പോള്‍ മരച്ചുവട്ടില്‍ ഒരു ശിലയും വിളക്കും പല വിധ കാണിക്കകളും കാണാം,തമിഴ്‌നാട് നിന്നും വന്ന സഞ്ചാരികള്‍ ഇവിടെ തിരി വെച്ച് മലദേവനു കാണിക്ക വെച്ചിട്ടാണ്  യാത്ര തുടങ്ങിയത്.

പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കാട് താണ്ടി എത്തുന്നത്  ഒരു പുല്‍മേട്ടിലാണ്, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴി, അതു കഴിഞ്ഞാല്‍ വീണ്ടും കുത്തനെയുള്ള കയറ്റങ്ങളാണ്.ആളുകള്‍ കയറി വരുന്നതിനനുസരിച്ചു ചീവീടുകള്‍ ശബ്ദമുണ്ടാക്കി എന്തൊക്കെയോ സന്ദേശം കൈമാറുന്നത് കേള്‍ക്കാം. അങ്ങനെ നടത്തവും, ഫോട്ടോയെടുപ്പും, ചെറിയ വിശ്രമവുമൊക്കെയായി 4.30 ഓട് കൂടി അതിരുമല ബേസ് ക്യാമ്പില്‍ എത്തി, 

സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഇവിടെ രണ്ടു ഷെഡ്ഡുകളുണ്ട്, അതില്‍ കയറി അല്‍പ നേരം വിശ്രമിച്ചു, പിന്നെ ക്യാമ്പിനോട് ചേര്‍ന്ന കാട്ടാറില്‍ ഒന്ന് മുങ്ങിക്കുളിച്ചു.അതിരുമല ക്യാമ്പില്‍ നിന്ന് നോക്കിയാല്‍   അഗസ്ത്യനെ നന്നായി കാണാം, നാളെ അങ്ങോട്ടാണല്ലോ കയറാനുള്ളത് എന്നാലോചിച്ചപ്പോള്‍ ഒന്നുകൂടെ ആവേശമായി.

കാടിനുള്ളിലും ക്യാമ്പിലും മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടില്ല, ക്യാമ്പിനടുത്ത് ഒരു പാറയില്‍ കയറി നിന്നാല്‍ മാത്രം ചെറിയ രീതിയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക്  കിട്ടും, അവിടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും. സോളാര്‍ വൈദ്യുതിയാണ് രാത്രി വെളിച്ചത്തിന് ക്യാമ്പില്‍ ഉള്ളത്, 9 മണിക്ക് ലൈറ്റ് അണയും.

ക്യാമ്പിന്റ ചുറ്റും വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ സുരക്ഷക്കായി കിടങ്ങുകള്‍ ഉണ്ട്, എങ്കിലും രാത്രി സമയത്ത് ടോയ്ലെറ്റില്‍ പോകാന്‍ ഒറ്റക്ക് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശമുണ്ട്,ആന,കാട്ടുപോത്ത്,പുലി,കടുവ,കരടി,മ്ലാവ്,മലയണ്ണാന്‍,തുടങ്ങി  രണ്ടായിരത്തില്‍ പരം  ജീവി വര്‍ഗങ്ങള്‍ ഇവിടെയുണ്ട് എന്നത് തന്നെയാണ് കാരണം.

അഗസ്ത്യ മലയില്‍ കയറാന്‍്, 6 കിലോമീറ്റര്‍ യാത്രയുണ്ട്, കൂടുതലും ചെങ്കുത്തായ കയറ്റങ്ങള്‍. കൂട്ടത്തിലുള്ള പലരും യാത്രക്ക് മുന്‍പ് അവിടെയുള്ള കാട്ടു ദൈവങ്ങളെ വണങ്ങി,പോകേണ്ട വഴി പാറയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു, പല സ്ഥലത്തും  പാറകളില്‍ പിടിച്ചു വേണം കയറാന്‍,
ഒരു കയറ്റത്തിന് മുട്ടിടിച്ചാന്‍ പാറ എന്നാണ്  പേരിട്ടിരിക്കുന്നത്,  മുകളിലേക്ക് കയറുമ്പോള്‍ നെഞ്ചില്‍ മുട്ട് ഇടിക്കുന്നത് കൊണ്ടാണത്രേ   അങ്ങനെയൊരു പേര്.

