Latest News

ട്രെക്കിങ് പ്രേമികള്‍ക്കായി ഹരിഹര്‍ ഫോര്‍ട്ട് ട്രെക്കിങ്;ഭീകരന്‍ കോട്ടയെ അറിയാം

Malayalilife
ട്രെക്കിങ് പ്രേമികള്‍ക്കായി ഹരിഹര്‍ ഫോര്‍ട്ട് ട്രെക്കിങ്;ഭീകരന്‍ കോട്ടയെ അറിയാം

ട്രെക്കിങ് ഇഷ്ടമല്ലാത്ത സഞ്ചാരികള്‍ പൊതുവേ കുറവായിരിക്കും. വളരെ എളുപ്പമുള്ളതു തുടങ്ങി, കുത്തനെയുള്ള പര്‍വതനിരകള്‍ വരെ ട്രെക്കിങ് നടത്താന്‍ പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം സാഹസികരായ ആളുകള്‍ക്ക് മാത്രം കയറാനാവുന്ന ഒരു ഒരു കോട്ടയാണ് മഹാരാഷ്ട്രയിലെ ഹരിഹര്‍ ഫോര്‍ട്ട്. പാറ മുറിച്ചുണ്ടാക്കിയ കുത്തനെയുള്ള പടികള്‍ കയറി മുകളില്‍ എത്തണമെങ്കില്‍ ഇരട്ടച്ചങ്കല്ല, മിനിമം ഒരു നാലു ചങ്കിന്റെ ധൈര്യമെങ്കിലും വേണം!

മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയംമ്പകേശ്വറിന് (ത്രിംബക്) അടുത്തായാണ് ഹരിഹര്‍ ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഹര്‍ഷഗഡ് എന്നും ഇതിനെ വിളിക്കാറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. 80 ഡിഗ്രി ചെരിവിലുള്ള പാറ മുറിച്ച പടികള്‍ കയറി, വളരെ കഷ്ടപ്പെട്ട് വേണം കോട്ടയിലേക്ക് എത്താന്‍.

പതിമൂന്നാം നൂറ്റാണ്ടില്‍ സേവുന (യാദവ) രാജവംശത്തിന്റെ ഭരണകാലത്താണ് കോട്ട നിര്‍മ്മിച്ചത്.  ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. പലപല യുദ്ധങ്ങളും കൈമാറ്റങ്ങളും അതിജീവിച്ച കോട്ടയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്.

കോട്ടയുടെ മൂന്ന് മുഖങ്ങളും രണ്ട് അരികുകളും പൂര്‍ണമായും ലംബമാണ്. ആകെ 117 പടികള്‍ ഉണ്ട് കയറാന്‍. ഒരു സമയം ഒരാള്‍ക്ക് മാത്രമേ കയറാന്‍ കഴിയൂ. കോട്ടയുടെ മധ്യഭാഗത്ത് ഉയരമുള്ള ഒരു പീഠഭൂമിയുണ്ട്. പീഠഭൂമിയില്‍ ഹനുമാന്റെയും ശിവന്റെയും ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിനു മുന്നില്‍ ഒരു ചെറിയ കുളം ഉണ്ട്. ഈ കുളത്തിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.

ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ രണ്ട് മുറികളുള്ള ഒരു കൊട്ടാരം കാണാം, 10 മുതല്‍ 12 വരെ ആളുകള്‍ക്ക് ഈ കൊട്ടാരത്തില്‍ താമസിക്കാം.ഹര്‍ഷേവാടി, നിര്‍ഗുഡ്പാട എന്നീ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ഹര്‍ഷേവാടിയില്‍ നിന്നുള്ള കയറ്റം നിര്‍ഗുഡ്പാഡയില്‍ നിന്നുള്ളതിനേക്കാള്‍ എളുപ്പമാണ്. നിര്‍ഗുഡ്പാഡയുടെ വടക്ക് ഭാഗത്തുള്ള ഹില്‍ ലോക്കില്‍ നിന്നാണ് സുരക്ഷിതമായ ട്രെക്കിങ് പാത ആരംഭിക്കുന്നത്. ഇവിടെ നിന്നും കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന്റെ തുടക്കമെത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും.

അതിരാവിലെ ട്രെക്കിംഗ് ആരംഭിക്കുന്നതാണ് നല്ലത്. പരിചയമില്ലാത്ത സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഒട്ടേറെ ടൂറിസ്റ്റ് കമ്പനികളും ഗൈഡുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ്  ഹരിഹര്‍ കോട്ട സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം.

Harihar Fort Trek travel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES