ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ 35000 കോടി രൂപ പിഴയടയ്‌ക്കേണ്ടി വന്നിട്ടും ഫേസ്‌ബുക്കിന് പഠിക്കാൻ ഉദ്ദേശമില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മെസഞ്ചർ വഴി ഓഡിയോ കൈമാറിയിരിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന നടപടിയെടുത്തതിനാണ് ഫേസ്‌ബുക്ക് ഇപ്പോൾ ആരോപണം നേരിടുന്നത്.
ഉപയോക്താക്കളുടെ ഓഡിയോ ഫയലുകൾ പകർത്താൻ സമൂഹ മാധ്യ ഭീമൻ കോൺട്രാക്റ്റ് കമ്പനികൾക്ക് പണം നൽകിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കമ്പനിക്ക് പുറമേയുള്ള കോൺട്രാക്റ്റർമാരോട് ഉപയോക്താക്കളുടെ ഓഡിയോ ഫയലുകൾ പകർത്തി തരണമെന്ന് മാത്രമാണ് തങ്ങൾ പറഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇതിന്റെ ഉദ്ദേശം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ ഇത് എവിടെ വെച്ച് റെക്കോർഡ് ചെയ്തെന്നോ എങ്ങനെ കണ്ടെത്തിയെന്നോ ചോദ്യങ്ങൾ ഉയർന്നിട്ടില്ല. ഇതോടെ കോൺട്രാക്റ്റിൽ പ്രവർത്തിക്കുന്ന ജീവനക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ്. ഇത്തരം ഓഡിയോ ഫയലുകളിൽ അശ്ശീല ഉള്ളടക്കം വരെയുണ്ടാകാമെന്നും സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ എന്തിനാണ് ഇത്തരം ഫയലുകൾ പകർത്തണമെന്ന് ഫേസ്‌ബുക്ക് ആവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. മാത്രമല്ല തങ്ങൾ ഉപയോക്താക്കളുടെ ഓഡിയോ ഫയൽ പകർത്തുന്നുണ്ടെന്ന് ഫേസ്‌ബുക്ക് സമ്മതിച്ചിരുന്നുവെങ്കിലും എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.
ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ വോയിസ് സന്ദേശങ്ങൾ അയച്ചവർക്കായിരിക്കും ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുക. മാത്രമല്ല ഫേസ്‌ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സന്ദേശങ്ങൾ കൃത്യമായി വ്യാഖ്യാനിക്കുന്നുണ്ടോ എന്ന കാര്യത്തിലും പരിശോധന നടക്കുകയാണ്. സമൂഹ മാധ്യമ ഭീമനായ ഫേസബുക്ക് അഞ്ചു ബില്യൺ യുഎസ് ഡോളർ (34280 കോടി ഇന്ത്യൻ രൂപ) പിഴയടക്കാൻ ഏതാനും ആഴ്‌ച്ച മുൻപാണ് ഉത്തരവ് വന്നത്. സ്വകാര്യതാ ലംഘനം സംബന്ധിച്ചുള്ള അന്വേഷണത്തിന് പിന്നാലെയാണ് കമ്പനി പിഴയടയ്ക്കണമെന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കമ്പനി പിഴയടയ്ക്കണമോ എന്നതിൽ എഫ്ടിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വേണം എന്നതിൽ റിപ്പബ്ലിക്കൻ വിഭാഗം വക മൂന്നും ഡെമോക്രാറ്റ് വിഭാഗത്തിൽ നിന്നും രണ്ടും വോട്ടുകളാണ് തേടിയെത്തിയത്. വിഷയമിപ്പോൾ യുഎസ് നീതി വകുപ്പിന് കൈമാറിയിരിക്കുകയാണ്. എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തിൽ പ്രതികരിക്കാൻ എഫ്ടിസിയും ഫേസ്‌ബുക്കും തയാറായിട്ടില്ല.
എന്നാൽ സംഭവം രമ്യയതിൽ അവസാനിപ്പിക്കാൻ അഞ്ചു ബില്യൺ യുഎസ് ഡോളർ അടയ്ക്കേണ്ടി വരുമെന്ന് ഫേസ്‌ബുക്ക് അധികൃതർ ഏപ്രിലിൽ അറിയിച്ചിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ 87 മില്യൺ ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് ബ്രിട്ടീഷ് കൺസൾട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കെതിരെ പരാതി വന്ന് മാസങ്ങൾ മാത്രം പിന്നിടുന്ന വേളയിലാണ് ഫേസ്‌ബുക്കിനെതിരെയും സ്വകാര്യത സംബന്ധിച്ച് നിയമക്കുരുക്ക് മുറുകുന്നത്.