Latest News

വിലായത്ത് ബുദ്ധയ്ക്കെതിരെയുളള സൈബര്‍ ആക്രമണം; എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് നിര്‍മാതാവ്;നടപടി സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ

Malayalilife
 വിലായത്ത് ബുദ്ധയ്ക്കെതിരെയുളള സൈബര്‍ ആക്രമണം; എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് നിര്‍മാതാവ്;നടപടി സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ

പൃഥ്വിരാജ് നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ' വിലായത്ത് ബുദ്ധ'. ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ് നിര്‍മ്മാതാവ് സന്ദീപ് സേനന്‍. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലിനെതിരെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. 

സിനിമയുടെ റിവ്യൂ എന്ന വ്യാജേനയാണ് യൂട്യൂബ് ചാനല്‍ സിനമയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും സന്ദീപ് സേനന്‍ പരാതിയില്‍ പറയുന്നു. ശ്രദ്ധേയ എഴുത്തുകാരനായ ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരില്‍ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് ചാനല്‍ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത് സൈബര്‍ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനല്‍ ശ്രമിച്ചു എന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

സിനിമയെയും അണിയറപ്രവര്‍ത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളര്‍ത്തുന്നതുമായ ഉള്ളടക്കമാണ് വീഡിയോയിലുള്ളത്. നായക നടന്‍ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിന്റെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍ മൂലം ചിത്രത്തെ ആളുകള്‍ തഴഞ്ഞുവെന്നുമൊക്കെ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. ചിത്രം റിലീസായി 48 മണിക്കൂര്‍ പിന്നിടും മുമ്പാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. എങ്ങനെയാണ് ചിത്രം റിലീസായി 48 മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെന്നും പരാതിയില്‍ സന്ദീപ് സേനന്‍ ചോദ്യമുന്നയിച്ചിരിക്കുകയാണ്.

അഞ്ച് വര്‍ഷത്തോളമായി ഈ സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വലിയ സാമ്പത്തിക നഷ്ടമാണ് ഇത്തരം വ്യാജ റിവ്യൂകളുടെയും സൈബര്‍ ആക്രമണങ്ങളുടെയും പേരില്‍ നേരിടേണ്ടി വരുന്നത്. മാത്രമല്ല ഇത് സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയുള്ള ആരോപണങ്ങളുമാണ്. സിനിമാ മേഖല നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും പരാതിയില്‍ അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന്, യൂട്യൂബ് ചാനല്‍ 'ഫസ്റ്റ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനി'ന്റെ ഉടമകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

' തൊണ്ടിമുതലും ദൃക്സാക്ഷിയും' , ' സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' , 'സൗദി വെളളക്ക' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയെറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ' വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ' വിലായത്ത് ബുദ്ധ' യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകന്‍, രാജശ്രീ, പ്രിയംവദ, അനു മോഹന്‍, ടി.ജെ.അരുണാചലം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

vilayath buddha vilayath buddha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES