രണ്ടാം ലോകമഹായുദ്ധകാലത്ത് മദിരാശിയിൽ നിന്നും കൊടൈക്കനാൽ മൂന്നാർ വഴി കൊച്ചിയിലേക്ക് ഒരു രഹസ്യ വഴി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. ജപ്പാൻ കിഴക്കുനിന്നും മദിരാശി നഗരത്തിലേക്ക് ബോംബ് ആക്രമണം നടത്തിയപ്പോൾ ഇത് ഒരു രക്ഷാമാർഗ്ഗമായിരുന്നു. കിഴക്കുള്ള തുറമുഖ നഗരമായ മദിരാശിയിൽ നിന്നും പടിഞ്ഞാറുള്ള തുറമുഖ നഗരമായ കൊച്ചിയിലെത്താം. അത് വഴി ബ്രിട്ടനിലേക്ക് രക്ഷപ്പെടാം. അതുകൊണ്ട് ഈ റോഡിനെ എസ്കേപ്പ് റോഡ് എന്ന് വിളിച്ചു. കേരളത്തിൻറെ പശ്ചിമഘട്ടത്തിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ മദിരാശിയിലേക്ക് കൊണ്ടുപോകുനുള്ള പാത എന്ന നിലയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പാത എന്നും ഈ റോഡ് അറിയപ്പെട്ടിട്ടുണ്ട്. മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്ക് ഇതുവഴി 50 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. പകരമുള്ള പാതയിൽ ഇപ്പോൾ 175 കിലോമീറ്ററാണ് നാം ഓടുന്നത്.
ബ്രിട്ടീഷുകാർ പോയി. കേരളം തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങൾ ജനിച്ചു. ഈ വഴി പിന്നീട് നല്ല രീതിയിൽ പുതുക്കി പണിതില്ല. തമിഴ്നാട് സർക്കാറിന് ആയിരുന്നു ഈ വഴിയോട് താൽപര്യക്കുറവ് കൂടുതലും. കൊടൈക്കനാലിൽ അവസാനിക്കുന്ന തമിഴ്നാടിന്റെ ടൂറിസം കേരളത്തിലേക്ക് വ്യാപിക്കാതിരിക്കാൻ കൂടിയായിരുന്നു ഈ വഴി തടയപ്പെട്ടത് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. വനംവകുപ്പുകാരും വനത്തിനകത്തെ കഞ്ചാവ് കർഷകരും ആണ് പിന്നീട് ഈ വഴി ഉപയോഗിച്ചത്.
അതോടൊപ്പം ജീപ്പു സഫാരിക്കാർക്കും സാഹസിക ബൈക്ക് സഞ്ചാരികൾക്കും താല്പര്യമുള്ള ഒരു വന പാതയായും അത് ഉപയോഗിക്കപ്പെട്ടു. 1990 വരേ നിയമാനുസൃതമായി ഈ റോഡ് ഉപയോഗിക്കാമായിരുന്നു. അതിനുശേഷം ഈ വഴി ഒട്ടും തന്നെ മെയിൻറനൻസ് നടത്തിയില്ല. എങ്കിലും സാഹസികരായ സഞ്ചാരികൾക്ക് ഈറോഡ് തടയപ്പെട്ടില്ല. അന്ന് ഇന്നത്തെപ്പോലെ സഞ്ചാരികൾ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. ഇടയ്ക്കു വല്ലപ്പോഴും വനത്തിലെ ത്തുന്ന ഇത്തരം യാത്രികരോട് വളരെ സ്നേഹമായിരുന്നു വനംവകുപ്പ് ജീവനക്കാർ ഇടപെട്ടിരുന്നത്. വന്യജീവി വേട്ടക്കാരോടും കഞ്ചാവുകാരോടുമുള്ള ഏറ്റുമുട്ടലുകളുമായി പോകുന്ന വനപാലകർക്ക് വനത്തെ സ്നേഹിക്കുന്ന സഞ്ചാരികളോട് വലിയ താൽപര്യമായിരുന്നു. സഞ്ചാരികളുടെ ബാഹുല്യം ഒട്ടും തന്നെ ഇല്ലാത്തതുകൊണ്ട് ഇന്നത്തെപ്പോലെ നിയന്ത്രണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുപോലെ അന്ന് പ്ലാസ്റ്റിക് ഉപയോഗം കുറവായതുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം എന്ന ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ആകെയുള്ള ഒരേയൊരു പ്രശ്നം പുകവലിക്കുന്നവർ അലക്ഷ്യമായി എറിയുന്ന തീപ്പെട്ടി കൊള്ളി വനനശീകരണത്തിന് വല്ലപ്പോഴും കാരണമാകാറുണ്ട്. ആയതുകൊണ്ട് വനത്തിൽ പ്രവേശിക്കുമ്പോൾ തീപ്പെട്ടി കൊണ്ടുപോകാൻ സമ്മതിക്കാറില്ലായിരുന്നു. അല്ലാത്ത വിലക്കുകൾ ഉണ്ടായിരുന്നില്ല. വനത്തിനകത്തെ അവരുടെ സങ്കേതങ്ങളിൽ താമസിക്കാനും കൂട്ടുകൂടാനും വരേ അവർ വിളിക്കുമായിരുന്നു. അന്നത്തെ യാത്രികർക്ക് വനയാത്ര എന്നത് അത്ര താല്പര്യമുള്ള വിഷയമായിരുന്നില്ല. എൻറെ ചെറുപ്പകാലത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മലമ്പുഴ ഊട്ടി മൈസൂർ തുടങ്ങിയവ മാത്രമായിരുന്നു. മൂന്നാർ എന്നത് ഒന്നും കേട്ടിട്ടേ ഇല്ല. വനാന്തര യാത്രകൾക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല ആർക്കും താൽപര്യമുണ്ടായിരുന്നില്ല. യഥേഷ്ടം വനത്തിനകത്ത് കയറാമായിരുന്നു
1993ലാണ് എൻറെ ബൈക്ക് യാത്രകൾ ആരംഭിച്ചത്. ധാരാളം വനാന്തരയാത്രകൾ ഒറ്റയ്ക്ക് തന്നെ ഞാൻ ചെയ്തിരുന്നു.
അങ്ങനെയിരിക്കെ മഞ്ചേരിയിലേക്ക് എത്തിയ ഒരു വടക്കൻ കേരളീയനായ ജോസി വക്കീലാണ് ഈ പാതയെ കുറിച്ച് എന്നോട് പറഞ്ഞത്. അന്ന് ഇത്തരം വഴികളെ കുറിച്ച് അറിയാൻ വേറെ മാർഗങ്ങളൊന്നുമില്ല. കേട്ടറിവുകൾ മാത്രം. ആദ്യത്തെ എൻറെ ഹിമാലയൻ യാത്രയിൽ മണാലിയിൽ എത്തിയപ്പോഴാണ് ലഡാക്കിലേക്ക് ഒരു വഴി ഇതുവഴി ഉണ്ടെന്നു പോലും ഞാൻ അറിഞ്ഞത്. എന്നുവച്ചാൽ പ്രിന്റഡ് മാപ്പുകളിൽ പ്രധാന പാതകൾ മാത്രമേ ഉണ്ടാകൂ. അല്ലാത്ത വഴികൾ നാട്ടുകാർ തന്നെ പറഞ്ഞു തന്നെ അറിയണം. ഗൂഗിൾ ദൈവവും സ്മാർട്ട്ഫോണും സ്വപ്നം കണ്ടിട്ടേ ഇല്ല. കേട്ടറിവുകളേക്കാൾ വലിയ സത്യം അന്ന് വേറെയില്ല. ആ അറിവുമായി മൂന്നാറിലേക്ക് പുറപ്പെട്ടു.
Suzuki shogun എന്ന പെർഫോമൻസ് ബൈക്ക് ആ വർഷമാണ് ഇറങ്ങിയത്. 14 bhp 2 stroke bike. അതുമായി ആണ് യാത്ര. ഒറ്റയ്ക്കാണ്. ഇത്തരം യാത്രയ്ക്ക് പറ്റിയ കമ്പനി ഒന്നും അക്കാലത്ത് കുട്ടിന് ഉണ്ടായിരുന്നില്ല. മാത്രമല്ല അന്നത്തെ എൻറെ ഡ്രൈവിംഗ് രീതിക്ക് ഒറ്റയ്ക്ക് ആകുന്നതാണ് നല്ലത്.
ബൈക്കിന്റെ ബാക്ക് സീറ്റിൽ ബാഗ് വെച്ചു കെട്ടി മഞ്ചേരിയിൽ നിന്നും മൂന്നാറിലേക്ക് യാത്രയാരംഭിച്ചു. ഒരൊറ്റ പോക്ക് ആണ് ശീലം.ലക്ഷ്യമാണ് പ്രധാനം. ഒരു ഫുൾടാങ്ക് പെട്രോളിന് 280 കിലോമീറ്റർ കിട്ടും. വണ്ടിക്കും വയറിലേക്കും വേണ്ട ഫ്യുവലിന് വേണ്ടി മാത്രമേ സ്റ്റോപ്പ് ചെയ്യാറുള്ളൂ. എത്ര ദൂരം വേണമെങ്കിലും നിർത്താതെ ഓടിക്കുമായിരുന്നു അക്കാലത്ത്. ഗോവ വരെ ഒറ്റരാത്രികൊണ്ട് ഓടിച്ച് എത്തിയിട്ടുണ്ട്. ഉറക്കം ഒന്നും പ്രശ്നമേ അല്ലായിരുന്നു. പരമാവധി വേഗത്തിൽ തന്നെയായിരിക്കും ഈ യാത്രകൾ. എന്തായാലും ഈ ബൈക്ക് റിട്ടയർമെൻറ് ലൈഫിൽ ഇരിക്കുന്ന ഞാൻ യുവാക്കളായ റൈഡർമാരോട് എപ്പോഴും പറയാറുണ്ട്. വേഗതയെ അല്ല പ്രശ്നം. സേഫ്റ്റി കൺസെൺ ഉണ്ടായിരിക്കുക എന്നതാണ്. അപകടങ്ങളെ മുൻകൂട്ടി കാണുന്ന രീതി. അക്കാലത്തും ഹെൽമറ്റ് ഉപയോഗിക്കാതെ ഒരടി പോലും ഞാൻ ബൈക്ക് യൂസ് ചെയ്തിട്ടില്ല. അന്ന് ഇന്നത്തെ പോലെ സേഫ്റ്റി ജാക്കറ്റുകൾ ഒന്നും തന്നെ ലഭ്യമല്ല. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ജാക്കറ്റും ഗ്ലൗസും തന്നെയാണ് ഉപയോഗിച്ചിരുന്നത്. നല്ല ചൂടുള്ള കാലാവസ്ഥയിലും ഇതെല്ലാം ഉപയോഗിച്ച് തന്നെയാണ് റൈഡ് ചെയ്തിരുന്നത്. കാൽമുട്ടിന്റെ സുരക്ഷയ്ക്ക് പാന്റിനകത്ത് വെക്കാൻ ചെറിയ ഒരു കുഷ്യൻ എഫെക്റ്റ് ഉള്ള സ്പോഞ്ചിയായ ഒരു പാഡും സംഘടിപ്പിച്ചിരുന്നു. പക്ഷേ ഒരിക്കൽ പോലും അതൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ല. അതിനർത്ഥം വീണീട്ടില്ല എന്നത് തന്നെ. അത്യാവശ്യം നല്ല സൂക്ഷ്മത ഡ്രൈവിങ്ങിൽ പുലർത്തിയത് കൊണ്ടും പിന്നെ ഭാഗ്യം കൊണ്ടുമാണ് അപകടങ്ങളിൽ ഒന്നും ഇടാതെ അത്രയും വേഗം അത്രയും ദൂരങ്ങൾ താണ്ടാൻ സാധിച്ചത് എന്നും വിശ്വസിക്കുന്നു.
മഞ്ചേരിയിൽ നിന്നും അതിരാവിലെ ആരംഭിച്ച യാത്ര മറ്റെങ്ങും കാര്യമായി ബ്രേക്ക് ചെയ്യാതെയാണ് മൂന്നാറിൽ എത്തിയത്. അന്ന് തന്നെ രാജമല സന്ദർശിച്ചു. ഒരൊറ്റ രാത്രി മാത്രം മൂന്നാറിൽ താമസിച്ചു. മുറിയുടെ വാടക അന്ന് 40 രൂപ മാത്രം . അന്ന് മൂന്നാർ വലിയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയിട്ടില്ല. വളരെ കുറച്ച് ഹോട്ടലുകൾ മാത്രം. അടുത്ത ദിവസം കാലത്തു തന്നെ പുറപ്പെട്ടു. മാട്ടുപെട്ടി യിലെ ഇൻഡോ-സ്വിസ് (കാലിവളർത്തവും പാലുല്പാദനവും) പ്രോജക്ടിന്റെ കാന്റീനിൽ നിന്നുമാണ് പ്രഭാത ഭക്ഷണം കഴിച്ചത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ടത്.
ഏതാനും ബൈക്കുകൾ എനിക്ക് പോകേണ്ട ദിശയിൽ തന്നെ പോകുന്നു. അവരും സഞ്ചാരികൾ തന്നെയാണ്. അവരും പോകുന്നത് എസ്കേപ്പ് റോഡ് വഴി കൊടൈക്കനാലിലേക്ക് തന്നെയായിരിക്കും എന്ന് ഞാൻ ഊഹിച്ചു.
പ്രഭാതഭക്ഷണത്തിനു ശേഷം ഞാനും പുറപ്പെട്ടു. സാവകാശം മൂന്നാറിന്റെ മനോഹാരിത നുണഞ്ഞു കൊണ്ട് ഞാൻ ടോപ് സ്റ്റേഷനിലെത്തി. അവിടെ ഒരു ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. മറ്റു സഞ്ചാരികൾ അവിടെ എത്തിയിരുന്നു. ഒറ്റയ്ക്ക് ഈ വനപാതയിലൂടെ സഞ്ചരിക്കാൻ ധൈര്യപ്പെട്ടതിന് അവരെന്നെ അഭിനന്ദിച്ചു. തുടർന്ന് അവരുടെ കൂടെ കൂടി. എല്ലാവരും എറണാകുളം സ്വദേശികളാണ്.
ജീപ്പിനും ബൈക്കിനും മാത്രം പോകാവുന്ന മോശപ്പെട്ട വഴിയാണ്. കാട്ടുപോത്തുകളും കാട്ടാനകളും സുലഭമാണ്. ആന വന്നാൽ ബൈക്ക് ഉപേക്ഷിച്ച് ഓടുകയാണ് ബുദ്ധി. ഒടാവുന്ന വേഗത എന്തായാലും ബൈക്കിന് കിട്ടില്ല.
വനപാതയിൽ തമിഴ്നാട് ബോർഡറിനോട് അടുത്ത് ഒരു ടവർ സ്റ്റേഷൻ ഉണ്ട്. ഇരുമ്പ് കൊണ്ട് നിർമ്മിച്ച വളരെ ഉയരമുള്ള ഒരു നിരീക്ഷണ നിലയം. ഏറ്റവും മുകളിൽ ഒരു മുറിയും അതിന്റെ മുകളിൽ ഒരു പ്ലാറ്റ്ഫോമും ഉണ്ട്. വനം വകുപ്പുകാർ അവരുടെ ആവശ്യത്തിന് നിർമ്മിച്ചതാണെങ്കിലും അത് എപ്പോഴും വിജനം ആയിരിക്കും. ഇന്നാണെങ്കിൽ അങ്ങനെ ഒരു ടവർ ഇതുപോലെ തുറന്നിടാൻ പറ്റില്ല. തല ചുറ്റാതെ കോണിപ്പടികൾ കയറാൻ പറ്റുന്ന ആർക്കും മുകൾ വരെ കയറി പോകാം. സുരക്ഷിതമായി ഒരു രാത്രി അവിടെ ചിലവഴിക്കാം. ആ കാലത്ത് ചില സഞ്ചാരികൾ ഈ ടവറിൽ താമസിച്ചിട്ടുണ്ട്. ഒരു പ്രശ്നമുള്ളത് എന്തെന്നാൽ ചിലപ്പോൾ താഴോട്ട് ഇറങ്ങാൻ പറ്റാത്ത വിധംതാഴെ ആനക്കൂട്ടം നിറയും. അവർ പോകുന്നത് വരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. രാത്രി കൊടും തണുപ്പ് തന്നെ ആയിരിക്കും. നല്ല കമ്പളി നിർബന്ധം. എന്തായാലും എനിക്കും സഹ സഞ്ചാരികൾക്കും അവിടെ താമസിക്കാനുള്ള തയ്യാറെടുപ്പില്ലായിരുന്നു. സാവകാശം ആസ്വദിച്ച് എല്ലായിടത്തും നിർത്തി നിർത്തി യാത്ര തുടർന്നു. വൈകുന്നതിന് മുൻപ് തന്നെ berijam ലൈക്കിന് സമീപമെത്തി.
മനുഷ്യ സ്പർശമേൽക്കാത്ത എടുപ്പുകളും പടവുകളുമന്നുമില്ലാത്ത ചാഞ്ഞു നിൽക്കുന്ന മരങ്ങളും പടർപ്പുകളുമുള്ള മനോഹരമായ തടാകം. തികച്ചം വന്യമായ തടാകം തന്നെ. ഇപ്പോഴും ആ തടാകം അങ്ങനെതന്നെ. കൊടൈക്കനാലിൽ നിന്നും berijam lake വരെ ഇപ്പോൾ സഞ്ചാരികൾക്ക് അനുമതിയുണ്ട്. വൈകിട്ട് ആയപ്പോഴേക്കും കൊടൈക്കനാൽ ടൗണിലെത്തി. ആ സംഘത്തോടൊപ്പം തന്നെ റൂം ഷെയർ ചെയ്ത് താമസിച്ചു.
ആ ഓർമ്മ പുതുക്കാനായി ഏതാണ്ട് പത്തു വർഷത്തിനുശേഷം ഒരിക്കൽക്കൂടി ഇറങ്ങിത്തിരിച്ചു. Suzuki fiero ആണ് ആ സമയത്ത് കൂട്ടിനുണ്ടായിരുന്നത്. എൻറെ ആദ്യത്തെ ഫോർ സ്ട്രോക്ക് ബൈക്ക്.
ഇതേ വഴി ഒരു യാത്ര കൂടി എന്നതാണ് ലക്ഷ്യം. ഇത്തവണ ബാക്ക് സീറ്റിൽ ഒരു കൂട്ടുകാരിയുമുണ്ട്. യാത്ര ടോപ് സ്റ്റേഷനിലെ ആദ്യത്തെ ചെക് പോസ്റ്റിൽ തന്നെ തടഞ്ഞു. പഴയ വഴി വർഷങ്ങൾക്ക് മുമ്പേ അടച്ചു പോയി എന്നും കൊടൈകനാലിലേക്ക് ഇനി യാത്ര ഇത് വഴി സാധ്യമല്ലായെന്നും അവർ പറഞ്ഞു. ആ യാത്ര അവിടെ അവസാനിക്കുമായിരുന്നു . പക്ഷേ തുടർന്നു. വന നിയമങ്ങൾ അന്നും അത്ര കർക്കശമായിട്ടില്ല. ആയത് കൊണ്ട് കേരള വനാതിർത്തി അവസാനിക്കുന്ന സ്ഥലം വരെ പോകാനുള്ള അനുവാദം കേരള വനപാലകർ തന്നു. തമിഴ്നാട് വനപാലകർ അവിടെ നിന്നും കയറ്റി വിടില്ല എന്നും തിരിച്ചു പോരേണ്ടി വരും എന്നാണ് അവർ മുന്നറിയിപ്പ് തന്നത്. തമിഴ് നാട് വനം വകുപ്പ് അവിടെ വലിയ ട്രഞ്ച് കീറി വഴി അവിടെ ക്ലോസ് ചെയ്തിട്ടിരിക്കുകയായിരുന്നു.വഴി തടയുന്ന അതിർത്തിയും ട്രഞ്ചുമെത്തി.
കുറേ സമയത്തെ ആലോചനക്കും ശ്രമത്തിനും മേൽ ട്രെഞ്ചിനെ മറി കടന്നു. മറ്റൊരു വഴി ഉണ്ടാക്കി എന്ന് തന്നെ പറയാം. നാലടി ഉയരത്തിലുള്ള ഒരു മൺ തിട്ടയിലേക്ക് വേഗത്തിൽ വന്ന് ബൈക്ക് ഓടിച്ചുകയറ്റി. അവിടെ നിന്ന് സാവകാശം മറുപുറം എത്തി. വർഷങ്ങളായി വാഹനഗതാഗതം ഇല്ലാത്തതിനാൽ വഴി കാടുപിടിച്ച് പോയിരിക്കുന്നു.
പക്ഷേ ഒരു ഒറ്റയടി പാത നിലവിലുണ്ട്. മനുഷ്യർ നടത്തുന്ന പോകാറുള്ള വഴി ആണെന്ന് മനസ്സിലായി. ഒറ്റയടിപ്പാതയിലൂടെ ബൈക്ക് സഫാരി രസകരമായിരുന്നു. കുറച്ച് കൂടി പോയപ്പോൾ വഴി നടന്നു പോകാനും സാധിക്കാത്ത വിധം മറഞ്ഞു പോയി. മൊത്തം കാട് മുടി പോയി. ബൈക്കിൽ നിന്നും ഇറങ്ങി നടന്നു തിരിഞ്ഞാണ് പിന്നീട് പഴയ വഴി കണ്ടു പിടിക്കുന്നത്. ഏതായിരിക്കും പഴയ വഴി എന്നത് തിരഞ്ഞു നോക്കി തന്നെ കണ്ടുപിടിക്കണം. കണ്ടുപിടിച്ചാൽ തന്നെ മരം വീണും വളർന്നും ചാഞ്ഞും കിടക്കുന്ന കിടക്കുന്ന അങ്ങോട്ട് ബൈക്ക് എത്തിക്കാൻ വനത്തിനുള്ളിലൂടെ വേറെ വഴി കണ്ടു പിടിക്കണം. ഉന്തിയും തള്ളിയും ബൈക്ക് പൊക്കിയെടുത്തു വെച്ചും യാത്ര തുടർന്നു. വന്യത അതി രൂക്ഷം.
