വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു യാത്ര വാരികയുടെ താളില്‍ കണ്ടു മറഞ്ഞ സ്ഥലപേരാണ് ഏര്‍ക്കാട്. സേലത്തിന് അടുത്ത് പൂര്‍വഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. കോളേജിലെ പഠനസംബന്ധമായ കാര്യത്തിന് സേലത്ത് 4 ദിവസം തങ്ങിയപ്പോള്‍ കിട്ടിയ ബോണസ് ആരുന്നു ഈ യാത്ര.
സേലത്തുനിന്ന് സര്‍ക്കാര്‍ വണ്ടിയില്‍ ഏകദേശം ഒന്നര മണിക്കൂര്‍ നീളുന്ന യാത്രക്കൊടുവില്‍ 20 ഓളം മുടിപിന്‍ വളവുകള്‍ താണ്ടി ഏര്‍ക്കാട് എത്തിച്ചേര്‍ന്നു. വന്നപടി പോകേണ്ട സ്ഥലങ്ങളെ പറ്റി വലിയ ധാരണകള്‍ ഒന്നും ഇല്ലായിരുന്നു, നെറ്റില്‍ നോക്കിയുമില്ല. പിന്നെ ചോദിച്ചും പറഞ്ഞുമൊക്കെ ലേഡീസ് സീറ്റ് എന്ന വ്യൂ പോയിന്റിലേക്ക് നടന്നു, ഇവിടെ കുരങ്ങിന്റെ ശല്യം അല്പം കൂടുതല്‍ ആയി തോന്നി, പക്ഷെ വഴിയില്‍ കണ്ട കമിതാക്കളുടെ അത്രയും ഇല്ലല്ലോ എന്നോര്‍ത്തപ്പോള്‍ ക്രൂരമായ ഒരു ആശ്വാസം.
നടന്നായിരുന്നു ഏര്‍ക്കാഡിലൂടെയുള്ള മുഴുവന്‍ ചുറ്റികറങ്ങലുകളും. ശേഷം റോസ് ഗാര്‍ഡന്‍ ഒക്കെ വഴിക്കല്‍ ഉണ്ടായിരുന്നെങ്കിലും കണ്ടുമടുത്ത കാഴ്ചകള്‍ ആയതുകാരണം മനപൂര്‍വം ഒഴിവാക്കി നടപ്പ് തുടര്‍ന്നു. ശേഷം ബോട്ടിങിന് പോയി. അരമണിക്കൂര്‍ പെഡല്‍ ബോട്ടില്‍ ഏര്‍ക്കാട് തടാകത്തിലൂടെ, പിന്നെ കാപ്പിക്കു ശേഷം അടുത്തുള്ള ഒരു അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഒക്കെ പോയി. ധൈര്യം അല്പം കൂടുതല്‍ ആയതുകാരണം സാഹസിക കാര്യപരുപടികളുടെ വില ഒക്കെ തപ്പി നടന്നതെയുള്ളൂ.(കൂടെ വന്നവര്‍ ചിലതില്‍ കയറി).
ഏര്‍ക്കാട് ഓറഞ്ചുകള്‍ക്ക് പ്രശസ്തമാണ്. ഏര്‍ക്കാടിലേക്കു ബസില്‍ വരുന്നവര്‍ സ്റ്റാന്‍ഡില്‍ പോകാതെ ലേക്കിന് അടുത്ത് ഇറങ്ങാന്‍ ശ്രമിച്ചാല്‍ സമയം ലാഭിക്കാം കൂടാതെ മടക്ക യാത്ര സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറുക, അല്ലാത്ത പക്ഷം നല്ല തിരക്ക് മൂലം സീറ്റ് കിട്ടാന്‍ ബുദ്ധിമുട്ടിയേക്കാം. ഏര്‍ക്കാട് കാണാന്‍ ഇനിയും കാഴ്ചകള്‍ ബാക്കി വെച്ചാണ് മലയിറങ്ങിയത്. ഒറിജിനല്‍ ഊട്ടിയെപോലെ തന്നെ പാവങ്ങളുടെ ഊട്ടിയും മടുപ്പിക്കില്ല എന്നതാണ് സത്യം.