സമൂഹ മാധ്യമ ഭീമനായ വാട്‌സാപ്പ് ഇന്ത്യയില്‍ ഉണ്ടാക്കിയ തരംഗം എന്താണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. ഏറ്റവും അധികം ഉപഭോക്താക്കളുള്ള രാജ്യത്ത് തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് കൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ തങ്ങള്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്നാണ് വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാച്ച്കാര്‍ട്ട് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് 2023 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരത്തിലെത്തുമെന്നാണ് അവകാശപ്പെടുന്നത്. ഇത് ഏകദേശം 69 ലക്ഷം കോടി രൂപയോളം വരും.
ഇപ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇന്ത്യന്‍ വിപണി കൈയ്യടക്കിയിരിക്കുന്ന ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, മൊബിക്വിക് എന്നിവയോട് മത്സരിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കാലം നിലനിന്നു വന്ന പേയ്മെന്റ് ഓപ്പറേറ്റര്‍മാരാണിവര്‍. പേപാല്‍ ഇന്ത്യയില്‍ പേയ്മെന്റ് സേവനം ആരംഭിക്കാന്‍ ശ്രമിക്കുന്നതായും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ഉപായങ്ങള്‍ മെനയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വാട്സ്ആപ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ പേയ്മെന്റ് പ്ലാറ്റ്‌ഫോം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഉപയോക്താക്കളില്‍ 200 ദശലക്ഷത്തിലധികം വരുന്നത് ഇന്ത്യക്കാര്‍ ആയതിനാല്‍ ഇത് കമ്പനിക്ക് ഒരു വലിയ അവസരമാണൊരുക്കുന്നത്. ഒരു ദശലക്ഷം ഉപയോക്താക്കള്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ചുവെങ്കിലും രാജ്യത്തെ പോളിസി മാറ്റങ്ങള്‍ കാരണം ഇത് നീണ്ടു പോവുകയായിരുന്നു.