കഴിഞ്ഞ ദിവസത്തെ പോലെയല്ല ഇന്ന് നടക്കുന്ന വഴികളിലെല്ലാം ആനപിണ്ഡവും, മൂക്കില്‍ തുളഞ്ഞു കയറുന്ന ആനച്ചൂരുമുണ്ട്   പിന്നെ ഒരുപാട് കിളികളുടെ ശബ്ദവും.രാവിലെയായത് കൊണ്ട് തന്നെ ഒരുപാട് പക്ഷികളെ കാണാനും അവയുടെ ശബ്ദം ആസ്വദിക്കാനും കഴിഞ്ഞു. ലളിത എന്ന പേരില്‍ മലയാളത്തില്‍ അറിയപ്പെടുന്ന Fairy blue bird, 
scarlet minivet, rose-ringed parakeet, Oriental magpie-robin,crested serpent eagle,little swift തുടങ്ങി ഒരുപാട് പക്ഷികളെ നേരിട്ട് കണ്ടു യാത്ര മുന്നോട്ട് പോയി.

വിവിധ തരം സ്വഭാവമുള്ള വന ഭാഗങ്ങള്‍ മാറി വരുന്നതും അതിലൂടെയുള്ള യാത്രയും ഈ ട്രക്കിങ്ങിലെ ആകര്‍ഷണമാണ്, ഈര്‍പ്പമുള്ള ഇലപൊഴിയും വനങ്ങള്‍, അര്‍ദ്ധ നിത്യഹരിത വനങ്ങള്‍, പുല്‍മേടുകള്‍, നിത്യഹരിത വനങ്ങള്‍ എന്നിവയിലൂടെ മാറി മാറി യുള്ള യാത്ര  ഈ ട്രക്കിങ്ങിന്റെ പ്രത്യേകതയാണ്.

യാത്ര അവസാന ഭാഗത്ത് എത്തുമ്പോഴേക്കും പാറയിലൂടെ കുത്തനെയുള്ള ഒരുപാട് കയറ്റം കയറാനുണ്ട് പല സ്ഥലത്തും കയറില്‍ പിടിച്ചു വേണം കയറാന്‍ അങ്ങനെ അതിസാഹസികമായ യാത്രക്ക് ശേഷം 11.30 ഓട് കൂടി അഗസ്ത്യ മലയുടെ മുകളിലെത്തി.

ചുറ്റും നോക്കുമ്പോള്‍ മേഘങ്ങള്‍ നിറഞ്ഞ ആകാശം താഴെ വന്നതുപോലുള്ള കാഴ്ച! തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ചുറ്റുമുള്ള പച്ചപ്പും,  മലനിരകളുമെല്ലാം ഭംഗിയായി കാണാം. നെയ്യാര്‍,പേപ്പാറ  അരുവിക്കരഡാമുകളുടെ മുകളില്‍ നിന്നുള്ള കാഴ്ച മനം കുളിര്‍ക്കും.
പുണ്യം നേടാന്‍ വരുന്ന  ഭക്തരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഈ മല, അഗസ്ത്യമുനിയുടെ ഒരു പ്രതിമയുണ്ട് ഇവിടെ, പലരും അഗസ്ത്യനെ കണ്ടു വണങ്ങി പ്രാര്‍ത്ഥിച്ചു,  അവിടെ പൂജാരിയില്ല പൂജ നടത്താന്‍ അനുവാദവുമില്ല.

ഒരു മണിക്കൂറോളം കാറ്റും, കാലാവസ്ഥയും കാഴ്ചകളും ആസ്വദിച്ചു ഫോട്ടോകളുമെടുത്തു, പിന്നെ പതുക്കെ മലയിറങ്ങാന്‍ തുടങ്ങി, കയറുന്നത് പോലെത്തന്നെ പ്രയാസമാണ് മലയിറങ്ങാന്‍, വീണു പോകാതെ വളരെ സൂക്ഷ്മതയോടെ  വേണം നടക്കാന്‍, ആറു കിലോമീറ്റര്‍ കുത്തനെയുള്ള മലയിറങ്ങി മൂന്ന് മണിയോടെ വീണ്ടും ക്യാമ്പിലേക്ക് തിരിച്ചെത്തി ഉച്ച ഭക്ഷണം കഴിച്ചു, കുറച്ചു നേരം വിശ്രമിച്ചു, കാട്ടരുവിയില്‍ നിന്ന് ഒരു കുളിയും കഴിഞ്ഞു സുഹൃത്തുക്കളോട് കൂടിയിരുന്നു യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ചു, രാത്രിയിലെ പതിവു കഞ്ഞിയും കുടിച്ച് വീണ്ടും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് കയറി, രാവിലെ നേരത്തെ എണീറ്റു 18 കിലോമീറ്റര്‍ മലയിറങ്ങാന്‍ ഉള്ളതാണ്.
രാവിലെ നേരത്തെ ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിച്ചു 
പുറപ്പെടാനൊരുങ്ങി. ക്യാമ്പില്‍  കട്ടന്‍ ചായയും പുട്ടും കടലക്കറിയും റെഡിയായിട്ടുണ്ട് അതും കഴിച്ചു 7 മണിക്ക് തന്നെ മലയിറങ്ങാന്‍ തുടങ്ങി, മലയിറങ്ങുന്ന ആദ്യ ബാച്ച് ആയതുകൊണ്ടുതന്നെ വഴിയില്‍ കാട്ടുപോത്തുകള്‍ കുറച്ചു സമയം തടസ്സമുണ്ടാക്കി, പിന്നെ അവര്‍ പതുക്കെ കാടിനുള്ളിലേക്ക് കയറിപ്പോയി, തിരിച്ചു വരുന്നവഴിയിലെ കാട്ടരുവിയില്‍ നിന്ന് കുളിയും കഴിഞ്ഞു യാത്ര തുടര്‍ന്നു.

12 മണിയോടെ ബോണക്കാടുള്ള ഫോറസ്റ്റ്  സ്റ്റേഷനില്‍ തിരിച്ചെത്തി ട്രെക്കിങ് അവസാനിപ്പിച്ചു, തിരുവനന്തപുരം ബസ് കിട്ടുന്ന ബസ് സ്റ്റോപ്പിലേക്ക് ഇനിയും 3 കിലോമീറ്റര്‍ നടക്കണം, നടന്നു അവിടെയെത്തി ഉച്ചഭക്ഷണവും കഴിച്ചു ബസ്സില്‍ കയറിപ്പറ്റി, തുടര്‍ച്ചയായ നടത്തമായതിനാലും അങ്ങോട്ടും ഇങ്ങോട്ടും കൂടെ 50 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം നടന്നത് കൊണ്ടും ബസ്സില്‍ കയറിപ്പറ്റാന്‍ ഇച്ചിരി പ്രയാസപ്പെട്ടു കാല്‍ മസിലുകള്‍ക്ക് പിടുത്തം അനുഭവപ്പെടുന്നു, ഇനി രണ്ടര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം എത്താം അതു വരെ വിശ്രമം.

തിരിച്ചു വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കൂടെയുണ്ടായിരുന്നു കൂട്ടിന്, ഒരുപാട് നല്ല ഓര്‍മ്മകളും, അനുഭവങ്ങളും, ഫോട്ടോ കളും പിന്നെ ഒരുപാട് പുതിയ കൂട്ടുകാരും....
©ഖമറുദ്ധീന്‍ കെപി 

agasthyarkoodam trekking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES