സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കൂട്ടി സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍. സ്മാര്‍ട് ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തുമെന്ന് ജിഎസ്ടി കൗണ്‍സില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിയില്‍ 50 ശതമാനം വര്‍ധനവ് വന്നതോടെയാണ് എല്ലാ കമ്പനികളും സ്മാര്‍ട് ഫോണുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഷഓമി ഉള്‍പ്പടെയുള്ള കമ്പനികള്‍ എല്ലാ സ്മാര്‍ട് ഫോണുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍വരുമെന്നാണ് അറിയിച്ചിരുന്നത്.
റെഡ്മി, പോക്കോ എന്നിവയുള്‍പ്പെടെയുള്ള ഷഓമിയുടെ ജനപ്രിയ സബ്സിഡിയറികളായ സ്മാര്‍ട് ഫോണുകള്‍ക്കും വിലവര്‍ധിക്കും. ഇതിനുള്ള കാരണം രാജ്യത്ത് വില്‍ക്കുന്ന ഓരോ സ്മാര്‍ട് ഫോണിന്റെയും ഇടുങ്ങിയ മാര്‍ജിനും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് വിലവര്‍ധനവ്.