അടുത്തകാലത്തൊന്നും തന്നെ വാഹനവുമായി ആരും ഈ വഴിയെ സഞ്ചരിച്ചിട്ടില്ല എന്ന് മനസ്സിലായി. തിരിച്ചു പോകുന്ന കാര്യം ആലോചിക്കാനേ വയ്യ. ട്രെഞ്ചിനെ മറികടന്നത് ഒരു പ്രത്യേക രീതിയിലാണ്. അതൊരിക്കലും തിരിച്ചുപോകാൻ സാധിക്കുന്ന വിധമല്ല. ഒരുപാട് മണിക്കൂറുകൾ നടന്നു.
ഇത്തവണ ആനയേ കണ്ടതേ ഇല്ല. പക്ഷേ കാട്ടു പോത്തുകൾ ധാരാളം. നട്ടം തിരിഞ്ഞു നടന്നും ഉരുട്ടിയും സഞ്ചാരം തുടർന്നു. ഏറ്റവും വലിയ പ്രശ്നം കൂടെയുള്ള ബൈക്ക് ആണ്. വിശപ്പുമായി രാത്രി വനത്തിൽ കുടുങ്ങുമെന്ന് തന്നെ തോന്നി. ഇന്നത്തെ പോലെ ടെൻറും മറ്റു ഉപകരണങ്ങളൊന്നുമില്ല. ഒരൊറ്റ പകൽ കൊണ്ട് കൊടൈക്കനാലിൽ എത്താം എന്നാണ് പഴയ അനുഭവം വെച്ച് പ്രതീക്ഷിച്ചത്. ട്രെഞ്ച് കടന്നപ്പോൾ ആകെയുള്ള തടസ്സം ആദ്യമേ മറി കടന്നു കഴിഞ്ഞു എന്നാണ് പ്രതീക്ഷിച്ചത്. വഴി തിരിച്ചറിയാൻ സാധിക്കുന്നേ ഇല്ല. മണിക്കൂറുകൾ ഒരുപാട് നീണ്ടു. ഇരുട്ടിത്തുടങ്ങി. വിശപ്പുണ്ട്. കയ്യിലുള്ള ഭക്ഷണം പരിമിതമാണ്. ഒരു കൂട്ടുകാരിയും കൂടെയുണ്ട്. പേടി എന്താണെന്ന് അറിയാത്ത ഒരാളാണ് അത്. കട്ടക്ക് കൂടെ നിന്നു. ഒരുപാട് ദൂരം ഈ വിധം മുട്ടീലഴഞ്ഞപ്പോൾ തെളിച്ച് വൃത്തിയാക്കിയ ജീപ്പ് റോഡിലെത്തി. തമിഴ്നാട് വനം വകുപ്പ് അവരുടെ ആവശ്യത്തിന് അത്യാവശ്യം തെളിച്ച റോഡ്. അപ്പോഴേക്കും നേരം നല്ല രീതിയിൽ ഇരുട്ടിയിരുന്നു. പിന്നെ ബൈക്കിൽ റൈഡ് ചെയ്തു തന്നെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ എത്തി. അവിടെ കാവൽക്കാർ ഉണ്ടായിരുന്നില്ല. പക്ഷേ ഏതാനും കർഷകർ ഉണ്ടായിരുന്നു. അവൾ അത്ഭുതത്തോടെ പറഞ്ഞു. ഒരു പാടു വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ നിന്നും ഒരു വാഹനം ഇതുവഴി കടന്നു വരുന്നത്.
അപ്പോഴാണ് മനസ്സിലായത് ബരിജ്ജാം തടാകം ഇത്തവണ കണ്ടതേയില്ല. ടെൻഷൻ മൂലം സഞ്ചാരത്തിനിടെ അത് ഓർത്തതേയില്ല. കൊടൈക്കനാൽ നിന്നും കുറെ കൂടി അകലെയുള്ള മന്നവനുരിലാണ് ഇത്തവണ എത്തിപ്പെട്ടത്.